sections
MORE

ഡിജിപി വിലയിടും, കെൽട്രോൺ വിൽക്കും; പൊലീസ് + കെൽട്രോൺ = അഴിമതി

loknath-behra-3
SHARE

സംസ്ഥാന പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ക്രമക്കേടുകളുടെ കെട്ടാണ് കൺട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ പൊതുജനങ്ങൾക്കു മുന്നിൽ അഴിച്ചിരിക്കുന്നത്. അഴിമതിയും കൊള്ളയും കണ്ടെത്താൻ ബാധ്യസ്ഥരായ പൊലീസ് സേനയ്ക്കുള്ളിലെ സംഘടിത ക്രമക്കേടും കെടുകാര്യസ്ഥതയും വെളിവാക്കുന്ന കണ്ടെത്തലുകൾ ഒരുവശത്ത്. വഴിവിട്ടുള്ള കരാറുകൾ വഴി ജനങ്ങളുടെ പണം ഒരു മാനദണ്ഡവുമില്ലാതെ കെൽട്രോൺ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു വാരിക്കോരി നൽകുന്നുവെന്ന കണ്ടെത്തൽ മറുവശത്ത്. രാഷ്ട്രീയ നേതൃത്വം അറിയാതെ ഇങ്ങനെയൊരു പകൽക്കൊള്ള കേരളത്തിൽ നടക്കുമോ? സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണ പരമ്പര ഇന്നുമുതൽ.

നേരിട്ടു കമ്പനിയിൽ നിന്നു വാങ്ങിയാൽ സർക്കാരിന് 100 രൂപയ്ക്കു കിട്ടുന്ന സാധനം കെൽട്രോൺ‌ വഴി വാങ്ങിയാൽ ചെലവ് 300 രൂപ. എന്നാലും സർക്കാർ കെൽട്രോൺ വഴിയേ വാങ്ങൂ. അപ്പോൾ ബാക്കി 200 രൂപ എവിടെപ്പോകുന്നു? വർഷങ്ങളായി സർക്കാരിന്റെ പർച്ചേസുകളിൽ നടക്കുന്ന കോടികളുടെ തട്ടിപ്പും കമ്മിഷൻ പറ്റലും അറിയണമെങ്കിൽ ഇൗ ഫോർമുല പഠിക്കണം. സർക്കാരിനു നേരിട്ടു പർച്ചേസ് നടത്താൻ കടമ്പകൾ ഒട്ടേറെയാണ്. ടെൻഡർ വിളിക്കണം, അതു പരിശോധിക്കണം, വിലപേശണം അങ്ങനെയങ്ങനെ. 

എന്നാൽ, സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാണു കരാർ നൽകുന്നതെങ്കിൽ ഇൗ നൂലാമാലകളൊന്നുമില്ല. 100 രൂപ‌യുടെ സാധനം 300 രൂപയ്ക്കു വാങ്ങിയാൽ കെൽട്രോൺ ഒരുപങ്ക് കമ്മിഷൻ എടുക്കും. ഒരുപങ്ക് പർച്ചേസിനു പിന്നിൽ പ്രവർത്തിച്ച സർക്കാർ ഉദ്യോഗസ്ഥരുടെയും കെൽട്രോണിലെ ഇടനിലക്കാരുടെയും കൈകളിലെത്തും. നിശ്ചയിച്ച വിഹിതം കാണാച്ചരടുകൾക്ക് അപ്പുറം രാഷ്ട്രീയ നേതാക്കളുടെ പോക്കറ്റുകളിലേക്കും പോകുന്നുണ്ടോ? പുറമെ എല്ലാം ക്ലീൻ. അഴിമതിയും ക്രമക്കേടും നിറഞ്ഞ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് സിഎജി നമുക്ക് കാട്ടിത്തന്നത്. ഇനിയുമെത്രയോ കഥകൾ പുറത്തുവരാനിരിക്കുന്നു. 

പൊലീസിലെ ഉന്നതരും കെൽട്രോണും വിവിധ സ്വകാര്യ കമ്പനികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ടെൻഡർ നിയമങ്ങൾ ലംഘിച്ചായിരുന്നു ഇൗ വിഴുങ്ങൽ. കമ്പോളവിലയേക്കാൾ 3 ഇരട്ടിവരെ തുകയ്ക്കായിരുന്നു കെൽട്രോണിന്റെ പർച്ചേസുകൾ. 2017ൽ ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതിൽ മാത്രം ഒന്നരക്കോടി രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. 

കേരള സർക്കാർ കെൽട്രോൺ ഉൾപ്പെടെ 7 പൊതുമേഖലാ സ്ഥാപനങ്ങളെ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡേഴ്സ് (ടിഎസ്പി) എന്ന സ്ഥാനം നൽകി ഉത്തരവിറക്കുന്നത് 2000 ജൂലൈയിലാണ്. ഐടി പ്ലാൻ തയാറാക്കാൻ സ്ഥാപനങ്ങളെ സഹായിക്കുക, സോഫ്റ്റ്‌വെയറും ഹാർഡ് വെയറും സംഭരിക്കാൻ വകുപ്പുകൾക്ക് സാങ്കേതിക സഹായം നൽകുക തുടങ്ങിയവയായിരുന്നു ടിഎസ്പികളുടെ ചുമതല. ടിഎസ്പികൾക്കുള്ള നിരക്കുകൾ 2000 ഫെബ്രുവരിയിൽ നിശ്ചയിച്ചു. 

ടെൻഡർ പ്രസിദ്ധീകരിക്കുക, വിശകലനം ചെയ്യുക, വിതരണക്കാരനെ തിരഞ്ഞെടുക്കുക തുടങ്ങിയ കാര്യങ്ങൾ അതത് വകുപ്പുകൾ ചെയ്യണം. എന്നാൽ, ഈ നിർദേശങ്ങളും കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങളും ലംഘിച്ചായിരുന്നു വിവിധ ഉപകരണങ്ങളുടെ സംഭരണം പൊലീസ് കെൽട്രോണിനെ ഏൽപ്പിച്ചത്. 

കെൽട്രോൺ സ്വകാര്യകമ്പനികൾക്ക് പുറംകരാറുകൾ നൽകുന്നതിനാൽ അവരുടെ പ്രവർത്തനത്തിൽ സുതാര്യതയില്ലെന്ന് 2016ൽ സിഎജി കണ്ടെത്തിയിരുന്നു. കെൽട്രോൺ ഇടപാടുകളിലെ ഒട്ടേറെ ക്രമക്കേടുകൾ അന്നത്തെ റിപ്പോർട്ടിൽ തെളിവുകൾ സഹിതം വിവരിച്ചു. എന്നിട്ടും സർക്കാരിന് കെൽട്രോണിനോടുള്ള പ്രണയം തീരാത്തതിനു കാരണം പിൻവാതിൽ ഇടപാടുകളാണ്. 

തട്ടിപ്പിന്റെ റൂട്ട്  ഇങ്ങനെ:

∙ 2015 ജനുവരിയിൽ 30 വോയ്സ് ലോഗറുകൾ ഒന്നിന് 3.07 ലക്ഷം രൂപ തോതിൽ വിതരണം ചെയ്യാൻ കെൽട്രോൺ പൊലീസിനു നിർദേശം സമർപ്പിച്ചു. 

∙ തേഡ് എന്റിറ്റി സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 2.07 ലക്ഷത്തിന് വാങ്ങാമെന്ന നിർദേശം ഓഡിറ്റ് വിഭാഗം കണ്ടെത്തി. 

∙ ലോ അബൈഡിങ് ടെക്നോളജീസ് എന്ന സ്ഥാപനമാകട്ടെ 1.72 ലക്ഷത്തിന് ഇതേ ഉപകരണം നൽകാമെന്ന് അറിയിച്ചു. 

∙ ഇക്കാര്യം പൊലീസ് കെൽട്രോണിനു ചോർത്തി നൽകി. ഇതോടെ കെൽട്രോൺ ലോ അബൈഡിങ് ടെക്നോളജീസുമായി ധാരണയിലെത്തി.

∙ ആ കമ്പനിയിൽ നിന്നു 10 വോയ്സ് ലോഗറുകൾ വാങ്ങി ഓരോന്നിനും 3 ലക്ഷം രൂപ വിലയിട്ട് കെൽട്രോൺ പൊലീസിനു നൽകി. 

ഡിജിപി  വിലയിടും, കെൽട്രോൺ വിൽക്കും , ഡിജിപി വാങ്ങും

2015 മാർച്ചിൽ 55.66 ലക്ഷം രൂപയുടെ ഇടപാടിൽ പാനസോണിക് റഗ്ഡ് 7 ടാബ്‌ലെറ്റ് എന്ന വ്യാപാരനാമം ഉപയോഗിച്ചാണ് കെൽട്രോൺ ഇ–ടെൻഡർ വിളിച്ചത്. വർക് ഓർഡർ ലഭിക്കുന്നതിനു മുൻപ് ഫെബ്രുവരിയിൽ തന്നെ പാനസോണിക്കുമായി കത്തിടപാടുകൾ നടത്തി. ആവശ്യപ്പെടേണ്ട വില കെൽട്രോൺ നിർദേശിച്ചു. പൊലീസും കെൽട്രോണും ചർച്ച ചെയ്ത് വില നിശ്ചയിച്ചു. കെൽട്രോൺ പാനസോണിക്കിന് അയച്ച ഒരു ഇ–മെയിൽ ഇങ്ങനെ: ‘പുതിയ ടാബിന്റെ പരിശോധന പുരോഗമിക്കുന്നു. ഇപ്പോൾ അത് ഡോക്കിങ് സ്റ്റേഷനോടു കൂടി ലോക്നാഥ് ബഹ്റ ഐപിഎസിന്റെ അടുത്തേക്ക് കൊണ്ടുപോകുകയാണ്. വില 1 ലക്ഷത്തിൽ താഴെയാകണമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ അതു വാങ്ങില്ല’

മറ്റൊരു കത്ത് ഇങ്ങനെ: ‘നമ്മൾ ഉദ്ദേശിക്കുന്ന വില താഴെ കൊടുക്കുന്നു. പാനസോണിക്കിന്റെ യഥാർഥവിലയുടെ കൂടെ 6 ശതമാനം കൂട്ടിച്ചേർത്ത് നമുക്ക് 5.6 ശതമാനം സംഭാവന കിട്ടും. എഫ്ഇസെഡ് ബി–2വിന് നികുതി 5% കൂട്ടിയും മറ്റ് 2 ഇനങ്ങൾക്ക് 14.5% കൂട്ടിയും നമുക്ക് യൂണിറ്റിന് ഒരു ലക്ഷം രൂപ വച്ച് വിൽക്കാൻ കഴിയും.

കെൽട്രോണും പാനസോണിക്കും പൊലീസ് വകുപ്പും തമ്മിൽ അവിശുദ്ധബന്ധം. ഇ–ടെൻഡർ പരസ്യം വെറും തന്ത്രം. ഉൽപന്നത്തിന്റെ വില പൊലീസിനു സ്വീകാര്യമാകുന്ന വിധത്തിലും കെൽട്രോണിനു ലാഭ ശതമാനം ലഭിക്കുന്ന വിധത്തിലും തീരുമാനിച്ചു.

കൺട്രോളില്ലാത്ത റൂം,  ഡിജിപിയുടെ മൂക്കിനു താഴെ

സ്വകാര്യസ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയും സംശയനിഴലിൽ.  പൊലീസിന്റെ പേരിലാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് തലസ്ഥാനത്തെ ഗാലക്സോൺ ഇന്റർനാഷനൽ എന്ന സ്വകാര്യകമ്പനി. സുരക്ഷാമേഖലയായ പൊലീസ് ആസ്ഥാനത്ത് ഓഫിസ് നിർമിക്കാനും യഥേഷ്ടം കയറിയിറങ്ങാനുമുള്ള അധികാരം ഡിജിപി ഈ കമ്പനിക്കു നൽകി.

സ്വകാര്യസ്ഥാപനങ്ങളിൽ സിസിടിവികളും സെർവറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്നു ദൃശ്യങ്ങൾ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണു സിംസ്. പൊലീസും കെൽട്രോണും ചേർന്ന് പദ്ധതി നടപ്പാക്കുമെന്നാണ് ഡിജിപി ആദ്യം ഇറക്കിയ ഉത്തരവിലുള്ളത്. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ഗാലക്സോണിനാണു നടത്തിപ്പു ചുമതല. പദ്ധതിയിൽ അംഗമാകുന്ന സ്ഥാപനങ്ങളിൽ സെർവർ ഉൾപ്പെടെ ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഈ കമ്പനിയാണ്. അതിന്റെ പണവും  മാസംതോറുമുള്ള ഫീസും ഇവർ വാങ്ങും. ചെറിയ പങ്ക് പൊലീസിനു നൽകും. 

കൂടുതൽ സ്ഥാപനങ്ങളെ പദ്ധതിയിൽ ചേർക്കാൻ ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതോടെ ഈ കമ്പനിയുടെ ബിസിനസ്  ഇടനിലക്കാരായി പൊലീസ് മാറി. അതുമാത്രമല്ല, പദ്ധതിയുടെ കൺട്രോൾ റൂം പൊലീസ് ആസ്ഥാനത്താണ്. ഇതൊരുക്കിയതും ഇതേ കമ്പനി തന്നെ. 2 ജീവനക്കാർക്ക് ഇതിനുള്ളിൽ പ്രവർത്തിക്കാനും കൺട്രോൾ റൂമിലെ പൊലീസുകാരെ നിയന്ത്രിക്കാനും അനുമതിയുണ്ട്. 

വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമറ സ്ഥാപിക്കുന്ന സിംസ് പദ്ധതിയുടെ സാങ്കേതികകാര്യങ്ങളുടെ ചുമതല ഗാലക്സോണിനാണെന്ന് ഉടമ ബർണാഡ് രാജ് പറഞ്ഞു. കെൽട്രോൺ പണം വാങ്ങി വിഹിതം ഗാലക്സോണിനു നൽകും. കൺട്രോൾ പാനൽ ഗാലക്സോണിൽ നിന്നു വാങ്ങണം. കൺട്രോൾ പാനലിന് 40,000 രൂപ മുതൽ വിലവരും. കെൽട്രോണിന്റെ ഇ–ടെൻഡറിൽ പങ്കെടുത്താണു സിംസ് പദ്ധതിയിൽ പങ്കാളിയായത്. പദ്ധതിക്കായുള്ള സാങ്കേതിക കാര്യങ്ങളാണു നൽകുന്നത്. കമ്പനിയുടെ  സാങ്കേതിക, സാമ്പത്തിക ഇടപാടുകൾ കെൽട്രോണുമായാണ്. പൊലീസുമായി കമ്പനിക്ക് ബന്ധമില്ല. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ അറിയില്ല. കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങളാണ് പൊലീസ് ആസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നത്. ലോക നിലവാരത്തിലുള്ള സംവിധാനങ്ങളാണ് സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സുരക്ഷാവീഴ്ചയൊന്നുമില്ലെന്ന് അവകാശപ്പെട്ട കെൽട്രോൺ പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ കമ്പനി പ്രതിനിധികളുണ്ടെന്നും നിരീക്ഷണ ഫീസിന്റെ പങ്ക് കമ്പനിക്ക് നൽകുന്നുണ്ടെന്നും സമ്മതിച്ചു.

തോക്കു കൊണ്ടൊരു സ്തൂപം

25 തോക്കുകൾ കാണാനില്ലെങ്കിൽ എന്താ, തോക്കുകൾ കൊണ്ടൊരു സ്തൂപം തന്നെ പൊലീസ് ആസ്ഥാനത്ത് ഉയരുകയാണ്. സേനയിൽ ഉപയോഗശൂന്യമായ 1800 തോക്കുകൾ കൊണ്ടാണു സ്തൂപം നിർമിക്കുന്നത്. 

police
പൊലീസ് ആസ്ഥാനത്ത് തോക്കുകൊണ്ടുള്ള സ്തൂപ നിർമാണം മറച്ച നിലയിൽ. ചിത്രം: മനോരമ

അതീവ രഹസ്യ നടപടിയായതിനാൽ ചുറ്റം മറച്ചാണു നിർമാണം. 10 ദിവസം മുൻപാണ് ഇതിന്റെ നിർമാണം തുടങ്ങിയത്. ഒരു മാസത്തിനകം പൂർത്തിയാകുമെന്നാണു സൂചന. കഴിഞ്ഞ 40 വർഷത്തിലേറെയായി സേനയിൽ ഉപയോഗ ശൂന്യമാകുന്ന .303 തോക്കുകൾ ലേലത്തിൽ വിൽക്കാറില്ല. വാങ്ങുന്നവർ അതു ദുരുപയോഗം ചെയ്യുമോ എന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ ഭയം. നന്ദാവനത്തെ പൊലീസ് ചീഫ് സ്റ്റോറിലാണ് ഇവ സൂക്ഷിക്കുന്നത്. 

എന്നാൽ ഓരോ വർഷവും കൂടുതൽ തോക്കുകൾ ഇത്തരത്തിൽ കേടായി എത്തുന്നതിനാൽ അവിടെ സൂക്ഷിക്കാൻ സ്ഥലമില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യത്തു മറ്റേതെങ്കിലും സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്ത് ഇത്തരത്തിൽ തോക്ക് സ്തൂപം നിർമിച്ചതായി അറിവില്ല.

എന്നാൽ ചില വിദേശ രാജ്യങ്ങളിൽ ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഏതായാലും പഴഞ്ചൻ തോക്കുകളുടെ കട്ടിങ്ങും വെൽഡിങ്ങും ദ്രുതഗതയിൽ പൊലീസ് ആസ്ഥാനത്തു പുരോഗമിക്കുകയാണ്. ആരും ഇതു കാണാതിരിക്കാൻ ചുറ്റും നല്ല രീതിയിൽ മറച്ചിട്ടുണ്ട്. 

നേരത്തെ ഇതിന്റെ നിർമാണം പൂർത്തിയായിരുന്നെങ്കിൽ കാണാതായ 25 തോക്കുകൾ സ്തൂപത്തിനുള്ളിൽ ഉണ്ടെന്നെങ്കിലും ഡിജിപിക്ക് അക്കൗണ്ടന്റ് ജനറലിനെ അറിയിക്കാമായിരുന്നു. വൈകാതെ പൊലീസ് സ്റ്റേഷനുകളിൽ തുരുമ്പെടുത്തു കിടക്കുന്ന വാഹനങ്ങൾ കൊണ്ടൊരു ആക്രി സ്തൂപം ഉയരുമോയെന്ന ആകാംക്ഷയിലാണു പൊലീസുകാർ.

സിഎജി കുറ്റപത്രം

∙ വാങ്ങി, ശബരിമലയുടെ പേരിലും

ശബരിമലയ്ക്കായി 30 സുരക്ഷാ ഉപകരണങ്ങൾ വാങ്ങാൻ 2017ൽ 11.36 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകി. കെൽട്രോൺ 28 ഇനങ്ങൾക്ക് 8.23 കോടി രൂപ കാണിച്ച് ടെൻഡർ സമർപ്പിച്ചു. എന്നാൽ, ഇത് കമ്പോളവിലയെക്കാൾ 2– 3 ഇരട്ടി കൂടുതലാണെന്നു പൊലീസിന്റെ ടെക്നിക്കൽ കമ്മിറ്റി തന്നെ കണ്ടെത്തിയെങ്കിലും ഉയർന്ന ഗുണനിലവാരം എന്ന വിശദീകരണത്തോടെ സ്വീകരിച്ചു. 3 ഇനം ഉപകരണങ്ങൾ നൽകി കെൽട്രോൺ 2.67 കോടി ഈടാക്കി. ആകെ 1.5 കോടി രൂപ നഷ്ടം. 

∙ മെറ്റൽ ഡിറ്റക്ടറിലും തട്ടിപ്പ് 

19 മൾട്ടിസോൺ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറുകൾക്ക് കമ്പോളവിലയായി കമ്മിറ്റി തീരുമാനിച്ചത് 57 ലക്ഷം രൂപ. കെൽട്രോണിനു നൽകിയത് 1.22 കോടി. നഷ്ടം 65 ലക്ഷം. 10 ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടറുകൾക്ക് കമ്മിറ്റി തീരുമാനിച്ച വില 30 ലക്ഷം. കെൽട്രോണിനു നൽകിയത് 39.79 ലക്ഷം. നഷ്ടം 9.79 ലക്ഷം.

3 നോൺ ലീനിയർ ജംക്‌ഷൻ ഡിറ്റക്ടറുകൾക്കു കമ്മിറ്റി തീരുമാനിച്ച വില 30 ലക്ഷം. കെൽട്രോണിനു നൽകിയത് 1.04 കോടി രൂപ. നഷ്ടം 74.49 ലക്ഷം.

∙ വാങ്ങാത്തതും വാങ്ങാൻ കെൽട്രോൺ

2014ൽ വാഹനത്തിൽ ഘടിപ്പിക്കാവുന്ന 2 എക്സ്റേ ബഗേജ് ഇൻസ്പെക്ഷൻ സിസ്റ്റം വാങ്ങാൻ ഇ–ടെൻഡറുകൾ ക്ഷണിച്ചു. 2 തവണ കേന്ദ്രസർക്കാർ സംയുക്തസംരംഭമായ ഇസിഐഎൽ മാത്രം അപേക്ഷിച്ചതിനെത്തുടർന്ന് മൂന്നാമത് ടെൻഡർ വിളിച്ചപ്പോൾ 4 സ്ഥാപനങ്ങൾ എത്തി. എന്നാൽ, ടെക്നിക്കൽ കമ്മിറ്റി 4 അപേക്ഷയും തള്ളി. ഇതോടെ കെൽട്രോൺ വന്നു. 2017ൽ ടെൻഡർ നിരസിച്ച അതേ ഇസിഐഎല്ലിൽ നിന്ന് കെൽട്രോൺ ഇൻസ്പെക്‌ഷൻ സിസ്റ്റം വാങ്ങി പൊലീസിനു നൽകി. 

∙ വാങ്ങാം, പക്ഷേ ഉപയോഗിക്കില്ല

550 ഓട്ടോമേറ്റഡ് ചെല്ലാൻ മെഷീനുകൾ വാങ്ങാൻ 74.25 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയത് 2010ൽ. 2011ൽ 73 ലക്ഷത്തിന് 270 മെഷീനുകൾ വാങ്ങി. ഇത് 2014ലാണ് പ്രവർത്തിപ്പിച്ചു തുടങ്ങിയത്. അതോടെ മെഷീന്റെ ബാറ്ററികൾ കേടായി. വിൽപനക്കാരൻ 5.7 ലക്ഷത്തിന് ബാറ്ററി മാറ്റിസ്ഥാപിക്കാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നടപടിയെടുത്തില്ല. പദ്ധതിക്കായി ചെലവാക്കിയ 73 ലക്ഷം പാഴായി.

∙ വാഹനത്തിലെ ഐപാഡ് ഉദ്യോഗസ്ഥർക്ക്

ഗുരുതരമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ 2.7 കോടി രൂപയ്ക്ക് ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റൻസ് പ്ലാറ്റ്ഫോം വാങ്ങാൻ അനുമതി നൽകിയത് 2012–13ൽ. 2013ൽ 40 ടാറ്റാ സുമോ വാഹനങ്ങൾ 45 ലക്ഷം രൂപയ്ക്കു വാങ്ങി. 40 ഐപാഡുകൾ 20 ലക്ഷത്തിനും വാങ്ങി. എന്നാൽ, ഒരു വാഹനത്തിൽ പോലും ഐപാഡുകൾ ഘടിപ്പിച്ചില്ല. ഐ പാഡുകൾ ഉന്നത ഉദ്യോഗസ്ഥർക്കു വിതരണം ചെയ്തു. വാഹനങ്ങളും പല ഉദ്യോഗസ്ഥർക്കും യൂണിറ്റുകൾക്കുമായി നൽകി.

∙ വാങ്ങിയില്ലെങ്കിലെന്താ, പണം കൊടുത്തില്ലേ!

ഇ–ബീറ്റ് പദ്ധതിക്കു വേണ്ടി 2012ൽ 1.88 കോടി രൂപ മുടക്കി ഇലക്ട്രോണിക് ഉപകരണങ്ങൾ ബെംഗളൂരുവിലെ വൈഫിനിറ്റി ടെക്നോളജി എന്ന കമ്പനിയിൽനിന്നു വാങ്ങി. 2013 മാർച്ച് 25ന് ഉപകരണങ്ങൾ ലഭിച്ചുവെന്നു രേഖയുണ്ടാക്കി കമ്പനിക്കു തുക കൈമാറി. എന്നാൽ, യഥാർഥത്തിൽ ഉപകരണങ്ങൾ ലഭിച്ചത് 2013 ഡിസംബർ 19ന്. ഇതേത്തുടർന്നു കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താൻ ശുപാർശ നൽകിയെങ്കിലും പൊലീസിലെ വീഴ്ച മറച്ചുവയ്ക്കപ്പെട്ടു.

(തുടരും) 

English Summary: Kerala Police faces serious corruption charges

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA