sections
MORE

മുന്നിൽ വഴിയൊന്നു മാത്രം, ചങ്ങല മുറിക്കുക

covid-ima
SHARE

കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടു വർധിക്കുകയാണ്. കേരളത്തിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ പേർക്കു രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇന്നലെ. ഇത് ആശങ്കയുണ്ടാക്കുന്ന സൂചന കൂടിയാണ്. നമ്മൾ എവിടേക്കാണു പോകുന്നത് എന്നതിന്റെ സൂചന. കോവിഡിനെ പിടിച്ചുനിർത്താൻ നമുക്കു മുന്നിൽ വളരെക്കുറച്ചു സമയവും അത്രത്തോളം തന്നെ അനുഭവപാഠങ്ങളും മാത്രമേയുള്ളൂ.

രോഗവ്യാപനം തടയാൻ വിവിധ രാജ്യങ്ങളിലെ വൈദ്യശാസ്ത്ര സ്ഥാപനങ്ങളുടെ ഗവേഷണ ഫലങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ലോകാരോഗ്യ സംഘടനയുടെ മാതൃകാ സ്ഥാപനമാണ് ലണ്ടനിലെ ഇംപീരിയൽ കോളജ്. അവർ ഇതിനകം 10 ഇടക്കാല റിപ്പോർട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്.  വൈറസ് ബാധയുടെ കാര്യത്തിൽ ഇതിനകം വ്യക്തമായ ചില കാര്യങ്ങൾ ഇവയിൽ സൂചിപ്പിക്കുന്നുണ്ട്.

1. രോഗബാധയുണ്ടാവുന്നവരിൽ 20% പേരിൽ മാത്രമേ, ആശുപത്രി അഡ്മിഷൻ ആവശ്യമായി വരുന്ന കഠിനമായ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുള്ളൂ. ബാക്കി ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയോ ലഘുവായ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുകയോ ചെയ്യുന്നു. പക്ഷേ, ഇവരെല്ലാവരും രോഗം പരത്താൻ ശേഷിയുള്ളവരാണ്. 

2. രോഗം പെട്ടെന്നു സമൂഹത്തിൽ പടരുകയാണെങ്കിൽ ഗുരുതര രോഗമുള്ളവർക്ക് നിലവിലെ ആശുപത്രി സൗകര്യങ്ങൾ പോരാതെ വരും. ഇത് അഡ്മിഷനും ചികിത്സയും ആവശ്യമുള്ള കൊറോണ രോഗബാധിതരെ മാത്രമല്ല, അത്യാവശ്യമായി ചികിത്സ ആവശ്യമുള്ള മറ്റു രോഗികളെയും ബാധിക്കും. ഈ സാഹചര്യം കൊറോണ രോഗികളുടെ മാത്രമല്ല, മറ്റു രോഗികളുടെ കൂടി മരണനിരക്ക് കൂടാൻ കാരണമാവുന്നു.  

3. ഏതുതരം രോഗികൾക്കാണ് ഗുരുതരമായി രോഗം ബാധിക്കുക എന്നും ആർക്കൊക്കെയാണ് തീവ്രപരിചരണം വേണ്ടിവരിക എന്നും ആർക്കൊക്കെയാണ് മരണസാധ്യത കൂടുതലെന്നും ഇപ്പോൾ ഏകദേശ രൂപമുണ്ട്. രോഗബാധിതരാവുന്ന ആളുകളിൽ ആശുപത്രി അഡ്മിഷനും തീവ്രചികിത്സയും കൂടുതലായി വേണ്ടിവരിക 50 വയസ്സിനു മുകളിലുള്ളവർക്കാണ്. മരണനിരക്കും ഇവരിലാണ് കൂടുതൽ. 80 കഴിഞ്ഞവർക്കു രോഗം ബാധിച്ചാൽ അവരിൽ 27 ശതമാനത്തിലധികം പേർക്ക് ആശുപത്രി അഡ്മിഷൻ ആവശ്യമായി വരും, അതിൽത്തന്നെ 71 ശതമാനത്തോളം പേർ തീവ്രപരിചരണ വിഭാഗത്തിലാവും. രോഗം ബാധിച്ച 80 വയസ്സുകാരിൽ 9 ശതമാനത്തിലധികം പേർ മരണപ്പെടുകയും ചെയ്യും.

പ്രായം 50ൽ താഴെയാണെങ്കിൽ വൈറസ് ബാധ കാരണം ആശുപത്രി/ തീവ്രപരിചരണ അഡ്മിഷൻ/ മരണസാധ്യത കുറവാണ്. പക്ഷേ, സമൂഹത്തിൽ വലിയ തോതിൽ രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇവരുടെ എണ്ണം വളരെ കൂടുതലായിരിക്കും.

4. ആശുപത്രികളും ഐസിയുകളും വൈറസ് ബാധിതരെക്കൊണ്ടു നിറയുമ്പോൾ മറ്റു രോഗികളെ സംബന്ധിച്ചിടത്തോളം ഒരു ചികിത്സയും ലഭ്യമല്ലാത്ത അവസ്ഥയുണ്ടാകും.

കേരളം എവിടെ? 

വ്യാപകമായി രോഗം പടരുന്ന അവസ്ഥ വന്നാൽ സമൂഹത്തിലെ 60 ശതമാനത്തിനടുത്ത് ആളുകൾക്കു രോഗബാധയുണ്ടാവും എന്നാണു കണക്ക്. കേരളത്തിൽ 60 വയസ്സിൽ കൂടുതൽ പ്രായമുള്ള 43 ലക്ഷത്തിലധികം ആളുകളുണ്ട്. അവരിൽ പകുതിപ്പേർ രോഗബാധിതരാവുന്ന അവസ്ഥ വന്നാൽ അതിനർഥം, ചുരുങ്ങിയത് 10 ലക്ഷത്തോളം ആശുപത്രിക്കിടക്കകളും 3 ലക്ഷത്തോളം ഇന്റെൻസീവ് കെയർ കിടക്കകളും ഏതാണ്ട് അത്രത്തോളം വെന്റിലേറ്ററുകളും ഇവരെ ചികിത്സിക്കാൻ വേണ്ടിവരും എന്നതാണ്. 

നമുക്ക് ഇന്നുള്ളത് മൊത്തം 2 ലക്ഷത്തിൽ താഴെ ആശുപത്രിക്കിടക്കകളും അതിൽത്തന്നെ 10000ൽ താഴെ ഇന്റെൻസീവ് കെയർ കിടക്കകളുമാണ്. വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകുകയാണെങ്കിൽ കൂടുതൽ ആശുപത്രിക്കിടക്കകളും തീവ്രപരിചരണ സംവിധാനങ്ങളും വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികൾ ഉൾപ്പെടുന്ന ഒരു പ്ലാൻ ബി സർക്കാരിന്റെ പരിഗണനയിലുണ്ട് എന്നറിയാം. പക്ഷേ, അടിയന്തര ഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനു പരിമിതികളേറെയാണ്. ആശുപത്രി സൗകര്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഇരട്ടിയിലധികം കഴിവുള്ള ഇറ്റലിയിൽ എന്തു നടക്കുന്നു എന്നതു നാം കാണുന്നുണ്ട്.

ഇതൊക്കെ കൊണ്ടാണ് സമൂഹത്തിൽ രോഗം പടരുന്നത് ഏതു വിധേനയും തടയുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം ജീവന്മരണ പ്രശ്നമാവുന്നത്. രോഗബാധിതരുടെ എണ്ണം ഇൗ ദിവസങ്ങളിൽ കുത്തനെ കൂടുന്നു എങ്കിലും കേരളത്തിൽ സമൂഹവ്യാപനം നടന്നതായി ഇനിയും തെളിവില്ല. സമൂഹത്തിൽ വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക (break the chain) എന്ന സർക്കാരും ആരോഗ്യ‌വകുപ്പും മുന്നോട്ടുവയ്ക്കുന്ന നടപടികൾ തന്നെയാണ് ഇപ്പോഴും നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി. നമുക്ക് ഓരോരുത്തർക്കും പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ഒരു രീതിയാണ് ഇത്. പക്ഷേ, ഇൗ അവസരം കൈവിട്ടുപോയാൽ ദുരന്തങ്ങളുടെ പെരുമഴയാണു കാത്തിരിക്കുന്നത് എന്ന കാര്യം ഓർമയിലുണ്ടായാൽ ഇപ്പോഴത്തെ ചില്ലറ അസൗകര്യങ്ങൾ നമുക്കു മറികടക്കാനാകും.   

(ലോകാരോഗ്യ സംഘടനയുടെ പാലിയേറ്റീവ് കെയർ മാതൃകാകേന്ദ്രം ഡയറക്ടറാണ് ലേഖകൻ) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA