sections
MORE

ഇങ്ങനെയാകരുത് ഈ രാജ്യം

HIGHLIGHTS
  • സർക്കാരും പൊലീസും കാഴ്ചക്കാരല്ല
SHARE

വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷപരമ്പര തലസ്ഥാനത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ മുഴുവൻ ആശങ്കയായി മാറിയിരിക്കുകയാണ്. തലസ്ഥാനനഗരത്തെ ഭീതിയിലാഴ്ത്തിയാണു സംഘർഷം പടർന്നത്. ദിവസങ്ങളായി തുടരുന്ന അക്രമങ്ങളിൽ ഏറെപ്പേർക്കു ജീവഹാനിയുണ്ടായി; മാധ്യമപ്രവർത്തകരടക്കം ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊള്ളയും തീവയ്പും അക്രമവുമായി തെരുവുകളിൽ അഴിഞ്ഞാട്ടം നടക്കുമ്പോൾ, ക്രമസമാധാനപാലനത്തിന് ഉത്തരവാദപ്പെട്ടവർ നോക്കിനിൽക്കുകയായിരുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. 

അരക്ഷിതരായ ജനങ്ങൾക്കു വേണ്ടി കഴിഞ്ഞ ദിവസം പാതിരാത്രിയിൽ ഡൽഹി ഹൈക്കോടതിക്ക് ഇടപെടേണ്ടിവന്നത് ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗൗരവം എടുത്തുകാട്ടുന്നു. അക്രമസംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര വകുപ്പും ഡൽഹി പൊലീസുമാണ് ഏറ്റവുമധികം വിമർശനം നേരിടുന്നത്. ഒടുവിൽ, തങ്ങൾക്കു തെറ്റുപറ്റിയെന്ന് ഡൽഹി പൊലീസിനു പരോക്ഷമായെങ്കിലും സമ്മതിക്കേണ്ടിയും വന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിന്റെ ഭാഗമായി 20 കമ്പനി സേനാംഗങ്ങളെ നിയോഗിക്കേണ്ടി വന്നുവെന്നാണു വിശദീകരണം. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചതോടെ, അക്രമികളെ കണ്ടാലുടൻ വെടിവയ്ക്കാൻ ഇപ്പോൾ പൊലീസിന് ഉത്തരവു ലഭിച്ചിട്ടുണ്ട്. 

ഡൽഹിയിലെ ലഹള അമർച്ച ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഡൽഹി പൊലീസിന് ഇന്നലെ സുപ്രീം കോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും രൂക്ഷ വിമർശനമുണ്ടായി. ഡൽഹി പൊലീസിൽ സ്വതന്ത്രമായ പ്രവർത്തനമോ പ്രഫഷനലിസമോ ഇല്ലെന്ന് കുറ്റപ്പെടുത്തിയ സുപ്രീം കോടതി, പൊലീസ് തക്കസമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നു എന്നുകൂടി പറഞ്ഞത് വരുംകാലത്തേക്കുള്ള താക്കീതാണ്. ഡൽഹിയിൽ 1984 ആവർത്തിക്കാൻ അനുവദിക്കില്ലെന്നും കോടതിയും പൊലീസും സദാ ജാഗരൂകമായിരിക്കണം എന്നുമാണ് ഹൈക്കോടതി പറഞ്ഞത്. 

ഇതിനിടെ, ‘ഡോണൾഡ് ട്രംപ് ഇന്ത്യയിലുള്ളതു വരെ ഞങ്ങൾ ക്ഷമിക്കും’ എന്നും മറ്റും വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാക്കളും വിവിധ രാഷ്ട്രീയപ്പാർട്ടികളും രംഗത്തെത്തുകയുണ്ടായി. വിദ്വേഷ പ്രചാരണം നടത്തുന്നത് ആരായാലും കർശന നടപടിയെടുക്കണമെന്നായിരുന്നു ബിജെപിയുടെ ഈസ്റ്റ് ഡൽഹി ലോക്സഭാംഗവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പ്രതികരണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഡൽഹി ഹൈക്കോടതിയും പ്രതികരിക്കുകയുണ്ടായി. ഡൽഹി അക്രമങ്ങൾക്ക് ആഹ്വാനം നൽകി പ്രകോപനപരമായി പ്രസംഗിച്ച ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, പർവേശ് വർമ എംപി, അഭയ് വർമ എംഎൽഎ, കപിൽ മിശ്ര എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുമുണ്ട്. 

കലാപങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടാകുമ്പോൾ സർക്കാർ എടുക്കുന്ന നിലപാടു നിർണായകമാണ്. തങ്ങളുടെ കൺമുന്നിൽ അക്രമികൾ അഴിഞ്ഞാടിയിട്ടും കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ അതു വേണ്ടരീതിയിൽ കാണാതിരുന്നതിൽ സർക്കാരും പൊലീസും തീർച്ചയായും കുറ്റക്കാരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി, ഡൽഹിയിൽ പൊലീസ് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലല്ലാതെ, കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലാണു പ്രവർത്തിക്കുന്നത് എന്നതിനാൽ വീഴ്ചയുടെ ഗൗരവമേറുന്നു. കലാപത്തീ പടരുംമുൻപ് അണച്ചിരുന്നെങ്കിൽ ഇത്രയും ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടാകുമായിരുന്നില്ല. കണ്ണുംപൂട്ടി കലാപത്തിനു സംരക്ഷണത്തിന്റെ കുട പിടിക്കുന്നവർ ആരായാലും അവർ രാഷ്ട്ര മനഃസാക്ഷിയുടെ മുന്നിലും കാലത്തിനു മുന്നിലും ചോദ്യംചെയ്യപ്പെടുമെന്നു തീർച്ച. 

ജനാധിപത്യ ഭാരതത്തിനു മുഴുവൻ മാതൃകയാകേണ്ടതും ലോകത്തിനുമുന്നിൽ നമ്മുടെ കുലീനമായ മുദ്രാമുഖം പ്രദർശിപ്പിക്കേണ്ടതുമായ നഗരമാണ് ഡൽഹി. ഭരണത്തിന്റെ കേന്ദ്രബിന്ദുവും സുരക്ഷാക്രമീകരണങ്ങളുടെ വൻ സന്നാഹങ്ങൾ സദാ സജ്ജവുമായ നമ്മുടെ കിരീടനഗരത്തിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥയുള്ളത് എന്നതു രാജ്യത്തിനു മുഴുവൻ നാണക്കേടുതന്നെ. രാജ്യ തലസ്ഥാനം വൈരത്തിന്റെയും അസഹിഷ്ണുതയുടെയും ആപൽക്കരമായ വെടിമരുന്നിന്റെ മുകളിലാണെന്ന അവസ്ഥ ഭീതിദമാണ്. ഡൽഹിയിൽ എത്രയും വേഗം ശാന്തി പുലർന്നേതീരൂ. അതിനായി സർക്കാർ സംവിധാനങ്ങളത്രയും ഉണരാൻ ഒരു നിമിഷംപോലും വൈകിക്കൂടാ.

English Summary: Editorial on Delhi Violence

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA