ADVERTISEMENT

പണ്ടുപണ്ട്, നാടകങ്ങളെ മുന്നോട്ടു കൊണ്ടുപോയിരുന്നത് അശരീരികളാണ്.

രംഗത്തു വരാത്ത കഥാപാത്രങ്ങളുടെയും മരിച്ചുപോയവരുടെയും ഭൂതപ്രേതാദികളുടെയുമൊക്കെ ശബ്ദങ്ങളും ഡയലോഗുകളും പലപ്പോഴും കഥയുടെ പ്രധാന കണ്ണികളായിരുന്നു.

നാടകത്തിനെന്നതുപോലെ സംവിധായകനും അതു വലിയൊരു സൗകര്യമായിരുന്നു. കഥാപാത്രവും മേയ്ക്കപ്പുമൊന്നും വേണ്ട. ആവശ്യമുള്ളപ്പോൾ അശരീരി കേൾപ്പിച്ചാൽ മതി. അശരീരി കേട്ട് മറ്റു കഥാപാത്രങ്ങൾക്കു പ്രതികരിക്കണമെങ്കിൽ അതിനും സൗകര്യമുണ്ടായിരുന്നു.

നമ്മുടെ ജനപ്രാതിനിധ്യ നിയമത്തിലും അശരീരിക്കു വലിയ സ്ഥാനമാണുള്ളതെന്ന് അപ്പുക്കുട്ടൻ മനസ്സിലാക്കുന്നു.

നിയമസഭയിൽ ആർക്കും എന്തും പറയാം. പറയുന്നത് മറ്റുള്ളവർ കേൾക്കുന്നു. മാധ്യമ ഗാലറിയിലിരിക്കുന്നവരും കേൾക്കുന്നുണ്ട്.

എന്നാൽ പറഞ്ഞതെന്തും രേഖകളിൽനിന്നു നീക്കം ചെയ്യാനുള്ള അവകാശം സ്പീക്കർക്കുള്ളതാണ്. രേഖയിൽനിന്നു നീക്കുന്നതോടെ അങ്ങനെയൊന്ന് ഇല്ലാതാകുന്നു. പറഞ്ഞവരുമില്ല; കേട്ടവരുമില്ല. അങ്ങനെയത് അശരീരിയായിത്തീരുന്നു.

കഴിഞ്ഞയാഴ്ച കേരള നിയമസഭയിൽ കള്ള റാസ്കൽ പോലുള്ള മനോഹര പ്രയോഗങ്ങൾ ഉയർന്നുകേട്ടു. എന്നാൽ, രേഖകളിൽനിന്നു നീക്കാൻ സ്പീക്കർജി തീരുമാനിച്ചതോടെ നിയമപ്രകാരം റാസ്കൽ ഇല്ലാതായി; കള്ളറാസ്കൽ ഒട്ടുമേ ഇല്ലാതായി.അഥവാ, കള്ളറാസ്കൽ അശരീരിയായിത്തീർന്നു.

അശരീരികളിൽ റാസ്കലിനു സവിശേഷ സ്ഥാനമുണ്ട്. എന്തുകൊണ്ടെന്നാൽ നിയമസഭയിലെ വാടാപോടാ അശരീരികളിൽ രാജ്യാന്തര പദവിയുള്ളത് റാസ്കലിനു മാത്രമാണ്.

ഫ്രഞ്ച് വിപ്ലവത്തെക്കാൾ പഴക്കമുള്ള പദമാണ് റാസ്കൽ എന്നു പറയാം. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഭാഷയിൽ റാസ്കെയ്‌ൽ എന്നൊരു വാക്കുണ്ടായിരുന്നു. തരികിട, പ്രാകൃതൻ‌ എന്നൊക്കെയായിരുന്നു അർഥം.

14–ാം നൂറ്റാണ്ടായപ്പോഴേക്കും റാസ്കെയ്‌ൽ ഇംഗ്ലിഷിലെത്തി. അക്കാലത്തെ ഇംഗ്ലിഷിന് മിഡിൽ ഇംഗ്ലിഷ് എന്നു പേര്.

ചെളി, മാലിന്യം തുടങ്ങിയ അർഥങ്ങളുണ്ടായിരുന്ന റാസ്ക് എന്ന പദത്തിൽനിന്നാവാം ഫ്രഞ്ച് ഭാഷ റാസ്കെയ്‌ലിന്റെ വേരുകൾ കണ്ടെത്തിയതെന്നു ഭാഷാപണ്ഡിതർ പറയുന്നു. റാസ്ക് ഫ്രഞ്ച് ഭാഷയിലെത്തിയതാവട്ടെ ലത്തീൻ ഭാഷയിലെ ഗ്രാമ്യ പ്രയോഗമായ ‘റാസികോ’യിൽനിന്ന്.

കടമ്പകളെല്ലാം പിന്നിട്ട് റാസ്കെയ്‌ൽ പുതിയ ഇംഗ്ലിഷിലെത്തിയപ്പോൾ റാസ്കലായി; വിശ്വസിക്കാൻ കൊള്ളാത്തവൻ, കുരുത്തംകെട്ടവൻ, തെമ്മാടി എന്നിത്യാദി അർഥങ്ങൾ ഉണ്ടായി വന്നു.

എന്നാൽ, നിയമസഭയിൽ മുഴങ്ങിയ അശരീരിയിലുള്ളത് റാസ്കലല്ല, കള്ളറാസ്കലാണ്.

റാസ്കൽ തെമ്മാടിയാണെങ്കിൽ, കള്ളറാസ്കൽ അതിന്റെ നിഷേധമാണ്. തെമ്മാടിയല്ലാത്തവൻ. അവൻ മാന്യനാകുന്നു. അങ്ങനെ നിയമസഭയിലെ അശരീരിയിൽ തെളിഞ്ഞത് മാന്യത തന്നെയാകുന്നു.

രേഖയിൽനിന്നു നീക്കിയത് തിരിച്ചെടുക്കാൻ പറ്റുമോ, സർ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com