ADVERTISEMENT

കോവിഡ് തടയാനുള്ള ലോക്ഡൗണിലാണല്ലോ നമ്മൾ. ഈ ഘട്ടത്തിൽ വൈറസ് ബാധ തടയുന്നതെങ്ങനെ

വൈറസ് ബാധിക്കുന്നത് ആളുകളിലൂടെയും വസ്തുക്കളിലൂടെയുമാണ്. ഇവയുടെ സഞ്ചാരവും കൈമാറ്റവും കാര്യക്ഷമായി നിയന്ത്രിച്ച്, സാമൂഹിക അകലം പാലിച്ചാൽ വൈറസിന്റെ ചങ്ങല പൊട്ടിക്കാം. 3 ആഴ്ച ലോക്ഡൗൺ കൊണ്ട് കോവിഡിനെതിരെ കാര്യക്ഷമമായ പ്രതിരോധം ഒരുക്കാം. രോഗികളുടെ എണ്ണം പരിധിവിട്ടാൽ ചികിത്സാ സൗകര്യങ്ങൾ മതിയാകില്ല. ഇറ്റലി, ചൈന എന്നിവിടങ്ങളിൽ സംഭവിച്ചതു പോലെ രക്ഷപ്പെടാൻ സാധ്യതയില്ലാത്തവരെ മരിക്കാൻ വിടേണ്ടി വരും. നമ്മുടെ രാജ്യത്ത് ഈ സാഹചര്യമുണ്ടാകാതെ നോക്കേണ്ടതുണ്ട്.

21 ദിവസത്തെ ലോക് ഡൗൺ കാര്യക്ഷമമാണോ

തീർച്ചയായും ഇതു വൈറസ് വ്യാപനം തടയും. ജനതാ കർഫ്യൂവിന്റെ പിറ്റേന്ന് ഒന്നും സംഭവിക്കാത്തതു പോലെ ആളുകൾ പുറത്തിറങ്ങി. പലർക്കും സാമൂഹിക അകലത്തിന്റെ ഗൗരവം മനസ്സിലായില്ല. എന്നാൽ, മൂന്നാഴ്ചത്തെ വീട്ടിലിരിപ്പിനു ശേഷം ജനങ്ങളുടെ ജീവിതരീതി തന്നെ മാറും. രോഗവ്യാപനത്തിന്റെ ഗൗരവം അവർ ഉൾക്കൊള്ളും. പ്രതിരോധത്തിൽ ഇതു വലിയ ചുവടാണ്.

ലോക്ഡൗണിനു ശേഷം കാര്യങ്ങൾ പഴയപടിയാകുമോ

ലോക്ഡൗണിനു ശേഷവും രോഗികൾ ഉണ്ടാകും. അതു ചില പോക്കറ്റുകളിൽ ഒതുങ്ങും. വിദേശത്തു നിന്നുള്ളവരുടെ വരവ് ഇല്ലാതായതോടെ അടുത്ത ഘട്ടങ്ങളിൽ പുതിയ രോഗവാഹകർ ഉണ്ടായേക്കില്ല. കേരളത്തിൽ രോഗവ്യാപനത്തിനു കാരണം ഗൾഫ് മലയാളികളുടെ ഒഴുക്കാണ്. ഇവരിൽ പലരും ക്വാറന്റീനിൽ കഴിഞ്ഞിരുന്നെങ്കിൽ രോഗികളുടെ എണ്ണം കുറയ്ക്കാമായിരുന്നു. 80% ആളുകളിലും ചെറു ജലദോഷത്തിന്റെ ലക്ഷണമേ ആദ്യം ഉണ്ടാകൂ. ആദ്യഘട്ടത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തതിനു പിന്നിലെ കാരണം ഇതാണ്.

ആരോഗ്യ പ്രവർത്തകർക്കുള്ള സുരക്ഷാ സാമഗ്രികളുടെ ലഭ്യതക്കുറവിനെ എങ്ങനെ മറികടക്കാം

ഇന്ത്യൻ കമ്പനികൾ വേണ്ടത്ര സുരക്ഷാ സാമഗ്രികൾ നിർമിക്കുന്നുണ്ട്. ഇവ ഉറപ്പുവരുത്തേണ്ടതു സംസ്ഥാന സർക്കാരുകളുടെ ചുമതലയാണ്. 130 കോടി ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ നിലവിൽ കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണ്. അതിനാൽ നമുക്കു രോഗപ്രതിരോധശേഷി കൂടുതലാണെന്നും വേനൽ ചൂട് വൈറസുകളെ ഇല്ലാതാക്കുമെന്നും ധരിക്കുന്നത് അബദ്ധമാകും. യാഥാർഥ്യം ഇതല്ല. ലോകത്തെ മറ്റു രാജ്യക്കാരിൽനിന്നു വ്യത്യസ്തരല്ല നമ്മൾ.

ആരോഗ്യ പ്രവർത്തകരെ സമൂഹം അകറ്റി നിർത്തുന്നതു പോലുള്ള കടമ്പകൾ എങ്ങനെ മറികടക്കാം

ഇത്തരം സമീപനം അപകടകരമാണ്. തീവ്രപരിചരണ വിഭാഗത്തിലും മറ്റും ജോലി ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും അതിനു തയാറാകുന്നതു രാജ്യസ്നേഹവും കരുണയും ഉള്ളതു കൊണ്ടാണ്. സ്വന്തം ജീവൻ അപകടത്തിലാക്കിയാണ് അവർ ജോലി ചെയ്യുന്നത്. എല്ലാ മുൻകരുതലുമെടുക്കുന്ന അവർ ഒരിക്കലും രോഗവാഹകരല്ല. അവരെ അകറ്റിനിർത്തിയാൽ നമ്മെ ആരും ചികിത്സിക്കും? ഇത്തരം വിവേചനങ്ങൾക്കു സമൂഹം വില നൽകേണ്ടി വരും.

ദിനപത്രങ്ങളിലൂടെയും മറ്റും രോഗം പടരുമെന്ന ദുഷ്പ്രചാരണം ഏറെ. ഇതിന്റെ സത്യാവസ്ഥ എന്താണ്

ഇത്തരം ഘട്ടങ്ങളിൽ ആളുകൾ വളരെ വിചിത്രമായാണു പെരുമാറുന്നത്. പത്രങ്ങളിലൂടെ രോഗം പടർന്ന ചരിത്രം ലോകത്തെങ്ങുമില്ല. രോഗവ്യാപനം കുറയുന്നതോടെ ഈ സങ്കുചിത മനോഭാവം മാറും.

Content Highlights: Kovid, mughadhavil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com