ADVERTISEMENT

തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം എക്കാലത്തും സാഹിത്യഭംഗി കൊണ്ടു സമ്പുഷ്ടമായിരിക്കും. കുമാരനാശാൻ, തകഴി, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി ഒട്ടേറെപ്പേർ അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗത്തിൽ കയറിപ്പറ്റി സാഹിത്യലോകത്ത് അവരുടെ സിംഹാസനം ഉറപ്പിച്ചിട്ടുണ്ട്. ആരെയെങ്കിലും സാഹിത്യകാരൻ എന്നു പറഞ്ഞു പരിചയപ്പെടുത്തിയാൽ, തോമസ് ഐസക്കിന്റെ പ്രസംഗത്തിൽ അദ്ദേഹത്തിന്റെ പേരു കണ്ടില്ലല്ലോ എന്നാണു പലരും ചോദിക്കുന്നത്. പ്രസംഗത്തിന്റെ 85–ാം ഖണ്ഡികയിൽ ആ പേർ ഉണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയാൽ മാത്രം, പരിചയപ്പെടുത്തിയ ആളെ സാഹിത്യകാരനായി അംഗീകരിക്കും. അതാണ് ഈയിടെയായി നാട്ടുനടപ്പ്.

എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ, പാറപ്പുറത്ത്, സഞ്ജയൻ, എൻ.വി.കൃഷ്ണവാരിയർ, ഒളപ്പമണ്ണ, അക്കിത്തം തുടങ്ങി പല സാഹിത്യകാരന്മാർക്കും ‘ബജറ്റ് മെൻഷൻ’ നേടാനായിട്ടില്ലെന്നാണ് ഓർമ. എന്നാൽ, എം.ആർ.രാധാമണി, വിജില ചിറപ്പാട്, ഗിരിജ പാതേക്കര തുടങ്ങിയവരെല്ലാം ഇത്തവണത്തെ പ്രസംഗത്തിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും അവർ പാർട്ടിക്കാരായതു കൊണ്ടല്ല. അങ്ങനെയാണെങ്കിൽ ടി.എസ്.സുബ്രഹ്മണ്യൻ തിരുമുൽപ്പാട്, കെ.കേരളീയൻ, കെപിജി, തൃക്കുളം കൃഷ്ണൻകുട്ടി തുടങ്ങിയ ആസ്ഥാന പാർട്ടിക്കവികളെയല്ലേ ബജറ്റ് പരാമർശം നൽകി ആദരിക്കേണ്ടത്? ‘സോവിയറ്റെന്നൊരു നാടുണ്ടത്രെ/ പോകാൻ കഴിഞ്ഞെങ്കിൽ എത്ര ഭാഗ്യം’ , ‘തോലും വിറകും ഞങ്ങളെടുക്കും/ കാലൻ വന്നു തടുത്താലും / ആരും നട്ടുവളർത്തിയതല്ല/വാരിധി പോലെ കിടക്കും വിപിനം’, വരികവരിക സഹജരേ/സഹനസമര സമയമായ്’ തുടങ്ങിയ പാർട്ടിക്കവിതകളുടെയും പടപ്പാട്ടുകളുടെയും എക്സ്പയറി ഡേറ്റ് കഴിഞ്ഞു. അതുകൊണ്ടുതന്നെ, അവരെ ഈയിടെയായി ആരും കവികളോ സാഹിത്യകാരന്മാരോ ആയി അംഗീകരിക്കാറില്ല.

ജ്ഞാനപീഠവും സരസ്വതി സമ്മാനവും ഓടക്കുഴൽ പുരസ്കാരവും കിട്ടിയിട്ടുണ്ടെന്നു പറഞ്ഞാലും ആസ്വാദകർക്കു തൃപ്തിയാവില്ല. അവർക്കു ബജറ്റ് പരാമർശം തന്നെയാണു മുഖ്യം. ബജറ്റ് മെൻഷൻ കിട്ടുന്ന കവികൾക്കു പിൽക്കാലത്തു പെൻഷൻ, ക്ഷേമനിധി എന്നിവ ഏർപ്പെടുത്തുമെന്നാണു കേൾക്കുന്നത്. പല തവണ ബജറ്റ് മെൻഷൻ ലഭിച്ചവർക്കു വയനാട്ടിലോ ഇടുക്കിയിലോ അൽപം ഭൂമി പതിച്ചുകൊടുക്കുന്ന കാര്യവും പരിഗണനയിലുണ്ടത്രെ.

ബജറ്റ് പരാമർശം ലഭിച്ചവരെയാണു ബജറ്റ് കവികൾ എന്നു വിശേഷിപ്പിക്കുന്നത്. ബജറ്റ് എയർലൈൻ, ബജറ്റ് ഹോട്ടൽ എന്നൊക്കെപ്പറയുന്നതു പോലെ ബജറ്റ് കവികൾ രണ്ടാം തരക്കാരൊന്നുമല്ല. സാധാരണക്കാർക്കു വായിച്ചാൽ മനസ്സിലാകുന്ന കവികൾ എന്നു മാത്രമേ ഇതിനർഥമുള്ളൂ. എന്നാൽ, ചില സാഹിത്യകാരന്മാർക്ക് ഇതൊന്നും സഹിക്കാൻ കഴിയുന്നില്ല. അവർ പഴഞ്ചൻ സരണിക്കാരാണ്. അവർക്കു സാഹിത്യത്തിലെ ആധുനിക പ്രവണതകളെക്കുറിച്ചു വലിയ പിടിപാടില്ല.

ഇത്തവണത്തെ ബജറ്റ് മിച്ചമാണോ കമ്മിയാണോ കമ്മിച്ചമാണോ എന്നൊക്കെ ചിലർ തർക്കിക്കുന്നുണ്ട്. എന്നാൽ, കാവ്യരസത്തിന്റെ കാര്യത്തിൽ തീർത്തും മിച്ചമാണു ബജറ്റ്. അക്കാര്യത്തിൽ ആരും തർക്കിക്കില്ലെന്നു തീർച്ച.

ഇതേസമയം, വിശക്കുന്നവൻ വ്യാകരണം ഭക്ഷിക്കില്ലെന്നും ദാഹിക്കുന്നവൻ കാവ്യരസം കുടിക്കില്ലെന്നുമാണു പഴഞ്ചൻ രീതിക്കാർ പ്രചരിപ്പിക്കുന്നത്. ‘‘നഃ ഭുജ്യതേ വ്യാകരണം ക്ഷുധാ/ പിപാസിതൈ കാവ്യരസോ നഃ പീയതേ’’

എന്നൊക്കെയുള്ള കടുകട്ടി സംസ്കൃതം അവർ ഉദ്ധരിക്കുന്നുമുണ്ട്. ഇതൊന്നും ഐസക്കിന്റെ ബജറ്റിൽ വേവുന്ന ലക്ഷണമില്ല. അദ്ദേഹത്തിനു സാമ്പത്തികശാസ്ത്രത്തെക്കുറിച്ചു മാത്രമല്ല, സാഹിത്യത്തെക്കുറിച്ചും തനതായ കാഴ്ചപ്പാടുണ്ട്. ബജറ്റ് പ്രസംഗത്തിലെ സാഹിത്യത്തെക്കുറിച്ചു കേരളത്തിലെ സാഹിത്യകാരന്മാർ അലമ്പുണ്ടാക്കിയാൽ അടുത്ത ബജറ്റിൽ അദ്ദേഹം പൂർണമായും ലാറ്റിനമേരിക്കൻ സാഹിത്യകാരന്മാരെ ആശ്രയിക്കും. അപ്പോൾ ലോക്കൽ സാഹിത്യകാരന്മാർ, പുവർ കൺട്രി ഫെലോസ് എന്തു ചെയ്യുമെന്നു കാണാം.

അച്ചടി പിടിച്ച് ചെലവു ചുരുക്കൽ

ചെലവു ചുരുക്കാനും വരവു കൂട്ടാനുമുള്ള വഴികൾ കണ്ടെത്താനുള്ള ഗഹനമായ ഗവേഷണത്തിലാണു കുറെക്കാലമായി മന്ത്രി തോമസ് ഐസക്. സത്യം പറഞ്ഞാൽ കയർ വ്യവസായത്തിനു പുറമേ, ചെലവു ചുരുക്കലിനെക്കുറിച്ചു മറ്റൊരു പിഎച്ച്ഡിക്ക് എന്തുകൊണ്ടും ഐസക്കിന് അർഹതയുണ്ട്. ഗവേഷണം പ്രബന്ധരൂപത്തിൽ എഴുതേണ്ട താമസമേയുള്ളൂ. നെതർലൻഡ്സിൽ നിന്നോ ബർമിങ്ങാമിൽ നിന്നോ പിഎച്ച്ഡി പറന്നു വരും. സാമ്പത്തികശാസ്ത്രത്തിൽ പിഎച്ച്ഡി ഇല്ലെന്ന ചീത്തപ്പേർ അതോടെ മാറുകയും ചെയ്യും.

ചെലവു ചുരുക്കാനും വരവു കൂട്ടാനുമുള്ള പലപല വഴികൾ അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ട്. ഡാമിൽനിന്നു മണലെടുക്കുന്നതാണു വരുമാനം കൂട്ടാനുള്ള വഴികളിൽ പ്രധാനം. മണലെടുക്കുമ്പോൾ മനസ്സിലാകും, അതുവഴി വരുമാനം കൂടുകയാണോ കുറയുകയാണോ എന്ന്. പുനർവിന്യാസം, കാറുകൾ വാടകയ്ക്കെടുക്കുക തുടങ്ങി മുണ്ടു മുറുക്കിയുടുക്കുക വരെയുണ്ട്, ചെലവു ചുരുക്കാനുള്ള മാർഗങ്ങളിൽ.

എന്നാൽ, അദ്ദേഹം പ്രയോഗിച്ച ഏറ്റവും നല്ല വിദ്യ അച്ചടിച്ചെലവു ചുരുക്കുകയാണ്. ബജറ്റ് പ്രസംഗത്തിന്റെ കോപ്പികൾ മാധ്യമപ്രവർത്തകർക്കു നൽകേണ്ടെന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പ്രസ് ഗാലറിയിൽ കിട്ടിക്കൊണ്ടിരുന്ന ബജറ്റ് പ്രസംഗം അസംബ്ലിയിലെ ടേബിൾ സെക്‌ഷനിൽനിന്നു വാങ്ങണമെന്നായി നിർദേശം. അവിടെ ചെന്നപ്പോഴത്തെ കാര്യം പറയേണ്ടതില്ല. എംഎൽഎമാരുടെ പിഎമാർ, മന്ത്രിമാരുടെ ഡ്രൈവർമാർ, ലോട്ടറി വകുപ്പിലെ പ്യൂൺമാർ തുടങ്ങിയവർ ചവിട്ടുനാടകം നടത്തി പ്രസംഗത്തിന്റെ കോപ്പികൾ മുഴുവൻ അടിച്ചുമാറ്റി. കഷ്ടകാലത്തിന് ഒന്നു കരസ്ഥമാക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു മാധ്യമപ്രവർത്തകനെ വാച്ച് ആൻഡ് വാർഡുകാർ വളഞ്ഞിട്ടു തല്ലിയില്ലെന്നേയുള്ളൂ.

പ്രസംഗത്തിന്റെ ഒരു കോപ്പി കിട്ടാനുള്ള ഭാഗ്യമോ നിർഭാഗ്യമോ വിമതനുമുണ്ടായി. എന്നാൽ, സംഗതി ആപത്താണെന്നു പിന്നീടാണു മനസ്സിലായത്. പൊലീസ് സംരക്ഷണം ലഭിച്ചില്ലെങ്കിൽ ജീവനോടെ പുറത്തുകടക്കാൻ പറ്റില്ലെന്നു മനസ്സിലായി. ‘സ്യമന്തകം കാരണമെത്ര കഷ്ടം/ കുമാരനും കൂടി മരിച്ചിതല്ലോ’ എന്നു കുഞ്ചൻ നമ്പ്യാർ പറഞ്ഞ അതേ അന്തരാളഘട്ടം. രണ്ടാമതൊന്നു ചിന്തിക്കാൻ മെനക്കെടാതെ പ്രസംഗത്തിന്റെ പകർപ്പു സഹപ്രവർത്തകനു കൈമാറി. സ്വയം മരിക്കണോ സഹപ്രവർത്തകൻ മരിക്കണോ എന്ന സന്ദിഗ്ധാവസ്ഥയിൽ അൽപം സ്വാർഥത കാട്ടിയെന്നു കരുതിയാൽ മതി.

പ്രസംഗത്തിന്റെ പകർപ്പുകൾ പരമാവധി കുറച്ചടിച്ചു ചെലവു ചുരുക്കിയത് ആദ്യ ഘട്ടം. വൈകിട്ടായപ്പോൾ കെട്ടുകണക്കിനു കോപ്പികളാണ് അടിച്ചുതള്ളി നിയമസഭയിൽ എത്തിച്ചത്. അത് ഏറ്റുവാങ്ങാൻ ആളില്ലായിരുന്നുവെന്നതു വേറെ കാര്യം. ഇനി അതെല്ലാം ആക്രിവിലയ്ക്കു തൂക്കിവിൽക്കുമ്പോൾ വരുമാനം വർധിക്കും. ഇങ്ങനെ തന്നെ വേണം ചെലവു ചുരുക്കാനും വരുമാനം വർധിപ്പിക്കാനും.

തട്ടുകടപ്പരീക്ഷയും ചോദ്യങ്ങളും

തട്ടുകട നടത്താൻ പരീക്ഷ പാസാകണമെന്നു നിയമം വരാൻ പോകുന്നുവെന്നാണു കേൾക്കുന്നത്. ചില്ലറക്കാർക്കല്ല പരീക്ഷാ നടത്തിപ്പിന്റെ ചുമതല. കേന്ദ്ര സർക്കാരിനു കീഴിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റിയാണു പരീക്ഷയ്ക്കു ചോദ്യക്കടലാസ് തയാറാക്കുന്നതും ഉത്തരക്കടലാസു നോക്കുന്നതും. എഴുത്തറിയാത്തവർക്കു വാങ്മൂലം പരീക്ഷയ്ക്ക് ഉത്തരം നൽകാനും വകുപ്പുണ്ട്. തട്ടുകട നടത്തുന്നവർക്കു പരീക്ഷ നടത്തുകയാണെങ്കിൽ, തട്ടുദോശ ഉണ്ടാക്കുന്നത് എങ്ങനെയാണെന്നു കാണിച്ചു കൊടുക്കുക, ഓംലറ്റിന്റെ ചേരുവകൾ അരിഞ്ഞുകൂട്ടുക, രസവട എങ്ങനെ ഉണ്ടാക്കണം തുടങ്ങിയ പ്രായോഗിക ചോദ്യങ്ങളാണു നമ്മൾ പ്രതീക്ഷിക്കുക. 

എന്നാൽ, ഇപ്പോൾ തയാറാക്കിയിരിക്കുന്ന ക്വസ്റ്റ്യൻ ബാങ്കിൽ അത്തരം ചോദ്യങ്ങളൊന്നുമില്ല. ഒരു തട്ടുദോശയിൽ എത്ര കാലറി ഊർജം കാണും‌, അച്ചാറിൽ ഉപയോഗിക്കാവുന്ന പ്രിസർവേറ്റീവുകൾ ഏതെല്ലാം, അതിനു യുഎസിലെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരമുണ്ടോ? തുടങ്ങിയ സൈദ്ധാന്തികമായ ചോദ്യങ്ങളാണു ക്വസ്റ്റ്യൻ ബാങ്കിൽ മുഴുവൻ. ഇത്തരം പരീക്ഷകൾ പാസായി തട്ടുകട തുടങ്ങുന്നവർ നേരത്തോടുനേരം കഴിയുമ്പോൾ കട പൂട്ടി സ്ഥലംവിടും.

സ്റ്റോപ് പ്രസ്:  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുമെന്നു കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. പട്ടികയും കഴുക്കോലുമെല്ലാം കാരണവരോടു ചോദിക്കാതെ തന്നെ വിൽക്കുന്നതോടെ, സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടും.

Content Highlights: Kerala Budget 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com