ADVERTISEMENT

വടക്കുകിഴക്കൻ ഡൽഹിയിൽ എത്രയോ പൂക്കൾ കൊഴിഞ്ഞുവീണു; എത്രയോ പൂക്കൾ ചവിട്ടിയരയ്ക്കപ്പെട്ടു.

അറിയില്ല ആർക്കും. കൃത്യമായ വിവരങ്ങളില്ല.

ഫെബ്രുവരിയിൽ അവിടെ നടന്ന കലാപത്തിൽ അൻപതോളം പേർ മരിച്ചു എന്നാണു കണക്ക്.

ഒരുപക്ഷേ, അതിൽ കൂടുതലാവാം.

കൊഴിഞ്ഞുവീണ ഓരോ പൂവിനും ഓരോ മനസ്സുണ്ടായിരുന്നു. ആ മനസ്സുകളിൽ എത്രയെത്ര പൂക്കൾ വിടർന്നു നിന്നിട്ടുണ്ടാവണം. ആരും കാണാത്ത പൂക്കൾ. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും പ്രതീക്ഷകളുടെയും പൂക്കൾ.

ഒരു കലാപത്തിലും പൂക്കൾ വിരിയുന്നില്ല, കൊഴിയുന്നതേയുള്ളൂ. ഓരോ കലാപത്തിനുംശേഷം പുതിയ പൂക്കൾ വിടരാൻ കാലമെടുക്കും. മടിച്ചുമടിച്ചു വിരിയുന്ന പൂക്കളുടെ ഇതളുകളിൽ ഒരു കണ്ണീർക്കണം പേടിച്ചു പേടിച്ചു നിൽക്കുന്നുണ്ടാവും.

ഫെബ്രുവരിയിലെ കലാപത്തിനുശേഷം മാർച്ച് ആദ്യം കുട്ടികൾക്കു പരീക്ഷ വന്നു.

ഒരുപാടുപേർ പരീക്ഷ എഴുതാൻ വന്നില്ല. വന്നവരുടെ ഓമനമുഖങ്ങൾ വാടിയ പൂവു പോലെയായിരുന്നു.

അവരെ സ്വീകരിക്കാൻ പൊലീസ് ഓരോ റോസാപ്പൂവ് കരുതിവച്ചിരുന്നു. പേടി മാറാത്ത കൈകൾ നീട്ടി, പൂക്കൾ വാങ്ങി, കുട്ടികൾ പരീക്ഷാ ഹാളിലേക്കു കയറി.

ഇനിയും നമ്മൾ റോസാപ്പൂക്കൾ കരുതിവയ്ക്കേണ്ടതുണ്ട്; തേർവാഴ്ച അവസാനിപ്പിച്ച് കോവിഡ് – 19 പിൻവാങ്ങിക്കഴിയുമ്പോൾ അവ നമുക്ക് ആവശ്യം വരും.

ഈ കോവിഡിയൻ കാലത്ത് രാപകൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ ആരോഗ്യ പ്രവർത്തകർക്കെല്ലാം സമ്മാനിക്കാൻ; നാടിന്റെ രക്ഷയ്ക്കായി കഠിനാധ്വാനം ചെയ്യുന്ന പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും നന്ദിസൂചകമായി നൽകാൻ.

നാടിന്റെ നന്മയെക്കരുതി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും നൽകപ്പെടുന്ന നിർദേശങ്ങളും നാം പാലിക്കുന്നുണ്ടെങ്കിൽ, എങ്കിൽ മാത്രം, നമുക്കു പരസ്പരം ഓരോ റോസാപ്പൂ കൈമാറാനും അവകാശമുണ്ടാവും.

ഉണ്ടാവട്ടെ, അങ്ങനെയൊരു പൂക്കാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com