ADVERTISEMENT

ചെറുപ്പം മുതലേ വളരെ ധൈര്യശാലിയായ പെൺകുട്ടി ആയിരുന്നു അവൾ. സാഹസ പ്രവൃത്തികളോടാണു താൽപര്യം കൂടുതൽ. ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കാൻ തുടങ്ങിയതു മുതൽ അവൾക്കു നിയന്ത്രണങ്ങളായി; മരത്തിൽ കയറരുത്, ശ്‌മശാനത്തിൽ പോകരുത്, പുഴയിൽ നീന്തരുത്. അവൾ എതിർത്തു. ഇതെല്ലാം ഞാൻ നേരത്തേ ചെയ്‌തിരുന്ന കാര്യങ്ങളാണ്. ഇപ്പോൾ എന്തിനാണു തടയുന്നത്? വീട്ടുകാർ പറഞ്ഞു നിന്റെ ശരികളെല്ലാം നിന്റെ കുഞ്ഞിനു ശരി ആകണമെന്നില്ല.

പലതരം ശരികളുണ്ട്. ആളുകൾക്കും അവസ്ഥകൾക്കും അനുസരിച്ച് അവ മാറിക്കൊണ്ടിരിക്കും. എക്കാലവും ശരി എന്നു കരുതപ്പെടുന്ന ഒന്നും തന്നെയില്ല. സ്വന്തം അനുഭവങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചാണ് ഓരോരുത്തരും തങ്ങളുടെ ശരികൾ രൂപപ്പെടുത്തുന്നത്. 

തെറ്റിന്റെ വിപരീതപദമല്ല ശരി. തെറ്റല്ലാത്തതെല്ലാം ശരിയാണെന്നോ ശരിയല്ലാത്തതെല്ലാം തെറ്റാണെന്നോ ദുർവ്യാഖ്യാനം ചെയ്യേണ്ട. ശരികൾ ചില അവസ്ഥാന്തരങ്ങൾ മാത്രം. 

ഇന്നലെ ശരിയെന്നു കരുതിയിരുന്നവ ഇന്നു തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്; തെറ്റു ശരിയാണെന്നും. ഒരാളുടെ ശരികൾ മറ്റൊരാളുടെ തെറ്റുകളാകാം. ഈ അർഥവ്യത്യാസങ്ങളിൽ നിന്നാണ് അഭിപ്രായവ്യത്യാസങ്ങളും അത്യാഹിതങ്ങളും ഉടലെടുക്കുന്നത്. അവനവന്റെയും അപരന്റെയും ശരികൾക്കിടയിൽ ഒരു യഥാർഥ ശരി ശ്വാസംമുട്ടുന്നുണ്ടാകും.

സ്വന്തം ശരികളെ ഊട്ടിയുറപ്പിക്കാനുള്ള വ്യഗ്രത അന്യന്റെ ശരികളെ അവഗണിക്കാതിരിക്കുന്ന കാര്യത്തിലും ഉണ്ടായാൽ ശരികൾ തമ്മിൽ സമരസപ്പെടുകയും പുതിയ ശരികൾ രൂപപ്പെടുകയും ചെയ്യും. പരസ്‌പര ബഹുമാനത്തിന്റെ ചുവടുകളിൽ നിന്നാണു പരസ്‌പര പൂരകങ്ങളായ ശരികൾ ഉടലെടുക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com