ADVERTISEMENT

നിയന്ത്രണങ്ങൾ സർക്കാർ നടപ്പാക്കുന്നതിനു പകരം, ജനം തന്നെ നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുന്നതിനു തുടക്കമെന്നോണമാണ് ‘ജനതാ കർഫ്യൂ’ നാം പ്രാവർത്തികമാക്കിയത്. കോവിഡ് ഭീഷണിക്കെതിരെ ഒരേ സ്വരത്തിൽ രാജ്യം വിളംബരം ചെയ്ത ജാഗ്രതാസന്ദേശം തന്നെയാണത്. പക്ഷേ, ഈ സ്വയംനിയന്ത്രണം പാലിക്കാത്തവരും അതു മനഃപൂർവം തെറ്റിച്ചു സമൂഹത്തിൽ നിർബാധം വിഹരിക്കുന്നവരും അതിലൂടെ രോഗവ്യാപനം നടത്തുന്നവരും ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നത്, അല്ലെങ്കിൽത്തന്നെ ആശങ്കാജനകമായ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

കാസർകോട്ട്, വിദേശത്തു നിന്നെത്തിയ രോഗി ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാതെ സ്ഥിതി വഷളാക്കിയതു കേരളത്തിന്റെ മുന്നിലുള്ള നിർഭാഗ്യ ഉദാഹരണമാണ്. ഈ വ്യക്തിയുമായി സമ്പർക്കം പുലർത്തിയവരുടെ പൂർണ പട്ടിക പോലും തയാറാക്കാൻ പറ്റാത്ത സ്ഥിതിയിൽ ആരോഗ്യവകുപ്പ് എത്തിയതു കേരളത്തെയാകെ അസ്വസ്ഥമാക്കുന്നു. നിരുത്തരവാദിത്തത്തിന്റെ വലിയ ദൃഷ്ടാന്തമാണ് കാസർകോട്ടു കണ്ടതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ നടത്തിയ വിരുന്ന് പ്രമുഖ വ്യക്തികളടക്കമുള്ള പലരെയും സ്വയം സമ്പർക്ക വിലക്കിലേക്കും ആശങ്കയിലേക്കും എത്തിച്ചതും നാം കേട്ടു.

സമ്പർക്കവിലക്ക് നാടിനു നൽകുന്ന സംരക്ഷണകവചം മറന്നു തോന്നിയപടി ഇടപഴകുന്നവർ സാമൂഹികദ്രോഹം തന്നെയാണു നടത്തുന്നത്. രോഗപ്രതിരോധത്തിനായി സർക്കാർ നൽകുന്ന നിർദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്നു മുഖ്യമന്ത്രിയും സർക്കാരും ആരോഗ്യവകുപ്പും പലതവണ ആവർത്തിച്ചിട്ടും ഇതാണ് അവസ്ഥയെങ്കിൽ കോവിഡിനെതിരെ നാം ഏകോപിതമായി കൈക്കൊള്ളുന്ന ജാഗ്രതയ്ക്കു പിന്നെയെന്ത് അർഥമാണുള്ളത്? 

പരസ്പര സമ്പർക്കവും ഇടപഴകലും ഒഴിവാക്കി രോഗവ്യാപനം ഇല്ലാതാക്കണമെന്ന അഭ്യർഥനയുടെ സ്വരം സർക്കാരിനു കടുപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഉത്തരവു ലംഘിക്കുന്നവർക്കെതിരെ കേസെടുത്തു തുടങ്ങിയിട്ടുമുണ്ട്. ഒരുതരത്തിലുള്ള സാമൂഹിക ബോധവുമില്ലാതെ തോന്നിയപടി മറ്റുള്ളവരുമായി ഇടപഴകുന്നവർ നമുക്കിടയിൽ ഇപ്പോഴും ഉള്ളതുകൊണ്ടുതന്നെയാണ് ഈ കർശന നിലപാടു വേണ്ടിവരുന്നത്. വിദേശത്തു നിന്നെത്തുന്നവർ വീട്ടിൽത്തന്നെ കഴിയാൻ നിർബന്ധമായും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യണമെന്നും നാട്ടിൽ ഒരു കാരണവശാലും ഇറങ്ങിനടക്കരുതെന്നും പലതവണ വ്യക്തമാക്കിയിട്ടും അത് ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ആശുപത്രി ഐസലേഷനിൽ ഉള്ളവരുടെ മാനസികാവസ്ഥയും രോഗബാധ സംശയിച്ചു വീട്ടിൽ സ്വയം ക്വാറന്റീനിൽ കഴിയുന്നവരുടെ ത്യാഗമനോഭാവവും മനസ്സിലാക്കിയിരുന്നുവെങ്കിൽ ഇത്തരക്കാർ ഇങ്ങനെ ചെയ്യുമായിരുന്നോ?

വീട്ടിൽ സ്വയം ഐസലേഷനിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അവഗണിക്കുന്നവരുമുണ്ട്. വീട്ടിലല്ല, വീട്ടിലെ മുറിയിലാണ് ആ വ്യക്തി കഴിയേണ്ടത്. അല്ലാതെ, വീടു മുഴുവൻ നടന്ന്, കുടുംബത്തിനു മുഴുവൻ രോഗസാധ്യത നൽകാൻ ഇടയാക്കിക്കൂടാ. 

ആൾത്തിരക്കിനും ആഘോഷങ്ങൾക്കും ആരാധനാ ചടങ്ങുകൾക്കും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണം ചിലയിടത്തെങ്കിലും പാലിക്കപ്പെടാതെ പോയതു നിർഭാഗ്യകരമാണ്. ഇതെത്തുടർന്ന്, സംസ്ഥാനത്തു മതപരവും സാംസ്കാരികവുമായ ആഘോഷങ്ങളും മറ്റും നിരോധിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. വിലക്കുകൾക്കിടയിലും, ഷാപ്പ് ലേലവുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്ന വൈരുധ്യവുമുണ്ട്.  

കൂടുതൽ ആശങ്കാജനകമായ സമൂഹവ്യാപനമാണു രോഗബാധയുടെ മൂന്നാം ഘട്ടമായി പല രാജ്യങ്ങളിലും ഇതിനകം ഉണ്ടായതെന്നിരിക്കെ, ചിലരുടെ അനാസ്ഥയ്ക്കു സമൂഹം മുഴുവൻ വില നൽകേണ്ടിവരുന്ന ദുരവസ്ഥ ഒരിക്കലും ഉണ്ടാകരുത്. ആരോഗ്യ പ്രവർത്തകരടക്കമുള്ള സർക്കാർ സംവിധാനങ്ങളാകെ ഊണും ഉറക്കവും മറന്ന്, ഒരേ ലക്ഷ്യവുമായി മുന്നോട്ടു നീങ്ങുമ്പോൾ ഒരു ഇടർച്ചകൊണ്ടുപോലും ഒരാളും അതിനു വിഘാതമുണ്ടാക്കിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com