ഇതു യുക്തിരഹിതം

nottam
SHARE

പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഒരുവശത്ത് കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുമ്പോൾ, അവരുടെ പ്രവാസി പദവിയെത്തന്നെ വെല്ലുവിളിക്കുന്ന കേന്ദ്രസർക്കാരിന്റെ ബജറ്റ് നിർദേശം സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇന്ത്യയിൽ കഴിയാനുള്ള സമയപരിധി, രാജ്യാന്തരതലത്തിൽ അംഗീകരിക്കപ്പെട്ട 182 ദിവസത്തിൽനിന്നു 120 ആയി കുറയ്ക്കുന്നത് പ്രവാസികളെ ഇന്ത്യയിലെ നിക്ഷേപത്തിൽനിന്ന് അകറ്റാനേ ഉപകരിക്കൂ. ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക പ്രളയാനന്തര പുനർനിർമാണത്തിൽ ശ്രദ്ധയൂന്നുന്ന കേരളത്തെയാണ്.

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണു പ്രവാസികൾ. 22 ലക്ഷത്തോളം വരുന്ന പ്രവാസികൾ പ്രതിവർഷം കേരളത്തിലേക്ക് അയയ്ക്കുന്നത് ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. ഈ ബജറ്റ് നിർദേശം അവരെയൊക്കെ നിരുത്സാഹപ്പെടുത്തും.

സാങ്കേതികവിദ്യയിലെ മുന്നേറ്റം സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റലാക്കി മാറ്റിയിട്ടുണ്ട്. ഒരിടത്തിരുന്ന് ലോകത്തെവിടെയും സംരംഭങ്ങൾ നടത്താവുന്ന നിലയിലേക്കു സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുകയാണ്. വീട്ടിലിരുന്നു ജോലി ചെയ്താൽ മതിയെന്ന് ബഹുരാഷ്ട്ര കമ്പനികൾ ജീവനക്കാരെ നിർബന്ധിക്കുന്ന കാലം. ഇങ്ങനെയുള്ള കാലത്ത് 4 മാസത്തിൽ കൂടുതൽ ഇന്ത്യയിൽ നിന്നാൽ പ്രവാസിപദവി നഷ്ടമാകുമെന്ന നിയന്ത്രണം കൊണ്ടുവരുന്നതു യുക്തിരഹിതമാണ്.

പ്രവാസികൾ വിദേശത്തുനിന്നു സമ്പാദിക്കുന്ന തുകയ്ക്കും നികുതി നൽകണമെന്ന വിചിത്രമായ നിർദേശം വ്യാപകമായ ആശങ്കയ്ക്കു വഴിയൊരുക്കിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ തിരുത്തൽ വന്നിട്ടുണ്ടെങ്കിലും ആശയക്കുഴപ്പം പൂർണമായി മാറി എന്നു പറയാറായിട്ടില്ല.

പ്രവാസികൾ ഇന്ത്യയിൽനിന്നുണ്ടാക്കുന്ന വരുമാനത്തിന് ഇപ്പോൾത്തന്നെ കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുന്നതിൽ വിദേശത്തുനിന്നുള്ള വരുമാനത്തിനു പ്രധാന പങ്കുണ്ട്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ് ഇതിലെ മുഖ്യഘടകം. വിദേശവരുമാനം സ്വന്തം നാട്ടിൽ നിക്ഷേപിക്കാനുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ബജറ്റ് നിർദേശം തിരിച്ചടിയാകും.

വിദേശത്തു സംരംഭങ്ങൾ നടത്തി വിജയിച്ച പ്രവാസികൾ നാട്ടിലെ വമ്പൻ നികുതിഘടന മൂലം ഇപ്പോഴേ തിരിച്ചുവരേണ്ടെന്ന നിലപാടിലേക്കു മാറിക്കഴിഞ്ഞു. ഇന്ത്യയിലേക്കു വന്നാൽ വിദേശത്തു ജീവിതകാലം മുഴുവൻ സമ്പാദിച്ച പണത്തിന്റെ വലിയൊരു ശതമാനം നികുതിയൊടുക്കേണ്ടിവരും. സ്വിറ്റ്സർലൻഡ്, സിംഗപ്പുർ, ദുബായ് എന്നിവിടങ്ങൾ ഇത്തരക്കാരെ ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കാൻ തയാറായി നിൽക്കുകയാണ്. കാരണം, ഈ സമ്പാദ്യം അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്കു മുതൽക്കൂട്ടാകുമെന്ന ബോധ്യം തന്നെ. ഇന്ത്യൻ പൗരത്വം പോലും ഉപേക്ഷിച്ചാണ് പലരും കുടിയേറിപ്പാർക്കുന്നത്. 

എന്നെങ്കിലുമൊരിക്കൽ നാട്ടിലേക്കു മടങ്ങേണ്ടിവരുമെന്ന ചിന്തയിൽ വീടിനും ഭൂമിക്കുമായി സമ്പാദ്യം മുഴുവൻ ചെലവഴിച്ചിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ പോലും ഇപ്പോൾ മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പലരും കാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും കുടിയേറിപ്പാർക്കുന്നു.

നാടിന്റെ പുരോഗതിക്കായി പ്രവാസികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതിനു പകരം, ഇത്തരം ദീർഘവീക്ഷണമില്ലാത്ത നികുതിനയങ്ങളിലൂടെ അവരെ ആട്ടിയോടിക്കുകയാണ്. ഈ ബജറ്റ് നിർദേശം നൽകുന്ന സന്ദേശം പ്രതിലോമകരമാണ്. പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ ആഘാതമുണ്ടാകുന്നതിനു മുൻപ് ഈ നിർദേശം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണം.

(ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാനാണ് ലേഖകൻ)

English Summary: Union Budget 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA