ADVERTISEMENT

കൊച്ചി പാലാരിവട്ടം മേൽപാലം അടച്ചിട്ട് ഇന്നേക്ക് ഒൻപതു മാസവും മൂന്നു ദിവസവുമായി. എന്തിനുവേണ്ടി അടച്ചിട്ടു എന്നത് ബന്ധപ്പെട്ടവരെല്ലാം മറന്നപ്പോൾ ഇത്രയും കാലമായി യാത്രാക്ലേശം അനുഭവിച്ചു മടുത്ത യാത്രക്കാർ അതു മറന്നില്ലെന്നു മാത്രമല്ല, നിരുത്തരവാദിത്തത്തിന്റെ ഏറ്റവും നിർഭാഗ്യ പാഠങ്ങളിലൊന്നായി മനസ്സിലെടുത്തുവയ്ക്കുകയും ചെയ്യുന്നു. കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെയാകെ യാത്രാദുരിതത്തിനു സാക്ഷ്യമാകുകയാണു പാലാരിവട്ടം മേൽപാലം.

അസാധാരണമായൊരു കഥയാണ് പാലാരിവട്ടം മേൽപാലത്തിന്റേത്. 2016 ഒക്ടോബറിൽ തുറന്ന പാലം 2019 മേയ് ഒന്നിനാണ് അറ്റകുറ്റപ്പണിക്കായി അടച്ചത്. പാലത്തിന്റെ നിർമാണത്തിൽ പ്രയോഗിച്ച ഡെക്ക് കണ്ടിന്യുറ്റി സാങ്കേതിക വിദ്യ പരാജയപ്പെട്ടതോടെ തൂണുകളിലും പിയർ ക്യാപ്പുകളിലും വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ബെയറിങ് തകരാറുകളും വില്ലനായി. വിദഗ്ധ പഠനത്തിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ) ചെന്നൈ ഐഐടിയുടെ സഹായം തേടുകയും അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലത്തിനു വേണ്ട അറ്റകുറ്റപ്പണി നടത്താൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, അറ്റകുറ്റപ്പണി തീരുന്നതിനു മുൻപുതന്നെ പാലം രാഷ്ട്രീയ വിഷയമായി മാറി.

പാലം തകരാറിലായതു സംബന്ധിച്ച് കരാർക്കമ്പനിയായ ആർഡിഎസ് ആദ്യം തന്നെ ആർബിഡിസികെയെ അറിയിച്ചിരുന്നുവെന്നും അറ്റകുറ്റപ്പണി നടത്താൻ തയാറായിരുന്നുവെന്നുമാണു രേഖകൾ തെളിയിക്കുന്നത്. എന്നാൽ, ബന്ധപ്പെട്ട ഏജൻസികൾ തീരുമാനമെടുക്കാതെ ഫയലുകളിൽ അടയിരുന്നതാണ് അറ്റകുറ്റപ്പണിയും അന്വേഷണവുമെല്ലാം വർഷങ്ങൾ വൈകിച്ചത്. ആദ്യംതന്നെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ പാലത്തിന് ഈ ഗതി വരില്ലായിരുന്നു. അറ്റകുറ്റപ്പണി നടത്താമെന്നേറ്റ ഡിഎംആർസി (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) കേസും കൂട്ടവുമായതോടെ പദ്ധതിയിൽനിന്നു പിന്മാറിക്കഴിഞ്ഞു. രണ്ടുമാസം കൊണ്ടു തീരേണ്ട പണിയാണ് ഇപ്പോൾ സർക്കാർ വലിച്ചുനീട്ടിക്കൊണ്ടിരിക്കുന്നത്.

പാലാരിവട്ടം കടക്കാൻ ഇപ്പോൾ അരമണിക്കൂറോളമാണു വാഹനങ്ങൾ എടുക്കുന്നത്. ഇന്ധനനഷ്ടം വേറെ. ബൈക്കുകളും കാറുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ ചെറുവാഹനങ്ങളെങ്കിലും കടത്തിവിട്ടിരുന്നെങ്കിൽ തിരക്കിന് അത്രയും ആശ്വാസമായേനെ. മേയ് ഒന്നുവരെ എല്ലാ വാഹനങ്ങളും ഓടിയിരുന്ന പാലമായിരുന്നുവെന്നതു സർക്കാർ സൗകര്യപൂർവം വിസ്മരിക്കുന്നു. ഐഐടി നിർദേശിച്ച പണികൾ പാതി ചെയ്തു കഴിഞ്ഞപ്പോഴാണ് വിജിലൻസ് അന്വേഷണവും തുടർനടപടികളുമുണ്ടായത്. പാലത്തിന്റെ ആയുസ്സു കുറവാണെന്നു കണ്ടെത്തിയ ഇ.ശ്രീധരൻ സമിതി, പാലത്തിന്റെ മുകൾഭാഗം പൊളിച്ചുപണിയണമെന്നാണു റിപ്പോർട്ട് നൽകിയത്. എന്നാൽ, പാലം പൊളിക്കാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളിൽനിന്നു പ്രതിഷേധമുയർന്നു. പൊളിക്കുന്നതിനു മുൻപു പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. ഇതു ചോദ്യംചെയ്ത റിവ്യൂ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണു സർക്കാർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

പാലം നിർമാണത്തിലെ അഴിമതി അന്വേഷണം വേണ്ടതുതന്നെ. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. എന്നാൽ, അതിന്റെ പേരിൽ ജനങ്ങളെ തീരാദുരിതത്തിലേക്കു തള്ളിവിടുന്നതു നീതീകരിക്കാനാവുന്നതല്ല. വൈറ്റിലയും കുണ്ടന്നൂരും ഇടപ്പള്ളിയും പോലെ അതീവ പ്രാധാന്യമർഹിക്കുന്ന ജംക്‌ഷനാണു പാലാരിവട്ടവും. വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾ മാർച്ചിൽ തുറക്കുമ്പോൾ വൻ ഗതാഗതക്കുരുക്കാണു പാലാരിവട്ടത്ത് ഉണ്ടാകുക.

എന്ത് അറ്റകുറ്റപ്പണിയും സ്വന്തം ചെലവിൽ ചെയ്യാമെന്നു കരാർക്കമ്പനി രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണു പാലത്തിൽ ഭാരപരിശോധന നടത്താൻ സർക്കാർ തയാറാകാത്തതെന്നതു ദുരൂഹമാണ്. ഭാരപരിശോധനയുടെ ചെലവ് ഏറ്റെടുക്കാൻ കരാറുകാരുടെ സംഘടനയും തയാറാണ്. അന്വേഷണം അതിന്റെ വഴിക്കു നടക്കട്ടെ. ജനങ്ങളുടെ ക്ഷേമത്തിനും അവരുടെ സൗകര്യങ്ങൾക്കുമാണു സർക്കാർ പ്രാധാന്യം നൽകുന്നതെങ്കിൽ, എത്രയും വേഗം പാലം തുറക്കാനുള്ള നടപടി സ്വീകരിക്കുകതന്നെ വേണം.

English Summary: Palarivattom Flyover scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com