sections
MORE

ഇനിയും പഠിക്കാതെ മലയാളി; പണം പോയാലും പരാതിയില്ല

UTS-fraud
SHARE

തട്ടിപ്പിന്റെ പല കഥകൾ കണ്ടിട്ടും അറിഞ്ഞിട്ടും നാം പിന്നെയും ഇരകളാക്കപ്പെടുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് പരാതിപ്പെടുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ഇപ്പോഴും അതിനു തയാറാകാത്തവർ ഒട്ടേറെ.....

യുടിഎസ് കമ്പനി പണം തട്ടിച്ചുവെന്ന് ആദ്യം കണ്ടെത്തിയതു കേരള പൊലീസാണ്. മലബാർ ജില്ലകളിലെ പലരുടെയും വൻതുക നഷ്ടമായെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയെങ്കിലും ഒരാൾ പോലും പരാതി നൽകാൻ തയാറായില്ല. പരാതിയോ തെളിവോ ഇല്ലാത്തതിനാൽ കേസെടുക്കാനും കഴിഞ്ഞില്ല. ആരെങ്കിലും അന്നു പരാതി നൽകിയിരുന്നെങ്കിൽ, പിന്നീട് കുറെപ്പേരുടെ പണം നഷ്ടമാകുന്നത് ഒഴിവാക്കാമായിരുന്നു. കമ്പനിയുടെ തട്ടിപ്പ് തമിഴ്നാട് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തണമെന്നു സംസ്ഥാന പൊലീസ് മേധാവിക്കു റിപ്പോർട്ട് നൽകിയിരുന്നതായി ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു.

വീണ്ടും പറയുന്നു: സൂക്ഷിക്കൂ...

പെട്ടെന്നു പണക്കാരനാക്കാമെന്നു വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണമെന്ന്, കേരളത്തിലെ ഒട്ടേറെ തട്ടിപ്പുകേസുകൾ അന്വേഷിച്ച സ്പെഷൽ ബ്രാഞ്ച് ആഭ്യന്തര സുരക്ഷാവിഭാഗം എസ്‌പി ജെ. ജയനാഥ് പറയുന്നു.

എസ്പി നിർദേശിക്കുന്ന ചില മുൻകരുതലുകൾ:

15 ശതമാനത്തിൽ കൂടുതൽ പലിശ വാഗ്ദാനം ചെയ്താൽ സൂക്ഷിക്കണം. കുടുംബക്കാരെക്കൂടി ‘ബിസിനസിൽ’ പങ്കാളികളാക്കാൻ പണമിടപാടു കമ്പനികൾ പറയുന്നതു തന്ത്രമാണ്. കബളിപ്പിക്കപ്പെട്ടാലും ഉറ്റ ബന്ധുക്കളാണെന്ന കാരണത്താൽ കേസിനു പോകില്ലെന്ന ഉറപ്പ്. നിക്ഷേപിക്കും മുൻപു സ്ഥാപനത്തിന്റെ ബിസിനസ് എന്താണെന്നു മനസ്സിലാക്കുക. വെബ്സൈറ്റിലുണ്ട് എന്നാകും പലപ്പോഴും മറുപടി. വെബ്സൈറ്റിൽ കാണുന്ന അവകാശവാദത്തിന്റെ രേഖ ചോദിക്കുക. വെബ്സൈറ്റിൽ ഉടമകളുടെ പേരില്ലാത്ത കമ്പനികളാണെങ്കിൽ ശ്രദ്ധിക്കുക. മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചറിയുക. 

സ്റ്റാംപ് പേപ്പറിൽ ഒപ്പിട്ടു നൽകുക, ചെക്ക് നൽകുക എന്നിങ്ങനെ വിശ്വാസയോഗ്യമായ പലതിനും കമ്പനികൾ തയാറാകും. എന്നാൽ, ഇവയുടെ നിയമസാധുത കോടതിയിൽ തെളിയിക്കാൻ പറ്റാറില്ല. കരാറും രക്ഷയല്ല. നിയമം അംഗീകരിച്ച കാര്യങ്ങൾക്കു മാത്രമാണു കരാർ പരിരക്ഷ. ഇരട്ടിപ്പണം നൽകാമെന്നു പറയുന്ന കരാറുകൾക്കു നിയമസാധുത കിട്ടില്ല. ബാങ്ക് വഴി ഇടപാടു നടത്തിയെന്നതും സുരക്ഷയല്ല. യുടിഎസ് കമ്പനിയുടെ ഇടപാടുകൾ ഭൂരിഭാഗവും ബാങ്ക് വഴി ആയിരുന്നു.പറ്റിക്കപ്പെട്ടു എന്നു തോന്നിയാൽ പൊലീസിൽ പരാതി നൽകുക. നീതി ലഭിക്കുന്നില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടുക. മണി ചെയിൻ, പണമിടപാടു കേസുകൾ വരുമ്പോൾ കമ്പനി ഉടമയ്ക്കൊപ്പം, നിങ്ങളെ ചേർത്തയാൾക്കെതിരെയും പരാതി നൽകുക.

നീതി ഉറപ്പാക്കുന്ന റിപ്പോർട്ട് നൽകും: ജസ്റ്റിസ് ബാഷ

യുടിഎസ് കമ്പനിയുമായി ബന്ധപ്പെട്ട തെളിവെടുപ്പിനു ശേഷം നീതി ഉറപ്പാക്കുന്ന റിപ്പോർട്ട് മദ്രാസ് ഹൈക്കോടതിക്കു നൽകുമെന്നു കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് കെ.എൻ.ബാഷ ‘മനോരമ’യോടു പറഞ്ഞു. അന്തിമ റിപ്പോർട്ട് ഉടൻ നൽകാനുള്ള പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ചു കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം, കമ്മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ടു പങ്കുവച്ച കാര്യങ്ങൾ:

∙ തെളിവെടുപ്പിൽ നിക്ഷേപകരുടെയും കമ്പനിയുടെയും ഭാഗം കേട്ടു. ബഹ്റൈനിൽ നിന്ന് കാൻസർ രോഗിയായ ഒരു നിക്ഷേപക അവരുടെ ദുരിതകഥയും മെഡിക്കൽ റിപ്പോർട്ടും കാണിച്ചു. ഉടൻ പണം നൽകാൻ കമ്പനിയോടു നിർദേശിച്ചു.

∙ അപേക്ഷകൾ പരിശോധിച്ചു വരികയാണ്. യുടിഎസ് കമ്പനിയുടെ ഇടപാടുകളെല്ലാം കംപ്യൂട്ടർ വഴിയാണ്. അതുകൊണ്ടു തന്നെ രേഖകൾ ലഭിക്കാൻ പ്രയാസമില്ല. ചില പരാതികളെക്കുറിച്ചു പൊലീസും അന്വേഷിക്കും.

∙ പണം തിരികെ കൊടുക്കുമ്പോൾ ചെറിയ തുക നിക്ഷേപിച്ചവർക്ക് ആദ്യ പരിഗണന നൽകുന്നത് ആലോചനയിലുണ്ട്.

∙ പണം നഷ്ടപ്പെട്ടവർ സംഘങ്ങളായാണു പരാതി നൽകിയിരുന്നത്. ഒറ്റയ്ക്കൊറ്റയ്ക്കു പരാതി നൽകാൻ നിർദേശിച്ചിരുന്നു. പണമിടപാടിന്റെ രേഖകളെല്ലാം നിർബന്ധമായും വേണമെന്നും പറഞ്ഞു.

∙ കമ്പനിയാണ് ഇടപാടുകാർക്കു വേണ്ട തുക നൽകുക. പക്ഷേ, അക്കൗണ്ടുകൾ പലതും ആദായനികുതി വകുപ്പ് മരവിപ്പിച്ചതായി അവർ പറയുന്നു. അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടതു മദ്രാസ് ഹൈക്കോടതിയാണ്.

പണം നഷ്ടപ്പെട്ട ചിലരുടെ അനുഭവകഥകൾ

യുടിഎസ് കമ്പനിയിൽ പണം നിക്ഷേപിച്ചു നഷ്ടപ്പെട്ടവരുടെ കണ്ണീരിൽ കുതിർന്ന ഒട്ടേറെ വിളികളാണു ദിവസവും ലഭിക്കുന്നത്. ചികിത്സയ്ക്കും മക്കളുടെ വിവാഹത്തിനും നീക്കിവച്ച പണം നിക്ഷേപിച്ചു കുടുങ്ങിയവരുണ്ട്. പണം കിട്ടിയില്ലെങ്കിൽ ജീവനൊടുക്കേണ്ട അവസ്ഥയിലാണു ചിലർ. തമിഴ്നാട്ടിൽ ഈയിടെ നടന്ന പല ആത്മഹത്യകൾക്കു പിന്നിലും പണം നഷ്ടമായതിന്റെ മനോവിഷമമാണെന്നു പറഞ്ഞത് യുടിഎസ് കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന രാം നഗർ രമേഷാണ്.

വിരമിച്ചപ്പോൾ കിട്ടിയതൊക്കെയും

പാലക്കാട് കല്ലടിക്കോട് സ്വദേശി രാമകൃഷ്ണൻ സർക്കാർ സർവീസിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച 5 ലക്ഷം രൂപയാണു കമ്പനിയിൽ നിക്ഷേപിച്ചത്. വീടു വയ്ക്കാൻ വച്ച പണമായിരുന്നു. ആദ്യം ഒരു ലക്ഷം നിക്ഷേപിച്ചു. രണ്ടു മൂന്നു തവണ ലാഭവിഹിതം കിട്ടി. ഇടയ്ക്കു മുടങ്ങിയപ്പോൾ അതു ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയന്ത്രണം കാരണമാണെന്ന് ഏജന്റുമാർ വിശ്വസിപ്പിച്ചു. തുടർന്നു 4 ലക്ഷം രൂപ നിക്ഷേപിച്ചു. എന്നാൽ, ആദായനികുതി റെയ്ഡിനെത്തുടർന്ന് അപ്പോഴേക്കും കമ്പനി പൂട്ടിപ്പോയ കാര്യം മറച്ചുവച്ചിരുന്നു. ഇപ്പോൾ പണവും ഇല്ല, ഏജന്റുമാരുടെ വിവരവും ഇല്ല. 

വീടെന്ന സ്വപ്നം 

കോഴിക്കോട്ടെ വീട്ടമ്മ ഭർത്താവിന്റെ സുഹൃത്തു പറഞ്ഞതു വഴി 9 ലക്ഷം നിക്ഷേപിച്ചു. ഗൾഫിലുള്ള ഭർത്താവ് വീടുവയ്ക്കാൻ സ്വരൂപിച്ച പണമായിരുന്നു. പണം ഇരട്ടിയാകുന്ന നിക്ഷേപമുണ്ടെന്നു പറഞ്ഞപ്പോൾ അയൽക്കാർക്കും താൽപര്യമായി. അവരുടെയെല്ലാം പേരിൽ 30 ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചു. എന്നാൽ, കമ്പനി പൂട്ടിയതോടെ പണം നഷ്ടപ്പെട്ട അയൽക്കാർ വീട്ടമ്മയോടായി വഴക്ക്. എന്തു ചെയ്യുമെന്ന് ഒരു പിടിയുമില്ലെന്ന് അവർ.

ഉള്ള പൊന്നെല്ലാം...

അല്ലലില്ലാതെ കഴിയാമെന്ന ധാരണയിലാണ് കോഴിക്കോട് രാമനാട്ടുകരയിലെ വീട്ടമ്മ രണ്ടര ലക്ഷം നിക്ഷേപിച്ചത്. ഭർത്താവിനു ചെറിയ കച്ചവടമാണ്. ആഭരണം പണയം വച്ചായിരുന്നു നിക്ഷേപം. ഭർത്താവിന്റെ അമ്മയോടു മാത്രമാണ് ഇക്കാര്യം പറഞ്ഞത്. ഇവരുടെ സുഹൃത്തുക്കളായ പലരും വീട്ടുകാർ അറിയാതെ ലക്ഷങ്ങൾ കമ്പനിയിൽ നിക്ഷേപിച്ചിട്ടുണ്ട്. 

ഇനി ?

ഗൾഫിൽ ജോലി ചെയ്തു സമ്പാദിച്ച പണം ഇരട്ടിക്കുമെന്നു കരുതിയാണ് ആലുവ സ്വദേശി എ.വി.ഷാജി യുടിഎസിൽ നിക്ഷേപിച്ചത്. ആദ്യം 10,000 രൂപ ഭാഗ്യപരീക്ഷണമായി ഇട്ടു. അതിനു ലാഭവിഹിതം കിട്ടി. പിന്നീട് 40,000 രൂപയിട്ടു. ആകെ 2 ലക്ഷം രൂപ ഇതുവരെ നിക്ഷേപിച്ചു. എന്തുചെയ്യണം എന്നറിയാത്ത സ്ഥിതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA