ADVERTISEMENT

മൂന്നാം ലോകയുദ്ധം വെള്ളത്തെച്ചൊല്ലിയാകും എന്നു പ്രവചിച്ച പരിസ്ഥിതി കോവിദൻമാരും വാട്ടർമാൻമാരുമുണ്ട്. മൂന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞു. എന്നാൽ, അതു വെള്ളത്തെച്ചൊല്ലിയല്ലെന്നു മാത്രം. അതു കോവിഡിനോടാണ്. ഏതായാലും കോവിദൻമാർക്ക് ആശ്വസിക്കാം. കോവിദൻ എന്ന വാക്കിന്റെ ഇംഗ്ലിഷാണു കോവിഡ് എന്നു വാദിച്ചു സായൂജ്യമടയാം.

ഒന്നും രണ്ടും ലോകയുദ്ധങ്ങളിൽ നേരിട്ടു പങ്കാളിയായ രാജ്യങ്ങൾ കുറവാണ്. എന്നാൽ മൂന്നാം ലോകയുദ്ധത്തിൽ പങ്കെടുക്കാത്ത രാജ്യങ്ങളാണു കുറവ് – ഏറിയാൽ നാലോ അഞ്ചോ. ഏറെ വൈകാതെ പക്ഷം പിടിക്കേണ്ടി വരും. ഇല്ലെങ്കിൽ, നിങ്ങൾ ഏതു ചേരിയിലെന്നു ചോദ്യമുയരും, തീർച്ച. മനുഷ്യകുലത്തോടൊപ്പമോ കൊറോണ വൈറസിനൊപ്പമോ ? രോഗം കുറ്റമല്ല, പാപവുമല്ല. കൊറോണ വൈറസ് ദൈവശാപമാണെന്നു പ്രചരിപ്പിക്കുന്നവർ ദൈവത്തിന്റെ മുന്നിലൊന്നും ചെന്ന് ഇതുപറയരുത്. ദൈവം ശപിച്ചു ഭസ്മമാക്കിക്കളയും.

ചൈനയിലും ഇറ്റലിയിലും സ്പെയിനിലും ഇറാനിലും യുഎസിലും യുകെയിലുമെല്ലാം കോവിഡ് വിരുദ്ധ യുദ്ധം എങ്ങനെ പുരോഗമിക്കുന്നുവെന്നു കേട്ടറിവു മാത്രമേയുള്ളൂ. എന്നാൽ, കേരളത്തിലെ യുദ്ധം എങ്ങനെയാണെന്നു കണ്ടറിവുണ്ട്. ആദ്യ ഘട്ടത്തിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചറാണു പട നയിച്ചത്. ഝാൻസി റാണിയെപ്പോലെ അവർ ദൗത്യം നിർവഹിച്ചുവെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. എന്നാൽ, യുദ്ധങ്ങളിൽ വനിതകൾക്കു കമാൻഡ് സ്ഥാനങ്ങൾ നൽകണമെന്നു സുപ്രീം കോടതി വിധി വന്നിട്ടേയുള്ളൂ. അതു നടപ്പാകാൻ ഇനിയും ഏറെക്കാലമെടുക്കും. അതു മുന്നിൽ കണ്ടാണു പിണറായി സഖാവ് സുപ്രീം കമാൻഡർ പദവി ഏറ്റെടുത്തത്.

സഖാവ് നാട്ടുകാർക്കു മാത്രമല്ല, അതിഥി തൊഴിലാളികൾക്കും വാരിക്കോരി കൊടുക്കുന്നുണ്ട്. പോരാത്തതിനു തെരുവുനായ്ക്കൾക്കും കുരങ്ങന്മാർക്കുമെല്ലാം. യുദ്ധത്തിൽ സഖ്യകക്ഷികളാകാൻ വരുന്നവരുടെ നാളും പക്കവും ജാതകവുമൊന്നും തിരക്കേണ്ട കാര്യമില്ല. രാവണനോടു യുദ്ധത്തിനിറങ്ങുമ്പോൾ ശ്രീരാമചന്ദ്രൻ കൂടെക്കൂട്ടിയതു വാനരവീരന്മാരെയും പക്ഷിശ്രേഷ്ഠന്മാരായ ജടായുവിനെയും സമ്പാതിയെയും ഒക്കെയാണെന്ന് പിണറായി സഖാവിനും അറിയാം. ശ്രീരാമചന്ദ്രൻ വിളിച്ചാൽ സഖ്യകക്ഷികളാകാൻ രാജാക്കന്മാർ ചെവി വട്ടംപിടിച്ചു നിൽക്കുമ്പോഴാണ് അദ്ദേഹം കുരങ്ങന്മാരെയും പക്ഷികളെയും കൂടെക്കൂട്ടിയത്.

തൽക്കാലം കൊറോണയ്ക്കു കേരളത്തിൽ വലിയതോതിൽ മുന്നേറാൻ കഴിഞ്ഞിട്ടില്ലെന്നതു സത്യം. പക്ഷേ, രോഗം കയ്യിൽവച്ചു കല്യാണത്തിനും നൂലുകെട്ടിനും ഉത്സവത്തിനും പെരുന്നാളിനും ഫുട്ബോൾ ടൂർണമെന്റിനുമെല്ലാം കറങ്ങി നടക്കുന്ന ആളുകളാണു ഭീഷണി. രോഗത്തിനിടയിൽ, നിയമസഭയിലും പള്ളിയിലും പാർട്ടി പരിപാടിക്കുമെല്ലാം പോയ ഇടുക്കിയിലെ നേതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വൈറസിനെ പേടിച്ചു പൊതുപ്രവർത്തകർക്കു ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിൽനിന്നു മാറിനിൽക്കാൻ പറ്റുമോ ?!

കോവിഡിനെതിരെ വെടിയൊച്ചകൾ 

കയ്യടിച്ചോ മണിയടിച്ചോ കിണ്ണം മുട്ടിയോ പാട്ട കൊട്ടിയോ വൈറസിനെ പേടിപ്പിക്കാൻ പറ്റില്ലെന്നു മഞ്ഞളാംകുഴി അലി എംഎൽഎയ്ക്കു നന്നായറിയാം. അതുകൊണ്ടാണു ജനതാ കർഫ്യൂ ദിനത്തിൽ അദ്ദേഹം വീട്ടിൽനിന്ന് ഉശിരൻ വെടികളുതിർത്തത്. അതോടെ പെരിന്തൽമണ്ണ, മങ്കട തുടങ്ങിയ മണ്ഡലങ്ങൾ കൊറോണ മുക്തമായെന്നാണു വിലയിരുത്തൽ.

മൂട്ടയെ കൊല്ലാൻ പീരങ്കി പ്രയോഗിക്കുന്ന നാട്ടിൽ വൈറസിനെ തോൽപിക്കാൻ ഏറ്റവും നല്ല ആയുധം തോക്കുതന്നെ. ഏതെല്ലാം എംഎൽഎമാർക്കു തോക്കു ലൈസൻസുണ്ടെന്നു നിയമസഭയുടെ ‘ഇന്നവനാര്’ (ഹൂ ഈസ് ഹൂ) പുസ്തകത്തിൽ പറയുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനു സ്വന്തമായി തോക്കുള്ള കാര്യം നാട്ടുകാർ അറിഞ്ഞതു ചെന്നൈ വിമാനത്താവളത്തിൽ അദ്ദേഹത്തിന്റെ ബാഗിൽ ഉണ്ട കണ്ടെത്തിയപ്പോഴാണ്. പി.സി. ജോർജിനു തോക്ക് മൂന്നാണ്. അതിൽ ബൊഫോഴ്സ്, എകെ 47 എന്നിവയുണ്ടെന്നാണ് ഈരാറ്റുപേട്ടക്കാർ പറയുന്നത്. ഏതായാലും അദ്ദേഹത്തിന്റെ അരയിൽ ഒരു പിസ്റ്റൾ വിശ്രമിക്കുന്നുണ്ടെന്ന് ഈരാറ്റുപേട്ട റെസ്റ്റ് ഹൗസിൽ ഏതോ ഉദ്യോഗസ്ഥനു നേരെ ചൂണ്ടിയതോടെ ജനത്തിനു വിശ്വാസമായി.

വൈറസിനോടുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ സ്പീക്കർ ഇടപെട്ട് മറ്റ് എംഎൽഎമാർക്കെല്ലാം ഗൺ ലൈസൻസ് വാങ്ങിക്കൊടുക്കണം. വേണമെങ്കിൽ തോക്കു പ്രയോഗിക്കുന്നതിൽ എംഎൽഎമാർക്കു പരിശീലനം നൽകാൻ നിയമസഭയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസിന്റെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ ശിൽപശാല സംഘടിപ്പിച്ചാലും ആരും കുറ്റം പറയില്ല.

കൊറോണക്കാലത്തെ പുനഃസംഘടന

കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ പറ്റിയതു കൊറോണക്കാലം തന്നെയാണെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ഒരു പ്രസിഡന്റ്, 12 വൈസ് പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ എന്നിവരെക്കൊണ്ടു കെപിസിസിയുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനാവില്ല. അതിനാണു കാക്കത്തൊള്ളായിരം സെക്രട്ടറിമാരെക്കൂടി നിയമിക്കുന്നത്. ഇപ്പോഴത്തെ കണക്കു പ്രകാരം അവരുടെ എണ്ണം എൺപതിൽ കുറയില്ലെന്നാണു കേൾക്കുന്നത്.

നെയ്യ് കൂടിയതുകൊണ്ട് അപ്പം മോശമായ സംഭവങ്ങൾ ലോകത്തിൽ ഒരു ഭാഗത്തുനിന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഗതി നടക്കുന്നതു കൊറോണക്കാലത്തായതു കൊണ്ടു ചില ഗുണങ്ങളുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാലും ഗതാഗതം പൂർണമായി സ്തംഭനത്തിലായതിനാലും ആരും പരാതിയുമായി കെപിസിസി ഓഫിസിൽ വരില്ല. ഏതെങ്കിലും പരാതിക്കാരൻ മരുന്നിന്റെ കുറിപ്പടിയും മറ്റും കാണിച്ചു പൊലീസിനെ പറ്റിച്ചു വണ്ടിയും പിടിച്ചു വന്നാൽത്തന്നെ പ്രസിഡന്റ് അടക്കമുള്ള കെപിസിസി ഭാരവാഹികൾ സമ്പർക്ക വിലക്കിലാണ്. പ്രസിഡന്റ് അതു സ്വൽപം നേരത്തേ പ്രഖ്യാപിച്ചതാണെന്നു മാത്രം. ട്രെയിനും ഫ്ലൈറ്റുമെല്ലാം റദ്ദാക്കിയതോടെ ഹൈക്കമാൻഡിൽ നേരിട്ടു പരാതി നൽകാനുള്ള പഴുതും അടഞ്ഞിരിക്കുകയാണ്.

കൊറോണക്കാലമായതിനാൽ ഭാരവാഹികളുടെ യോഗം അടുത്തൊന്നും വിളിക്കേണ്ടി വരില്ല. വിളിക്കണമെങ്കിൽ കെപിസിസി ആസ്ഥാനത്തെ രാജീവ് ഗാന്ധി ഓഡിറ്റോറിയം പൊളിച്ചു പണിയേണ്ടി വരും. എങ്കിൽ മാത്രമേ, കൊറോണക്കാലത്തെ നിർബന്ധിത അകലം പാലിച്ചു 128 ഭാരവാഹികൾക്ക് ഇരിപ്പിടം ഒരുക്കാനാവൂ.

സ്റ്റോപ് പ്രസ്: നിരോധനം ലംഘിച്ച് റോഡരികിൽ കൂടിനിന്നവരെ കണ്ണൂർ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ചു.

പൊലീസിന്റെ മുഖം ചന്ദ്രനെപ്പോൽ വിളങ്ങാൻ വേറൊരു ചന്ദ്രൻ വേണ്ട !

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com