ADVERTISEMENT

വാളെടുത്തവൻ വാളാൽ എന്നു പറയുന്നത്, കണ്ണൂർ കോർപറേഷനിൽ ഇന്നലെ അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ഡപ്യൂട്ടി മേയർ പി.കെ.രാഗേഷിനെക്കുറിച്ചാണെന്നു തോന്നുന്നു. കോൺഗ്രസിൽ വിമതവേഷം കെട്ടി നാലര വർഷമാണ് ഇടത്, വലതു മുന്നണികളെ രാഗേഷ് വിരൽത്തുമ്പിലിട്ടു കറക്കിയത്. ആ രാഗേഷിനെ അവിശ്വാസത്തിലൂടെ പുറത്താക്കാൻ എൽഡിഎഫിനെ സഹായിച്ചത് മറ്റൊരു വിമതൻ.

കോൺഗ്രസിലെ പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ വിമതനായി മത്സരിച്ചു ജയിച്ചതാണു രാഗേഷ്. 27-27 എന്ന യുഡിഎഫ് - എൽഡിഎഫ് കക്ഷിനിലയിൽ രാഗേഷിന്റെ വോട്ട് നിർണായകമായി. പിടിവാശികൾക്കു യുഡിഎഫ് വഴങ്ങാതിരുന്നതോടെ മേയർ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്തു. ഡപ്യൂട്ടി മേയറുമായി. 4 വർഷത്തിനുശേഷം രാഗേഷിനെ തിരിച്ചെത്തിച്ചു യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചെങ്കിലും അപ്പോഴേക്കും എൽഡിഎഫിനായി യുഡിഎഫിൽ ഒരു വിമതൻ രൂപംകൊണ്ടു കഴിഞ്ഞിരുന്നു – ലീഗിലെ പ്രാദേശിക പ്രശ്നങ്ങളുടെ പേരിൽ ഈയിടെ വിമതനായ അബ്ദുൽ സലിം. 

27 എൽഡിഎഫ് കൗൺസിലർമാർക്കൊപ്പം അബ്ദുൽ സലിം, രാഗേഷിനെതിരെ വോട്ട് ചെയ്തതോടെയാണ് അവിശ്വാസം വിജയിച്ചത്. രാഗേഷ്, മറ്റൊരു വിമതനിലൂടെ കസേരയിൽനിന്നു പുറത്ത്.

പ്രസംഗം ടച്ചിങ്സിനിരിക്കട്ടെ! 

കോവിഡിനെ പ്രതിരോധിക്കാൻ, ആൾക്കൂട്ട പരിപാടി ഒഴിവാക്കണമെന്ന നിർദേശം അക്ഷരംപ്രതി പാലിക്കുന്നവരാണു മലപ്പുറം പെരിന്തൽമണ്ണയിലെ യൂത്ത് ലീഗുകാർ. അതുകൊണ്ടു തന്നെ, കോവിഡ് കാലത്തു മദ്യവിൽപനശാലകൾ തുറക്കുന്നതിനെതിരെ നടത്തിയ സമരത്തിലും അവർ അധികം ആളെക്കൂട്ടാൻ ശ്രമിച്ചില്ല. പക്ഷേ, പെരിന്തൽമണ്ണ ബവ്റിജസ് ഔട്‌ലെറ്റിനു മുന്നിൽ നടന്ന ഉപരോധത്തിൽ നേതാക്കൾ പ്രസംഗിച്ചു തുടങ്ങിയപ്പോഴേക്കും മുൻപിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. അതോടെ നേതാവിന് ഉഷാറായി. മദ്യത്തിനും മദ്യവിൽപനയ്ക്കുമെതിരെ ആഞ്ഞടിച്ചു. പ്രസംഗം അവസാനിപ്പിച്ചപ്പോഴായിരുന്നു ട്വിസ്റ്റ്.

മദ്യവിരുദ്ധപ്രസംഗം തീർന്നു ബവ്റിജസിന്റെ ഷട്ടർ ഉയർന്നതോടെ അണക്കെട്ടിന്റെ ഷട്ടർ തുറന്നപോലെ കേൾവിക്കാർ ക്യൂവിലേക്കു പാഞ്ഞു. അണികൾ പൊടുന്നനെ മദ്യലഹരിക്കു വശംവദരായോ എന്നു ശങ്കിച്ച നേതാക്കൾ, പിന്നീട് മൊബൈൽ വിഡിയോ വീണ്ടും വീണ്ടും പരിശോധിച്ചപ്പോഴാണു കാര്യം മനസ്സിലായത്. അരമണിക്കൂറോളം അവിടെ പ്രസംഗം കേട്ടുനിന്നത് ലീഗ് അണികളായിരുന്നില്ല. പിന്നെയോ, ചെറിയ പ്ലാസ്റ്റിക് കവറും അരയിൽ തിരുകി കുപ്പി വാങ്ങാൻ വന്ന സ്ഥിരം ഉപഭോക്താക്കൾ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com