ADVERTISEMENT

കേരളത്തിൽ ആളോഹരി കാവ്യോൽപാദനം ഒരുപാടു വർധിച്ചിട്ടുണ്ടെന്നാണ് ബജറ്റിന്റെ പൊതുചർച്ച കഴിഞ്ഞപ്പോൾ ബോധ്യമായത്. സഭയിലെ ആസ്ഥാന കവികളായ ജി.സുധാകരൻ, എൽദോസ് കുന്നപ്പിള്ളി എന്നിവരെ ബജറ്റിൽ നിന്നു പൂർണമായും ഒഴിവാക്കിയത് എന്തുകൊണ്ടും മോശമായി. അടുത്ത ബജറ്റിൽ അവർക്ക് എന്തെങ്കിലും വകയിരുത്തുമെന്നു പ്രതീക്ഷിക്കാം. യു.പ്രതിഭയാണു മറ്റൊരു സഭാകവി. പ്രതിഭാശാലിയാണെങ്കിലും അവർ സുധാകരനെപ്പോലെയോ എൽദോസിനെപ്പോലെയോ അല്ല. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് കടുവ നരഭോജിയാകുന്നതു പോലെയോ അളമുട്ടിയാൽ ചേരയും കടിക്കുന്നതു പോലെയോ ചില ഘട്ടങ്ങളിൽ അവർ കവിയായിപ്പോകുന്നതാണ്. അത്തരം കവികളോടു വായനക്കാർ കരുണ കാട്ടണം.

ആളോഹരി കാവ്യോൽപാദനം കൂടുന്ന മുറയ്ക്ക് പ്രതിശീർഷ കാവ്യ ഉപഭോഗം വർധിക്കുന്നതായി ബജറ്റിലോ സാമ്പത്തിക സർവേയിലോ പരാമർശമില്ല. ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന എജി റിപ്പോർട്ടിലും ഇതെക്കുറിച്ചു സമ്പൂർണ മൗനമായിരുന്നു. കവിതകൾ ഉൽപാദിപ്പിക്കുന്നതിന് അനുസരിച്ച് ഉപഭോഗം വർധിക്കുന്നില്ലെങ്കിൽ കവിതാ മാലിന്യം നാട്ടിലെമ്പാടും പെരുകും. അതു പ്ലാസ്റ്റിക്കിനെക്കാൾ വലിയ പരിസ്ഥിതിപ്രശ്നമാകും. ഇപ്പോൾത്തന്നെ കവിതയും കഥയും അനുബന്ധ സാഹിത്യവുമെല്ലാം മലിനീകരണത്തിന്റെ തോത് വല്ലാതെ വർധിപ്പിക്കുന്നുണ്ട്.

ഇക്കണക്കിനാണെങ്കിൽ മിനിക്കഥ, മൈക്രോ മിനിക്കഥ, ഹൈക്കു, നോവലെറ്റ് തുടങ്ങിയ സാഹിത്യരൂപങ്ങൾ ഒഴിച്ചുള്ളവ കേരളത്തിൽ നിരോധിക്കേണ്ടി വരും. 50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരിബാഗുകൾ പണ്ടു നിരോധിച്ചതു പോലെ സ്രഗ്ധര, ശാർദൂലവിക്രീഡിതം തുടങ്ങിയ 21ഉം 19ഉം അക്ഷരങ്ങൾ വരിയാംപ്രതിയുള്ള വൃത്തങ്ങളിലെ രചനകൾ പൂർണമായും തടയേണ്ടി വരും. ‘‘കം/തകം‌/പാതകം/കൊലപാതകം/വാഴക്കൊലപാതകം...’’ എന്ന് അയ്യപ്പപ്പണിക്കർ സാർ എഴുതിയ മട്ടിൽ ഇപ്പോഴത്തെ കവികളും എഴുതിയാൽ പ്രത്യേകിച്ചു മലിനീകരണ പ്രശ്നമൊന്നും ഉണ്ടാവില്ല. കവിത എഴുതണമെന്നു നിർബന്ധമുള്ളവരും എഴുതിയില്ലെങ്കിൽ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർക്കും വല്ല അനുഷ്ടുപ്പ്, കുനുഷ്ടുപ്പ് തുടങ്ങിയ വൃത്തങ്ങളിൽ മതി രചനയെന്നു സാംസ്കാരിക മന്ത്രി ഓർഡിനൻസ് ഇറക്കണം.

കൊടിമാറ്റത്തിന് ബ്ലോക്ക്

ഫോർവേഡ് ബ്ലോക്ക് എന്നതു ചില്ലറ പാർട്ടിയല്ല. നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച വിപ്ലവ പ്രസ്ഥാനമാണ്. ‘നേതാജി, വോ കോൻഹേ’ എന്നു ചോദിക്കുന്നവർ ഇക്കാലത്തുണ്ടായേക്കാം. അവരുടെ അറിവിലേക്കു വേണ്ടി മാത്രം പറയുകയാണ് – നിങ്ങൾ എനിക്കു രക്തം തരൂ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തരാം എന്നു ഗർജിച്ച വ്യാഘ്രമാണ്. അല്ലെങ്കിലും ബംഗാളികൾക്കു കടുവയാണു കാട്ടിലെ രാജാവ് – റോയൽ ബംഗാൾ ടൈഗർ. സിംഹം, കഴുതപ്പുലി തുടങ്ങിയവയെ കടുവയുടെ തീണ്ടാപ്പാടകലെ മാത്രമേ ബംഗാളികൾ – പ്രത്യേകിച്ചു ഫോർവേഡ് ബ്ലോക്കുകാർ – നിർത്തൂ.

ഫോർവേഡ് ബ്ലോക്കുകാർ ഇടതുപക്ഷത്തിലും വലിയ ഇടതുപക്ഷമാണെന്നതു സത്യം. അതു ബംഗാളിൽ മാത്രമാണു പരമമായ സത്യം. കേരളത്തിലെ ഫോർവേഡ് ബ്ലോക്കുകാർ ആപേക്ഷിക സത്യത്തിന്റെ ആരാധകരാണ്. എന്നുവച്ചാൽ, അന്നന്നു കാണുന്നതിനെ സത്യമെന്നു വിളിക്കുന്നവർ. അതുകൊണ്ടാണ് പണ്ടേ കൊടിയിലെ ചുവപ്പിൽ വെള്ളമൊഴിച്ചു നേർപ്പിച്ചു യുഡിഎഫിന്റെ കോലായയിൽ ഒരു കീറപ്പായയും തലയണയും സംഘടിപ്പിച്ചത്.

ഏതായാലും ഇനി പാർട്ടി പതാകയിൽ ചുവപ്പോ ചുറ്റികയോ അരിവാളോ വേണ്ടെന്നാണു പാർട്ടി നേതൃത്വം തീരുമാനിച്ചത്. ചുവപ്പും ചുറ്റികയും കൊണ്ട് ഇനിയുള്ള കാലം കഴിഞ്ഞുകൂടാൻ പറ്റില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിഗമനം. അതിൽ വലിയ തെറ്റില്ല താനും. എന്നാൽ, മധുരയിൽ നടന്ന പാർട്ടി നാഷനൽ കൗൺസിലിൽ കാര്യങ്ങൾ ഒതുക്കത്തിൽ അവതരിപ്പിച്ചപ്പോൾ ബംഗാളിൽനിന്നുള്ള സഖാക്കൾ ‘പതുങ്ങും പുലി, ഒളിക്കും വ്യാളി’ എന്ന മട്ടിലാണു ചാടിവീണത്. ഏഴെട്ടു പതിറ്റാണ്ടായി പിടിക്കുന്ന കൊടി മാറ്റാൻ പറ്റില്ലെന്ന് അവർ കട്ടായം പറഞ്ഞതോടെ, കൈപ്പുഴ വേലപ്പൻ നായരും ജി.ദേവരാജനും തന്ത്രപൂർവം പിൻവാങ്ങുകയായിരുന്നു.

മാർക്സിസം, ലെനിനിസം, സ്റ്റാലിനിസം തുടങ്ങി ഒരുപാട് ഇസങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ, സുഭാഷിസം എന്നൊരു ഇസമുണ്ടെന്നു ഫോർവേഡ് ബ്ലോക്കുകാർ പറയുമ്പോഴാണ് അറിയുന്നത്. അങ്ങനെയാണെങ്കിൽ റൊമാന്റിസം, റിയലിസം, സർറിയലിസം, മാജിക്കൽ റിയലിസം, ദാദായിസം തുടങ്ങിയവയുടെ ശ്രേണിയിൽ ഒരു ഇസം കൂടിയാകും.

ഉണ്ട വിഴുങ്ങിയത് ഉപകാരമായി

ഉണ്ടവിഴുങ്ങി ഗോവിന്ദപ്പിള്ളയെന്ന പ്രഗല്ഭനായ വക്കീലിനെക്കുറിച്ചു കേട്ടിട്ടുണ്ട്. എന്നാൽ, ആധുനിക കാലത്തു കേരള പൊലീസിൽ ഒരുപാട് ഉണ്ടവിഴുങ്ങികൾ ഉണ്ടെന്നാണു തോന്നുന്നത്. അവരെല്ലാം കൂടി വിഴുങ്ങിയത് ഒന്നും രണ്ടും ഉണ്ടകളല്ല. പന്ത്രണ്ടായിരത്തിനുമേൽ വരുമത്രെ, വിഴുങ്ങിയ ഉണ്ടകളുടെ എണ്ണം. പഴയ വക്കീൽ ഉണ്ട മാത്രമേ വിഴുങ്ങിയിട്ടുള്ളൂ. എന്നാൽ, ഇപ്പോഴത്തെ പൊലീസ് ഉന്നതർ 25 തോക്കുകളും കൂടി വിഴുങ്ങിയിട്ടുണ്ട്. നമ്മുടെ സ്വന്തം പൊലീസ് മേധാവി ബെഹ്റാജി വിചാരിച്ചാൽ ഒറ്റയ്ക്ക് ഇത്രയും ഉണ്ടയും തോക്കും വിഴുങ്ങാനാവില്ല. അതുകൊണ്ട് സിഎജി അദ്ദേഹത്തെ മാത്രം കുറ്റപ്പെടുത്തുന്നതു ന്യായമല്ല.

പൊലീസ് മേധാവി ഉണ്ടയും തോക്കും വിഴുങ്ങിയിട്ടുണ്ടെങ്കിൽ അതു പൊലീസുകാരുടെ നന്മ മാത്രം ഉദ്ദേശിച്ചായിരിക്കും. കാണാതായ തോക്കുകളും ഉണ്ടകളും പ്രവർത്തനക്ഷമമല്ലെന്നാണ് ഓർഡനൻസ് ഫാക്ടറികളിൽ നിന്നുള്ള റിപ്പോർട്ട്. അതിനു ശേഷമാണ് ഉണ്ടകളും തോക്കുകളും കാണാതായത്. ഈ തോക്കും ഉണ്ടകളുമായി തണ്ടർ ബോൾട്ടുകാർ വയനാട്ടിലും നിലമ്പൂരിലും അട്ടപ്പാടിയിലും മാവോയിസ്റ്റുകളുടെ മുന്നിൽ ചെന്നുപെട്ടിരുന്നെങ്കിൽ കളി കാണാമായിരുന്നു. ഉണ്ടകളും തോക്കുകളും വിഴുങ്ങിയത് ആരായാലും അവർ കേരള പൊലീസിനോടു ചെയ്തതു വലിയ ഉപകാരമാണ്. പിന്നെ, 2 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതാണു വലിയ പാതകമായി പലരും ചിത്രീകരിക്കുന്നത്. കേരളത്തിലെ മാവോയിസ്റ്റുകളുടെ ശക്തി പരിഗണിക്കുമ്പോൾ കവചിത വാഹനങ്ങളോ ടാങ്കോ മറ്റോ ആണു വാങ്ങേണ്ടത്.

സ്റ്റോപ് പ്രസ്:  ഡൽഹിയിൽ കോൺഗ്രസിന് ഒരു സീറ്റുമില്ല.

ഇതു കേട്ടാൽ തോന്നുക ‍കോൺഗ്രസ് മത്സരിക്കുന്നത് സീറ്റ് കിട്ടാനാണെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com