ADVERTISEMENT

ആരോരും യാത്ര പറയാനില്ലാതെയും ഇത്രയും കാലം ജോലി ചെയ്ത സ്ഥാപനത്തിൽ അവസാന ദിവസം പോകാൻ പറ്റാതെയുമാണു സേവനകാലത്തിൽനിന്നുള്ള ഇവരുടെ പടിയിറക്കം. സംസ്ഥാനത്തെ ആയിരക്കണക്കിന് അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമാകേണ്ട ഒരു മുഹൂർത്തമാണ് കോവിഡ് ഇല്ലാതാക്കിയത്. അതുകൊണ്ടുതന്നെ, കേരളത്തിന് അവരോടു ഹൃദയപൂർവം പറയാതെ വയ്യ, ശാന്തസുന്ദര വിശ്രമജീവിതത്തിനുള്ള സ്നേഹാശംസകൾ.

സംസ്ഥാനത്തെ ആറായിരത്തോളം അധ്യാപകരും അയ്യായിരത്തിലേറെ സർക്കാർ ജീവനക്കാരുമാണു ചൊവ്വാഴ്ച വിരമിച്ചത്. പക്ഷേ കോവിഡ് മൂലം, സർവീസിന്റെ അവസാന ദിവസം സ്വന്തം ഓഫിസിൽ എത്തി ഒപ്പുവയ്ക്കാൻ പോലും സാധിക്കാതെയായിരുന്നു മിക്കവരുടെയും പടിയിറക്കം. കേരളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമുണ്ടാകുന്നത്.

വിരമിക്കുന്നതിനു മുൻപ് ഓഫിസിൽ ഹാജരാകണമെന്ന നിബന്ധനയിൽനിന്ന് ഇവരെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെയും വിരമിക്കുന്ന ദിവസം ഓഫിസിൽ ഹാജരാകുന്നതിൽനിന്നു സർക്കാർ ഒഴിവാക്കുകയുണ്ടായി.

എത്രയോ മുൻപുതന്നെ പലരും സ്വപ്നം കണ്ടവിധം, നിറപ്പകിട്ടുള്ള യാത്രയയപ്പു സമ്മേളനവും സ്നേഹം ചാലിച്ച ആശംസാപ്രസംഗങ്ങളും ഗ്രൂപ്പ് ഫോട്ടോയും മധുരവുമെല്ലാം ഇല്ലാതായപ്പോൾ അവരുടെയൊക്കെ ഹൃദയങ്ങളിൽ സങ്കടം നിറഞ്ഞിരിക്കണം. അവസാന ദിവസം സഹപ്രവർത്തകരെ നേരിൽക്കണ്ടു യാത്ര ചോദിക്കാൻപോലുമാവാതെ, നേരെ വിശ്രമജീവിതത്തിലേക്കു പോവേണ്ടിവന്ന സാഹചര്യം അത്യധികം വേദനാജനകമായി. വിരമിക്കുന്നവരെ സഹപ്രവർത്തകർ വീട്ടിൽ കൊണ്ടുചെന്നാക്കുന്നതു പോലെയുള്ള കീഴ്‌വഴക്കങ്ങളും കോവിഡ് മൂലം മുടങ്ങി.

ഇപ്പോഴത്തെ രോഗകാലത്തിന്റെ വിലക്കുകൾ ഉണ്ടായതോടെ, എല്ലാവരും ഇങ്ങനെയൊരു നിറമില്ലാത്ത സേവനവിരാമദിനം പ്രതീക്ഷിച്ചിരുന്നതു തന്നെയാണ്. ഒൗദ്യോഗികമല്ലെങ്കിൽപോലും ചിലയിടത്തെങ്കിലും ലളിതവും ആൾത്തിരക്കില്ലാത്തതുമായ യാത്രയയപ്പുകൾ നടക്കുകയും ചെയ്തു.

സംതൃപ്തമായ സേവനജീവിതത്തിന്റെ ചാരിതാർഥ്യത്തോടെയാവും ഇവരുടെ പടിയിറക്കമെന്നതിൽ സംശയമില്ല. ലോകത്തിലെ ഏറ്റവും മൂല്യമുള്ള സൽപ്രവൃത്തികളിലൊന്നാണ് അധ്യാപനം. പുണ്യംചെയ്ത മനസ്സുകൊണ്ടാണ് അധ്യാപകൻ ശിഷ്യരെ അനന്തമായ അറിവുകളിലേക്ക് ആനയിക്കുന്നതും ജീവിതമൂല്യങ്ങൾ പറഞ്ഞുകൊടുക്കുന്നതും. യാത്രയയപ്പു സമ്മേളനങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഗുരുശിഷ്യ ബന്ധത്തിന്റെ പാവനതയും അതിന്റെ സ്മൃതിമധുരവുമാണ് വിശ്രമജീവിതത്തിൽ അധ്യാപകരുടെ മനസ്സു നിറയ്ക്കുന്നത്. വിവിധ വകുപ്പുകളിലൂടെ ജനസേവനം നടത്തിയശേഷം സ്വസ്ഥജീവിതത്തിലേക്കു കടന്ന ആയിരക്കണക്കിനു സർക്കാർ ജീവനക്കാരുടെയുള്ളിലും പിന്നിട്ട സേവനകാലത്തിന്റെ സംതൃപ്തി പ്രകാശം ചൊരിയും.

ജീവിതത്തിന്റെ നല്ലകാലം മുഴുവൻ പ്രതിബദ്ധതയോടെ സേവനം ചെയ്തു വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചവരേ, നിങ്ങളെയോരോരുത്തരെയും അഭിവാദ്യംചെയ്യട്ടെ. സ്നേഹസുന്ദരവും സജീവവുമായ ജീവിതത്തിന്റെ അടുത്ത അധ്യായത്തിലേക്ക് സന്തോഷത്തോടെ പ്രവേശിക്കുക. കേരളത്തിന്റെ മുഴുവൻ ഹൃദയാശംസകൾ നിങ്ങൾക്കൊപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com