ADVERTISEMENT

ചൈനയിൽനിന്നു വരുന്ന വൈറസാണെങ്കിൽ അത് കമ്യൂണിസ്റ്റുകളെ ബാധിക്കില്ല. യോഗങ്ങളും മറ്റും പാടില്ലെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ശരിതന്നെ. പക്ഷേ, സിഐടിയു യോഗത്തിനു നിയന്ത്രണം ബാധകമല്ല. കാരണം, കൊറോണ ചൈനയിൽനിന്നാണു വരുന്നത് എന്നതു തന്നെ. തൃശൂരിൽ കഴിഞ്ഞ ദിവസം സിഐടിയു ജനറൽ കൗൺസിൽ നടന്നത് ആ ധൈര്യത്തിലാണ്. സാഹിത്യ അക്കാദമി ഹാളിലായിരുന്നു കൗൺസിൽ.

മാറ്റിവയ്ക്കണമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പലവട്ടം പറഞ്ഞത് കൊറോണയും സിഐടിയുവും തമ്മിലുള്ള അന്തർധാര ശക്തമാണെന്നു മനസ്സിലാക്കാതെയായിരുന്നു. യോഗസ്ഥലത്ത് മാസ്കും സാനിറ്റൈസറും വച്ചത് എന്തിനെന്നാണു ചില മാധ്യമ പ്രവർത്തകർ ചോദിക്കുന്നത്. ചൈനയോട് ആഭിമുഖ്യം പുലർത്താത്ത ആരെങ്കിലും യോഗത്തിൽ എത്തിയാ‍ൽ അവരുടെ സുരക്ഷിതത്വം നമ്മൾ നോക്കണമല്ലോ? അതാണു കാര്യം. 

യോഗം നടത്തുന്നതിലെ അപകടത്തെക്കുറിച്ചു പറയാൻ വിളിച്ച ജില്ലാ കലക്ടറോട്, രോഗത്തെ പേടിക്കാതെ നേരിടേണ്ടത് എങ്ങനെയെന്ന് സിഐടിയു ജില്ലാ നേതാവ് വിശദീകരിച്ചുകൊടുത്തത് ആരോഗ്യപ്രവർത്തകർക്കു പാഠമാക്കാവുന്നതാണ്. സിഐടിയു യോഗത്തിലൂടെ രോഗം വ്യാപിക്കില്ലെന്ന് അദ്ദേഹം കൃത്യമായി ക്ലാസ് കൊടുത്തു. 

പക്ഷേ, മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിളിച്ചപ്പോൾ മാത്രം ക്ലാസ് എടുക്കാൻ നേതാവിനു വാക്കുകൾ കിട്ടിയില്ല. അങ്ങേത്തലയ്ക്കൽ ഫോൺ വയ്ക്കും മുൻപ് ഇങ്ങേത്തലയ്ക്കൽ യോഗം നിർത്തി. 

കോവിഡിലും കോമഡി

മുതിർന്ന ഡിഎംകെ നേതാവും നിയമസഭാ കക്ഷി ഡപ്യൂട്ടി ലീഡറുമായ ദുരൈമുരുകനെ കണ്ടാൽ മലയാളികൾക്കു നടൻ ഇന്നസന്റിനെ ഓർമ വരും. രൂപത്തിൽ മാത്രമല്ല, തമാശ പറയുന്നതിലുമുണ്ട് ദുരൈ - ഇന്നസന്റ് സാമ്യം. എന്തു കോവിഡ് ആയാലും ദുരൈമുരുകൻ പറയുമ്പോൾ അതിൽ തമാശയുടെ മേമ്പൊടിയുണ്ടാകും. കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയിൽ കോവിഡ് ചർച്ച ആകെ മൊത്തം സീരിയസായി മുന്നേറുമ്പോഴാണു ദുരൈമുരുകന്റെ ഊഴമെത്തിയത്. 

70 വയസ്സു പിന്നിട്ടവരിലാണു കോവിഡ് അപകടകരമാകുന്നതെന്ന മന്ത്രിയുടെ വാക്കിൽ ദുരൈമുരുകൻ കയറിപ്പിടിച്ചു: എങ്കിൽ സർക്കാർ സൂക്ഷിക്കണം. അല്ലെങ്കിൽ, സംസ്ഥാനത്ത് ഒട്ടേറെ ഉപതിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരും. ഇപ്പോൾ ആരും തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലല്ലോ? - സഭയിലെ ഏറ്റവും മുതിർന്ന അംഗമായ എൺപത്തൊന്നുകാരൻ ദുരൈമുരുകന്റെ തമാശയോടെ, കോവിഡ് ഭീതിയെല്ലാം മാറി സഭയിലാകെ ഉയർന്നതു പൊട്ടിച്ചിരി.

ഞാനും ഞാനുമെന്റാളും ആ 42 പേരും! 

കൊറോണക്കാലത്ത് കൊച്ചിയിൽ ബിജെപി ജില്ലാ പ്രസിഡന്റിന്റെ സ്ഥാനാരോഹണം പാർട്ടി വേറിട്ട രീതിയിലാക്കി. ചടങ്ങു നടന്ന ഹാളിലേക്ക് 42 പേരെ മാത്രം പ്രവേശിപ്പിച്ചതായിരുന്നു വേറിട്ട ആദ്യ ചുവട്. 42 എന്ന സംഖ്യയുടെ അതിർത്തി ആരു നിശ്ചയിച്ചുവെന്നു ചോദിക്കരുത്. 50 പേരിൽ താഴെയുള്ളവരെ പങ്കെടുപ്പിച്ച് പൊതുപരിപാടികൾ നടത്താമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ടെന്നായിരുന്നു വാദം. 42 പേർക്കു പുറമേയുണ്ടായിരുന്നവർ ഹാളിനു പുറത്തു ലോഹ്യം പറഞ്ഞ് സമയം കളഞ്ഞു. അതിനുശേഷമായിരുന്നു പാർട്ടിയുടെ ആരോഗ്യപരിപാലന ശ്രദ്ധ തെളിയിച്ച ചടങ്ങ്. അതൊരു കോവിഡ് ബോധവൽക്കരണ ക്ലാസായിരുന്നു. അനർഗളം നിർഗളിക്കുന്ന സാമൂഹിക ബോധത്തിനു കയ്യടിക്കാം. 

ഒന്നുകൂടി നന്നാവാനുണ്ട് !

ലോക്സഭയിൽ ബഹളമുണ്ടാകുമ്പോൾ സ്പീക്കറുടെ ഡയസിനു മുന്നിലേക്ക് ആദ്യം കുതിച്ചെത്തുന്നതും ബഹളമുണ്ടാക്കുന്നതും കേരള എംപിമാരാണെങ്കിലും സ്പീക്കർ ഓം ബിർലയ്ക്ക് അവരോട് പ്രത്യേക വാത്സല്യമുണ്ട്. ഇന്നലെ ലോക്സഭയിൽ ഹൈബി ഈഡൻ തീരദേശനിയമം കാരണം ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചു ചോദ്യം ചോദിച്ചു. ഉത്തരം നൽകിയ മന്ത്രി പ്രകാശ് ജാവഡേക്കർ, വളരെ നല്ല ചോദ്യമെന്നു പറയുകയും ചെയ്തു. അതു കഴിഞ്ഞ് അടുത്ത ചോദ്യകർത്താവിനെ വിളിക്കുന്നതിനു മുൻപ് സ്പീക്കർ ഒരു പ്രസ്താവന നടത്തി: 

‘ഹൈബി വളരെ മിടുക്കനായ ചെറുപ്പക്കാരനാണ്. നല്ല വിവരമുള്ളയാളാണ്. നന്നായി ഇടപെടും. പക്ഷേ, ഇവിടെ (സ്പീക്കറുടെ ഡയസ്) കയറി ഈ മേശയ്ക്കു മുകളിൽ അടിക്കുന്നതു നിർത്തിയാൽ ഒന്നു കൂടി നന്നാവും’ . സഭയിലെ ചിരിക്കിടയിൽ ഹൈബി എഴുന്നേറ്റു നിന്ന് സ്പീക്കറെ നന്നായൊന്നു തൊഴുതു.

English Summary: Happenings during covid time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com