ADVERTISEMENT

ആ വള്ളത്തിൽ ഒരു താപസനുമുണ്ട്. ചില സഹയാത്രികർ അദ്ദേഹത്തെ ശല്യം ചെയ്യാൻ തുടങ്ങി. ഒരാൾ ചെരിപ്പൂരി തലയ്ക്കടിച്ചു. പ്രാർഥനയിൽ മുഴുകിയിരുന്ന താപസന്റെ കണ്ണുകളിൽനിന്നു മിഴിനീർ ധാരയായൊഴുകി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അദ്ദേഹം പ്രാർഥന തുടർന്നു. സഹയാത്രികരുടെ ശല്യപ്പെടുത്തൽ കൂടി വന്നു. 

പെട്ടെന്നു താപസൻ ധ്യാനം വെടിഞ്ഞു ചാടിയെഴുന്നേറ്റ് ആകാശത്തേക്കു നോക്കി ഉറക്കെ പറഞ്ഞു: ‘ദൈവമേ ഞാൻ എന്നും അങ്ങേക്കു പ്രിയപ്പെട്ടവനല്ലേ? നമ്മൾ തമ്മിലുള്ള ബന്ധവും നിന്റെ ശക്തിയും എത്രയെന്ന് ഇവർക്കു കാട്ടിക്കൊടുക്കുക. ഈ വള്ളം മറിച്ച് എല്ലാവരും മരിക്കാനിടയാക്കുക’. പെട്ടെന്ന് ആകാശമിരുണ്ടു. ഇടിവെട്ടി. വള്ളത്തിലുള്ളവരെല്ലാം ഭയപ്പെട്ടു. അപ്പോൾ അശരീരി താപസനോടു ചോദിച്ചു – ഏതു ചെകുത്താന്റെ ഭാഷയിലാണ് നീ ഇപ്പോൾ ദൈവത്തോടു സംസാരിച്ചത്. നീ എന്തിനാണു തപസ്സു ചെയ്യുന്നത്? 

അകത്തുള്ള അഴുക്കാണ് അശുദ്ധിക്കു കാരണം. പുറത്തുനിന്നു പ്രവേശിക്കുന്ന മാലിന്യങ്ങൾക്ക് അവയവങ്ങളെ മലിനമാക്കാനേ കഴിയൂ; അതും താൽക്കാലികമായി മാത്രം. മനോഭാവം കൊണ്ടും സമീപനം കൊണ്ടും ഉള്ളിൽ അടിഞ്ഞുകൂടുന്ന അഴുക്ക് വിഷമയമായി പുറത്തേക്കൊഴുകും. 

മനസ്സിനു രണ്ടു സാധ്യതകളുണ്ട്. ഒന്നുകിൽ മാലിന്യശേഖരണ കേന്ദ്രങ്ങളാകാം, അല്ലെങ്കിൽ മൂല്യസംഭരണ സങ്കേതങ്ങളാകാം. മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുമ്പോൾ മൂല്യങ്ങളിൽനിന്നു സുഗന്ധം പരക്കും. വൃത്തിഹീനമായ സംഭരണികളിൽനിന്നു വൃത്തിയുള്ളതൊന്നും പുറത്തുവരില്ല. ഉറവിടങ്ങൾ ശുദ്ധീകരിക്കുകയാണ് ഒഴുകിവരുന്ന ജലം ശുദ്ധമാക്കാനുള്ള മാർഗം. 

വേഷങ്ങളല്ല, വിചാരങ്ങളും വിനിമയങ്ങളുമാണു പ്രധാനം. പുറമേ നിന്നുള്ള പ്രലോഭനങ്ങളെ അതിജീവിക്കണമെങ്കിൽ അകം ദൃഢവും സത്യസന്ധവും ആകണം. എത്ര തല്ലിത്തകർക്കുന്ന കരിമ്പിൽനിന്നും മധുരം മാത്രം പുറത്തുവരുന്നതിന്റെ കാരണം, ഓരോ നാരും മധുരംകൊണ്ടു നിർമിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. 

അനുകൂല സാഹചര്യങ്ങളിൽ വിശുദ്ധരാകാനും വിനീതരാകാനും എളുപ്പമാണ്. അവഹേളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പുറമേ പ്രകടിപ്പിക്കുന്ന പുഞ്ചിരിയും ശാന്തതയും നിലനിർത്തണമെങ്കിൽ ഉള്ളിൽ അസാധാരണമായ സുകൃതങ്ങൾ ഉണ്ടാകണം.

Content Highlights: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com