ADVERTISEMENT

കോവിഡിന്റെ പ്രചണ്ഡവാതം യൂറോപ്പിലും യുഎസിലും ആഞ്ഞടിക്കുമ്പോൾ, അതുയർത്തുന്ന ധാർമിക പ്രശ്നങ്ങൾ പരിഷ്കൃതസമൂഹങ്ങളെ തുറിച്ചുനോക്കുന്നു. ഈ രോഗം പ്രായവർഗ ഭേദമെന്യേ ആരെയും ബാധിക്കാം. എന്നാൽ, മരിക്കുന്നതു കൂടുതലും വയോജനങ്ങളാണ്. യുഎസിലെ കണക്കനുസരിച്ച് യുവാക്കളിലും കുട്ടികളിലും മരണശതമാനം 4 ആകുമ്പോൾ, വയോധികരുടെ ഇടയിൽ അതു ഞെട്ടിപ്പിക്കുന്ന രീതിയിൽ 15 ആയി ഉയരുന്നു.

കോവിഡിനൊപ്പം തന്നെ പാശ്ചാത്യരാജ്യങ്ങളിൽ പടരുന്ന ദുഷിച്ച പ്രവണത, വർധിച്ചു വരുന്ന ‘ഏജിസം’ അഥവാ വയോജനങ്ങളോടുള്ള വിവേചനമാണ്. യുവാക്കൾക്ക് ഈ രോഗം അത്ര കാര്യമാക്കാനില്ലാത്ത വെറും ഫ്ലൂ മാത്രമാണെന്നും അതു ‘കൊണ്ടുപോകുന്നതു’ മുഴുവൻ പ്രായമുള്ളവരെയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നു. അക്കൂട്ടത്തിൽ കണ്ട ഹീനമായ വൈറൽ പോസ്റ്റ്, ‘ബൂമർ’മാരിൽനിന്നു ലോകത്തെ രക്ഷിക്കുന്ന ഒന്നായി കോവിഡിനെ ചിത്രീകരിക്കുന്നതാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം യുഎസിൽ ജനനനിരക്കിൽ പെട്ടെന്നുണ്ടായ വർധനയെയാണ് ‘ബേബി ബൂം’ എന്നു വിളിക്കുന്നത്. 1946നും 1965നും മധ്യേ ജനിച്ച ബൂമർമാർ ഇപ്പോൾ വാർധക്യത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. അവരാണല്ലോ, കോവിഡിന്റെ ഏറ്റവും വലിയ ഇരകൾ.

ഇനി ഇറ്റലിയിലേക്കു വരിക. ആ രാജ്യത്തു ലഭ്യമായ ആശുപത്രിക്കിടക്കകളെക്കാൾ കൂടുതൽ പേരെ രോഗം ബാധിച്ചിരിക്കുന്നു. വെന്റിലേറ്ററുകൾക്കു വലിയ ക്ഷാമം. പ്രകടമായ രോഗലക്ഷണങ്ങൾ ഉള്ളവർക്കു പോലും പരിശോധനാ സൗകര്യം ലഭിക്കുന്നില്ല. ഡോക്ടർമാർ, അവർ ഒട്ടും ഇഷ്ടപ്പെടാത്ത, ഏറ്റവും അസ്വസ്ഥജനകമായ തീരുമാനമെടുക്കാൻ നിർബന്ധിതരാകുന്നു: ആരെ ചികിത്സിക്കണം? ആരെ ഒഴിവാക്കണം? മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആരു ജീവിക്കണം? ആരു മരിക്കണം?

ഇതോടെ, കോവിഡ് മഹാമാരി മാത്രമല്ല, മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ധാർമിക പ്രശ്നം കൂടിയാകുന്നു. ഈ ധർമസങ്കടത്തിൽപെട്ട് നട്ടംതിരിയുന്ന ഇറ്റലിയിലെ യുവ ഡോക്ടർമാർ കൗൺസലിങ് തേടുന്നു.

ഇറ്റലിയിൽ ഏതു രോഗിക്കാണു ചികിത്സ നൽകേണ്ടതെന്ന് ആശുപത്രികൾക്കു തീരുമാനമെടുക്കേണ്ടി വരുമ്പോൾ പ്രായമാണ് ഏറ്റവും വലിയ ഘടകമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഡോ. ലിസ റോസൻബാം എഴുതിയ പ്രബന്ധത്തിൽ പറയുന്നു. കോവിഡ് ബാധിക്കുന്നതിനു മുൻപു പൂർണ ആരോഗ്യവാനായിരുന്ന ഒരു എൺപതുകാരൻ, രോഗം പിടിപെട്ടതിനു ശേഷം വെന്റിലേറ്റർ ലഭിക്കാത്തതിനെത്തുടർന്നു മരിച്ച സംഭവം ആ പ്രബന്ധത്തിൽ പരാമർശിക്കുന്നുണ്ട്. ഇറ്റലിയിലെ പല ആശുപത്രികളിലും ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ പ്രായപരിധി 80ൽ നിന്ന് 75 ആക്കി കുറച്ചിട്ടുണ്ട്.

english-game
എങ്ങനെ ഫുട്ബോൾ ഇന്നത്തെ രീതിയിലായി എന്നതിന്റെ ചരിത്രകഥ പറയുന്നു, ‘ദി ഇംഗ്ലിഷ് ഗെയിം’ എന്ന സീരിയൽ.

‘ഏജിസം’ എന്ന ആരോപണം ഒഴിവാക്കാൻ വേണ്ടി ഇറ്റലിയിലെ പ്രധാനമന്ത്രി പറയുന്നത്, എല്ലാവർക്കും രോഗശാന്തി ഉറപ്പാക്കുന്ന വ്യവസ്ഥയാണ് ഇറ്റലിയിൽ എന്നാണ്. എങ്കിലും, കോവിഡ് സംബന്ധിച്ച് അവിടത്തെ അധികൃതർ പുറപ്പെടുവിച്ച നിർദേശം ഇങ്ങനെ: തീവ്രപരിചരണം നൽകേണ്ടത് ‘ഒന്നാമതായി, അതിജീവിക്കാൻ ഏറ്റവും സാധ്യതയുള്ള രോഗികൾക്കും രണ്ടാമതായി കൂടുതൽ ജീവിതദൈർഘ്യം പ്രതീക്ഷിക്കാവുന്നവർക്കും’ ആണ്.

രോഗചികിത്സ റേഷൻ ചെയ്തു നൽകേണ്ടിവരുന്നതിന്റെ ധാർമികതയെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട ഇറ്റലിയിലെ കമ്മിറ്റി പറയുന്നത്, തീവ്രപരിചരണത്തിനു പ്രായപരിധി നിശ്ചയിക്കേണ്ടിവരും എന്നാണ്. കോവിഡിന്റെ കാര്യത്തിൽ ഇറ്റലിയുടെ പാത പിന്തുടരുന്ന യുഎസിലും ചിന്താഗതി മറ്റൊന്നല്ല. വെന്റിലേറ്ററുകളുടെ ലഭ്യതയെക്കുറിച്ച് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നു.

കോവിഡ് നമ്മെ എവിടെയാണു കൊണ്ടെത്തിക്കുന്നത്? പ്രായത്തിന്റെ പേരിൽ വേർതിരിവു കാണിക്കരുതെന്നു പറഞ്ഞ് യുഎസിൽ നടന്ന പ്രതിഷേധത്തിൽ, ഒരു യുവതി പിടിച്ച പ്ലക്കാർഡ് ഈ കാലത്തിന്റെ കഥ പറയുന്നു: ‘ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല, എന്റെ അമ്മ’.

കൊറോണ കവർന്ന കാൽപന്ത്, ദി ഇംഗ്ലിഷ് ഗെയിം

കോവിഡ് കൊണ്ടുപോയ കാര്യങ്ങളുടെ കൂട്ടത്തിൽ ഫുട്ബോളും പെടുന്നു. രാത്രി യൂറോപ്യൻ ലീഗുകളിലെ മത്സരങ്ങൾ കാണുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ട്. ഇപ്പോൾ അവിടത്തെ മൈതാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു; ചിലത് ആശുപത്രികളാകുന്നുവെന്നും കേട്ടു. മറ്റു പല ആസക്തികളെയും പോലെ ഫുട്ബോൾ ആസക്തിയുടെ വിടുതലും അസ്വസ്ഥത ജനിപ്പിക്കുന്നു.

കളികൾക്കു പകരം വയ്ക്കാനാവില്ലെങ്കിലും മുട്ടുശാന്തിക്ക് ഒരു ഉപായമുണ്ട്. നെറ്റ്ഫ്ലിക്സിൽ പുതുതായി ആരംഭിച്ച ‘ദി ഇംഗ്ലിഷ് ഗെയിം’ എന്ന സീരിയൽ. എങ്ങനെ ഫുട്ബോൾ ഇന്നത്തെ രീതിയിലായി എന്നതിന്റെ ചരിത്രകഥ. ഇംഗ്ലണ്ടിലെ ധനാഢ്യരുടെയും പ്രഭുക്കന്മാരുടെയും കുട്ടികൾ മാത്രം പഠിച്ചിരുന്ന ഹാരോ, ഈറ്റൻ, ചാർട്ടർഹൗസ് തുടങ്ങിയ പബ്ലിക് സ്കൂളുകളിൽ നിന്നാണു കളിനിയമങ്ങൾ പിറക്കുന്നത്. സമൂഹത്തിലെ മേൽത്തട്ടിലുള്ളവരുടെ കുത്തകയായിരുന്നു ഫുട്ബോൾ അസോസിയേഷൻ. അതു മാന്യൻമാരുടെ കളിയായിരുന്നു. കാശു വാങ്ങി കളിക്കുന്നത് ഫുട്ബോൾ നിയമങ്ങൾക്ക് എതിരായിരുന്നു.

അത്തരത്തിലൊരു വരേണ്യവിനോദം എങ്ങനെ ജനകോടികളിലേക്കെത്തി എന്നതിന്റെ കഥയാണ് ‘ദി ഇംഗ്ലിഷ് ഗെയിം’. അതിലെ കഥാനായകൻ ഫെർജി സുറ്റർ എന്നു പേരുള്ള സ്കോട്‌ലൻഡുകാരനായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും മിൽ തൊഴിലാളികളുടെ ക്ലബ്ബായ ഡർവെൻ എഫ്സി പ്രതിഫലം നൽകി കളിപ്പിക്കാൻ കൊണ്ടുവന്നു. അവരാണു ലോകത്തിലെ ആദ്യത്തെ പ്രഫഷനൽ കളിക്കാർ. അന്നൊക്കെ ഫുട്ബോൾ എന്നു പറഞ്ഞാൽ, പന്തിന്റെ പിന്നാലെ കൂട്ടമായി ഓടുക എന്നതായിരുന്നു. ഫെർജി സുറ്റർ അതു മാറ്റി; കളിക്കാരെ മൈതാനത്തിന്റെ പലയിടങ്ങളിൽ വിന്യസിച്ച് ഇന്നു കാണുന്നതു പോലുള്ള പാസിങ് ഗെയിമിനു തുടക്കം കുറിച്ചു.

1879ൽ ഡർവെൻ എഫ്സി ചരിത്രത്തിലാദ്യമായി എഫ്എ കപ്പിന്റെ ക്വാർട്ടർ ഫൈനൽസിൽ എത്തുന്ന തൊഴിലാളിവർഗ ടീമായി. സുറ്റർ കൂടുതൽ പ്രതിഫലത്തിനായി ഡർവെൻ വിട്ട് ബ്ലാക്ക്ബേൺ ക്ലബ്ബിൽ ചേർന്നു – ആദ്യത്തെ ട്രാൻസ്ഫറുകളിലൊന്ന്. ഫെർജി സുറ്റർ പ്രഫഷനൽ കളിക്കാരനാണെന്നു പറഞ്ഞ് ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. എന്നാൽ, മൈതാനത്തു തിങ്ങിക്കൂടിയ തൊഴിലാളികളുടെ സമ്മർദവും സാധാരണക്കാരിലെ ഫുട്ബോൾ ജ്വരവും ചേർന്ന് 1885ൽ ഫുട്ബോൾ അസോസിയേഷനെക്കൊണ്ടു നിയമം മാറ്റിച്ചു – പ്രഫഷനൽസിനും കളിക്കാം. അതോടെ മനോഹരമായ കളിയുടെ ചരിത്രം തന്നെ മാറി.

സ്കോർപ്പിയൺ കിക്ക്: സാലറി ചാലഞ്ച് നിർബന്ധം.

സാലറി കട്ട് എന്നതല്ലേ, ശരിയായ ഇംഗ്ലിഷ്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com