sections
MORE

ആ വിലയിടിവു കണ്ട് കൊതിക്കേണ്ട! രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത് എങ്ങനെ?

petrol-pumps
SHARE

ക്രൂഡ് ഓയിൽ വില വൻതോതിൽ ഇടിഞ്ഞിട്ടും പെട്രോളിനും ഡീസലിനും നികുതി കൂട്ടി കേന്ദ്രം. ക്രൂഡ് ഓയിൽ വിലയിടിവിലെ ആനുകൂല്യം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭിക്കാതെ പോകുന്നത് എന്തുകൊണ്ട് ? രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത് എങ്ങനെ? 

സാമ്പത്തികമാന്ദ്യത്തിന്റെയും കൊറോണ വൈറസ് വ്യാപനത്തിന്റെയും പശ്ചാത്തലത്തിൽ, പ്രതിദിന എണ്ണയുൽപാദനം 15 ലക്ഷം ബാരൽ കുറയ്ക്കാനായിരുന്നു സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്) തീരുമാനം.

എന്നാൽ, ഉൽപാദനം കുറയ്ക്കുന്നതിനോടു റഷ്യ വിയോജിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കുറച്ചാണു സൗദി അറേബ്യ പ്രതികരിച്ചത്. ഡിസംബർ അവസാനം ബാരലിന് 65 ഡോളർ ആയിരുന്ന ബ്രെന്റ് ക്രൂഡിന് ഇപ്പോൾ 33 ഡോളർ മാത്രം. 1991ലെ ഗൾഫ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമാണു ബ്രെന്റ് വില ഇപ്രകാരം നിലംതൊടുന്നത്.

 നമുക്ക് ഗുണം കിട്ടാത്തതെന്ത് ?

എണ്ണ ഉപഭോഗത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണയുൽപാദകരായ യുഎസ് ഷെയ്‌ലിനെ വരുതിയിലാക്കാൻ എണ്ണവില കുത്തനെ ഇടിച്ചുകൊണ്ടുള്ള സൗദിയുടെ വിലയുദ്ധം ഇന്ത്യയ്ക്കു വരുമാനലാഭം ഉണ്ടാക്കുംവിധം ഗുണകരമായി തീരുമോ? ബ്രെന്റ് ക്രൂഡ് 20 ഡോളർ കുറയുന്നത് ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കേണ്ടതാണ്. എന്നാൽ, എണ്ണവിലയിലെ അസ്ഥിരത ഹ്രസ്വകാല പ്രതിഭാസമാണ്. അതിൽനിന്ന് ഇന്ത്യയ്ക്കു ദീർഘകാല ലാഭം പ്രതീക്ഷിക്കാനാവില്ല.

ആഗോള വിപണിയിലെ എണ്ണ വിലയിടിവ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കു ഗുണകരമായി തീരുമെന്ന പ്രതീക്ഷകളെ തകിടം മറിച്ച് കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനുമുള്ള തീരുവ ലീറ്ററിനു കൂട്ടുകയാണു ചെയ്തത്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് എന്തുകൊണ്ടാണ് ആഗോള വിലയിടിവിലെ ആനുകൂല്യം ലഭിക്കാതെ പോയത്? ഇന്ത്യയിലെ ഡീസൽ, പെട്രോൾ വില നിശ്ചയിക്കുന്നതു രാജ്യാന്തര വിപണിയിലെ ക്രൂഡ് വിലയുമായി ബന്ധിപ്പിച്ചല്ല എന്നതാണ് അടിസ്ഥാന കാരണം. ക്രൂഡ് വിലയ്ക്കു പകരം പെട്രോളിന്റെയും ഡീസലിന്റെയും രാജ്യാന്തര വിപണിവിലയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ഇന്ധന വില നിശ്ചയിക്കുന്നത്.

‘ട്രേഡ് പാരിറ്റി പ്രൈസിങ് ’എന്നാണ് ഈ സമ്പ്രദായത്തെ വിളിക്കുന്നത്. ഇവിടെ സ്വാഭാവികമായും ഉയരാവുന്ന ചോദ്യമിതാണ് – പെട്രോൾ ഡീസൽ വിലയും ക്രൂഡ് വിലയും രാജ്യാന്തര വിപണിയിൽ ഒരുമിച്ചല്ലേ കൂടുകയും കുറയുകയും ചെയ്യുക? എല്ലായ്പ്പോഴും അത് അങ്ങനെയല്ല എന്നാണ് ഉത്തരം! ആഗോളതലത്തിൽ പറഞ്ഞാൽ, ക്രൂഡ് ഓയിലിന്റെയും പെട്രോൾ – ഡീസലിന്റെയും ആവശ്യവും ലഭ്യതയും വിഭിന്നമാണ്. ഇതു പോലെ അവയുടെ വിലനിരക്കിലെ സ്വഭാവവും തീർത്തും വ്യത്യസ്തമായിരിക്കും.

 വിലനിർണയം എങ്ങനെ?

ട്രേഡ് പാരിറ്റി പ്രൈസിങ് രീതി പ്രകാരം കേന്ദ്ര സർക്കാർ പെട്രോൾ – ഡീസൽ വില നിർണയിക്കുക, ഡോളറിലുള്ള ആഗോള വിലനിരക്കിനെ ഡോളറിൽനിന്നു രൂപയിലേക്കു മാറ്റിയിട്ടാണ്. ഇതോടെ രൂപ – ഡോളർ വിനിമയനിരക്കും വില നിശ്ചയിക്കുന്നതിൽ നിർണായകമാകും. രൂപയുടെ നില ‘ദുർബല’ മാണ് ഇപ്പോൾ. ഡോളറിന് 74 രൂപ. ഈ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ കുറഞ്ഞ ക്രൂഡ് വിലയുടെ ആനുകൂല്യം ഇന്ത്യയിലെ ഉപഭോക്താവിനു ലഭിക്കാതെ പോകുന്നു.

പെട്രോളിന്റെയും ഡീസലിന്റെയും വിലനിർണയം സംബന്ധിച്ച കഥ ഇവിടെ അവസാനിക്കുന്നില്ല. ആഭ്യന്തരവിപണിയിലെ ചരക്കുഗതാഗത, വിപണന ചെലവുകൾ, സംസ്ഥാന, കേന്ദ്ര സർക്കാരുടെ നികുതികൾ, എണ്ണക്കമ്പനികളുടെ നിരക്കുകൾ, ഡീലർമാരുടെ കമ്മിഷൻ എന്നിവയെല്ലാം ഇന്ധനവിലയിൽ ഘടകങ്ങളാണ്. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ പെട്രോളിനും ഡീസലിനും മേൽ മത്സരിച്ചു നികുതികൾ ചുമത്തുന്നിടത്തോളം കാലം രാജ്യാന്തരവിപണിയിലെ വിലയിടിവിന് ആനുപാതികമായി ഇന്ത്യയിൽ വില കുറയാൻ ഒരു സാധ്യതയുമില്ല. നികുതിയിലെ വ്യത്യാസം മൂലമാണു വിവിധ സംസ്ഥാനങ്ങളിലെ വിലകളും വ്യത്യസ്തമാകുന്നത്.

രാജ്യാന്തര വിപണിയിലെ വിലയിടിവ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കു നേട്ടമാകുമോ എന്ന ചോദ്യത്തോടു ഗൂഢമായ മന്ദഹാസത്തോടെ മാത്രം ധനമന്ത്രി നിർമലാ സീതാരാമൻ പ്രതികരിച്ചത് ഇക്കാരണങ്ങളാലാണ്. ധനമന്ത്രിക്ക് ഇന്ധനവില കുറയ്ക്കാനാവില്ല. അതിനുള്ള വരുമാനലാഭം ഇല്ല. അതേസമയം, രാജ്യാന്തര വിപണി വിലയിടിവ് നികുതിവരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതു തടയാൻ ധനമന്ത്രി പെട്രോൾ ഡീസൽ വില ഉയർത്തുകയും ചെയ്തു. രാജ്യാന്തര വിലയിടിവിന് അനുസരിച്ച് ആഭ്യന്തര ഇന്ധനവില കുറയുമെന്നതു വിദൂരസ്വപ്നമായിത്തന്നെ തുടരുമെന്നു ചുരുക്കം.

അത്തരം പ്രതീക്ഷ വേണ്ട

രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങൾ ആഭ്യന്തര വിപണിയിലെ പെട്രോൾ – ഡീസൽ വിലകളെ ഉടനടി സ്വാധീനിക്കുകയല്ലെന്നു കൂടി നാം ഓർക്കേണ്ടതുണ്ട്. ഇതിന് ഒരു ഇടവേളയുണ്ട്. രാജ്യാന്തര വിപണിയെ നിരീക്ഷിച്ചശേഷം ദിവസം തോറും വിലനിർണയിക്കുന്ന സംവിധാനമാണു കേന്ദ്രസർക്കർ പിന്തുടരുന്നതെങ്കിലും രാജ്യാന്തര ദൈനംദിന വിലയല്ല പരിഗണിക്കുക, പകരം രാജ്യാന്തര ശരാശരി വിലയാണ്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇന്നത്തെ പെട്രോൾ ഡീസൽ വില പ്രതിഫലിപ്പിക്കുന്നത് രാജ്യാന്തര വിപണിയിലെ ഇന്നത്തെ വിലയല്ല. പകരം കഴിഞ്ഞ രണ്ടാഴ്ചത്തെ രാജ്യാന്തര വിപണിവിലയുടെ ശരാശരി നിരക്കാണ്. എന്നാൽ, ഇതനുസരിച്ച് ഇനി രണ്ടാഴ്ച കഴിയുമ്പോൾ ഇന്ധനവില കുറയുമെന്ന് ആരും പ്രതീക്ഷിക്കരുത്. കുറയാൻ പോകുന്നില്ല. കാരണം രാജ്യാന്തരവില, നമ്മുടെ നിരക്കിലെ ഒരു ഘടകം മാത്രമാണ്. നിരക്കിലെ മുഖ്യ പങ്ക് വഹിക്കുന്നതു നികുതി ഘടകങ്ങളാണ്.

ഒപെക്കിലെ വികസ്വര രാജ്യങ്ങൾക്കും ക്ഷീണം

ഇന്ധനവില ഇന്ത്യയിലും കുറയ്ക്കണമെന്ന ബഹളത്തിനിടെ, രാജ്യാന്തര വിപണിയിലെ വിലയുദ്ധം വികസ്വരരാജ്യങ്ങളുടെ സമ്പദ്ഘടനയിലുണ്ടാക്കുന്ന പ്രത്യാഘാതം കൂടി തിരിച്ചറിയേണ്ടതുണ്ട്. ഒപെക് അംഗങ്ങൾ കൂടിയായ ഇറാഖ്, അൽജീറിയ, നൈജീരിയ തുടങ്ങിയ വികസ്വര രാജ്യങ്ങളെയാകും അതു കൂടുതൽ ബാധിക്കുക. ഈ രാജ്യങ്ങൾ പ്രധാനമായും എണ്ണവരുമാനത്തെയാണ് ആശ്രയിക്കുന്നത്. വിലയിടിവ് ഈ രാജ്യങ്ങളെ തളർത്തുന്നു. ജീവനക്കാരുടെ ശമ്പളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ആ രാജ്യങ്ങൾക്കു തിരിച്ചടിയാകും.

വില കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനം ലക്ഷ്യമിട്ടത് യുഎസ് ഷെയ്‌ലിനെ ആണെങ്കിലും അത് യുഎസിനെ ബാധിക്കാൻ പോകുന്നില്ലെന്നാണു വിലയിരുത്തൽ. ഇതിനു കാരണം യുഎസ് ഷെയ്ൽ വ്യവസായത്തിനു നിലവിൽ ഉയർന്ന ഓഹരിമൂല്യവും ലാഭനിരക്കുമാണുള്ളത്. അതേസമയം റഷ്യയുടെ ഊർജമേഖലയ്ക്കുമേൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ ആഗോളതലത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. എണ്ണയുൽപാദനം വർധിപ്പിക്കാനും വില കുറയ്ക്കാനും വ്യത്യസ്തമായ ഒരു വ്യാപാരതന്ത്രമാണു റഷ്യ സ്വീകരിച്ചത്. ഇതാകട്ടെ, ഒപെക്കിനു മേൽ കടുത്ത സമ്മർദമാണുണ്ടാക്കിയത്.

കൊറോണയും  ചതിച്ചു 

ഇതിനിടെ സംഭവിച്ച കൊറോണ വൈറസ് വ്യാപനം രാജ്യാന്തര ഓഹരിവിപണികളെയും മറ്റു വ്യവസായ മേഖലകളെയും തളർത്തിയിട്ടുണ്ട്. അതിനാൽ, ബ്രെന്റ് ക്രൂഡ് വിലയിടിവ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ മാന്ദ്യത്തിനു പരിഹാരമാകാൻ പോകുന്നില്ല. പകരം എണ്ണ വ്യാപാരയുദ്ധം ഈ മേഖലയിലെ നിക്ഷേപങ്ങളെ പിന്നോട്ടടിക്കുകയും അത് ആഗോള വളർച്ചയെ മുരടിപ്പിക്കുകയും ചെയ്യും. കോവിഡ് ഭീതി മൂലം എണ്ണപ്പാടങ്ങളിലെ ഉൽപാദനവും കുറയും. വിപണിയിലെ ആവശ്യവും ദുർബലമാകും. 

സൗദി അറേബ്യയെപ്പോലെ മറ്റൊരു രാജ്യത്തിനും കുറഞ്ഞ ചെലവിൽ എണ്ണ ഉൽപാദിപ്പിക്കാനാവില്ല. അതിനാൽ വിലയിടിവു മൂലമുള്ള ധനക്കമ്മി ഓരോ രാജ്യത്തിനും ഓരോന്നായിരിക്കും. റഷ്യയ്ക്ക് ബാരലിനു 42 ഡോളർ വരെ വിലയിടിവ് താങ്ങാനാകും. അതുകൊണ്ടാണു സൗദി ബാരലിനു 31 ഡോളർ താഴ്ത്തിയത് നീളുന്ന വിലയുദ്ധത്തിലേക്കു നയിക്കുന്നത്.

(സാമ്പത്തിക ശാസ്ത്രജ്ഞയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ പ്രഫസറുമാണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA