sections
MORE

നനയാതിരിക്കട്ടെ വഴിക്കണ്ണുകൾ

ksrtc-coimbator
SHARE

അവിനാശി അപകടം നമുക്കുള്ള ദുഃഖഭരിതമായൊരു പാഠവും കർശനമായൊരു മുന്നറിയിപ്പുമായിരുന്നു. അപകടം പതിയിരിക്കുന്ന നമ്മുടെ പാതകളിൽ സുരക്ഷിതയാത്രയ്ക്കു വേണ്ടതെന്തെന്നു മലയാള മനോരമ സംഘം അന്വേഷിച്ചത് അതുകൊണ്ടുതന്നെയാണ്. ‘വഴിക്കണ്ണ്’ എന്നു പേരി‌ട്ടു പ്രസിദ്ധീകരിച്ച ആ പരമ്പര, നാടിന്റെ ശാപമായ വാഹനാപകടങ്ങൾ കുറയ്ക്കാൻ കർശനവും ഫലപ്രദവുമായ നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്നുകൂടി കേരളത്തെ ഓർമിപ്പിച്ചു.

രാത്രിയാത്രകളുടെ അപകടസാധ്യത ഓർമപ്പെടുത്തുന്നുണ്ട് അവിനാശി സംഭവം. എത്ര വിദഗ്ധനായ ഡ്രൈവറാണെങ്കിലും രാത്രിയാത്രയിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. റോഡ് അപകടമരണങ്ങളിൽ 10 ശതമാനത്തിലേറെയും രാത്രി 12നും രാവിലെ ആറിനും ഇടയിലാണ്. ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതു തന്നെയാണു പ്രധാന കാരണം. 2018ൽ ഈ നേരത്തുണ്ടായ 1989 വാഹനാപകടങ്ങളിൽ മരിച്ചത് 438 പേരാണ്; 2019ൽ, സെപ്റ്റംബർ വരെ 196 പേരും.

ഉറക്കംതന്നെയാണു മുഖ്യ വില്ലനെന്നിരിക്കെ, പരിഹാരവും നമ്മുടെ കണ്ണിൽത്തന്നെയുണ്ട്. ഉറക്കം വരുന്നതായി തോന്നിയാൽ വണ്ടി നിർത്തിയിട്ട്, ആവശ്യമായ നേരം ഉറങ്ങിയശേഷം മാത്രം വീണ്ടും വണ്ടിയോടിക്കാം. ഹൈവേകളിൽ പാർക്കിങ് ഉള്ള സ്ഥലങ്ങളിൽ മാത്രമേ വണ്ടികൾ നിർത്തിയിടാവൂ എന്നതും അപ്പോൾ പാർക്ക് ലൈറ്റുകൾ പ്രകാശിപ്പിക്കണമെന്നതും മറന്നുകൂടാ. രാത്രിയിൽ ലോറി, ബസ് തുടങ്ങിയ വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ അങ്ങേയറ്റത്തെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

കണ്ടെയ്നർ ലോറികൾ ഓടിക്കുന്ന ഡ്രൈവർമാരുടെ പ്രവർത്തനക്ഷമത മറ്റു ഡ്രൈവർമാരെക്കാൾ പ്രധാനമാണെന്നും അവർ ആരോഗ്യവാന്മാരാണോ, ശരിയായ ഉറക്കവും വിശ്രമവും ലഭിക്കുന്നുണ്ടോ, മനോനില എങ്ങനെ എന്നെല്ലാം കൃത്യമായി പരിശോധിക്കണമെന്നും വിദഗ്ധർ പറയുന്നു. 2018ലെ കേന്ദ്ര മോട്ടർ വാഹന നിയമം അനുസരിച്ച് നാഷനൽ പെർമിറ്റുള്ള വാഹനങ്ങളിലെല്ലാം രണ്ടു ഡ്രൈവർമാർ വേണം. 2019ൽ വന്ന നിയമത്തിൽ പക്ഷേ, ഈ വ്യവസ്ഥ ഒഴിവാക്കി. ദീർഘദൂര യാത്ര നടത്തുന്ന ചരക്കു വാഹനങ്ങളിൽ രണ്ടു ഡ്രൈവർമാർക്കു പകരം ഒരു ഡ്രൈവർ മതിയെന്ന നിയമഭേദഗതി പിൻവലിക്കണമെന്നു കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നതു നല്ലതുതന്നെ.

ഡ്രൈവർമാർക്ക് ആവശ്യത്തിനു വിശ്രമം നൽകാൻ ഒരുങ്ങുകയാണ് കെഎസ്ആർടിസി. ദീർഘദൂര സർവീസുകളിൽ വഴിമധ്യേ ഡ്രൈവർ മാറുന്ന ക്രൂ ചേഞ്ച് സംവിധാനം നടപ്പാക്കുന്നത് ഇതിനുവേണ്ടിയാണ്. നിലവിൽ 8 മണിക്കൂർ ആണു ഡ്രൈവർമാരുടെ ജോലിസമയം. ഈ സമയം പൂർത്തിയാകുമ്പോൾ വഴിമധ്യേയുള്ള ഡിപ്പോയിൽ ഡ്രൈവർ ഇറങ്ങി വിശ്രമിക്കുകയും മറ്റൊരു ഡ്രൈവർ ബസ് തുടർന്ന് ഓടിക്കുകയും ചെയ്യും.

മറ്റു നടപടികളോടൊപ്പം വേഗപ്പൂട്ട് കർശനമാക്കുകയും വേണം. മണിക്കൂറിൽ 90 കിലോമീറ്ററാണ് കെഎസ്ആർടിസിക്ക് ഉൾപ്പെടെ അനുവദിച്ച വേഗം. സ്വകാര്യ ബസുകൾ രാത്രിയിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിലാണ് ഓടുന്നതെന്നിരിക്കെ, അവരുമായി മത്സരിക്കുന്ന കെഎസ്ആർടിസിക്കും അമിതവേഗത്തിൽ സഞ്ചരിക്കേണ്ടിവരുന്നു. ഇതിനായി വേഗപ്പൂട്ട് അഴിച്ചുവയ്ക്കുന്നവരുണ്ട്. ഇതു കർശനമായി പരിശോധിച്ചേതീരൂ. സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ചരക്കുവാഹനങ്ങളിലും ജിപിഎസും സുരക്ഷാ ബട്ടണും നിർബന്ധമാക്കിയ സർക്കാർ തീരുമാനം നടപ്പിലാക്കാൻ ഇനിയും സമയമെടുക്കും. സ്കൂൾ വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കി രണ്ടു വർഷം കഴിഞ്ഞിട്ടും 30 ശതമാനത്തോളം ബസുകൾ പഴയ മട്ടിൽത്തന്നെ.

അതിവേഗവും അശ്രദ്ധയുംകൂടി ചേരുമ്പോൾ ഉണ്ടാവുന്ന അപകടങ്ങളുടെ പെരുപ്പം നമ്മുടെ കൊടിയ ശാപമാണ്. കർശന നിയമങ്ങൾകൊണ്ടു മാത്രമേ അപകടങ്ങൾക്കു തടയിടാനാവൂ എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ, വാഹന അപകടങ്ങൾ കുറയ്ക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പും ഈ ഞായറാഴ്ച മുതൽ 14 ജില്ലകളിലും സംയുക്ത പരിശോധന തുടങ്ങാനുള്ള സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയുടെ തീരുമാനം പ്രതീക്ഷ പകരുന്നു.

അപകടങ്ങളോടൊത്തുള്ള നിരന്തര സഹയാത്ര ഏതു സമൂഹത്തെയും അരക്ഷിതരും ആകുലരുമാക്കുന്നു. കേരളത്തിലെ റോഡുകളും വാഹനങ്ങളും മനുഷ്യജീവനു കൊടുക്കുന്ന വില ചെറുതല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനും സമൂഹത്തിനുമുണ്ട്.

English summary: Avinashi Accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA