ADVERTISEMENT

ജീവിതത്തിൽ കിട്ടുന്ന ഓരോ നിമിഷവും അധിക നിമിഷമാണ്. അതുകൊണ്ട്, അവ ഫലപ്രദമായും ക്രിയാത്മകമായും വിനിയോഗിക്കണം. ഈ അധിദിവസത്തിൽ തങ്ങളുടെ ‘സമയ കാഴ്ചപ്പാടും’ സ്മരണകളും പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും

വെറുതേ ഇരിക്കുമ്പോൾ ദിവസങ്ങളുടെ വിലയറിയില്ല. എന്നാൽ, ‘നാളുകൾ എണ്ണപ്പെട്ടു തുടങ്ങി’ എന്നു തോന്നിയാൽ ഓരോ നിമിഷത്തിന്റെയും വിലയറിയും. ഞാനത് അറിഞ്ഞിട്ടുണ്ട്. എനിക്കു കാൻസറാണെന്ന കാര്യം ഡോ. വി.പി.ഗംഗാധരൻ ആദ്യം ഉറപ്പിച്ചു പറഞ്ഞതു ഫോണിലൂടെയാണ്. അന്നാണ് ആദ്യമായി ‘എനിക്ക് ഇനിയെത്ര ദിവസം’ എന്നു തോന്നിയത്.

പിന്നീടു ചികിത്സയ്ക്കു ശേഷം രോഗം ശരീരത്തിലെവിടെയെങ്കിലും ബാക്കിയുണ്ടോ എന്നു നോക്കാൻ പെറ്റ് സ്കാൻ ചെയ്തു. റിപ്പോർട്ട് നാളെ തരാമെന്നു പറഞ്ഞു ഡോക്ടർമാർ പോയി. അന്നാണ് ഒരു ദിവസത്തിന്റെ വില വീണ്ടും മനസ്സിലായത്. ഞാൻ ജീവിക്കുമോ മരിക്കുമോ എന്നറിയാൻ പോകുന്ന ദിവസംപോലെ എനിക്കു തോന്നി. രാവിലെ ഡോക്ടർ വന്നു പറഞ്ഞു, പലയിടത്തായി പടർന്നിരുന്ന രോഗം മാഞ്ഞുപോയിരിക്കുന്നുവെന്ന്. ആ ദിവസം മറക്കാനാകില്ല.

ഓരോ ദിവസവും നമുക്കു ബോണസാണ്. ഓരോ ദിവസവും സന്തോഷിക്കണം. ഒരാളെ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു തോന്നിയാൽ അന്നുതന്നെ കഴിവതും ചെയ്യണം. ചിലപ്പോൾ നാളെ, അയാളോ നമ്മളോ ഇല്ലെങ്കിലോ! ഒരു വഴക്കു തീർക്കണമെന്നു കരുതിയാൽ അത് അന്നുതന്നെ തീർക്കണം. ചിലപ്പോൾ ഒരു ദിവസം, മറ്റെല്ലാ ദിവസങ്ങളെക്കാളും നമുക്കു വേണ്ടപ്പെട്ടതായി മാറിയേക്കാം.

ഒരു ദിവസം കൂടുതലായി കിട്ടുമെന്നു വരുമ്പോൾ, നമുക്കു കിട്ടുന്നത് കേവലം 24 മണിക്കൂറല്ല; എന്നും കാത്തുവയ്ക്കാവുന്ന ഒരു ദിവസമായേക്കാം; മനസ്സിന്റെ ഭാരം എന്നെന്നേക്കുമായി ഇറക്കിവയ്ക്കാവുന്ന ദിവസമായേക്കാം. ഒരുപക്ഷേ അന്നായിരിക്കാം, നമ്മുടെ ജീവിതം എവിടേക്കെന്നു തീരുമാനിക്കപ്പെടുന്ന ദിവസം. ആ ദിവസം ഇല്ലെങ്കിൽ നമ്മൾ വേറെ എവിടെയെങ്കിലും എത്തിപ്പെട്ടേക്കാം.

ഒറ്റ ദിവസം, ഇരട്ടി സന്തോഷം; സത്യൻ അന്തിക്കാട് 

ഫെബ്രുവരി എന്ന മാസവും വീണുകിട്ടുന്ന ഈയൊരു അധിദിവസവും ചിലപ്പോൾ തരുന്ന ആശ്വാസം ചെറുതല്ല. പ്രധാന നടനെ മാർച്ച് 2നു വിടണം എന്നു നേരത്തേ പറഞ്ഞിരുന്നു. 27നു രാത്രിയിരുന്നു കണക്കു കൂട്ടിയപ്പോൾ, ‘നാളെ ഒരു ദിവസം കൂടി മാത്രമേ നടനെ കിട്ടൂ’. രാവും പകലും ഷൂട്ടു ചെയ്താലും തീരാത്ത പണിയുണ്ട്. എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന ആൾ പറഞ്ഞത്, ഇനി രണ്ടു ദിവസമുണ്ടെന്ന്. അതെങ്ങനെ എന്നു ചോദിച്ചപ്പോൾ മറുപടി കിട്ടി, ഇത്തവണത്തെ ഫെബ്രുവരിയിൽ 29 ദിവസമുണ്ടെന്ന്. അതുണ്ടാക്കിയ ആശ്വാസം ചെറുതല്ല. ഒരു ദിവസം വീണുകിട്ടിയ സന്തോഷം പറഞ്ഞാൽ തീരില്ല.

ഞങ്ങളുടെ ഇരട്ടക്കുട്ടികൾ ജനിച്ചത് പറഞ്ഞതിലും ഒരു ദിവസം നേരത്തേയായിരുന്നു. ഭാര്യ നിമ്മിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഒരു ദിവസം കൂടിയുണ്ടല്ലോ എന്ന സമാധാനത്തിൽ ഞാൻ ഷൂട്ടിങ് തുടർന്നു. എന്നാൽ, ഞങ്ങളുടെ ഇരട്ടക്കുട്ടികൾ ഒരു ദിവസം നേരത്തേ വന്നു. ഷൂട്ട് ചെയ്തുകൊണ്ടിരിക്കെയാണ് ഇരട്ടകൾ വന്ന വിവരം കിട്ടിയത്. ആശുപത്രിയിലിരുന്നു ടെൻഷനടിക്കാതെ ഞാൻ അച്ഛനായി. ഒരു ദിവസം നേരത്തേ അവർ വരാൻ തീരുമാനിച്ചതിന്റെ ആശ്വാസമാണത്. ഒരു ദിവസത്തിന്റെ വില എന്നെ ഓർമിപ്പിച്ചത് ഇരട്ടകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com