ADVERTISEMENT

ജാഗ്രത എന്ന വാക്ക് ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവനമന്ത്രമായി മാറിക്കഴിഞ്ഞു. സർവശേഷിയുമുപയോഗിച്ചു പോരാടുമ്പോഴും വലിയ ലോക രാജ്യങ്ങൾക്കുതന്നെ കോവിഡ് ഒട്ടേറെ ജീവനഷ്ടങ്ങൾ വരുത്തിവയ്ക്കുമ്പോൾ സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷയെന്ന പാഠം ഇന്ത്യയും കേരളവും മനസ്സിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ പകർന്നവരും ഉണ്ടെന്നതു നടുക്കമുണ്ടാക്കുന്ന തിരിച്ചറിവു തന്നെയാണ്. അതേസമയം, കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വൃദ്ധദമ്പതികളടക്കം പലരും ഇതിനകം രോഗമുക്തരായത് കേരളത്തിന് ആത്മധൈര്യവും പ്രത്യാശയും പകരുകയും ചെയ്യുന്നു.

വിദേശത്തുനിന്നു വന്നവരോ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോ അല്ലാത്തവർക്കു പോലും രോഗം സ്ഥിരീകരിക്കുന്നത് ജാഗ്രതയുടെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കാനായി നമുക്കുള്ള ചൂണ്ടുപലക തന്നെയാണ്. കേരളത്തിൽ രണ്ടാമതു മരിച്ച വ്യക്തിക്കു രോഗബാധയുണ്ടായതിന്റെ കാരണം അവ്യക്തമാണെന്നതിൽ തീർച്ചയായും നാം ആശങ്കപ്പെടുകതന്നെ വേണം; രോഗം എവിടെനിന്നാണു പകർന്നതെന്ന് അറിയാതെപോകുന്നത് കോവിഡ് ബാധയുടെ ഏറ്റവും കടുത്ത ഘട്ടങ്ങളിലൊന്നായിരിക്കെ പ്രത്യേകിച്ചും. അതേസമയം, രാജ്യത്തു സമൂഹവ്യാപനം ഇനിയും തുടങ്ങിയിട്ടില്ലെന്നു വിദഗ്ധർ ഉറപ്പിച്ചുപറയുന്നു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് ഏറ്റവും സാധ്യതയേറിയ 10 സ്ഥലങ്ങളെ ‘ഹോട്സ്പോട്ടുകളായി’ കേന്ദ്ര സർക്കാർ പ്രാഥമികമായി നിശ്ചയിച്ചതിൽ കാസർകോടും പത്തനംതിട്ടയും ഉൾപ്പെട്ടിട്ടുണ്ട്. കോവിഡിനെതിരായ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ പതിയേണ്ട സ്ഥലങ്ങളെന്ന അർഥത്തിലാണ് ഈ പട്ടിക തയാറാക്കിയത്.

ആറു ദിവസം കൊണ്ട് കൊറോണ വൈറസ് തങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്ന്, കോവിഡ് ബാധിച്ച് കേരളത്തിലാദ്യം മരിച്ച എറണാകുളം ചുള്ളിക്കൽ സ്വദേശിയുടെ മക്കൾ കത്തിലെഴുതിയതു കേരളം മനസ്സിലാക്കാനുള്ളതാണ്. അവർ ഇങ്ങനെയും എഴുതി: ‘വൈറസ് പടരാതിരിക്കാൻ നടപ്പാക്കിയ സുരക്ഷാ നടപടികളെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സമപ്രായക്കാരെയും ധരിപ്പിക്കുക. സാമൂഹിക അകലവും വ്യക്തിഗത ശുചിത്വവും പാലിക്കുക. സുഖമില്ലെങ്കിൽ സ്വയം ഐസലേറ്റ് ചെയ്യുക. വളരെ വഷളാകുന്നതു വരെ കാത്തിരിക്കരുത്.’

വീട്ടിലിരിപ്പിനെ പൂർണ ഗൗരവത്തോടെ കണ്ട്, സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇനിയും മനസ്സിലാക്കാത്തവർ സ്വന്തം ജീവിതത്തിനോ മറ്റുള്ളവരുടെ ജീവിതത്തിനോ മൂല്യം നൽകാത്തവരാണെന്നു വേണം മനസ്സിലാക്കാൻ. ഏറ്റവും നിർണായക തീരുമാനമെടുത്ത് രാജ്യം അടച്ചിട്ട ഭരണാധികാരികൾ ഈ സാഹചര്യത്തിൽ ജനതയിൽനിന്നു തേടുന്ന ഒരേയൊരു കാര്യം ജാഗ്രത പാലിക്കുക എന്നതുമാത്രമാണ്‌. അതുപോലും പാലിക്കാനാകാതെ, െഎസലേഷനിലുള്ളവർ പോലും വീടുവിട്ടു പുറത്തുപോകുന്നതും നിർബാധം വിഹരിക്കുന്നതും സർക്കാരിനോ ഉത്തരവാദപ്പെട്ട സമൂഹത്തിനോ ഇനിയും കണ്ടിരിക്കാനാവില്ലതന്നെ.

അതേസമയം, പ്രത്യാശ പകരുന്ന പല വാർത്തകൾ നാം കേൾക്കുന്നുമുണ്ട്. കോവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വയോധിക ദമ്പതികൾ രോഗമുക്തരായതാണ് ഇതിലേറ്റവും ശ്രദ്ധേയം. മറ്റ് അസുഖങ്ങൾക്കും ഇവർ ചികിത്സ തേടുന്ന സാഹചര്യത്തിലായിരുന്നു രോഗബാധയുണ്ടായത്. 60 വയസ്സിനു മുകളിലുള്ള കോവിഡ് ബാധിതരെ ഹൈ റിസ്ക് വിഭാഗമായാണു കണക്കാക്കുന്നതെന്നിരിക്കെ, യഥാക്രമം 93, 89 വയസ്സുള്ളവരാണ് ഈ ദമ്പതികൾ. ദമ്പതികളുടെ രണ്ടു മക്കൾ ഉൾപ്പെടെ ആ കുടുംബത്തിലെ അഞ്ചുപേർ കൂടി രോഗമുക്തരായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നു വീട്ടിലേക്കു മടങ്ങിയതുപോലുള്ള ആശ്വാസവാർത്തകൾ കേരളത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ആത്മവിശ്വാസത്തിന്റെ കൈപിടിച്ച് അങ്ങേയറ്റത്തെ ജാഗ്രതകൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനമെന്നതു കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർഥപൂർണമാക്കിയേ തീരൂ. വീട്ടിലിരുന്നുതന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്കോരോരുത്തർക്കും കരുതലോടെ കണ്ണിയാകാം; രോഗവ്യാപനത്തിന്റെ കണ്ണി കരുത്തോടെ മുറിച്ചുമാറ്റാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com