ADVERTISEMENT

വരാന്തയിലിരുന്നു പുസ്തകം വായിക്കുകയായിരുന്നു അയാൾ. അക്ഷരങ്ങൾ കാണാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്. പുസ്തകം ദൂരെ പിടിക്കുന്നു, അടുത്തു പിടിക്കുന്നു, കണ്ണട ശരിയാക്കി വയ്‌ക്കുന്നു. ഇതെല്ലാം കണ്ട അയൽക്കാരൻ പറഞ്ഞു: കണ്ണട മാറ്റാറായിട്ടുണ്ടാകും; അതാ ഒന്നും കാണാത്തത്. അതുകേട്ട വീട്ടുകാരൻ പറഞ്ഞു: എനിക്കു വായിക്കാൻ കണ്ണടയുടെ ആവശ്യമില്ല. അല്ലാതെ തന്നെ വായിക്കും. 

അമ്പരപ്പോടെ അയൽക്കാരൻ ചോദിച്ചു: പിന്നെന്തിനാണു പുസ്തകം കൊണ്ടു സർക്കസ് കാണിക്കുന്നത്? വീട്ടുകാരൻ പറഞ്ഞു: ഇന്നലെ നടക്കാനിറങ്ങിയപ്പോൾ വഴിയിൽകിടന്നു കിട്ടിയ കണ്ണടയാണ്. എങ്ങനെയെങ്കിലും എനിക്ക് ഉപയോഗിക്കാൻ പറ്റുമോ എന്നു നോക്കിയതാണ്.

സ്വന്തമായ അടയാളപ്പെടുത്തലുകൾ എല്ലാവരിലുമുണ്ട്. തന്റെ അനന്യതയെ വാടകയ്‌ക്കെടുത്ത വസ്തുക്കൾ കൊണ്ടോ, വിചാരങ്ങൾ കൊണ്ടോ കളങ്കിതമാക്കരുത്. താരതമ്യങ്ങൾക്കും സാദൃശ്യങ്ങൾക്കും അപ്പുറമാണ് ഓരോ ജീവിതവും. കാഴ്ച വിഭിന്നമാകാൻ കണ്ണട ധരിച്ചാൽ പോരാ. കാഴ്ചപ്പാടു മാറണം. 

അർഥം കൊണ്ടും അവസ്ഥ കൊണ്ടും തികച്ചും വ്യത്യസ്തമായ, അയൽവാസിയുടെ ജീവിതം ആസ്വദിക്കാനും അനുകരിക്കാനുമുള്ള ശ്രമം ദുരന്തപര്യവസായി ആയിരിക്കും. അപരനു യോജ്യമായതെല്ലാം എനിക്കും ഇണങ്ങണമെന്ന ചിന്ത, ഒട്ടേറെ ജീവിതങ്ങളെ അർഥശൂന്യമാക്കിയിട്ടുണ്ട്.

കാഴ്ച നശിക്കുന്നത് കണ്ണിന്റെ ന്യൂനത കൊണ്ടു മാത്രമല്ല. കാഴ്‌ചശക്തിയുള്ള പലരും പലതും കാണാതെ പോകുന്നുണ്ട്. കാഴ്‌ചയില്ലാത്ത പലരും പലതും വ്യക്തമായി കാണുന്നുമുണ്ട്. പല നോട്ടങ്ങളും കാണാൻ വേണ്ടിയല്ല; കണ്ടുവെന്നു വരുത്തിത്തീർക്കാൻ വേണ്ടിയാണ്. 

കാഴ്‌ചയുണ്ടായിട്ടും അന്ധരായിപ്പോകുന്നവർ കണ്ണട ധരിച്ചിട്ട് എന്തു പ്രയോജനം? കണ്ണിന്റെ തിമിരമല്ല, മനസ്സിന്റെ മുൻവിധികളാണു പല കാഴ്ചകളും നിഷേധിക്കുന്നത്. കാഴ്‌ചയില്ലാത്തതല്ല, ദർശനമില്ലാത്തതാണ് യഥാർഥ വൈകല്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com