sections
MORE

ഉണ്ട പോയെങ്കിലെന്ത്, തോക്കുകൾ സുരക്ഷിതം..!

aazchakkurippu-leader
SHARE

കേരള പൊലീസിന്റെ കൈവശമുള്ള കുറെ തോക്കും ഉണ്ടകളും കാണാനില്ലെന്നു സിഎജി പറഞ്ഞപ്പോൾ ആദ്യമാരും വിശ്വസിച്ചില്ല. തോക്കുകളെല്ലാം ഭദ്രമാണെന്നു തച്ചങ്കരി സാറിന്റെ മേൽനോട്ടത്തിൽ ശ്രീജിത് സാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണു കേരള ജനത മൊത്തത്തിൽ ആശ്വാസനിശ്വാസം വിട്ടത്. ഈ കണ്ടെത്തൽ ഉണ്ടായിരുന്നില്ലെങ്കിൽ തോക്കുകൾ മാവോയിസ്റ്റുകളോ അൽ ഖായിദയോ ഐഎസോ കടത്തിക്കൊണ്ടു പോയോ എന്ന ആശങ്കയിൽ ആകമാന മലയാളികളും ഉറക്കമൊഴിച്ചു ശിവരാത്രി നോൽക്കേണ്ടി വന്നേനെ. 

തോക്കുകൾ കഥ പറയുന്നു എന്ന രീതിയിലാണു സിഎജി റിപ്പോർട്ട് പുറത്തുവന്നതോടെ മാധ്യമങ്ങൾ കഥ മെനഞ്ഞത്. എന്നാൽ തോക്കുകൾ പൊലീസിന്റെ ക്വാർട്ടർ ഗാർഡിൽ ഭദ്രമാണെന്നു വന്നതോടെ അവർ കട്ട മാറ്റിപ്പിടിച്ച് ഉണ്ടകൾ കഥ പറയുന്നു എന്നു മട്ടുമാറ്റി. പങ്കജാക്ഷൻ കടൽ വർണൻ എന്ന മട്ടു കേൾവിക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മട്ടുമാറ്റി നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ എന്ന് എട്ടരക്കട്ടയിൽ ആലാപനം നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ജന്മസിദ്ധമാണ്. അതു നിഷേധിക്കാൻ പൊലീസീനോ പട്ടാളത്തിനോ കഴിയുമെന്നു തോന്നുന്നില്ല.

തോക്കുകൾ സെയ്ഫ് കസ്റ്റഡിയിലാണെങ്കിലും ഉണ്ടകളുടെ കാര്യം അത്ര സെയ്ഫല്ലെന്നാണു കേൾക്കുന്നത്. ഉണ്ടകൾ പോയാലെന്താണ്, തോക്കുകൾ നമ്മുടെ കയ്യിലല്ലേ എന്നോ മറ്റോ പൊലീസ് മേധാവി ചോദിച്ചതായും കേൾക്കുന്നുണ്ട്. പണപ്പെട്ടി കള്ളൻ കൊണ്ടുപോയാലെന്ത്, താക്കോൽ എന്റെ കോന്തലയ്ക്കലല്ലേ എന്നു ചോദിച്ച മലയാളി കാരണവരുടെ കഥ ഒഡീഷക്കാരനായ അദ്ദേഹം പഠിച്ചത് ഏതോ ചിത്രകഥ വായിച്ചിട്ടായിരിക്കണം.

അണ്ടി പോയ അണ്ണാൻ എന്ന ശൈലി ഇപ്പോൾ ആരും ഉപയോഗിക്കാറില്ല. പകരം ഉണ്ട പോയ പൊലീസ് എന്നതാണ് ഇപ്പോഴത്തെ വാമൊഴിവഴക്കം. കാണാതായ ഉണ്ടകൾക്കു പകരം കൃത്രിമ ഉണ്ടകൾ ഉണ്ടാക്കിയ കേരള പൊലീസിന്റെ സാങ്കേതിക വൈദഗ്ധ്യത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇതിനായി ഇരുമ്പു പണിക്കാരുടെ സേവനമൊന്നും അവർ തേടിയതായി തെളിവില്ല. മെറ്റലർജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെ നേടിയവരെ പൊലീസിൽ എടുത്താൽ ഇതും ഇതിലപ്പുറവും സംഭവിക്കും. 

കാണാതായ ഉണ്ടകൾ മാവോയിസ്റ്റുകളാണോ ഹർക്കത്തുൽ മുജാഹിദീൻകാരാണോ ജെയ്ഷെ മുഹമ്മദുകാരണോ കൊണ്ടുപോയതെന്ന ആശങ്കയിലാണത്രെ ഉന്നത പൊലീസ് നേതൃത്വം. ഇതു കേട്ടാൽ തോന്നുക, പൊലീസ് കന്റീനിൽ വന്ന് ഉള്ളിയും മുളകും പരിപ്പും പയറും വാങ്ങുന്നതു പോലെ ക്വാർട്ടർ ഗാർഡിൽ ചെന്നു ചോദിച്ചാൽ ഉണ്ടയും തോക്കുമെല്ലാം അപ്പോഴേ കടലാസിലോ തുണിസ്സഞ്ചിയിലോ പൊതിഞ്ഞു കൊടുക്കുമെന്നാണു ജനം കരുതുക. 

ഇതിലൊക്കെ വലിയ പ്രശ്നം പൊലീസ് ആസ്ഥാനത്തു നിന്നു വാർത്തകൾ ചോരുന്നതാണത്രെ. ഇതൊന്നും നമ്മൾ പറയുന്നതോ പ്രചരിപ്പിക്കുന്നതോ അല്ല. പൊലീസ് മേധാവി തന്നെയാണു ചോർച്ചക്കാര്യം കണ്ടുപിടിച്ചത്. അദ്ദേഹം പ്രഗൽഭനായ പ്ലമറാണ്. ചോർച്ച കണ്ടെത്താൻ അറിയാമെങ്കിൽ അത് ഭദ്രമായി അടയ്ക്കാനും അദ്ദേഹത്തിനു കഴിയും. ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ സർക്കാരിന്റെ പച്ചക്കൊടി കിട്ടേണ്ട താമസം, ഉറവിടം കണ്ടെത്തിയിരിക്കും, ചോർച്ച അടച്ചിരിക്കും. 

ആദരിക്കൽ, കോൺഗ്രസ് ശൈലി

മുതിർന്നവരെ ആദരിക്കുന്നതു കോൺഗ്രസിലെ പതിവാണ്. പ്രത്യേകിച്ചും കേരളത്തിലെ കോൺഗ്രസിൽ. അതുകൊണ്ടാണു തെന്നലച്ചേട്ടനു 90 തികയുമ്പോൾ അദ്ദേഹത്തിന് അർഹിക്കുന്നതിൽ കൂടുതൽ ആദരം നൽകാൻ കെപിസിസി തീരുമാനിച്ചത്. ശൂരനാട് മുതൽ ശൂരനാട് വരെയാണ് ആദരിക്കൽ ചടങ്ങ്. അതു മുല്ലപ്പള്ളിയിൽ തുടങ്ങി പിണറായിയിൽ അവസാനിക്കും.

തെന്നലയെ കോൺഗ്രസ് തനതു ശൈലിയിൽ ആദരിച്ച കാര്യം കുറെപ്പേർക്കെങ്കിലും ഓർമയുണ്ടാകും. യുഡിഎഫിനെ 101 സീറ്റിൽ വിജയിപ്പിച്ച കെപിസിസി പ്രസിഡന്റിനെ കൈക്കില കൂടാതെയാണു കെപിസിസി പ്രസിഡന്റിന്റെ മുറിയിൽ നിന്ന് ഇറക്കിവിട്ടത്. പ്രായം ചെന്നവരെ വല്ല മലമുകളിലും കൊണ്ടുചെന്ന് ഉപേക്ഷിച്ചു മരണം വരിക്കാൻ അനുവദിക്കുന്ന ഒരു ചടങ്ങ് ജൈനൻമാർക്കിടയിലോ മറ്റോ ഉള്ളതായി കേട്ടിട്ടുണ്ട്.

കോൺഗ്രസുകാർ തെന്നലച്ചേട്ടനോട് അതു കാണിക്കാതിരുന്നത് അദ്ദേഹത്തിനു ചോദിക്കാനും പറയാനും ആളുകളുണ്ടായതു കൊണ്ടാണ്. കോൺഗ്രസുകാർക്കിടയിൽ ഇതു നാട്ടുനടപ്പാണ്. ഏറെക്കാലം എഐസിസി  ട്രഷറായി പാർട്ടിയുടെ ഖജനാവിന്റെ ചാവി കൈവശം വച്ച സീതാറാം കേസരിയെ എഐസിസി പ്രസിഡന്റിന്റെ കസേര സഹിതമാണ് ഓഫിസിൽ നിന്നു പുറത്തെറിഞ്ഞത്. ഏതായാലും തെന്നലച്ചേട്ടന് ആ ദുര്യോഗം അനുഭവിക്കേണ്ടി വന്നില്ല. തൽക്കാലം ആദരിക്കൽ നടക്കട്ടെ. തെന്നലച്ചേട്ടന് സുഖവും ദുഃഖവുമെല്ലാം ഒന്നായല്ലാതെ തോന്നാനിടയില്ല. 

അധികപ്രസംഗം അവസാനിപ്പിക്കും

സ്വാഗത പ്രസംഗവധം അവസാനിപ്പിക്കണമെന്ന ഉൽക്കടവും അദമ്യവുമായ ആഗ്രഹമാണു ചെറിയാൻ ഫിലിപ്പിന്. ഇതിനെ വൈകിയുദിച്ച വിവേകമെന്നാണോ പിൻബുദ്ധിയെന്നാണോ വിശേഷിപ്പിക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതു ശൈലീവിദഗ്ധരാണ്. എന്തൊക്കെപ്പറഞ്ഞാലും സ്വാഗത പ്രസംഗത്തെ ഒറ്റയടിക്കങ്ങു പടിയിറക്കി വിടാൻ പറ്റുമെന്നു തോന്നുന്നില്ല. ഫുൾടൈം കോമഡിയായി ഒരു സ്വാഗത പ്രസംഗം ഇല്ലെങ്കിൽ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഒരു ‘ഇന്നതു’ തോന്നില്ല. സ്വാഗത പ്രസംഗത്തിൽ ഒരിക്കലും വിശിഷ്ട വ്യക്തികൾ ഉണ്ടായിരിക്കില്ല. എല്ലാവരും വിശിഷ്ട വ്യക്തിത്വങ്ങളാണ്. കല്യാണം കഴിക്കാത്ത നേതാക്കളെ വിധവയെന്നു വിശേഷിപ്പിക്കുന്ന സ്വാഗത ഭാഷകരും കുറവല്ല. 

ചെറിയാൻ ഫിലിപ് സ്വാഗതം പറഞ്ഞ യോഗങ്ങളിൽ പണ്ടു പങ്കെടുക്കാനുള്ള ഭാഗ്യമോ നിർഭാഗ്യമോ ഉണ്ടായിട്ടുണ്ട്. ഒരിക്കലും അതൊരു സ്വാഗതപ്രസംഗ വധമോ അധികപ്രസംഗമോ ആയി തോന്നിയിട്ടില്ല. അന്നൊക്കെ അതൊരു കലാരൂപമായി മാത്രമേ തോന്നിയിട്ടുള്ളൂ. വേണമെങ്കിൽ കിർമീര വധം, നിവാതകവച കാലകേയ വധം തുടങ്ങിയ ആട്ടക്കഥയായോ കാർത്തവീര്യാർജുന വിജയം ഓട്ടൻതുള്ളലായോ കല്യാണസൗഗന്ധികം ശീതങ്കൻതുള്ളലായോ ഗജേന്ദ്രമോക്ഷം പറയൻതുള്ളലായോ തോന്നിയിട്ടുള്ളൂ. 

അത്രയ്ക്കു തന്മയത്വമായിട്ടായിരുന്നു അവതരണം. കേൾക്കുന്നതും കാണുന്നതും ഒരു ക്ലാസിക് കലാരൂപമെന്നല്ലാതെ മറിച്ചുചിന്തിക്കാൻ ആർക്കും തോന്നില്ല. ചെറിയാന്റെ വൺമാൻ ഷോ അത്രയ്ക്കു ഗംഭീരമായിരുന്നു. ആട്ടക്കഥയാണെങ്കിൽ കലാമണ്ഡലം കൃഷ്ണൻ നായർ, തുള്ളലാണെങ്കിൽ മലബാർ രാമൻ നായർ. ഇവരെയും അതിശയിപ്പിക്കുന്ന വിധമായിരുന്നു ചെറിയാന്റെ വേഷപ്പകർച്ച.

എന്നാൽ ഈയിടെയായി ചെറിയാനു സ്വാഗതപ്രസംഗത്തിനോടു വിരക്തിയും ചെടിപ്പും വന്നിരിക്കുകയാണ്. അതിന്റെ കാരണം എന്താണെന്നു ചാഞ്ഞും ചെരിഞ്ഞും ചിന്തിച്ചപ്പോഴാണു മൂന്നുനാലു ദിവസം മുൻപ് പിണറായി സഖാവ് ഒരു ചടങ്ങിൽ സ്വാഗതപ്രസംഗകയോടു കാണിച്ച കരുമനയെക്കുറിച്ചു കേട്ടത്. നാട്ടുനടപ്പനുസരിച്ചു മുഖ്യമന്ത്രിയെ ഇരട്ടച്ചങ്കുള്ളതു കൊണ്ട് ഒരു ചങ്കു പറിച്ചെടുത്തു ദാനം ചെയ്ത മഹാകാരുണികൻ, അധ്യക്ഷനെ സർവജ്ഞപീഠം കയറിയ അഭിജാത വ്യക്തിത്വം എന്നിങ്ങനെയൊക്കെ വിശേഷിപ്പിച്ചു സ്വാഗതപ്രസംഗക കത്തിക്കയറിയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു പ്രസംഗം നിർത്തിച്ച് ഉദ്ഘാടനവും നടത്തി സ്ഥലംകാലിയാക്കി. 

മുമ്പൊരിക്കലും മുഖ്യമന്ത്രി ഇത്തരത്തിൽ ഒരു സ്വാഗതപ്രസംഗകയെ പാതിവഴിയിൽ തടഞ്ഞ് ഉദ്ഘാടനം നിർവഹിച്ചിരുന്നു. രണ്ടു സ്വാഗത പ്രസംഗകരും ചില്ലറക്കാരല്ല. മലയാളത്തിന്റെ മറുകര കണ്ടവർ. രണ്ടു പേരും സ്ത്രീകളായിപ്പോയി എന്നൊരു കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രി ഇത്തരത്തിൽ സ്ത്രീവിരുദ്ധ നിലപാടു സ്വീകരിക്കുന്നതിനെതിരെ സ്ത്രീപക്ഷക്കാർ രംഗത്തിറങ്ങിയാൽ ഭാവിയിൽ ഒരിക്കലും വനിതാ മതിൽ ഉണ്ടാക്കാൻ പറ്റുമെന്നു തോന്നുന്നില്ല. 

സ്റ്റോപ് പ്രസ്: സിഎജി റിപ്പോർട്ട് എൽഡിഎഫ് യോഗവും സിപിഎം സംസ്ഥാന സമിതിയും ചർച്ച ചെയ്യാത്തതു നിർഭാഗ്യകരമാണെന്നു മുല്ലപ്പള്ളി രാാമചന്ദ്രൻ.

അദ്ദേഹം ആദ്യം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ അജൻഡ തീരുമാനിക്കുന്നതല്ലേ നല്ലത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA