ADVERTISEMENT

സംസ്ഥാനത്തെ പല വിമാനത്താവളങ്ങളിലും ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘങ്ങൾ വിലസുന്നുണ്ടെന്ന വിവരം ഞെട്ടിക്കുന്നതാണ്. അധികൃതർ പുലർത്തേണ്ട ജാഗ്രതയിലേക്കും മുൻകരുതലിലേക്കും കൂടി ഈ വെളിപ്പെടുത്തൽ വിരൽചൂണ്ടുന്നു.

കണ്ണൂർ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിൽനിന്നു മാത്രം അഞ്ചു കോടിയിലേറെ രൂപ ഇത്തരത്തിൽ തട്ടിയെടുത്തതായി മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്, വിവിധ ജില്ലകളിൽ നിന്നായി ഒട്ടേറെപ്പേരാണു മനോരമയിലേക്കു വിളിച്ച്, തൊഴിൽതട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടതിന്റെ വിശദാംശങ്ങൾ പങ്കുവച്ചത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ പല വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടും വൻ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നുവേണം കരുതാൻ.

ഭരണാധികാരികളുടെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെയും വിമാനത്താവള അധികാരികളുടെയുമെല്ലാം പേരുകൾ ദുരുപയോഗം ചെയ്താണ് ഇവർ ഉദ്യോഗാർഥികളെ വലയിൽ വീഴ്ത്തിയത്. പൊലീസ് സ്റ്റേഷനുകളിൽ എത്തിയ പരാതികളിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഇത്തരം സംഘങ്ങൾക്കെതിരെ പരാതികളെത്തിയിട്ടുണ്ട്. കണ്ണൂരിൽ വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിനു മുൻപേ വലവിരിച്ച സംഘം ആയിരക്കണക്കിന് ഉദ്യോഗാർഥികളെയാണു തട്ടിപ്പിന് ഇരയാക്കിയത്. കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്നാണ് പരാതികൾ ഒന്നൊന്നായി പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങിയത്.

കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തെന്ന പരാതികളിൽ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തവരിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമുണ്ട്. വ്യാപക പരാതികൾ ഉയർന്നതിനെത്തുടർന്ന് ഈ വ്യക്തിയെ എട്ടുമാസം മുൻപു പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച അഞ്ചു പരാതികളിൽ അറസ്റ്റിലായവരിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപെട്ടവരുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി സംഘടിപ്പിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്തു തലശ്ശേരി സ്വദേശികളിൽ നിന്നു രണ്ടരക്കോടിയോളം രൂപയാണു തട്ടിയെടുത്തത്. ഇതുൾപ്പെടെ തലശ്ശേരി സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ മാത്രം ദമ്പതികൾ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കണ്ണൂർ വിമാനത്താവളത്തിലേക്കു മാത്രമല്ല, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലേക്കുമെല്ലാം ജോലി വാഗ്ദാനം ലഭിച്ചു പണം നൽകി കുരുക്കിലായവരുണ്ട്. പ്യൂൺ തസ്തികയിലേക്കുള്ള നിയമനത്തിനുപോലും 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ കൊടുത്തവരുണ്ട്. കസ്റ്റംസിലെയും എയർപോർട്ട് അതോറിറ്റിയിലെയും ഉന്നത ജോലികൾ മുതൽ ശുചീകരണ വിഭാഗത്തിലേക്കും ചുമട്ടുജോലിക്കും വരെ പണം നൽകിയവരുണ്ട്.

വ്യക്തിബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും മറയാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘങ്ങൾക്കു പുറമേ, പ്രമുഖ തൊഴിൽ വെബ്സൈറ്റുകളുടെ മറവിലും ഏവിയേഷൻ കോഴ്സുകൾ നടത്തുന്ന ചില സ്ഥാപനങ്ങളുടെ പേരിലും ഉദ്യോഗാർഥികളെ കബളിപ്പിച്ചിട്ടുണ്ട്. ഓൺലൈനായും ടെലിഫോൺ വഴിയും ഇന്റർവ്യൂ നടത്തിയശേഷം നിയമന ഉത്തരവ് അയച്ചുകൊടുത്താണു വലയിൽ വീഴ്ത്തുന്നത്. പരാതികളുമായി പലരും പൊലീസ് സ്റ്റേഷനുകളിൽ എത്തിയെങ്കിലും എല്ലാ സംഭവങ്ങളിലും കേസെടുത്തിട്ടില്ല. പൊലീസ് എതിർകക്ഷിയെ വിളിച്ചുവരുത്തി പണം തിരിച്ചുകൊടുക്കാൻ നിർദേശിച്ച സംഭവങ്ങളുമുണ്ട്. പ്രതികളുടെ രാഷ്്ട്രീയ സ്വാധീനം ഭയന്നു നഷ്ടം സഹിക്കുന്നവരുമുണ്ട് ഇരകളുടെ കൂട്ടത്തിൽ.

സംസ്ഥാനമെങ്ങും ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെത്തന്നെ നിയോഗിക്കേണ്ടതുണ്ട്. ഉദ്യോഗാർഥികളെ ചതിയിൽപെടുത്തുന്ന സംഘങ്ങളെ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിച്ചുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com