ADVERTISEMENT

മാന്ദ്യം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ വരിഞ്ഞു മുറുക്കുമ്പോഴാണ് കോവിഡിന്റെ വരവ്.  ഇതു കാര്യങ്ങൾ കൂടുതൽ  സങ്കീർണമാക്കുന്നു. കേന്ദ്രത്തിനും കേരളത്തിനും മുന്നിലുള്ള പ്രതിവിധി എന്ത്  എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയരുന്നു. 

നമ്മുടെ രാജ്യവും സംസ്ഥാനവും വലിയ സാമ്പത്തികമാന്ദ്യത്തിലെത്തി നിൽക്കുകയും അതിൽനിന്നു കരകയറാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കോവിഡ് 19 പടരുന്നത്. ഇന്ത്യയിലെ ജനങ്ങളിൽ എത്ര ശതമാനം പേരിലേക്ക് ഇൗ രോഗമെത്തുമെന്നു നമുക്കിപ്പോൾ പ്രവചിക്കാൻ കഴിയില്ല. എന്നാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അടിവേരിളക്കാൻ പോന്ന വൈറസാണ് ഇപ്പോൾ വ്യാപിക്കുന്നതെന്നു പ്രവചിക്കാം. നാടാകെ നിശ്ചലമായതു നമ്മൾ കാണുന്നില്ലേ? ഇൗ നിശ്ചലാവസ്ഥ മരവിച്ചുപോയ സമ്പദ്‌വ്യവസ്ഥയുടെ കൂടി നേർക്കാഴ്ചയാണ്.

 പണമെത്തിക്കൂ കൈകളിലാദ്യം...

സാമ്പത്തികമാന്ദ്യം നമ്മുടെ രാജ്യത്തെ പിടികൂടിയിട്ടു കാലം കുറെയായി. അതു സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഇനി ഇതു കൂടുതൽ രൂക്ഷമാകാനാണു സാധ്യത. ഇതിനെന്തു പ്രതിവിധി എന്നാണു സ്വാഭാവികമായും എല്ലായിടത്തു നിന്നും ഉയരുന്ന ചോദ്യം. മാന്ദ്യകാലത്തു മിക്ക രാജ്യങ്ങളും പരീക്ഷിച്ചു വിജയം കണ്ട പരിഹാരം, ജനങ്ങളിൽ കൂടുതൽ പണമെത്തിക്കുക എന്നതാണ്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ ഇടപെടലും അതുതന്നെയാണ്. ഇതിൽ സംസ്ഥാന സർക്കാരിനെക്കാൾ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്. നിർഭാഗ്യവശാൽ, കഴിഞ്ഞ കുറെ മാസങ്ങളായി പണലഭ്യത ഉറപ്പുവരുത്തുന്ന സമീപനമല്ല കേന്ദ്രത്തിൽനിന്ന് ഉണ്ടാകുന്നത്. 

ജനങ്ങൾ വാങ്ങാനാഗ്രഹിക്കുന്ന എല്ലാ ഉൽപന്നങ്ങളും വില കുറച്ചാണെങ്കിൽ പോലും മാർക്കറ്റിൽ ലഭ്യമാക്കുക എന്ന സമീപനമല്ല ഇപ്പോൾ വേണ്ടത്. അതു വാങ്ങാനുള്ള പണം അവന്റെ കയ്യിലില്ലെങ്കിൽ ഉൽപന്നം വച്ചുനീട്ടിയിട്ടെന്തു കാര്യം? കേന്ദ്ര സർക്കാർ വിതരണരംഗത്താണ് ഇതുവരെ ശ്രദ്ധയൂന്നിയത്. ജനങ്ങളെ ഇനിയെങ്കിലും ‘വാങ്ങാൻ പ്രാപ്തരാക്കുക’ എന്ന സമീപനത്തിലേക്കു മാറിയേ തീരൂ. ഗ്രാമീണരിലേക്കു പണമെത്തിക്കുന്നതിനു മുൻഗണന നൽകണം.

 അനുഭവത്തിൽ നിന്ന് പഠിക്കേണ്ടത്

ഏറ്റവും വലിയ സാമ്പത്തികമാന്ദ്യത്തിലേക്കു രാജ്യം കൂപ്പുകുത്തിയ 2008-09ൽ സർക്കാർ നടപ്പാക്കിയ മാന്ദ്യവിരുദ്ധ പാക്കേജ് മാതൃകയാണ്. എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചും പദ്ധതിവിഹിതം വർധിപ്പിച്ചും അടിസ്ഥാനസൗകര്യ വികസന മേഖലയിൽ അധിക പണം ചെലവഴിച്ചും കയറ്റുമതിക്കു സബ്സിഡി കൂട്ടിയുമൊക്കെയാണ് അന്നു മാന്ദ്യത്തെ മറികടക്കാൻ സർക്കാർ ശ്രമിച്ചത്. അതു രാജ്യത്തു വലിയ മാറ്റംതന്നെ സൃഷ്ടിച്ചു. പരീക്ഷിച്ചു വിജയിച്ച ആ മാതൃക തന്നെയാണ് ഇപ്പോൾ ഏറ്റവും അനുകരണീയം.അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോടെ ജനങ്ങൾക്കു കുറഞ്ഞ വിലയ്ക്ക് ഇന്ധനമെത്തിക്കാനുള്ള സുവർണാവസരമാണു സർക്കാരിനു കിട്ടിയിരിക്കുന്നത്. രൂപ വീണതോടെ, കയറ്റുമതി വർധിക്കാനുള്ള സാധ്യതയുമേറി. ഇതെല്ലാം നിലവിൽ കേന്ദ്ര സർക്കാരിനു മുന്നിലെ അനുകൂല സാധ്യതകളാണ്.

സമീപകാലത്തു നമ്മൾ സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര ഗുരുതര പ്രതിസന്ധിയാണു മുന്നിൽ. കേന്ദ്രവും സംസ്ഥാനവും എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ചുനിന്നു പരിഹാര മാർഗങ്ങൾ കണ്ടെത്തുകയും നടപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സംസ്ഥാനതലത്തിലും കേന്ദ്ര തലത്തിലും രാഷ്ട്രീയകക്ഷികളെ ഏകോപിപ്പിക്കണം. ഇതിനു കേന്ദ്രവും സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടികളാണു നേതൃത്വം നൽകേണ്ടത്.

കേരളം കരുതേണ്ടത്

കോവിഡ് 19നെ പിടിച്ചുകെട്ടാൻ ഏറ്റവും പ്രാപ്തമായ സംസ്ഥാനമാണ് ആരോഗ്യകേന്ദ്രങ്ങളുടെ ശക്തമായ ശൃംഖലയുള്ള കേരളം. ഇതിനകം നമ്മളതു തെളിയിച്ചുകഴിഞ്ഞു. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും കേരള മാതൃക പിന്തുർന്നാണ് രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നതു പോലും. 

എന്നാൽ, മാന്ദ്യത്തിൽ നിന്നു കരകയറാൻ ബജറ്റിലെ ചെലവിടൽ ഘടന ഉടൻ സർക്കാർ പരിഷ്കരിക്കണം. കിഫ്ബി, റീബിൽഡ് കേരള, പദ്ധതിവിഹിതം, പദ്ധതി ഇതരം ഇങ്ങനെ പല വഴികളിലൂടെയാണ് ഇപ്പോൾ സർക്കാർ പണം ചെലവിടുന്നത്. എല്ലാ പണവും പദ്ധതി വിഹിതമെന്ന കേന്ദ്രീകൃത സംവിധാനത്തിലൂടെ ചെലവിടുന്ന തരത്തിൽ മാറ്റം അനിവാര്യമാണ്. ഏതൊക്കെ വിഭാഗങ്ങളിലേക്കാണ് ഇപ്പോൾ പണമെത്തിക്കേണ്ടത് എന്ന കൃത്യമായ ആസൂത്രണത്തോടെ നീങ്ങാൻ ഇതുകൊണ്ടു സാധിക്കും.

ചെലവിടൽ കൂട്ടണമെങ്കിൽ സംസ്ഥാന സർക്കാരിനു പണം അധികം വേണമല്ലോ. വ്യാപാരരംഗത്തും മാന്ദ്യം പിടിമുറുക്കിയതിനാൽ നികുതി വർധിക്കുമെന്ന പ്രതീക്ഷ ഉടൻ വേണ്ട. കടമെടുപ്പു പരിധി വർധിപ്പിക്കുക എന്ന കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യം കേന്ദ്രം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമാണിപ്പോൾ.

ഏതൊക്കെ മേഖലയിലേക്ക് ഇൗ പണം ചെലവഴിക്കണം എന്ന നിർദേശം വേണമെങ്കിൽ കേന്ദ്രത്തിനു മുന്നോട്ടു വയ്ക്കാവുന്നതാണ്. കടമെടുക്കുന്ന പണം ശമ്പളവും പെൻഷനും കൊടുത്തു തീർക്കുന്നത് ഇതിലൂടെ തടയാൻ കഴിയും.

(മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ‍് മുൻ ഉപാധ്യക്ഷനുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com