ADVERTISEMENT

∙ സക്കറിയ: ഒരു എഴുത്തുകാരനായ എന്നെ അദ്ഭുതപ്പെടുത്തുന്നത് ഇതാണ്: എന്തുകൊണ്ടാണ് സ്നേഹത്തിനും സമാധാനത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി - അതാണ് എഴുത്തിന്റെ പൈതൃകം - നിലയുറപ്പിക്കേണ്ടവരായ എഴുത്തുകാരിൽ ചിലർ വർഗീയവാദത്തെയും സ്വേച്ഛാധിപത്യത്തെയും പിന്തുണയ്ക്കുന്നത്? അവരുടെ എഴുത്തിന്റെ മികവ് അവരുടെ വർഗീയവാദത്തെ ന്യായീകരിക്കുമോ? എഴുത്തുകാർ വിഷജീവികളായാൽ അവർ അവരുടെ വായനക്കാരെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്?

∙ ജി.വേണുഗോപാൽ: ഞാൻ ആദ്യമായി ജോൺസൺ മാസ്റ്ററെ കാണുമ്പോൾ അദ്ദേഹം സംഗീതരംഗത്തെ ഏറ്റവും തിരക്കുള്ള വ്യക്തിയായിരുന്നു. ആഢ്യത്വത്തോടെ ഒരുപാട് ആളുകൾക്കു നടുവിൽ ഗിത്താറുമായി ഇരിക്കുന്ന ജോൺസേട്ടൻ. വലിച്ചുതീർത്ത സിഗരറ്റു കുറ്റികൾക്കു മുന്നിലുള്ള ആ ഇരിപ്പു മറക്കില്ല. അതേ ആളിനെ അദ്ദേഹത്തിന്റെ അവസാന നാളുകളിൽ അതേ സിഗരറ്റു കുറ്റികൾക്കൊപ്പമാണു കണ്ടത്. പക്ഷേ, ആളും ആരവവും ഇല്ലായിരുന്നു എന്നു മാത്രം. അതാണ് സിനിമാലോകം.

∙ അക്കിത്തം: എല്ലാ തത്വചിന്തകൾക്കും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും ഉയരത്തിലാണ് മനുഷ്യന്റെ സ്ഥാനം. പ്രത്യയശാസ്ത്രങ്ങൾക്കു വേണ്ടി ബലിയാടാകാനുള്ളവനല്ല മനുഷ്യൻ. രക്തത്തിനു ജാതിയുടെയും മതത്തിന്റെയും മേലെഴുത്തില്ലെന്ന് എല്ലാവർക്കുമറിയാം. എല്ലാറ്റിനും ഉയരത്തിൽ മനുഷ്യനെ പ്രതിഷ്ഠിക്കുകയാണു വേണ്ടത്.

∙ സാറാ ജോസഫ്: സാഹിത്യപരമായ ഔന്നത്യമുള്ള കൃതിക്ക് എല്ലാക്കാലത്തും വായനക്കാർ കുറവേ ഉണ്ടായിട്ടുള്ളൂ. എങ്കിലും അത്തരം കൃതികളാണ് ഒരു ഭാഷയിലെ സാഹിത്യമേന്മയുടെ അളവുകോലായി നിലനിന്നിരുന്നത്. ഇന്നു പക്ഷേ, പുസ്തകമൊരു വിൽപനച്ചരക്കും അതെങ്ങനെ വിറ്റഴിക്കാമെന്നത് എഴുത്തുകാരുടെയും പ്രസാധകരുടെയും മത്സരരംഗവും ആയി മാറിയിട്ടുണ്ട്.

∙ ശ്രീകുമാരൻ തമ്പി: എനിക്കു 31 വയസ്സുള്ളപ്പോൾ എന്റെ ‘എൻജിനീയറുടെ വീണ’ എന്ന പുസ്തകം സാഹിത്യ അക്കാദമി പുരസ്കാര നിർണയത്തിലെ അവസാന മൂന്നു പുസ്തകത്തിൽ വരികയും പുരസ്കാരം ആ പുസ്തകത്തിനാണെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാൽ, അന്നു പുരസ്കാര നിർണയസമിതി അംഗമായി വന്ന കവി എന്റെ പേരു വെട്ടിക്കളഞ്ഞു. മറ്റു ജൂറി അംഗങ്ങളെല്ലാം എന്റെ പേരുതന്നെ പറഞ്ഞപ്പോഴും ‘അവൻ ആദ്യം മലയാളത്തിലെ അക്ഷരങ്ങൾ ശരിക്കും പഠിക്കട്ടെ, അതിനു ശേഷം പുരസ്കാരം കൊടുക്കാം’ എന്നു പറഞ്ഞു. അന്നത്തെ ആ സംഭവത്തെക്കുറിച്ച് എന്നോടു പറഞ്ഞത് തകഴി ശിവശങ്കരപ്പിള്ളയാണ്.

∙ ആർ.ബി.ശ്രീകുമാർ: ഭരണഘടനയ്ക്കു വിധേയനായി സത്യസന്ധമായി പ്രവർത്തിക്കുന്ന ഏത് ഉദ്യോഗസ്ഥനും ദുരന്തപൂർണമായ അനുഭവമാണുള്ളത്. ഗുജറാത്ത് കലാപത്തിനു ശേഷം അത്തരം എത്രയോ അനുഭവങ്ങൾ എടുത്തു കാട്ടാം. അതിലും തീവ്രമാണു കാര്യങ്ങളുടെ കിടപ്പ്. പൊലീസ് ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ചെയ്യാതിരുന്നപ്പോൾ ജുഡീഷ്യറി അക്കാര്യം അവരെ ഓർമിപ്പിച്ചു എന്നതാണ് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ്.മുരളീധർ ചെയ്ത തെറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com