സ്വാഭാവിക നന്മകൾ

subhadinam
SHARE

കീഴ്‌വഴക്കങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിൽ ചെയ്തുപോരുന്ന നന്മകൾക്കു സ്വാഭാവിക നൈർമല്യമുണ്ടാകില്ല. നിബന്ധനകളുടെയും നിർബന്ധങ്ങളുടെയും പേരിൽ പിന്തുടരുന്ന ജീവിതവിശുദ്ധിക്ക് എന്തു മഹനീയതയാണുള്ളത്? മറ്റുള്ളവർ ചെയ്യുന്നതുകൊണ്ടു മാത്രം തുടർന്നുപോരുന്ന സത്കർമങ്ങളിൽ ഉള്ളത് ആത്മാവിന്റെ അടയാളമല്ല, അപരന്റെ സമ്മർദമാണ്.

ആയുസ്സു മുഴുവൻ നന്മ ചെയ്തു എന്നത് സ്വഭാവ സർട്ടിഫിക്കറ്റിനുള്ള പരിശ്രമമാണോ, അതോ സ്വാഭാവിക പ്രേരണയാണോ എന്നതിലാണ് ചെയ്ത നന്മകളുടെ കാര്യക്ഷമത അടങ്ങിയിരിക്കുന്നത്. ചെയ്ത കർമങ്ങളുടെ ഉദ്ദേശ്യശുദ്ധിയും വിശുദ്ധിയും നഷ്ടമായിട്ട് ആ കർമങ്ങളുടെ പേരിൽ ആദരിക്കപ്പെടുന്നതിൽ എന്തർഥം?

അനുകൂല സാഹചര്യങ്ങളിൽ ചെയ്തുതീർത്ത നന്മകളെക്കാൾ, അനുകൂല സാഹചര്യമുണ്ടായിട്ടും ചെയ്യാതിരുന്ന തിന്മകളാണ് ഒരാളിലെ വിശുദ്ധിയുടെ അളവുകോൽ. വിശുദ്ധ സാഹചര്യങ്ങളിൽ ജീവിച്ച് ആ വിശുദ്ധിയുടെ ഒഴുക്കിനൊപ്പം നിലനിൽക്കാൻ ആർക്കും കഴിയും. പക്ഷേ, മോശം സാഹചര്യത്തിൽ നിന്നിട്ടും വാടാതെ വളരണമെങ്കിൽ അസാധാരണമായ ഉൾബലം വേണം. ചേറിൽ വളരുന്ന താമരയ്ക്ക് ദൗർഭാഗ്യത്തിന്റെയും പ്രതികൂല സാഹചര്യത്തിന്റെയും ഒട്ടേറെ കഥകൾ പറയാനുണ്ടാകും.

നേർവഴി അറിയാവുന്നവനും ആ വഴിയേ നടക്കാൻ തീരുമാനിച്ചവനും ഒരു ഇടവഴിയും പ്രലോഭനമാകില്ല. ഉൾബോധത്തിൽ നിന്ന് ഉടലെടുക്കുന്ന നന്മകളുടെ സ്വാഭാവികതയും സൗന്ദര്യവും എക്കാലവും നിലനിൽക്കും.

താരതമ്യങ്ങളാണ് തനിമ ഇല്ലാതാക്കുന്നത്. ഓരോ ജീവിതവും വ്യത്യസ്തമാണ്; കാഴ്ചപ്പാടിലും കർമങ്ങളിലും. പ്രായത്തിനും സാഹചര്യത്തിനുമനുസരിച്ച് അവ മാറുകയും ചെയ്യും. സ്വന്തം ജീവിതത്തിന് സ്വയം സമവാക്യങ്ങൾ ഉണ്ടാക്കി സ്വയം ആസ്വദിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA