sections
MORE

സാധാരണക്കാരുടെ ലോകം

HIGHLIGHTS
  • കോവിഡ് ഉൾപ്പെടെയുള്ള ഏത് ആപത്തിനെയും ദുരന്തത്തെയും സംയമനത്തോടെ നേരിടാൻ യുഎസ് ജനതയെ സഹായിക്കുന്നതെന്ത് ?
corona-pandemic-world
SHARE

അടച്ചിട്ട റസ്റ്ററന്റുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, വിനോദകേന്ദ്രങ്ങൾ, സിനിമാശാലകൾ, ആളൊഴിഞ്ഞ നഗരവീഥികൾ... മറ്റേതൊരു രാജ്യത്തെ ജനതയെയും പോലെ അമേരിക്കൻ പൗരന്മാരും ഭീതിയിലും നിരാശയിലുമാണ്. കൊറോണ വൈറസ് ബാധയേറ്റവർ ധാരാളം. മാസച്യുസിറ്റ്സ് സംസ്ഥാനത്തു മാത്രമുള്ള കോവിഡ് ബാധിതരുടെ എണ്ണം, ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണത്തെക്കാൾ കൂടുതലാണ്. മികച്ച ആരോഗ്യപരിപാലനവും സാങ്കേതികവിദ്യയും പൊതുജനാരോഗ്യത്തെപ്പറ്റിയുള്ള വ്യാപകമായ അറിവും  അവബോധവും കർശന നിയമങ്ങളുമുള്ള യുഎസിൽ ഇതു തികച്ചും അസാധാരണമാണ്. അതുകൊണ്ടു തന്നെ ഭീതി ചെറുതല്ല.

പക്ഷേ, അമേരിക്കൻ ജീവിതം ശുഭാപ്തിവിശ്വാസത്തിൽ കെട്ടിപ്പടുത്തതാണ്. അതുതന്നെയാണു രാജ്യത്തിന്റെ ശക്തിയും. മനുഷ്യൻ നിസ്സഹായനാണെന്നും പ്രകൃതിശക്തികൾക്ക് അതീതമായി ഒന്നുമില്ലെന്നും കൃത്യമായ ബോധമു ണ്ടെങ്കിലും അതിജീവിക്കുക എന്നത് ജീവിതകർമവും ജീവികളുടെ ആന്തരിക സ്വഭാവവും ആണെന്ന നല്ല ബോധമുണ്ട് യുഎസ് ജനതയ്ക്ക്. ജീവിതത്തിൽ ലക്ഷ്യത്തിലെത്താനുള്ള വഴി പറഞ്ഞുതരാൻ ഒരു ജിപിഎസ് സംവിധാനവും പ്രാപ്തമല്ലെന്നുള്ള അറിവ്. ചരിത്രം ഇതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 1918ലെ സ്പാനിഷ് ഫ്ലൂവിൽ ഏഴു ലക്ഷത്തോളം അമേരിക്കക്കാരാണു മരിച്ചത്. 2009ൽ  61 മില്യൻ ആൾക്കാർക്കാണു പന്നിപ്പനി പിടിപെട്ടത്, മരിച്ചത് 13000 പേർ. എയ്ഡ്സ് ഏഴു ലക്ഷം യുഎസ് ജീവനുകളെ അപഹരിച്ചു.

ട്വിൻ ടവറുകൾ വീഴ്ത്തപ്പെട്ടപ്പോൾ അമേരിക്കൻ അഭിമാനമാണു തകർന്നടിഞ്ഞത്. സ്കൂൾ വെടിവയ്പുകളിൽ ഹൃദയമിടിപ്പു നിലച്ചുപോകുന്നത് ഒരുപാടു പിഞ്ചുകുഞ്ഞുങ്ങളുടേതാണ്. പക്ഷേ, ഞങ്ങൾ അമേരിക്കക്കാർ ‘അകലെയെങ്ങാനും പ്രഭാതമുണ്ടോ’ എന്നു വിളിച്ചു ചോദിക്കാതെ, ഉള്ളിലെ ആത്മപ്രകാശം മുന്നോട്ടു നയിക്കും എന്ന ദൃഢനിശ്ചയം പേറുന്നവരാണ്.

ദൗർഭാഗ്യങ്ങൾ, ആപത്കാലങ്ങൾ, പതനങ്ങൾ, മാനസികാഘാതങ്ങൾ, ദുരന്തങ്ങൾ, ഭീഷണികൾ ഇവയെയെല്ലാം നേരിടുക എന്നതാണ് അമേരിക്കൻ രീതി; ഒരിക്കലും അവയെ നിയന്ത്രിക്കുകയോ ഒളിച്ചുവയ്ക്കുകയോ ചെയ്യാറില്ല. രോഗം എന്നതു നാണക്കേടാണെന്ന രീതിയിൽ ഭാരതീയർ രഹസ്യമാക്കുമ്പോൾ, ഞങ്ങൾ അമേരിക്കക്കാർ യാതൊരു സങ്കോചവുമില്ലാതെ അതു പരസ്യപ്പെടുത്തുന്നവരാണ്. 

എന്റെ കുടുംബത്തിന് ഒരു വലിയ റോഡപകടം സംഭവിച്ചപ്പോൾ - മൂന്നു പേരാണു മരിച്ചത് - ഇവിടെ, ഷിക്കാഗോയിൽ അതു പൊതു വാർത്തയായി. നാട്ടിലുള്ള ബന്ധുക്കൾ അത് ഒളിച്ചു വയ്ക്കാനാണു ശ്രമിച്ചത്. ദൈവകോപം, ജാതകദോഷം, രാശിയില്ലായ്മ ഇങ്ങനെ നൂറുകൂട്ടം പ്രതിലോമ ചിന്താധാരകൾ ‘അമേരിക്കൻ സൈക്കിൽ’ ഇടപെടുന്നതേ ഇല്ല. 

“സാധാരണ ആൾക്കാർ” (Ordinary People) എന്നൊരു പ്രസിദ്ധ ഹോളിവുഡ് സിനിമയുണ്ട്. നടൻ റോബർട് റെഡ്ഫോഡ് തന്നെയാണു സംവിധാനം. ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സാധ്യതകളുണ്ടെന്നും അതത്ര എളുപ്പമല്ലെങ്കിലും അതിനുവേണ്ടി പ്രയത്നിക്കുക മാത്രമാണു നമുക്കു ചെയ്യാനുള്ളത് എന്നുമാണു സിനിമ പ്രഘോഷിക്കുന്നത്. സ്വന്തം ചേട്ടൻ ഒരു ബോട്ടപകടത്തിൽ മരിക്കുമ്പോൾ - അത് ആത്മഹത്യതന്നെയോ എന്നു സംശയവുമുണ്ട് -

അനുജന്റെ കുറ്റബോധം, കരകയറാനാവാത്ത നിരാശയിലും വിഷാദത്തിലും അവനെ ആഴ്ത്തുന്നതും സ്വന്തം ജീവന്റെ സത്ത അവസാനം പിടിച്ചെടുക്കുന്നതുമാണു കഥ. എല്ലാം ഉള്ളിലടക്കി സാധാരണപോലെ പെരുമാറാൻ ശ്രമിക്കുന്ന അമ്മയോട് അവനു ദേഷ്യമാണ്. അമേരിക്കൻ മനസ്സിന്റെ നേർചിത്രമാണു സിനിമ. പ്രതികൂല, ആപത്കാലങ്ങൾ വേദനാജനകവും അതികഠിനവും വിഷമകരവും ആണെങ്കിലും നമ്മുടെ ജീവിതത്തിന്റെ ആകെപ്പാടെയുള്ള പരിണിതഫലം  ഇവയൊന്നുമല്ല നിശ്ചയിക്കുന്നത് എന്നതാണ് അമേരിക്കൻ ദൃഢവിശ്വാസമെന്നു സൂചിപ്പിക്കാൻ ശ്രമിക്കുകയാണു സിനിമ. 

ഇംഗ്ലിഷിലുള്ള resilience (പൂർവസ്ഥിതി പ്രാപിക്കാനുള്ള നൈസർഗിക കഴിവ്) എന്ന വാക്കിന്റെ അർഥം കൂടുതലായും മുഴുവനായും മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഞങ്ങൾ അമേരിക്കക്കാർ ഈ കൊറോണക്കാലത്ത്.

(എഴുത്തുകാരൻ, യുഎസിലെ ഷിക്കാഗോ സർവകലാശാലയിലെ മുൻ ജനിതകശാസ്ത്ര ഗവേഷകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA