sections
MORE

തീരദേശത്ത് ആശങ്ക തിരയടിക്കുന്നു

SHARE

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധിയുടെ തുടർച്ചയായി, കേരളത്തിന്റെ തീരപ്രദേശത്തു നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങളുടെ കണക്കു സമർപ്പിക്കണമെന്നു സുപ്രീം കോടതി സംസ്ഥാന സർക്കാരിനു നൽകിയ നിർദേശം ലക്ഷക്കണക്കിനു പേരുടെ ആശങ്കയായി മാറിയിരിക്കുകയാണ്. കുടിയൊഴിപ്പിക്കപ്പെടുമോ എന്ന ഭീതിയിലാണു മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ. എന്നാൽ, സംസ്ഥാന സർക്കാർ ഈ പ്രശ്നത്തെ വേണ്ടത്ര ഗൗരവത്തോടെ സമീപിച്ചിട്ടുണ്ടോ എന്നു സംശയമുണ്ട്.

ആറാഴ്ചയ്ക്കുള്ളിൽ പട്ടിക സമർപ്പിക്കണമെന്നു സുപ്രീം കോടതിയുടെ കർശന നിർദേശം വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഉന്നതതലയോഗം വിളിച്ച് മാർച്ച് 31ന് അകം സംസ്ഥാന തീരദേശ പരിപാലന പ്ലാൻ തയാറാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. എന്നാൽ, ഇത് ഒരിക്കലും പ്രായോഗികമല്ലെന്നാണു വിദഗ്ധർ പറയുന്നത്. 45 ദിവസം കൊണ്ടു പ്ലാൻ തയാറാക്കാനുള്ള മുന്നൊരുക്കങ്ങളൊന്നും സർക്കാർ നടത്തിയിട്ടില്ല. 2019 ആദ്യം വന്ന പുതിയ തീരദേശ പരിപാലന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പ്ലാൻ തയാറാക്കാൻ സർക്കാർ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തെ (എൻസെസ്) ചുമതലപ്പെടുത്തിയെങ്കിലും അതിനുള്ള മുൻകൂർ പണം നൽകിയത് കഴിഞ്ഞ മാസം 23നാണ്. പ്ലാൻ തയാറാക്കാനുള്ള അടിസ്ഥാനരേഖയായ വില്ലേജ് അടിസ്ഥാനത്തിലുള്ള സെൻസസ് ഇതുവരെ കൈമാറിയിട്ടില്ല. സർക്കാരിന്റെ പണം കിട്ടിയ ശേഷമാണ് പ്ലാൻ തയാറാക്കാനുള്ള ജീവനക്കാരെ നിയമിക്കാൻ എൻസെസ് തീരുമാനിച്ചത്. ഈ നിയമനം ഇപ്പോഴും പൂർത്തിയായിട്ടില്ല.

ഇപ്പോഴത്തെ സാഹചര്യത്തിൽ പ്ലാൻ തയാറാക്കാൻ ചുരുങ്ങിയത് 6 മാസം വേണ്ടിവരും. ഇതോടനുബന്ധിച്ച് ആവശ്യമായ പല സാങ്കേതിക നടപടികൾക്കും ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും വാങ്ങണം. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യങ്ങളൊന്നും ഗൗരവത്തോടെ ചർച്ച ചെയ്തില്ല എന്നത് ഈ വിഷയത്തിൽ സർക്കാരിന്റെ ഉദാസീനതയുടെ തെളിവാണ്.

തീരപരിപാലന വിജ്ഞാപനത്തിന്റെ (2011) അടിസ്ഥാനത്തിൽ തീരപരിപാലന പ്ലാൻ തയാറാക്കാൻ കേരളം 6 വർഷമെടുത്തുവെന്ന് ഓർക്കണം. എൻസെസ് 2017 നവംബറിലാണ് ആ പ്ലാനിന്റെ കരടു സമർപ്പിച്ചത്. ഇതിന് അന്തിമ അംഗീകാരം ലഭിച്ചതാകട്ടെ 2019 ഫെബ്രുവരിയിലും. ആദ്യ പ്ലാനിനായി അതിർത്തി നിർണയ ഭൂപടം (കെഡസ്റ്റൽ) ഉൾപ്പെടെ തയാറാക്കിയതിനാൽ ഇത്തവണ അത്രയും സമയം വേണ്ടിവരില്ലെന്നതു മാത്രമാണ് ആശ്വാസം. എന്നാലും, വേലിയേറ്റരേഖ എവിടെ വരെ എന്നതു നേരിട്ടുപോയി സ്ഥലപരിശോധന നടത്തി തീരുമാനിക്കേണ്ട കാര്യമാണ്. പിന്നീടു നിയമപ്രശ്നങ്ങൾക്കു കാരണമാകാം എന്നതിനാൽ ഇതിൽ വീഴ്ചകളുണ്ടാകാനും പാടില്ല.

സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഈയിടെ നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്ത് ഇരുപതിനായിരത്തിലേറെ കെട്ടിടങ്ങൾ നിയമം ലംഘിക്കുന്നുവെന്നാണു സർക്കാർ കണ്ടെത്തിയത്. 2011ലെ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. പുതിയ വിജ്ഞാപനപ്രകാരം നിർമാണങ്ങൾക്ക് തീരത്തുനിന്നുള്ള ദൂരപരിധി കുറച്ചതിനാൽ പകുതിയിലേറെ കെട്ടിടങ്ങളെയെങ്കിലും ഈ പട്ടികയിൽനിന്ന് ഒഴിവാക്കാനാകും. പക്ഷേ, അതിന് അന്തിമ പ്ലാൻ തയാറാകണം. അതുവരെ തീരവാസികൾ ആശങ്കയിൽ കഴിയേണ്ടിവരും. അന്തിമ പ്ലാൻ തയാറാക്കാൻ വൈകുന്തോറും, നിയമപരമായ നടപ്പാക്കാനാകുന്ന നിർമാണപ്രവർത്തനങ്ങളും അതോടനുബന്ധിച്ച തൊഴിലവസരങ്ങളും അനിശ്ചിതത്വത്തിൽത്തന്നെ തുടരുകയും ചെയ്യും.

തീരദേശ മേഖലയിൽ താമസിക്കുന്നവരെ ബാധിക്കുന്ന ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ വാക്കുനൽകിയിരുന്നു. പ്ലാൻ തയാറാക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എത്ര വേഗത്തിൽ എന്നതാണു ചോദ്യം. പതിവു രീതിയിൽ പ്രഖ്യാപനങ്ങൾ നടത്തിയാൽ മാത്രം തീരദേശത്തുള്ളവരുടെ ആശങ്ക തീർക്കാനാകില്ല. ‌സങ്കീർണമായ സാഹചര്യമാണു നിലനിൽക്കുന്നതെന്നു സർക്കാർ തിരിച്ചറിയണം. നീണ്ടുകിടക്കുന്ന തീരദേശമടക്കം കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനും കഴിയണം. യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് പ്രായോഗികമായ സമീപനമാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ടത്.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA