കണ്ണൂരിന് ഇനിയും കുതിക്കണം

SHARE

കേരളത്തിന്റെ ഒരേയൊരു ഒളിംപിക് മെഡൽ ജേതാവ് മാനുവൽ ഫ്രെഡറിക്, ആദ്യ മലയാളി ഒളിംപ്യൻ സി.കെ. ലക്ഷ്മണൻ അടക്കം 11 ഒളിംപിക് താരങ്ങൾ, സ്പെഷൽ ഒളിംപിക്സ് താരങ്ങളായ പത്തു പേർ... ഹോക്കി, ബാസ്കറ്റ് ബോൾ, വോളിബോൾ, കബഡി, ഗുസ്തി, അത്‌ലറ്റിക്സ് ഇനങ്ങളിലായി ആയിരത്തിലേറെ ദേശീയ താരങ്ങൾ, ആയിരത്തിയഞ്ഞൂറിലേറെ മെഡലുകൾ... കായികലോകത്ത് ഒരുകാലത്തു നിറഞ്ഞുകളിച്ചിരുന്ന കണ്ണൂർ ഇന്നു കളത്തിനു പുറത്തെ വെറും കാഴ്ചക്കാരാണ്.

മലയാള മനോരമ കണ്ണൂർ യൂണിറ്റ് രജതജൂബിലി ആഘോഷവേളയിൽ സംഘടിപ്പിച്ച കായിക ചർച്ച പങ്കുവച്ചത് കണ്ണൂരിന്റെ തിരിച്ചുവരവിന് അടിയന്തര ചികിത്സ കൂടിയേ തീരൂവെന്ന തിരിച്ചറിവാണ്. ‘കേരളത്തിന്റെ സ്പോർട്സ് ഹബ്– കണ്ണൂരിന്റെ സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ കായികതാരങ്ങളും പരിശീലകരും അക്കാദമിക വിദഗ്ധരും തുറന്നുകാണിച്ചതു കണ്ണൂരിന്റെ മനസ്സുതന്നെ. മാനുവൽ ഫ്രെഡറിക്കിനു പുറമേ, പ്രശസ്ത കായികതാരങ്ങളായ എം.ഡി.വത്സമ്മ, കെ.സി.ലേഖ, കെ.എം.ഗ്രീഷ്മ, വി.മിഥുൻ എന്നിവരും ചർച്ചയ്ക്കു നേതൃത്വം നൽകി. ഉത്തര മലബാറിൽനിന്ന് ഇന്നും താരങ്ങൾ ഉദിച്ചുയരുന്നുണ്ടെങ്കിലും അവർക്കു തിളങ്ങാനുള്ള ആകാശങ്ങൾ ഇവിടെയുണ്ടാകുന്നില്ല എന്നതായിരുന്നു ചർച്ചയുടെ കാതൽ. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലന സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം നമ്മുടെ കായിക നയത്തിൽത്തന്നെ മാറ്റങ്ങൾ വേണമെന്നും ആവശ്യമുയർന്നു.

അടിസ്ഥാനസൗകര്യങ്ങളുടെ കാര്യം വരുമ്പോൾ കളിയെക്കാൾ കളത്തിനു പുറത്തെ രാഷ്ട്രീയക്കളികൾ ശക്തിയാർജിക്കുന്നതാണ് ഏറെനാളായി കാണുന്നത്. കണ്ണൂരിന്റെ കായിക പാരമ്പര്യത്തിന്റെ എക്കാലത്തെയും വലിയ തെളിവായ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തോടുള്ള അധികൃതരുടെ സമീപനം പോലും നിഷേധാത്മകമാണ്. സ്റ്റേഡിയത്തെ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ സ്പോർട്സ് കൗൺസിൽ സമർപ്പിച്ച പദ്ധതി പ്രകാരം കിഫ്ബി വഴി 12 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, സ്റ്റേഡിയത്തിന്റെ ഉടമകളായ കണ്ണൂർ കോർപറേഷനും നടത്തിപ്പുകാരായ സ്പോർട്സ് കൗൺസിലും തമ്മിലുള്ള തർക്കത്തെത്തുടർന്ന് തുക പാഴായി.

കണ്ണൂരിന്റെ അഭിമാന സ്ഥാപനമായ കണ്ണൂർ സ്പോർട്സ് ഡിവിഷന്റെ സ്ഥിതിയും ഇതു തന്നെയാണ്. പി.ടി.ഉഷ അടക്കം ഒട്ടേറെ ലോകതാരങ്ങളെ സമ്മാനിച്ച സ്പോർട്സ് ഡിവിഷന്റെ മത്സരക്ഷമത ദിനംപ്രതി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടത്തെ കായികതാരങ്ങൾക്കു പരിശീലനത്തിനു സ്വന്തമായി മൈതാനം പോലുമില്ല.

ഒരുകാലത്ത് സന്തോഷ് ട്രോഫി ഫുട്ബോൾ ടീമിലും ഇന്ത്യൻ ഫുട്ബോൾ ടീമിലും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒട്ടേറെപ്പേരുണ്ടായിരുന്നു. എന്നാൽ ഇന്ന് ഒന്നോ രണ്ടോ കണ്ണൂരുകാർക്കു ടീമിൽ ഇടം കിട്ടിയാലായി എന്നതാണ് അവസ്ഥ. വൻകിട സ്പോർട്സ് സമുച്ചയങ്ങൾ മാത്രം പോരാ, കുട്ടികൾക്കു കളിച്ചുവളരാൻ കൊച്ചു മൈതാനങ്ങളും വേണമെന്ന് ചർച്ചയിൽ പങ്കെടുത്തവരിൽ പലരും ആവശ്യപ്പെട്ടു. 15 വർഷം മുൻപു കണ്ണൂരിലുണ്ടായിരുന്ന മൈതാനങ്ങൾ ഇന്ന് ഏതാണ്ടു പൂർണമായും നഷ്ടമായ അവസ്ഥയാണ്.

അടുത്തകാലത്തായി സംസ്ഥാന സർക്കാർ മുൻകയ്യെടുത്തു കൂടുതൽ പദ്ധതികൾ ജില്ലയ്ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ സിന്തറ്റിക് ട്രാക്കുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, മിനി സ്റ്റേഡിയങ്ങൾ എന്നിവ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കാനാണു തീരുമാനം. കളിക്കാനും പരിശീലിക്കാനും പ്രഫഷനൽ മികവോടെ സ്പോർട്സ് അക്കാദമികൾ, സ്കൂളുകളിലും കോളജുകളിലും ശാസ്ത്രീയ കായികപഠനം തുടങ്ങി കണ്ണൂരിനു സ്വപ്നങ്ങളേറെ ബാക്കിയുണ്ട്. കേരളത്തിന്റെ സ്പോർട്സ് ഹബ് ആയി കണ്ണൂരിനെ മാറ്റാൻ മാത്രം മികവുള്ള താരങ്ങൾ ഇന്നും ഇവിടെയുണ്ട്. ഇവരുടെ പ്രതിഭ ഊതിക്കാച്ചി മിനുക്കിയെടുക്കാനുള്ള ക്രിയാത്മക ഇടപെടലാണു വേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA