ADVERTISEMENT

ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന്റെ നിയമപുസ്തകത്തിൽ നിശ്ചയമായും പാടില്ലാത്ത വാക്കാണു വധശിക്ഷ. അതിന് ഒറ്റക്കാരണമേയുള്ളൂ, ഒരാളുടെ ജീവിതം എടുക്കാൻ ആർക്കും അവകാശമില്ല. വധശിക്ഷയെക്കുറിച്ചു വാചാലരാകുന്നവർ ഓർത്തിരിക്കേണ്ടൊരു കേസിൽ വിധി വന്നിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. സുപ്രീംകോടതിയുടെ പുനഃപരിശോധന ബെഞ്ച് ഇടപെട്ടില്ലായിരുന്നെങ്കിൽ തൂക്കുകയറിൽ തീരുമായിരുന്ന 6 ജീവന്റെ കാര്യമാണത്. അങ്കുഷ് മാരുതി ഷിൻഡെയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള കേസ്.

വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷയ്ക്കു വിധിച്ചതു ശരിവച്ച സുപ്രീംകോടതിയുടെ തന്നെ നടപടിയാണു പുനഃപരിശോധനയിൽ തെറ്റാണെന്നു തെളിഞ്ഞത്. വധശിക്ഷ നടപ്പായിരുന്നെങ്കിലോ? രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ ന്യൂനതകളുണ്ട്. തെളിവുകൾ സൃഷ്ടിച്ചെടുക്കാനും വളച്ചൊടിക്കാനും അന്വേഷണ സംഘങ്ങൾക്കു കഴിയുമെന്നു പലതവണ നാം കണ്ടതാണ്.

ഇനി നിർഭയ കേസിന്റെ കാര്യം. ശരിയാണ്, കേസിന്റെ വസ്തുത വ്യക്തമാണ്. ഒരു പെൺകുട്ടി അതിദാരുണമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. ഇതിൽ പ്രതികൾ അറസ്റ്റിലാകുന്നതോടെ തന്നെ അവർക്കുള്ള ശിക്ഷയും ആരംഭിക്കുന്നുണ്ടെന്നതാണു യാഥാർഥ്യം. ഇനി വധശിക്ഷ കുറച്ചുവെന്നു തന്നെയിരിക്കട്ടെ, പ്രതികൾ ഒരിക്കലും ജയിലിനു പുറത്തുവരില്ല. അവർ ചെയ്ത ക്രൂരതയെ മറ്റൊരു ക്രൂരത കൊണ്ടല്ല നേരിടേണ്ടത്.

നീതിയെ വധശിക്ഷയോടു തുല്യതപ്പെടുത്തരുത്. സമൂഹ മനഃസാക്ഷിയെക്കുറിച്ചു പറഞ്ഞാണ് പലരും ഇതിനെ നേരിടുന്നത്. ഭക്ഷണത്തിന്റെ പേരിൽ കൊലകൾ നടക്കുമ്പോഴോ സമുദായങ്ങൾ ആക്രമിക്കപ്പെടുമ്പോഴോ ഈ സമൂഹമനഃസാക്ഷി എവിടെയാണ്?

പ്രശ്നങ്ങൾക്കു ശരിയായ മാറ്റം വേണമെങ്കിൽ വധശിക്ഷയല്ല പരിഹാരം. പ്രതികളെ തൂക്കിലേറ്റിയതു കൊണ്ടു രാജ്യം പീഡനരഹിത നാടായി മാറുമെന്ന ധാരണ വേണ്ട. അതില്ലാതാകാൻ സമീപനം തന്നെ മാറണം. തെരുവും ജോലിസ്ഥലവും വീടുമെല്ലാം പെൺകുട്ടികൾക്കു സുരക്ഷിതമാക്കണം. ‌മകളെ, മകനെപ്പോലെ തന്നെ പരിഗണിക്കണം, പെൺകുട്ടികളെ ബഹുമാനിക്കാൻ മകനെ പഠിപ്പിക്കണം.

(നിർഭയ കേസ് പ്രതികളിലൊരാളായ മുകേഷ് കുമാർ സിങ്ങിനു വേണ്ടി കേസിന്റെ അവസാനഘട്ടത്തിൽ ഹാജരായ സീനിയർ അഭിഭാഷക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com