sections
MORE

ലോകം പോരാടുന്ന വിധം: കോവിഡ് പ്രതിരോധത്തെക്കുറിച്ച് വിവിധ മേഖലകളിലുള്ളവർ

corona-world
SHARE

ന്യൂയോർക്കിനു ഭീതി, കരുതൽ ശക്തം 

ഡോ. സുനീഷ് നായർ, പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ  സ്പെഷലിസ്റ്റ്, ഹൂസ്റ്റൺ, യുഎസ്. ഇടുക്കി തൊടുപുഴ സ്വദേശി. 

കോവി‍ഡ് 19ന്റെ പശ്ചാത്തലത്തിൽ യുഎസിലെ 50 സംസ്ഥാനങ്ങളിൽ എട്ടെണ്ണത്തിലും ‘സ്റ്റേ അറ്റ് ഹോം’ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് അത്യാവശ്യമല്ലാത്ത എല്ലാ കൂടിച്ചേരലുകളും നിരോധിച്ചിരിക്കുന്നു. സർക്കാർ സ്ഥാപനങ്ങൾ, കാസിനോകൾ, ജിം, തിയറ്ററുകൾ, മാളുകൾ, സലൂണുകൾ എന്നിവയെല്ലാം പൂട്ടിക്കഴിഞ്ഞു. റസ്റ്ററന്റുകളും അടച്ചിട്ടുണ്ട്. ഭക്ഷണം ഓർഡർ ചെയ്താൽ വീട്ടിലെത്തിക്കും. സ്കൂളുകൾ പൂട്ടി ഫലപ്രദമായി ഓൺലൈൻ ക്ലാസുകൾ നടത്തുന്നു. കാലാവധി തീരുന്ന ലൈസൻസ്, പെർമിറ്റ് എന്നിവ പുതുക്കാൻ സമയം നീട്ടിനൽകിയിട്ടുണ്ട്. 

sunish
ഡോ. സുനീഷ് നായർ

പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും വീട്ടിനുള്ളിൽത്തന്നെ ഇരിക്കണമെന്നാണു കർശനനിർദേശം. ചെറിയ വ്യായാമമൊക്കെ ചെയ്യാൻ മാത്രമേ വെളിയിലിറങ്ങാവൂ. അവർ കൃത്യമായ സാമൂഹിക അകലം (6 അടി) പാലിക്കണം. അവരെ, കാണാനെത്തുന്നവരെ ടെംപറേച്ചർ പരിശോധിച്ച ശേഷമേ അതിനനുവദിക്കൂ. 

ലോകത്തെ ആകെ കോവിഡ് കേസുകളുടെ 5% ന്യൂയോർക്കിലാണ്. അതുകൊണ്ടുതന്നെ, കോവിഡിന്റെ പുതിയ പ്രഭവകേന്ദ്രം ന്യൂയോർക്ക് ആണെന്നു പറയാം. സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം ന്യൂയോർക്കിൽ 4 താൽക്കാലിക ആശുപത്രികളുടെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഇതുകൂടാതെ, ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി 4 ആശുപത്രികൾ നിർമിക്കുന്നു. ഓരോ ആശുപത്രിയിലും 250 കിടക്കകളും അത്യാധുനിക സൗകര്യങ്ങളും ഉണ്ടാകും. അതായത്, ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുങ്ങുന്നത് 8 ആശുപത്രികൾ. 

ന്യൂയോർക്കിൽ ‘റിസർവ്ഡ് മെഡിക്കൽ കോപ്സിനെ’ വിളിക്കേണ്ട സാഹചര്യമുണ്ട്. അതായത്, വിരമിച്ച ഡോക്ടർമാർ, നഴ്സുമാർ, പഠനം പൂർത്തിയാക്കാൻ ഏതാനും മാസം ബാക്കിയുള്ള മെഡിക്കൽ വിദ്യാർഥികൾ എന്നിവരുടെയെല്ലാം സേവനം തേടുന്നു. 

എല്ലാ സംസ്ഥാനങ്ങളും വളരെ ഗൗരവത്തോടെ സാഹചര്യത്തെ കണ്ട് മുന്നൊരുക്കങ്ങൾ നടത്തുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കൃത്യമായ ബോധവൽക്കരണം നൽകുന്നു. 

ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾ ഒഴികെയുള്ളവ താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നു. ഡോക്ടർമാരുടെ സേവനവും സാങ്കേതിക സൗകര്യങ്ങളും കോവിഡ് പ്രതിരോധത്തിനായി കരുതിവയ്ക്കുന്നതിന്റെ ഭാഗമായാണിത്. എങ്കിലും അടിയന്തര സഹായം വേണ്ടവർക്കു പരിചരണവും ഓൺലൈൻ കൺസൽറ്റേഷനും  ലഭ്യമാക്കും. നേരത്തേ, രോഗിയെ നേരിട്ടുകണ്ടു തന്നെ ചികിത്സിക്കണമെന്നായിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അത്തരം നിയന്ത്രണങ്ങൾ ലഘൂകരിച്ചിരിക്കുന്നു. 

മറ്റിടങ്ങളിലെപ്പോലെ മാസ്കുകൾ, ഗൗണുകൾ എന്നിവയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട്, അവയെല്ലാം കൃത്യമായ ‘റേഷനിങ്ങിലൂടെ’ നൽകുന്നു. ലഭ്യതക്കുറവ് രൂക്ഷമായാൽ ഇവയൊക്കെ നിർമിക്കാനാവശ്യമായ തയാറെടുപ്പുകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം നടത്തിക്കഴിഞ്ഞു. 

ശ്രദ്ധിക്കേണ്ടത്: രോഗം ഗുരുതരമാകുന്നവരെ ചികിത്സിക്കാൻ വെന്റിലേറ്ററുകൾ, ഐസിയു യൂണിറ്റുകൾ എന്നിവയൊക്കെ വേണ്ടിവരും. രോഗികളുടെ എണ്ണം ക്രമാതീതമായാൽ ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും അതു കൈകാര്യം ചെയ്യാനാകില്ല. കാര്യങ്ങൾ കൈവിട്ടുപോകും. ഇറ്റലിയിലൊക്കെ കണ്ടത് അതാണ്. സാമൂഹിക അകലം പാലിച്ച്, പരമാവധി വീട്ടിലിരുന്ന് രോഗം പടരുന്നതിന്റെ തോതു കുറയ്ക്കുകയാണു പോംവഴി. അതിനാലാണ്, പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ നിർദേശങ്ങൾ നൽകുന്നത്. 

പക്ഷേ, പലർക്കും കാര്യങ്ങളുടെ ഗൗരവം മനസ്സിലാകുന്നില്ല എന്നു വേണം കരുതാൻ. ജനതാ കർഫ്യൂവിനു പിന്നാലെ ഉത്തരേന്ത്യയിൽനിന്നൊക്കെ പുറത്തുവന്ന വിഡിയോകൾ സൂചിപ്പിക്കുന്നത് അതാണ്. ആരോഗ്യപ്രവർത്തകരെ അനുമോദിക്കാനെന്ന പേരിൽ ഒട്ടേറെപ്പേർ കൂട്ടമായി തെരുവിലിറങ്ങി. ജനതാ കർഫ്യൂവിന്റെ ഉദ്ദേശ്യലക്ഷ്യത്തെത്തന്നെ അത് ഇല്ലാതാക്കിക്കളഞ്ഞു. അതു പാടില്ലായിരുന്നു. നാം കൂടുതൽ ശ്രദ്ധ ചെലുത്തണം. 

sino
സിനോ ജോസഫ് കണ്ടത്തിൽ

യുകെയിൽ ഉയരുന്നു  ആശങ്കയുടെ ഗ്രാഫ്

സിനോ ജോസഫ് കണ്ടത്തിൽ, ഇംഗ്ലണ്ടിലെ നാഷനൽ ഹെൽത്ത് സർവീസ് ലോങ് ടേം കണ്ടിഷൻസ് മാനേജർ. ഇപ്പോൾ കോവിഡ് 19 രോഗപരിശോധന നിർവഹിക്കുന്ന കമ്യൂണിറ്റി സ്വാബിങ് ടീം ലീഡായി ജോലി ചെയ്യുന്നു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി 

മാർച്ച് 9നു യുകെയിൽ 50 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, രണ്ടാഴ്ച പിന്നിട്ട് മാർച്ച് 21ന് അത് ആയിരം കടന്നു. ഒരു ദിവസം പുതിയതായി 1000 രോഗികൾ കൂടി! രോഗവ്യാപനം എത്ര വേഗത്തിലാണെന്നു വ്യക്തമാക്കുന്നതാണ് ഈ കണക്ക്. യുകെയിലുള്ള മലയാളികളിൽ ബഹുഭൂരിപക്ഷം പേരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരായതിനാൽ രോഗത്തെക്കുറിച്ചും അതു പകരുന്ന രീതികളെക്കുറിച്ചും ബോധവാന്മാരാണ്.

സ്വയം സുരക്ഷിതരായിരിക്കാൻ എല്ലാവരും ആത്മാർഥമായി ശ്രമിക്കുന്നുണ്ട്. എന്നാൽ, ക്ഷാമം വരുമെന്നു ഭയന്നു ജനങ്ങൾ സൂപ്പർ മാർക്കറ്റുകൾ കാലിയാക്കുന്നതിന്റെ പേരലുള്ള തലവേദനയാണിപ്പോൾ കൂടുതൽ. 

പക്ഷേ, യുകെയിൽ കോവിഡ് രോഗവ്യാപനത്തിന്റെ ഗ്രാഫ് ഇങ്ങനെ കുത്തനെ ഉയരുന്നതു നല്ല ലക്ഷണമല്ല.  ഇവിടത്തെ ജനസംഖ്യയിൽ നല്ലൊരു പങ്കു വയോധികരാണ് എന്നതാണു കാരണം. കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങുന്നവരിലേറെയും പ്രായം ചെന്നവരാണല്ലോ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുതൽ പ്രമേഹം ഉൾപ്പെടെയുള്ള വിവിധ ജീവിതശൈലീ രോഗങ്ങളുള്ളവരാണ് ഈ വയോധികരിൽ അധികവും. 

കേരളത്തിലേതു പോലെ കോവിഡ് രോഗബാധിതരെപ്പറ്റിയുള്ള അധികം  വിവരങ്ങളൊന്നും ഇവിടെ ലഭ്യമല്ല. കോവിഡ് പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ് പ്രസിദ്ധീകരിക്കുന്ന കേരളത്തിന്റെ നടപടി മികച്ച മാതൃകയാണ്. രോഗിയുമായി അടുത്തിടപഴകിയവർക്കും രോഗിയുടെ സഞ്ചാരപഥത്തിലുണ്ടായിരുന്നവർക്കും മുൻകരുതലെടുക്കാൻ സാധിക്കും.

എന്നാൽ, ഇവിടെ അങ്ങനെയൊരു രീതിയില്ല. നാഷനൽ ഹെൽത്ത് സർവീസസ് (എൻഎച്ച്എസ്) വഴിയാണ് ഇവിടത്തെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ. ഒരാൾക്കു കോവിഡ് ആണെന്നു സംശയം തോന്നിയാൽ എൻഎച്ച്എസ് 111 എന്ന നമ്പരിൽ വിളിച്ചു വിവരമറിയിക്കുകയാണ് ആദ്യം വേണ്ടത്. 

കോവിഡ് സ്ഥിരീകരിച്ചാൽ രോഗത്തിന്റെ ഗൗരവമനുസരിച്ചു ചികിത്സ നിർദേശിക്കും. നേരിട്ട് ആശുപത്രിയിൽ ചികിത്സ തേടുന്ന സംവിധാനമില്ല. അതുകൊണ്ടു തന്നെ, രോഗപ്പകർച്ചയുടെ യഥാർഥ ചിത്രം കിട്ടുക എളുപ്പമല്ല. 

ഇംഗ്ലണ്ട് പബ്ലിക് ഹെൽത്തിന്റെ വെബ്സൈറ്റിൽ രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുന്നത് അതിൽ വ്യക്തം. അയൽരാജ്യമായ ഇറ്റലിയിലേതു പോലെ, രോഗവ്യാപനം നിയന്ത്രണാതീതമായാൽ അതു വലിയ ആഘാതമാകും.

nigil
ഡോ. നിജിൽ ഹാറൂൺ

നടപടി കടുപ്പിച്ച് കാനഡ

ഡോ. നിജിൽ ഹാറൂൺ,  അസോഷ്യേറ്റ് പ്രഫസർ ഓഫ് മെഡിസിൻ ആൻഡ് റുമാറ്റോളജി, ടൊറന്റോ സർവകലാശാല, കാനഡ. തിരുവനന്തപുരം സ്വദേശി. 

കോവിഡ് 19 ലോകമെങ്ങും പടർന്നുപിടിക്കുകയാണ്. ഇതുവരെ മൂന്നരലക്ഷത്തോളം പേർക്കു രോഗം ബാധിച്ചു. ഒരു ലക്ഷത്തിലധികം പേർ സുഖപ്പെട്ടു, പതിനയ്യായിരത്തിലധികം പേർ മരിച്ചു. കാനഡയുടെ ജനസംഖ്യ ഏകദേശം മൂന്നരക്കോടിയാണ്. മാപ്പിൽ കാനഡ വലിയ രാജ്യമാണെങ്കിലും അമേരിക്കൻ ജനസംഖ്യയുടെ പത്തിലൊന്നേ ഇവിടെയുള്ളൂ. റിപ്പോർട്ടുകൾ പ്രകാരം ആയിരത്തഞ്ഞൂറോളം പേർക്ക് കാനഡയിൽ കോവിഡ് ബാധിച്ചിട്ടുണ്ട്. 20 മരണം സംഭവിച്ചു.

ജനുവരി 28നാണ് കാന‍ഡയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. വുഹാനിൽനിന്നു വന്ന മധ്യവയസ്കനാണ് ആദ്യം രോഗമുണ്ടായത്. അതിനു ശേഷം പല രാജ്യങ്ങളിൽനിന്നു വന്നവർക്കും രോഗം പിടിപെട്ടു. എന്നാൽ, ഏറ്റവും പുതിയ നിരീക്ഷണങ്ങൾ അനുസരിച്ച്, നിലവിൽ രോഗം ബാധിച്ചവരിൽ 50% പേർക്ക് യാത്ര ചെയ്ത പശ്ചാത്തലമില്ല. അങ്ങനെയാണു കാനഡയിൽ സമൂഹവ്യാപനം ഉണ്ടെന്ന വസ്തുത മനസ്സിലാക്കിയത്. ഇതുമൂലം വളരെയധികം ആളുകൾക്ക് രോഗം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. കാനഡയിലെ കേന്ദ്ര, പ്രവിശ്യാ ഭരണകൂടങ്ങളും ആരോഗ്യമേഖലാ ജീവനക്കാരും വളരെ സൂക്ഷ്മമായി കേസുകൾ പഠിക്കുകയും രോഗം പടരുന്നതു മനസ്സിലാക്കുകയും ചെയ്തു. 

തുടർന്ന് രാജ്യാന്തര വിമാനയാത്രയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അത്യാവശ്യഘട്ടത്തിലെ ഒഴിച്ചുകൂടാനാകാത്ത വിദേശയാത്ര 4 വിമാനത്താവളങ്ങളിലൂടെ മാത്രമാക്കി. ഭക്ഷണശാലകൾ, അവശ്യസ്വഭാവമില്ലാത്ത സ്ഥാപനങ്ങൾ എന്നിവ അടയ്ക്കാൻ നിർദേശം വന്നുകഴിഞ്ഞു. ലൈബ്രറികളും ദേശീയോദ്യാനങ്ങളും അടച്ചു. തെരുവുകൾ വിജനമാണ്. 

കനേഡിയൻ അധികൃതർ ദ്രുതഗതിയിൽ പ്രതിരോധ നടപടികളെടുത്തിട്ടുണ്ടെന്ന് ഇതിൽനിന്നൊക്കെ മനസ്സിലാക്കാവുന്നതാണ്. ഇത്തരം കർശന നിയന്ത്രണ നടപടികളാൽ ഈ രോഗബാധയെ ചെറുക്കാൻ കഴിയുമെന്നു വിശ്വസിക്കാം.

wuhan
നോറാ സിയാങ്.

വുഹാനിൽ വേദന ബാക്കി 

നോറാ സിയാങ്, കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ സ്വദേശിനി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി.

ഇവിടെ, വുഹാനിൽ കോവിഡ് ബാധയ്ക്കു കുറവുണ്ടായെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി വിദേശത്തുള്ള പല സുഹൃത്തുക്കളും പറയുന്നു. എനിക്കതു പൂർണമായി വിശ്വസിക്കാനാവുന്നില്ല. ഇനിയും പല കേസുകളും ഭേദമാകാനുണ്ടെന്നാണു തോന്നുന്നത്. താൽക്കാലിക ആശുപത്രികളിൽ പലതും അടച്ചുവെന്നും വാർത്തയുണ്ട്. പക്ഷേ, ഞങ്ങളെ വീടിനു പുറത്ത് ഇറങ്ങാൻ അനുവദിച്ചിട്ടില്ല. രോഗഭീതി നിലനിൽക്കുന്നു എന്നല്ലേ അതിനർഥം?

ഓൺലൈനായി ഓർഡർ ചെയ്താൽ ഭക്ഷണം വീട്ടുവാതിൽക്കൽ കിട്ടുന്നുണ്ട്. പാകം ചെയ്യാത്ത സാധനങ്ങൾ മാത്രം. സെൻട്രൽ വുഹാനിൽ പാകം ചെയ്ത ഭക്ഷണം ഓൺലൈനായി കിട്ടുന്നുണ്ടെന്നു കേൾക്കുന്നു. 

നഗരകേന്ദ്രത്തിൽ കൂടുതൽ സൂപ്പർ മാർക്കറ്റുകൾ തുറക്കുന്നതായി സുഹൃത്തു പറഞ്ഞു. പക്ഷേ അവിടേക്കു പോകാൻ കടുത്ത നിയന്ത്രണങ്ങളാണ്. പൂർണ ആരോഗ്യമില്ലാത്ത ആളുകൾ പുറത്തിറങ്ങിയാൽ കുടുങ്ങും. മോശം ആരോഗ്യസ്ഥിതിയിലുള്ളവരെ പുറത്തുവച്ചു പിടികൂടിയാൽ തിരിച്ചയയ്ക്കും. ശിക്ഷിച്ചതായി ഇതുവരെ കേട്ടില്ല.

ഞങ്ങളുടെ വീടുൾപ്പെടുന്ന പ്രദേശത്ത് ആറായിരത്തോളം കുടുംബങ്ങളുണ്ട്. ഈ സമുച്ചയത്തിനകത്തു വേണമെങ്കി‍ൽ ഇറങ്ങിനടക്കാം. പുറത്തേക്കു വിടില്ല. 24 മണിക്കൂറും കവാടങ്ങളിൽ കാവലുണ്ട്. പുറംലോകത്ത് എന്തു നടക്കുന്നു എന്നറിയാൻ മാർഗമില്ല. ഔദ്യോഗിക മാധ്യമങ്ങൾ പറയുന്നതു ഞാൻ പൂർണമായി വിശ്വസിക്കുന്നില്ല. ഭരണകൂടം ചെയ്തതെല്ലാം വിവേകപൂർണമായ, നല്ല തീരുമാനങ്ങളും നടപടികളുമാണെന്ന് കൂടെക്കൂടെ പറഞ്ഞുകൊണ്ടിരിക്കുന്നത് എത്ര ബോറാണ്?

പൊതുഗതാഗത സംവിധാനം പുനഃസ്ഥാപിച്ചിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥർക്കു ജോലിക്കു പോകാം. മറ്റുള്ളവർക്കു പൊതുസേവനങ്ങൾക്കു വൊളന്റിയറായും പോകാം. മറ്റു തൊഴിൽ മേഖലകളെല്ലാം നിർജീവമാണ്. ചിലരൊക്കെ പാർപ്പിടസമുച്ചയങ്ങളിലെ മറ്റുള്ളവർക്കുവേണ്ടി ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോകുന്നുണ്ട്. മറ്റൊരു തരത്തിലും സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല.

ഹ്യൂബെയ് പ്രവിശ്യയിൽ സ്ഥിതി മെച്ചപ്പെടുന്നു എന്നാണു റിപ്പോർട്ടുകൾ. വുഹാൻ എന്നു സ്വതന്ത്രമാകും എന്നറിയില്ല. ഞാൻ ഷാങ്ഹായിൽ ഹൗസിങ് ഏജന്റായി ജോലി ചെയ്യുന്നയാളാണ്. രോഗബാധയെക്കുറിച്ചു കേട്ടപ്പോൾ ഷാങ്ഹായിലെ അപ്പാർട്മെന്റ് പൂട്ടി നേരെ വുഹാനിലേക്കു വണ്ടി കയറുകയായിരുന്നു. ഒന്നും കയ്യിലെടുത്തില്ല. ശമ്പളം കിട്ടിയിട്ടു മാസം മൂന്നായി. വേറെ വരുമാനമില്ല. പക്ഷേ, ഷാങ്ഹായിലെ അപ്പാർട്മെന്റിനു ഞാൻ ഇപ്പോഴും വാടക കൊടുത്തുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞയാഴ്ച ഇറ്റലിക്കാരുടെ അനുഭവങ്ങൾ ടിവിയിൽ കണ്ടപ്പോൾ ഞാൻ ശബ്ദമുണ്ടാക്കാതെ കരഞ്ഞുപോയി. അന്നേരം എന്റെ അച്ഛനും അമ്മയും ഉറക്കമായിരുന്നു. അവർ സ്വസ്ഥമായിരിക്കട്ടെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA