പ്രതീക്ഷ മാത്രം നിക്ഷേപം; മാന്ദ്യത്തിൽനിന്നു കരകയറും വരെ ക്ഷേമപദ്ധതികളില്ല

nirmala-sitharaman
SHARE

സാമ്പത്തികമാന്ദ്യത്തിനും ആഗോള പ്രതികൂലാവസ്ഥയ്ക്കുമിടയിൽ, പ്രവർത്തനമികവിനെയും വലിയ പ്രതീക്ഷയെയും ആശ്രയിച്ചാണു ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം.

ഈ ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാമ്പത്തിക രംഗം പുനർജ്ജീവിപ്പിക്കാൻ ധനമന്ത്രിയുടെ മുഖ്യ ശ്രദ്ധ പുതു സാങ്കേതികവിദ്യാ മേഖലകളാണ്. സമ്പന്നരായ ഇന്ത്യക്കാരെയും വിദേശനിക്ഷേപകരെയും ആകർഷിക്കാനുള്ള വിദ്യകളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നു.

  ചെലവിനു കൂടുതൽ പണം തേടി

പാർലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗമായിരുന്നു ഇന്നലെത്തേത്. എങ്കിലും സർക്കാർ ചെലവുകൾ കുതിച്ചുയരുകയും പ്രത്യക്ഷ, പരോക്ഷ നികുതി സമാഹരണം ഇടിയുകയും ചെയ്ത സാഹചര്യത്തിൽ ഒരുപാടു സാമ്പത്തിക സാഹസങ്ങൾക്കു സർക്കാർ സന്നദ്ധമല്ലെന്നാണു ബജറ്റ് പ്രഖ്യാപനങ്ങൾ വ്യക്തമാക്കുന്നത്.

വരുമാനവും ചെലവും തമ്മിൽ നോക്കുമ്പോൾ 8 ലക്ഷം കോടി രൂപയുടെ വിടവാണു കാണുന്നത്. ഇതോടെ പൊതുവിപണിയിൽ നിന്നുള്ള സർക്കാരിന്റെ കടമെടുക്കൽ‌‌‌‌ 5.3 ലക്ഷം കോടി രൂപ വരെ ആക്കാനാണു നിർമല സീതാരാമന്റെ ശുപാർശ. എയർ ഇന്ത്യയുടെ വിൽപനയിൽ നിന്നും എൽഐസിയുടെ ഓഹരിവിൽപനയിൽ നിന്നും വൻ ധനസമാഹരണം സർക്കാർ പ്രതീക്ഷിക്കുന്നു.

ആദായനികുതിയിലെ 70 വിവിധയിനം ഇളവുകൾ എടുത്തുകളയാനുള്ള തീരുമാനം പിൻവലിക്കണമെന്നു ധനമന്ത്രിക്കു മേൽ വരുംദിവസങ്ങളിൽ സമ്മർദം ഉയരും. പോസ്റ്റ് ഓഫിസുകളിലെയും മ്യൂച്വൽ ഫണ്ടുകളിലെയും ദീർഘകാല നിക്ഷേപങ്ങൾക്കുള്ള നികുതി ഇളവുകൾ പിൻവലിച്ചതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ തുടങ്ങിക്കഴിഞ്ഞു. 

അവധി യാത്രാ ഇളവുകൾ, വീട്ടുവാടക അലവൻസ്, ചികിത്സാച്ചെലവുകൾ എന്നീ ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കുമേൽ നികുതി ചുമതത്താനുള്ള തീരുമാനം ബിജെപി കേന്ദ്രങ്ങളിലും അതൃപ്തി ഉയർത്തി. കഴിഞ്ഞ വർഷം ഇടക്കാല ബജറ്റിൽ കോർപറേറ്റ് നികുതികൾ കുത്തനെ വർധിപ്പിച്ചതു നിർമല സീതാരാമനു പിന്നീടു പിൻവലിക്കേണ്ടിവന്നു.  ആദായനികുതികളുടെ കാര്യത്തിൽ ഇപ്പോഴെടുത്ത കടുത്ത തീരുമാനങ്ങളും ഇതേപോലെ പിൻവലിക്കേണ്ടിവന്നേക്കാം.

പുതിയ ജനക്ഷേമ പദ്ധതികൾ ഇല്ല

പുതിയ ജനക്ഷേമപദ്ധതികൾ ഒന്നും ഇത്തവണ പ്രഖ്യാപിച്ചിട്ടില്ല. പകരം സ്വച്ഛ് ഭാരത്, വൈദ്യുതി, പാചകവാതക പദ്ധതികൾ, ന്യായവില മരുന്നുകൾ, ദേശീയ ഹൈവേ പദ്ധതി എന്നിങ്ങനെ കഴിഞ്ഞ 5 വർഷമായുള്ള നരേന്ദ്രമോദിയുടെ മുഖ്യപദ്ധതികളുടെ വികാസത്തിലാണ് ഊന്നൽ. കൃഷി, ജലസേചനം, മത്സ്യബന്ധനം, ഹോർട്ടികൾച്ചർ മേഖലകളിൽ 16 ഇന ആകർഷക പട്ടിക നൽകിയിട്ടുണ്ടെങ്കിലും ഈ മേഖലകൾക്കു ബജറ്റിൽ കയ്യയച്ച് സഹായമൊന്നും ഇല്ല.

കിസാൻ റെയിൽ, കിസാൻ ഉഡാൻ പദ്ധതി പോലെയുള്ള ചില ശുപാർശകളും വിമർശനത്തിനു കാരണമായിട്ടുണ്ട്. വിമാനങ്ങളിലെയും ട്രെയിനുകളിലെയും കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ കടക്കെണിയിലായ ചെറുകിട കർഷകർക്കല്ല കോർപറേറ്റ് കാർഷിക മേഖലയ്ക്കാണു കൂടുതൽ ഗുണകരമാകുക എന്നതാണു വിമർശനം. ഭക്ഷ്യ സബ്‌സിഡി, തൊഴിലുറപ്പുപദ്ധതി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതും ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ചെറിയ തൊട്ടുതലോടലുകൾ മാത്രമായി ചുരുങ്ങിയതും സൂചിപ്പിക്കുന്നത്, ധനപ്രതിസന്ധിക്ക് ആശ്വാസം കണ്ടെത്താതെ ഉദാരമായ വാഗ്ദാനങ്ങൾ നടത്താൻ സർക്കാരിന് ആവില്ലെന്നതാണ്. നാണ്യപ്പെരുപ്പം ഉയർത്തും വിധം സർക്കാർ ചെലവുകൾ കണ്ടമാനം കൂടാനും ധനമന്ത്രി ആഗ്രഹിക്കുന്നില്ല.

ചെറുകിട വ്യവസായങ്ങൾക്കു താങ്ങ്

ചെറുകിട, ഇടത്തരം ഉൽപാദന മേഖലകളിൽ ധനമന്ത്രി നല്ല ശ്രദ്ധ കൊടുത്തു. വായ്പാ ഇളവുകൾക്കൊപ്പം ചൈനയിൽ നിന്നടക്കം വിലകുറഞ്ഞ ഉൽപന്നങ്ങളുടെ ഇറക്കുമതിക്കു തീരുവ ഏർപ്പെടുത്തിയും ധനമന്ത്രി രാജ്യത്തെ ചെറുകിട കമ്പനികൾക്ക് ആശ്വാസം പകരുന്നു. സമ്പദ് ഘടന പുനരുജ്ജീവിപ്പിക്കാനുള്ള വഴികൾ തേടി വൻകിട വ്യവസായികളുമായും സാമ്പത്തിക വിദഗ്ധരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ബജറ്റ് പൂർവ കൂടിയാലോചനകൾ നടത്തിയിരുന്നു. കമ്പനി ആക്ടിൽ വലിയ മാറ്റം കൊണ്ടുവരുന്ന ബജറ്റ് വാഗ്ദാനത്തിനു കാരണമായതു മോദിയുടെ ഇടപെടലാണ്.

സംസ്ഥാനങ്ങൾക്ക് ഒരു ഗുണവുമില്ല

സംസ്ഥാന സർക്കാരുകൾക്കു കാര്യമായി ഒന്നും ബജറ്റിലില്ല. ചില മാതൃകാ കൃഷി നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നു ബജറ്റിൽ സമ്മർദം ഉണ്ട്. ഇതിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ അടക്കം ആശങ്ക പ്രകടിപ്പിക്കുന്നു. കേന്ദ്രത്തിന്റെ മാതൃകാ കൃഷിനിയമം സ്വീകരിച്ചാൽ കേന്ദ്രപദ്ധതികളിൽ മുൻഗണന എന്ന ബജറ്റ് വാഗ്ദാനവും സംസ്ഥാനങ്ങൾക്കു  ഗുണകരമാവില്ല.

ജില്ലാ ആശുപത്രികളോടു ചേർന്നു മെഡിക്കൽ കോളജുകൾ സ്ഥാപിക്കാൻ അധിക ഫണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ശുപാർശയാണു മറ്റൊന്ന്. ജില്ലകൾ തിരഞ്ഞെടുക്കുന്നതു കേന്ദ്രമാണെങ്കിലും സ്ഥലവും മറ്റു സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കണം. ജിഎസ്ടി നഷ്ടപരിഹാര ഫോർമുലയിലെ മാറ്റങ്ങളും പല സംസ്ഥാനങ്ങൾക്കും ഗുണകരമല്ല. അതേസമയം ഈ നടപടി കേന്ദ്രത്തിനു കൂടുതൽ പണമെത്തിക്കുകയും ചെയ്യും.

യൂറോപ്യൻ യൂണിയനുമായും യുഎസുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാൻ പോകുകയാണ്. (ഈ മാസാവസാനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിക്കുമ്പോൾ യുഎസുമായുള്ള കരാർ ഒപ്പിട്ടേക്കും) ഇതോടെ വരുന്ന മാസങ്ങളിൽ ആഭ്യന്തര, വിദേശ സാമ്പത്തിക രംഗം കൂടുതൽ സമ്മർദത്തിനു വിധേയമാകും. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ ധനമന്ത്രിക്കും മുന്നിൽ രാഷ്ട്രീയ വെല്ലുവിളികൾ ഉയർത്തുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA