sections
MORE

പറന്നെത്തും ഭീഷണി

poultry-hen-chicken
SHARE

പ്രാചീനകാലം മുതൽ മനുഷ്യന്റെ കളിക്കൂട്ടുകാരാണു പക്ഷികൾ. പ്രണയസന്ദേശവുമായി പറന്ന പക്ഷികൾ  ഇതിഹാസങ്ങളിൽ പോലും താരങ്ങളായി. 1963ൽ ആൽഫ്രഡ് ഹിച്ച്കോക്കാണു കഥ മാറ്റിയത്. കലിഫോർണിയയുടെ പശ്ചാത്തലത്തിലുള്ള ‘ബേഡ്സ്’ എന്ന ഹൊറർ സിനിമയിലൂടെ പക്ഷികളുടെ ആക്രമണത്തിന്റെ ഭീകരത കണ്ട മനുഷ്യർ ഭീതി പൂണ്ടു. ദശകങ്ങൾക്കുശേഷം 1997ൽ മറ്റൊരു പശ്ചാത്തലത്തിൽ പക്ഷികൾ മനുഷ്യനെ ഭീതിപ്പെടുത്തി. ആ വർഷമാണ് ഹോങ്കോങ്ങിൽ പക്ഷിപ്പനി എന്ന ഏവിയൻ ഇൻഫ്ലുവൻസ ആദ്യമായി മനുഷ്യരിലേക്കു പറന്നെത്തിയത്.

പക്ഷിപ്പനിക്കു കാരണം എച്ച്5എൻ1 ഇൻഫ്ലുവൻസ വൈറസാണ്. 2014ൽ കേരളത്തിലെ പക്ഷിപ്പനിഭീഷണി പ്രധാനമായും കുട്ടനാട്ടിലെ താറാവുകളെയാണു ബാധിച്ചത്. ആയിരക്കണക്കിനു താറാവുകളെ അന്നു മൃഗസംരക്ഷണ വകുപ്പ് കൂട്ടമായി കൊന്നൊടുക്കി. വളരെ സൂക്ഷ്മതയോടെ നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽക്കരണവുമാണ് അന്നു പക്ഷിപ്പനി കുട്ടനാട്ടിലെ താറാവുകളിൽ ഒതുക്കിനിർത്താനായതിന്റെ പ്രധാന കാരണം.

പക്ഷികളിലെ ഒരു പ്രത്യേക വർഗത്തിൽനിന്നു  രോഗം മറ്റൊരു വർഗത്തിലേക്കു പകരുന്നതു സ്ഥിതി കൂടുതൽ ഗുരുതരമാക്കിയേക്കും. ഇത്തവണ കോഴിക്കോട് കൊടിയത്തൂരിലും വേങ്ങേരിയിലും കോഴിഫാമുകളിൽ രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ, ഒരു ദിവസത്തെ ഇടവേളയിൽ മലപ്പുറം പെരുവള്ളൂരിൽ 3 കാക്കകൾ വഴിയരികിൽ ചത്തുകിടക്കുന്നതായി കണ്ടെത്തിയതു വലിയൊരു വിപത്തിലേക്കുള്ള സൂചനയാണോ എന്ന വേവലാതിയിലാണ് ആരോഗ്യപ്രവർത്തകർ. കൊടിയത്തൂരിലും വേങ്ങേരിയിലും പരിസരത്തുമുള്ള പതിമൂവായിരത്തിലേറെ വളർത്തുപക്ഷികളെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കി. കോഴിക്കോട് കോർപറേഷൻ പരിധിയിൽ എല്ലാത്തരം പക്ഷിവ്യാപാരവും നിർത്തിവയ്ക്കാനും മരങ്ങളിലെ മുട്ടയും പക്ഷികളുമടക്കം നശിപ്പിക്കാനുമാണു സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പക്ഷികളിൽനിന്നു മനുഷ്യരിലേക്കു വൈറസ് പടർന്നാൽ 60% പേരിലും വൈറൽ ന്യുമോണിയ ഉണ്ടാകാൻ സാധ്യതയുണ്ട്. മരുന്നുകൾ ലഭ്യമാണെങ്കിലും വൈറൽ ന്യുമോണിയ ഗുരുതരാവസ്ഥയാണ്. 70 ശതമാനത്തോളമാണു മരണനിരക്ക്.

രോഗബാധിതർക്ക് ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ കിടത്തിച്ചികിത്സ ആവശ്യമാണ്. പ്രതിരോധ വാക്സിൻ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. സാധാരണ ഇൻഫ്ലുവൻസ(എച്ച്1എൻ1)യ്ക്കെതിരെ ഉപയോഗിക്കുന്ന വാക്സിൻ ഈ അസുഖത്തിനു ഫലപ്രദമല്ല. പക്ഷികളിൽനിന്നു മനുഷ്യരിലേക്കു പകരുമെങ്കിലും കൊറോണ വൈറസ് പോലെ മനുഷ്യനിൽനിന്നു മനുഷ്യനിലേക്കുള്ള പകർച്ച അത്യപൂർവമാണ്. 60 ഡിഗ്രി സെൽഷ്യസിൽ അരമണിക്കൂറിനുള്ളിൽ വൈറസ് പൂർണമായി നശിച്ചുപോകും. നന്നായി വേവിച്ച ഇറച്ചിയും മുട്ടയും ഭക്ഷിക്കുന്നതിനു തടസ്സമില്ലെന്നു ശാസ്ത്രലോകം പറയുന്നു.

സാധാരണയായി തൊണ്ട, മൂക്ക് എന്നിവിടങ്ങളിൽ നിന്നെടുക്കുന്ന സ്രവത്തിന്റെ പരിശോധനയിലൂടെയാണു രോഗബാധിതരെ തിരിച്ചറിയുന്നത്. റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ പോളിമറൈസ് ചെയിൻ റിയാക്‌ഷൻ (RTPCR) ടെസ്റ്റാണ് ആധികാരിക ലാബ് പരിശോധന. രോഗിയുടെ രക്തത്തിലുള്ള സിറ(Serum)ത്തിലെ എച്ച്5എൻ1 ആന്റിബോഡിയുടെ അളവു വിലയിരുത്തിയും രോഗനിർണയം നടത്താം.

പക്ഷിവളർത്തുകാർ, ഫാം ജീവനക്കാർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പക്ഷിവളർത്തൽ ഹോബിയായി സ്വീകരിച്ചവർ, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്നവർ, ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുന്നവർ, പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ താമസക്കാർ, പക്ഷികളെ കൊല്ലാൻ നിയോഗിക്കപ്പെടുന്നവർ തുടങ്ങിയവർക്കു പക്ഷിപ്പനി പിടിപെടാൻ ഏറെ സാധ്യതയുണ്ട്. ഇവരെ കർശനമായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ക്വാറന്റൈൻ / ഐസലേറ്റ് ചെയ്തു ചികിത്സ ലഭ്യമാക്കുകയും വേണം.

പക്ഷിപ്പനി വന്നാ‍ൽ

പക്ഷികളിലെ ലക്ഷണങ്ങൾ
∙ മന്ദത, ചലനത്തിലെ ആലസ്യം, ആഹാരം കഴിക്കുന്നതിലെ വിമുഖത, കലശലായ ക്ഷീണം, നീലനിറമാർന്ന കൊക്കും പൂവും, മൂക്കിലൂടെയുള്ള രക്തസ്രാവം, വയറിളക്കം, ശ്വാസതടസ്സം.
∙ കട്ടി കുറയും. മുട്ടകൾ എണ്ണത്തിൽ വല്ലാതെ കുറയും.
∙ കടുത്ത ന്യുമോണിയ ബാധ അന്തിമഫലം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കൂട്ടമായി ചത്തൊടുങ്ങും.

രോഗം പകരുന്നത്
∙ പക്ഷികളിൽ നിന്ന് പക്ഷികളിലേക്കു രോഗം പടരുന്നതു സ്രവങ്ങൾ വഴി. പക്ഷികൾ അടുത്തിടപഴകുമ്പോൾ രോഗം പതിന്മടങ്ങ് വേഗത്തിൽ പടരും.
∙ രോഗാണു സാന്നിധ്യമുള്ള തീറ്റ, തൂവലുകൾ, പക്ഷിക്കൂട് എന്നിവ വഴിയും രോഗം പടരും.

വൈറസ് മനുഷ്യരിലേക്ക് പകരുന്നത്
∙ രോഗബാധിതരായ പക്ഷികളുടെ സ്രവങ്ങൾ, മുട്ട, കാഷ്ഠം, ഇറച്ചി എന്നിവ വഴി. ചത്ത പക്ഷികളും രോഗം പകർത്തുന്നതിൽ മുഖ്യ കണ്ണി.
∙ ജലദോഷം, തലവേദന, വയറിളക്കം, ഛർദി, ശരീരവേദന, ചുമ, അസാധാരണ ക്ഷീണം, കടുത്ത തൊണ്ടവേദന എന്നിവ സാധാരണ ലക്ഷണങ്ങൾ.

പ്രതിരോധിക്കാൻ വഴികൾ
∙ ശാസ്ത്രീയമായ കൈകഴുകൽ ശീലിക്കുക
∙ പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുക
∙ ഇറച്ചി, മുട്ട തുടങ്ങിയവ 70 ഡിഗ്രിയിൽ ചൂടാക്കി മാത്രം ഭക്ഷിക്കുക
∙ ശരീരവും വസ്ത്രങ്ങളും മറയ്ക്കുന്ന മേൽവസ്ത്രം ധരിക്കുക
∙ പക്ഷികളിൽ നിന്നും രോഗം സംശയിക്കുന്ന മനുഷ്യനിൽനിന്നും ആറടിയെങ്കിലും അകലം പാലിക്കുക
∙ ഷൂസ്, മാസ്ക്, ഗോഗിൾസ്, കയ്യുറകൾ ഉപയോഗിക്കുക
∙ രോഗം ബാധിച്ച പക്ഷികളെ ശാസ്ത്രീയമായി കൊന്ന ശേഷം വിറക്, മണ്ണെണ്ണ, പഞ്ചസാര എന്നിവ ഉപയോഗിച്ചു കത്തിക്കുക. അല്ലെങ്കിൽ 20 അടി താഴ്ചയിൽ കുഴിച്ചിടുക. 3 മാസം ആ സ്ഥലം മറ്റൊരാവശ്യത്തിനും ഉപയോഗിക്കാതിരിക്കുക.
∙ പക്ഷികൾക്കു രോഗം വന്നാൽ ഉടൻ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കുക.
∙ ചത്ത പക്ഷികളെ സ്പർശിക്കാതിരിക്കുക.

(ഐഎംഎയുടെ നിയുക്ത സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകൻ)

English Summary: Bird Flu Symptoms and Treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA