ADVERTISEMENT

സ്പ്രിൻക്ലർ കരാർ തിരക്കിട്ട് ചട്ടങ്ങൾ പാലിക്കാതെ നടപ്പാക്കിയതോ? കരാറുമായി ബന്ധപ്പെട്ട് ഉയരുന്ന ആക്ഷേപങ്ങളും അവയ്ക്കുള്ള മറുപടിയും

വീഴ്ചകൾ ഏറെ: ജിജി തോംസൺ

കോവിഡ് ഭീഷണി അതിജീവിക്കാൻ കേരളം ഒറ്റക്കെട്ടായി പോരാട്ടം നടത്തുന്ന അവസരത്തിൽ ഒഴിവാക്കപ്പെടേണ്ടതാണ് സ്പ്രിൻക്ലർ കരാർ. ഏതു ബുദ്ധികേന്ദ്രത്തിൽനിന്ന് ഉദ്ഭവിച്ചതാണെങ്കിലും ഇതു സർക്കാരിന്റെ വിശ്വാസ്യത തകർക്കുന്നതായി. ഇതിൽ ഭരണപരമായി വന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടട്ടെ.

1. ‘സൗജന്യ സേവനം’ വാഗ്ദാനം ചെയ്ത് ആരു വന്നാലും – അതു നാടനോ വിദേശിയോ ആകട്ടെ – സംശയത്തോടെ മാത്രമേ അവരെ വീക്ഷിക്കാവൂ. ‘There are no free lunches’ എന്നു നാം സാധാരണ പറയാറുണ്ട്. സൗജന്യമായി ഒരു സേവനവുമില്ല. പ്രത്യേകിച്ച്, ഒരു വിദേശ കമ്പനിയുടേതാകുമ്പോൾ. 

ഇവിടെ ആഗോള ടെൻഡർ നടത്തിയില്ല. എന്തിന്, ഒരു വിദേശ കമ്പനിയെക്കുറിച്ചു നിയമപ്രകാരം പാലിക്കേണ്ട ജാഗ്രത (Due diligence) കാണിച്ചിട്ടുമില്ല.

2. ഇനി ഇത്തരമൊരു കമ്പനിയുടെ സേവനം ആവശ്യമെങ്കിൽ ആദ്യം ചെയ്യുന്നതു വകുപ്പു സെക്രട്ടറി, മന്ത്രിയുടെ അംഗീകാരത്തോടെ ഒരു കുറിപ്പു തയാറാക്കുകയാണ്. ആരോഗ്യ സംബന്ധിയായ വിഷയമായതിനാൽ ആരോഗ്യവകുപ്പിന്റെ അഭിപ്രായം, വകുപ്പു മന്ത്രിയുടെ അംഗീകാരത്തോടെ ഫയലിൽ രേഖപ്പെടുത്തണം. സാമ്പത്തിക ബാധ്യതകൾ ഇല്ലെങ്കിൽ പോലും ധനവകുപ്പ് ഫയൽ പരിശോധിക്കണം. ഭരണ വകുപ്പ് കാണാത്ത സാമ്പത്തിക കുടുക്കുകൾ ഉണ്ടോയെന്നു സൂക്ഷ്മമായി പരിശോധിക്കണം. പിന്നീടു ചീഫ് സെക്രട്ടറിക്കു സമർപ്പിക്കാം. നിയമവകുപ്പിന്റെ പരിശോധന അനിവാര്യമെങ്കിൽ അവരുടെ അഭിപ്രായം തേടണം. ചീഫ് സെക്രട്ടറിയുടെ കുറിപ്പോടെ ഫയൽ മുഖ്യമന്ത്രിക്കു സമർപ്പിക്കണം. മുഖ്യമന്ത്രി മന്ത്രിസഭയുടെ പരിഗണനയ്ക്കു വയ്ക്കാൻ ഉത്തരവിടണം. അടിയന്തര സാഹചര്യമാണെങ്കിൽ തീരുമാനമെടുത്തിട്ടു മന്ത്രിസഭയുടെ സ്ഥിരീകരണത്തിന് (Ratification) പോയാൽ മതിയാകും. ഇത്തരമൊരു നടപടിക്രമവും ഇവിടെ പാലിച്ചിട്ടില്ല.

3. അടിയന്തര സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തതെന്ന വാദം വിലപ്പോവില്ല. മേൽപറഞ്ഞ നടപടിക്രമം പാലിക്കാൻ മണിക്കൂറുകൾ മതി (ഇത് ഇലക്ട്രോണിക് യുഗമാണ്; മണിക്കൂറുകൾ പോലും വേണ്ട). ഇത്ര പോലും ചെയ്യാൻ പ്രയാസമുള്ള എന്ത് അടിയന്തര സാഹചര്യമുണ്ടായി?

4. ഡേറ്റ സൂക്ഷിക്കുന്നതു കമ്പനിയുടെ മുംബൈയിലുള്ള ആമസോൺ വെബ് സെർവറിലാണെന്നത് സുരക്ഷ ഒരുക്കുന്നു എന്നാണു വാദം. ഇത് എത്ര ബാലിശമാണ്. മുംബൈയിലായാലും ന്യൂയോർക്കിലായാലും കമ്പനിയുടെ ഉടമസ്ഥതയിലാണു സെർവർ.

5. ഒരു പൗരൻ നൽകുന്ന ഡേറ്റയിൽ അയാൾക്ക് ഉടമസ്ഥാവകാശമുണ്ടെന്നിരിക്കെ, അയാളുടെ മുൻകൂർ അനുമതി നേടാതെ എങ്ങനെ ഡേറ്റ നൽകും?

6. കരാറിന്റെ കാലാവധി കഴിഞ്ഞു 30 ദിവസത്തിനുള്ളിൽ ഡേറ്റ സർക്കാരിനു തിരികെ നൽകുമെന്നു കമ്പനി പറയുന്നു; ഉഭയകക്ഷി സമ്മതപ്രകാരം. പ്രതിപക്ഷ നേതാവ് ആരോപണമുന്നയിച്ചതിനു ശേഷമുള്ള വീണ്ടുവിചാരമല്ലേ ഇത്? ഏപ്രിൽ 11ന് അയച്ച കത്തിൽ ഡേറ്റ നൽകുന്നതിനുള്ള ചുമതല കേരള സർക്കാരിനാണ്. ഏപ്രിൽ 12ന് അയച്ച കത്തിൽ ഇതു കാണുന്നുമില്ല. എന്തേ, ഈ മലക്കംമറിച്ചിൽ?

7. സ്പ്രിൻക്ലർ കമ്പനിയുടെ സേവനം സൗജന്യമാണെങ്കിലും പദ്ധതി നടപ്പാക്കിക്കഴിഞ്ഞാൽ അവരുടെ സർവീസിന്റെ വില കണക്കാക്കാമെന്നു പറയുന്നു. സേവനം സൗജന്യമല്ലെന്നതിന് ഇതിലേറെ തെളിവു വേണോ?

8. വില നിശ്ചയിക്കുന്നതിന്റെ ‘വിവേചനാധികാരം’ സർക്കാരിനാണ് എന്നു വാദിക്കാം. പക്ഷേ, ഈ വിവേചനാധികാരം ഉപയോഗിച്ച് ഒരു ചെറിയ തുക കൊടുക്കുകയേ ഉള്ളൂ എന്നു വിചാരിക്കുക. കമ്പനിക്ക് ഇതു സമ്മതമല്ലെങ്കിൽ അമേരിക്കയിലെ മൻഹാറ്റനിലെ കോടതിയിൽ ചോദ്യം ചെയ്യാം. വില ന്യായയുക്തവും നിയമാനുസൃതവുമല്ലെങ്കിൽ കോടതി അതു നിരാകരിക്കുമെന്ന് ഉറപ്പ്. അപ്പോൾ ആരുടെ താൽപര്യമാണു സംരക്ഷിക്കുന്നത്?

9. ഏപ്രിൽ 2ന് ഒപ്പുവച്ച കരാർ (?) അനുസരിച്ചു മാർച്ച് 25 മുതൽക്കുള്ള ഡേറ്റ മുൻകാല പ്രാബല്യത്തോടെ എങ്ങനെ കൊടുക്കാൻ കഴിയും?

10. ഈ പർച്ചേസ് ഓർഡറിൽ ഒരു ഫയൽ നമ്പർ കാണുന്നില്ല. ഇതു സംബന്ധിച്ച് ഒരു കടലാസും മുൻപ് ഉണ്ടായിരുന്നില്ല എന്നതിന്റെ സൂചനയല്ലേ അതു നൽകുന്നത്?

11. കരാറിൽ ഐടി സെക്രട്ടറി ഒപ്പുവച്ചപ്പോൾ തീയതി കുറിക്കാതെ പോയത് ഓർമപ്പിശകാണെന്നു പറയാൻ കഴിയുമോ; അതും ഇത്രയും പ്രധാനപ്പെട്ട ഒരു കരാറിൽ?

12. കമ്പനിയുടെ പരസ്യത്തിൽനിന്ന് ഐടി സെക്രട്ടറി കേരളത്തിന്റെ അപദാനങ്ങൾ വാഴ്ത്തുന്ന ക്ലിപ് എന്തിനു നീക്കം ചെയ്തു? എല്ലാം സുതാര്യമാണെങ്കിൽ ഇതിന്റെ ആവശ്യമെന്തായിരുന്നു?

(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)

എല്ലാം സുതാര്യം: എം. ശിവശങ്കർ

കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സംസ്ഥാന സർക്കാർ ഏറ്റെടുത്ത വലിയ ദൗത്യത്തിന്റെ ഭാഗമാണ് സ്പ്രിൻക്ലറുമായുള്ള സഹകരണം. സ്പ്രിൻക്ലറുമായുള്ള കരാറിലൂടെ കേരളത്തിലെ ഒരാളുടെയും വ്യക്തിഗത വിവരങ്ങൾ നിയമവിരുദ്ധമായി കൈമാറപ്പെടില്ല. ഇത് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വിവരങ്ങളെല്ലാം കേരള സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും. സദുദ്ദേശ്യത്തോടെയും സർക്കാരിനു സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെയും വേണ്ട മുൻകരുതലുകളെല്ലാം എടുത്തുമാണ് കരാർ ഒപ്പിട്ടത്. 

1. മലയാളിയായ സംരംഭകൻ സ്ഥാപിച്ച അമേരിക്കൻ സ്റ്റാർട്ടപ് കമ്പനിയാണ് സ്പ്രിൻക്ലർ ഇൻകോർപറേറ്റഡ് (Sprinklr Inc.). വളരെ വലിയ ഡേറ്റ ശേഖരങ്ങളും പല രൂപത്തിൽ വരുന്ന വിവരങ്ങളും വിശകലനം ചെയ്യാൻ ആഗോളതലത്തിൽ മികച്ച സങ്കേതങ്ങളുള്ള ഡേറ്റ അനലറ്റിക്സ് കമ്പനിയാണത്; 2018ൽ സർക്കാർ നടത്തിയ ഹാഷ് ഫ്യൂച്ചർ ചർച്ചാവേദിയിലൂടെ കേരളത്തിന്റെ ഐടി വകുപ്പുമായി ബന്ധപ്പെട്ടുതുടങ്ങിയ കമ്പനി. 

കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ കേരളം നേരിടേണ്ടി വരാവുന്ന, അതിവിപുലമായ ഡേറ്റ കൈകാര്യം ചെയ്യൽ പ്രശ്നത്തിൽ കമ്പനിയുടെ ഡേറ്റ അനലറ്റിക്സിനുള്ള സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ സൗജന്യമായി ലഭ്യമാക്കാമെന്ന് സ്പ്രിൻക്ലർ കേരളത്തിന്റെ ഐടി വകുപ്പിനോടു വാഗ്ദാനം ചെയ്തു. 

കേരളം നേരിടുന്ന കോവിഡ് മഹാമാരിയുടെ വലുപ്പം എത്രത്തോളമാകാം എന്ന് രാജ്യാന്തര രോഗവ്യാപന പ്രവചന മോഡലുകളിലൂടെ മനസ്സിലാക്കിയ ഐടി വകുപ്പ് സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കായുള്ള മുൻകരുതലെന്ന നിലയ്ക്ക് പ്രസ്തുത വാഗ്ദാനം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. തികച്ചും സൗജന്യമായാണ് സ്പ്രിൻക്ലർ തങ്ങളുടെ പ്ലാറ്റ്ഫോം സർക്കാരിനു ലഭ്യമാക്കിയിരിക്കുന്നത് എന്നതിനാൽ ടെൻഡർ നടപടികളുടെ ആവശ്യം വരുന്നില്ല. 

2. കോവിഡ് പ്രതിരോധരംഗത്തു മുൻനിരയിൽ നിൽക്കുന്നത് ആരോഗ്യ, തദ്ദേശ, ദുരന്തനിവാരണ വകുപ്പുകളാണ്. അവർക്കാവശ്യമായ സാങ്കേതിക പിന്തുണ ഒരുക്കുകയാണ് ഐടി വകുപ്പിന്റെ പരിമിതമായ ദൗത്യം. പഞ്ചായത്ത് തലം മുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യങ്ങളാണ് ഐടി വകുപ്പ് ഒരുക്കുന്നത്. 

പ്രവചനമാതൃകകൾ ചൂണ്ടിക്കാട്ടുന്നതു പോലെ, വിപുലമായ രോഗവ്യാപനമുണ്ടായാൽ നേരിടാൻ ആധുനിക ഐടി സങ്കേതങ്ങളുടെ സഹായം വേണ്ടിവരും. അതു ലഭ്യമാക്കി വയ്ക്കാനുള്ള മുന്നൊരുക്കമാണ് ഐടി വകുപ്പു ചെയ്തത്. ഇത് ഐടി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. 

3.  ദുരന്തസാഹചര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഫയൽ രൂപീകരിക്കുക എന്നതിനു പ്രസക്തിയില്ല. വകുപ്പു തലത്തിലുള്ള ഫയലിൽ തീരുമാനമെടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥൻ തന്നെയാണ് തീരുമാനമെടുത്തിട്ടുള്ളത്. അതിൽ ഒരു തർക്കവുമില്ല. 

4. ശരിയാണ്. ഡേറ്റയുടെ ഉത്തരവാദിത്തം സർക്കാരിനാണ് എന്നതിനാൽ, സെർവർ എവിടെ എന്നതിനു പ്രസക്തിയില്ല. 

5. ശേഖരിക്കപ്പെട്ട ഡേറ്റയുടെ ഉത്തരവാദിത്തം സർക്കാരിനാണ്. അതുവഴി ജനങ്ങളുടെ സുരക്ഷയ്ക്കു ദോഷം വരുത്താതിരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്. 

6.  ഏപ്രിൽ 11ലെ കത്തിലെ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കുക മാത്രമാണ് ഏപ്രിൽ 12ലെ കത്തിൽ ചെയ്തത്. 

7. കോവിഡ് മഹാമാരിയുടെ കാലയളവിൽ സേവനം സൗജന്യമാണ്. തുടർന്ന് സേവനം സ്വീകരിക്കേണ്ടതുണ്ടോ എന്ന് ഏതു കാലയളവിലും സർക്കാരിനു തീരുമാനമെടുക്കാം. 

8. ആറു മാസത്തേക്കു സേവനം സൗജന്യമാണെന്നും ഏതു സമയത്തും സേവനം അവസാനിപ്പിക്കാൻ സർക്കാരിന് തീരുമാനമെടുക്കാമെന്നും കരാറിൽ വ്യക്തമായി പറയുന്നുണ്ട്. 

9. മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വരുന്ന കരാറാണ് ഒപ്പിട്ടിരിക്കുന്നത്. 

10. സാധാരണ നടപടിക്രമങ്ങളിലൂടെ നമ്പറെടുത്ത് ഫയൽ രൂപീകരിക്കുക എന്നത് ഇക്കാര്യത്തിൽ ആവശ്യമില്ല. തീരുമാനമെടുത്ത ഉദ്യോഗസ്ഥർ അതിന് അധികാരമുള്ളവരാണ്. സ്റ്റാൻഡേഡ് ഫോർമാറ്റിലുള്ള പിഒ (പർച്ചേസ് ഓർഡർ) ആണ് ഒപ്പിട്ടിട്ടുള്ളത്. 

11. തീയതി കാണിച്ചിട്ടുണ്ട്. കരാറിന് 2020 മാർച്ച് 25 മുതൽ പ്രാബല്യമുള്ളതായി വ്യക്തമായി പറയുന്നുണ്ട്. 

12. വിഡിയോ നീക്കിയത് സ്പ്രിൻക്ലർ കമ്പനിയാണ്. അവരാണ് അതിനുള്ള കാരണം പറയേണ്ടത്.     

(ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ലേഖകൻ)

English Summary: Sprinklr contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com