sections
MORE

ജനാധിപത്യ സംവിധാനങ്ങളെ വിലക്കരുത്: ഡോ. അച്യുത് ശങ്കർ എസ്. നായർ

achyut-shankar
ഡോ. അച്യുത് ശങ്കർ എസ്. നായർ
SHARE

പഠനം തടസ്സപ്പെടുത്തുന്ന സമരരീതികൾ ക്യാംപസുകളിൽ അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി വിധി, ഒരിടവേളയ്ക്കു ശേഷം ക്യാംപസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കുന്നു. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും അതു തടസ്സപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥി യൂണിയൻ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് ഇതിനകം തുടക്കമിട്ട സംസ്ഥാന സർക്കാരാകട്ടെ, വിധിക്കെതിരെ അപ്പീൽ പോകാനുള്ള തയാറെടുപ്പിലാണ്. സമരങ്ങൾ അനാവശ്യമാണെന്ന ധാരണ വളരുന്നത് ജനാധിപത്യത്തെ ദുർബലമാക്കുമെന്നാണു സർക്കാർ നിലപാട്. 

നിർഭയരായി, അഭിമാനക്ഷതമില്ലാതെ, സഹകരിക്കാനും നിസ്സഹകരിക്കാനുമുള്ള സ്വാതന്ത്ര്യത്തോടെ കലാലയങ്ങളിൽ പഠിക്കാനും കൂട്ടുകൂടാനും ഉല്ലസിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും ഏതു വിദ്യാർഥിക്കും സാഹചര്യമുണ്ടാകണം. അത്തരത്തിലുള്ള അന്തരീക്ഷത്തിൽ രാഷ്ട്രീയം തീർച്ചയായും അനുവദിക്കണം. അത് വിദ്യാർഥികളുടെ അവകാശമാണ്. 

വിദ്യാർഥികൾ രാഷ്ട്രീയം പഠിക്കുന്നത് ജനാധിപത്യത്തിന്റെ നിലനിൽപ്പിനും അത്യാവശ്യമുള്ള കാര്യമാണ്. നാളെ രാഷ്ട്രത്തെ നയിക്കേണ്ടത് വിദ്യാർഥികളാണ്. അവർ രാഷ്ട്രീയമറിയാതെ, ജനാധിപത്യസംവിധാനങ്ങളറിയാതെ വളരണമെന്ന നിലപാട് ഒട്ടും പുരോഗമനപരമല്ല.  

ജനാധിപത്യധ്വംസനവും മനുഷ്യാവകാശലംഘനവും ക്യാംപസുകളിൽ ഇല്ലാതാക്കാൻ എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ, ഇതിന്റെ പേരിൽ ക്യാംപസിലെ വിദ്യാർഥി സമൂഹത്തിനെ പട്ടാളച്ചിട്ടയിൽ കൈകാര്യം ചെയ്യുവാനോ മൗലിക അവകാശങ്ങൾ നിഷേധിക്കാനോ പാടില്ല. 

അതേസമയം, രാഷ്ട്രീയം എന്ന പേരിൽ നമ്മുടെ കലാലയങ്ങളിൽ നടക്കുന്നത് സ്വാതന്ത്ര്യനിഷേധം, ജനാധിപത്യധ്വംസനം, ഗുണ്ടായിസം എന്നിവയാണ്.  പാർട്ടി കോളജുകൾ എന്നറിയപ്പെടുന്ന കോളജുകളിൽ ഒന്നിലധികം സംഘടനകൾ ഇങ്ങനെ നടത്തിവരുന്നുണ്ട്. 

ഒറ്റപ്പെടുത്തൽ, മാനം കെടുത്തൽ, ഭീഷണിപ്പെടുത്തൽ മുതൽ ആൾക്കൂട്ട ആക്രമണം വരെ സഹിച്ച് ബന്ദികളുടെ അവസ്ഥയിലാകുന്ന വിദ്യാർഥികൾ സ്റ്റോക്ഹോം സിൻഡ്രോമിന് അടിമപ്പെട്ടതുപോലെ പെരുമാറുന്നതുകാണാം. സ്വന്തം ക്യാംപസിൽ ജനാധിപത്യം നിലനിൽക്കുന്നതായി ആത്മാർഥമായി വിശ്വസിക്കുന്ന അവസ്ഥയിലേക്ക് ഇവർ എത്തിച്ചേരുന്നു. 

വലിച്ചിഴച്ച് പ്രക്ഷോഭങ്ങളിൽ കൊണ്ടുചെല്ലുന്ന വിദ്യാർഥികൾ കേസിൽപ്പെട്ടുകഴിഞ്ഞാൽ ആജീവനാന്തം അടിമകളായി മാറും. ഇതൊന്നും രാഷ്ട്രീയപ്രവർത്തനത്തിന്റെ പട്ടികയിൽപ്പെടുത്താവുന്ന കാര്യങ്ങളല്ല. ഇത്തരം കാര്യങ്ങളെ നിയമപരമായി തന്നെ നേരിടണം. 

സഹപാഠികളെയും അധ്യാപകരെയും പുറത്തുള്ള രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ഭീഷണിയുടെ നിഴലിൽ നിർത്തി രാഷ്ട്രീയ പാർട്ടികളുടെ അണികളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന രീതി അവസാനിക്കുന്നതുവരെ നമുക്ക് ലോകോത്തര ക്യാംപസുകൾ അന്യമായിരിക്കും. കോടതിവിധി അപ്പീൽ മറികടന്ന് നിലനിൽക്കുന്ന അവസ്ഥ വന്നാൽ അതിന്റെ നടപ്പാക്കൽ ഏറെ അവധാനതയോടെ ചെയ്യേണ്ട കാര്യമാണ്.

(കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്‌സ് വകുപ്പുമേധാവി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA