ADVERTISEMENT

കോവിഡിനു ശേഷം കേരളത്തിനു മുന്നിൽ ഒട്ടേറെ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അവ പ്രയോജനപ്പെടുത്താൻ കൃത്യമായ ആസൂത്രണം ഇപ്പോൾത്തന്നെ തുടങ്ങണമെന്നും ഗവേഷകനായ, പത്മഭൂഷൺ ആരോഗ്യസ്വാമി പോൾരാജ്. കോവിഡിനു ശേഷമുള്ള കേരളത്തിന്റെ കുതിപ്പ് ഏതു ദിശയിലാകണമെന്ന നിർദേശങ്ങൾ തേടി മലയാള മനോരമ സംഘടിപ്പിക്കുന്ന വെബിനാർ പരമ്പരയ്ക്കു മുന്നോടിയായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസമേഖലയിൽ തൊഴിൽനൈപുണ്യത്തിന് ഊന്നൽ നൽകിയുള്ള മാറ്റം ഉടൻ നടപ്പാക്കണമെന്ന് വിദേശത്തു വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച മലയാളികളായ ചന്ദ്രൻ നായരും രാജ് രാജ്കുമാറും ടോണി തോമസും നിർദേശിച്ചു. വെബിനാർ പരമ്പരയുടെ ആദ്യ ഭാഗത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിനു പേർ നിർദേശങ്ങളും ചോദ്യങ്ങളുമായി വെബിനാറിൽ പങ്കെടുത്തു

കേരളത്തിന്റെ ഇന്ധനം മാനവശേഷി
യുഎസിലെ സാൻഫ്രാൻസിസ്കോയിൽനിന്ന് ആരോഗ്യസ്വാമി പോൾരാജ്

കോവിഡിനു ശേഷമുള്ള ലോകം അവസരങ്ങളുടേതാണ്, പ്രത്യേകിച്ചും കേരളത്തെപ്പോലെ ഇത്രയും മാനവവിഭവശേഷിയുള്ള സംസ്ഥാനത്തിന്. കേരളത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ അനുയോജ്യമായ ഒരു മാതൃകയുണ്ട് – വിയറ്റ്നാം. സാംസങ്ങിനെപ്പോലൊരു രാജ്യാന്തര കമ്പനിയെ ആകർഷിക്കാനും അതുവഴി ആയിരക്കണക്കിനു വനിതകൾ ഉൾപ്പെടെ സാധാരണക്കാർക്കു തൊഴിൽ ലഭ്യമാക്കാനും വിയറ്റ്നാമിനു കഴിഞ്ഞു. വിമാനത്താവളങ്ങൾക്കടുത്ത് പ്രത്യേക നിർമാണമേഖലകൾക്കു രൂപംനൽകി. 4 മണിക്കൂറിനുള്ളിൽ വിമാനത്താവളങ്ങളിൽനിന്നു നിർമാണ ഘടകങ്ങൾ ഫാക്ടറികളിലെത്തിക്കാനും അസംബ്ലിങ് പൂർത്തിയാക്കിയ ഉൽപന്നങ്ങൾ തിരിച്ചു വിമാനത്താവളത്തിലെത്തിക്കാനും സൗകര്യമൊരുക്കി. വ്യവസായ അനുമതി ഉൾപ്പെടെയുള്ളവ എല്ലാ നൂലാമാലകളിൽനിന്നും ഒഴിവാക്കി. അതു നിക്ഷേപകരിലുണ്ടാക്കിയ വിശ്വാസം വലുതാണെന്ന് പിന്നീടുണ്ടായ വിദേശനിക്ഷേപങ്ങൾ തന്നെ തെളിവ്. ചൈനയിൽനിന്നു പിൻവാങ്ങുന്ന കമ്പനികൾ ഇപ്പോൾ ആദ്യം പരിഗണിക്കുന്നതു വിയറ്റ്നാമിനെയാണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ അഭൂതപൂർവമായ വളർച്ചയാണ് അവിടെയുണ്ടായത്.

കേരളത്തിന് ഈ മാതൃക പിന്തുടരാൻ എളുപ്പമാണ്. ഏകദേശം 50 ലക്ഷത്തോളം വനിതകളുടെ, ലോകത്തിനു തന്നെ മാതൃകയായ കുടുംബശ്രീ കൂട്ടായ്മ നമുക്കുണ്ട്. ഇവരിൽ ഭൂരിഭാഗവും അടിസ്ഥാന വിദ്യാഭ്യാസമുള്ളവരാണ്. ഇലക്ട്രോണിക് അസംബ്ലിങ്ങും നിർമാണവും ഉൾപ്പെടെയുള്ളവയിൽ ഇവർക്കു പരിശീലനം നൽകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടില്ല. ലോകത്തു മറ്റൊരിടത്തും എളുപ്പം ലഭ്യമല്ലാത്ത മനുഷ്യശേഷിയാണിത്. അതു നിക്ഷേപകരെ ബോധ്യപ്പെടുത്താനും ഇന്ത്യയിൽ വേരോട്ടമുള്ള മൊബൈൽ ഫോൺ നിർമാതാക്കൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കാനും സർക്കാർ പ്രത്യേകശ്രദ്ധ ചെലുത്തണം. 

കേരളത്തിന്റെ മറ്റൊരു അനുകൂല ഘടകം 4 രാജ്യാന്തര വിമാനത്താവളങ്ങളും തുറമുഖങ്ങളുമാണ്. സാങ്കേതികവിദ്യ മുന്നേറുന്നതിനൊപ്പം സമയത്തിന്റെ വിലയും കൂടും. അതു പ്രയോജനപ്പെടുത്താനും നമുക്കു കഴിയണം. 

box1

ഭാവിയിലെ ഏതു വികസനപദ്ധതികൾക്കും അടിസ്ഥാനം കണക്ടിവിറ്റിയാണ്. ഗ്രാമങ്ങളിൽപോലും കണക്ടിവിറ്റി എത്തിക്കണം. എല്ലാ വീടുകളിലും 25 എംബിപിഎസ് വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യത വേണം. സംസ്ഥാന സർക്കാർ തുടക്കമിട്ട കെ ഫോൺ പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. പദ്ധതിയിൽ സ്വകാര്യ സംരംഭകരെക്കൂടി പങ്കാളികളാക്കണം. 

5ജി ഉൾപ്പെടെ യാഥാർഥ്യമാകുമ്പോൾ വലിയ മാറ്റങ്ങളാണു വരാൻ പോകുന്നത്. കോവിഡ് പോലുള്ള മഹാമാരികളെ നേരിടാൻ ഐടി വലിയ ആയുധമാകും. വലിയ അവസരങ്ങളും അതോടൊപ്പം സൃഷ്ടിക്കപ്പെടും. അതു പ്രയോജനപ്പെടുത്താൻ നമ്മൾ ഇപ്പോഴേ ഒരുങ്ങണം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് വാക്കുകളിൽ മാത്രമല്ലെന്നും തെളിയിക്കണം.  

(വയർലെസ് മേഖലയുടെ നട്ടെല്ലായി മാറിയ മിമോ സാങ്കേതികവിദ്യ ആവിഷ്കരിച്ച ഇന്ത്യൻ – അമേരിക്കൻ ഗവേഷകൻ. സ്റ്റാൻഫഡ് സർവകലാശാലയിൽ ഇമെരിറ്റസ് പ്രഫസർ. കാൽനൂറ്റാണ്ട് ഇന്ത്യൻ നാവികസേനയിൽ സേവനമനുഷ്ഠിച്ചു. യുഎസ് നാഷനൽ ഇൻവെന്റേഴ്സ് ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം, മാർക്കോണി പ്രൈസ് തുടങ്ങിയവ നേടി)

വേണ്ടത് ‘വർക് ഫ്രം കേരള’
സിംഗപ്പൂരിൽനിന്ന് രാജ് രാജ്കുമാർ

മടങ്ങിയെത്തുന്ന പ്രവാസിയായ ഒരു അക്കൗണ്ടന്റിന് കേരളത്തിലിരുന്ന് അതേ ജോലി ചെയ്യാനാകുമെന്നു തൊഴിലുടമയോടു പറയാൻ കഴിയുന്ന തരത്തിലുള്ള ‘വർക് ഫ്രം കേരള’ രീതിയാണു വേണ്ടത്. സേവനകാലം മുഴുവൻ ‘വർക് ഫ്രം ഹോമി’ൽ തുടരാൻ ട്വിറ്റർ അവരുടെ ജീവനക്കാർക്ക് അനുവാദം നൽകി. ഗൂഗിൾ ഉൾപ്പെടെ പല കമ്പനികളും ഒരു വർഷമെങ്കിലും വർക് ഫ്രം ഹോം തുടരുമെന്നും പറഞ്ഞുകഴിഞ്ഞു. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അവസരമാണ്. ഔട്സോഴ്സിങ്, റിമോട്ട് വർക് ഉൾപ്പെടെയുള്ള മാറ്റങ്ങളിലൂടെ ഇന്ത്യൻ നഗരങ്ങൾക്കും പ്രാമുഖ്യം ലഭിക്കാം. ഇത്തരത്തിൽ റിമോട്ട് ജോലി ചെയ്യുന്നവർക്കു സുരക്ഷിതമായിരുന്നു ജോലി ചെയ്യാൻ കഴിയുന്ന റിമോട്ട് വർക്കിങ് സ്റ്റുഡിയോസ് ആരംഭിക്കണം. മെച്ചപ്പെട്ട ഇന്റർനെറ്റ് വേഗവും ഉറപ്പാക്കണം. 

ചൈനയിൽ 10,000 ജീവനക്കാരുള്ള ഒരു വ്യവസായം ഇന്ത്യയിലേക്കു മാറ്റിയാൽ ഇവിടെ അത്രയും ജീവനക്കാർ ആവശ്യമായി വന്നേക്കില്ല. അതുകൊണ്ടു തന്നെ ചൈനയിലെ മാറ്റങ്ങൾ ഇന്ത്യയ്ക്ക് എത്രത്തോളം ഗുണകരമാണെന്നു സംശയമുണ്ട്. 

എല്ലാറ്റിലും പ്രധാനം മനോഭാവത്തിലുള്ള മാറ്റമാണ്. ഇന്റലിന്റെ ചിപ്പ് നിർമാണ യൂണിറ്റ് ആരംഭിക്കാൻ തമിഴ്നാടിനെയും വിയറ്റ്നാമിനെയുമാണു പരിഗണിച്ചത്. ഒടുവിൽ അതു വിയറ്റ്നാമിലേക്കു പോയി. കാരണം അവിടത്തെ സർക്കാർനയം തന്നെ. കോടിക്കണക്കിനു രൂപയുടെ നിക്ഷേപമാണു നമുക്കു നഷ്ടമായത്.

∙ വിദ്യാഭ്യാസം: നൈപുണ്യവികസനത്തിലൂന്നിയുള്ള കരിക്കുലം വേണം. രാജ്യാന്തര നിലവാരമായിരിക്കണം ലക്ഷ്യം. വിദേശഭാഷാപഠനം ഇതിന്റെ ഭാഗമാകണം. 

∙ കൃഷി: വലിയ വ്യവസായങ്ങളല്ല, കൃഷിയും ആയുർവേദവും ഉൾപ്പെടെയുള്ളവയിലാണു കേരളത്തിന്റെ കരുത്തെന്നു തിരിച്ചറിയണം. കാർഷികോൽപാദനം വർധിപ്പിക്കാൻ കേരളത്തിനുള്ള മികച്ച മാതൃക ഇസ്രയേലാണ്. 

ഒരു സ്വപ്നത്തോടു ചെയ്തത്..

ചുവപ്പുനാടയിൽ കുരുങ്ങി നടപ്പാക്കാതെ പോയ ഒരു സ്വപ്നത്തിന്റെ കഥ രാജ് രാജ്കുമാർ പങ്കുവച്ചു. തിരുവനന്തപുരം വഴുതക്കാട്ട് സെന്റർ ഫോർ ഇന്നവേഷൻ എന്നൊരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിച്ചു. ശാസ്ത്ര ആഭിമുഖ്യമുള്ള കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുകയായിരുന്നു ലക്ഷ്യം. കെട്ടിടം പണിയാൻ കോർപറേഷൻ അനുമതി തേടി പാഴായതു 4 വർഷം. ഒരു അനുമതി കിട്ടുമ്പോൾ മറ്റൊന്നു ചോദിക്കും, പിന്നെ വേറൊന്ന്. പരിസ്ഥിതി അനുമതി കിട്ടാൻ 6 മാസമെടുത്തു. എന്താണു കാലതാമസം എന്നു ചോദിച്ചപ്പോൾ പെട്ടെന്നു തന്നാൽ നിങ്ങളോടു കൈക്കൂലി വാങ്ങിയെന്ന് ആരെങ്കിലും കരുതും എന്നായിരുന്നു കോർപറേഷൻ ഉദ്യോഗസ്ഥരുടെ മറുപടി.

കോർപറേഷന്റെ അനുമതി വാങ്ങിച്ചു ചെന്നപ്പോൾ മൈനിങ് ആൻഡ് ജിയോളജിക്കാർ ഉടക്കി. കെട്ടിടം പണി ഉപേക്ഷിച്ചു. പക്ഷേ, സെന്റർ വേണ്ടെന്നു വയ്ക്കുന്നില്ല. കെട്ടിടവും ക്ലാസ് മുറികളും ഇല്ലാതെ വെർച്വൽ മാതൃകയിലുള്ള സ്ഥാപനമാണ് ഇപ്പോൾ സങ്കൽപത്തിൽ – രാജ്കുമാർ പറഞ്ഞു.

(സിംഗപ്പൂർ സിംഫണി ഏഷ്യ ഹോൾഡിങ്സ് ഡയറക്ടർ. ജനറൽ ഇലക്ട്രിക്കിന്റെ കോർപറേറ്റ് ഇനിഷ്യേറ്റീവ്സ് ഗ്രൂപ്പ്, സിമട്രിക്സ്, മിത്‌സുബിഷി ഇലക്ട്രിക് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്)

ഉറപ്പാക്കാം, കൃഷിയുടെ പ്രാദേശികവൽക്കരണം
സിംഗപ്പൂരിൽനിന്ന് ചന്ദ്രൻ നായർ

കോവിഡ് അനന്തര ലോകമെന്നു സമീപഭാവിയെ വിളിക്കാമോ എന്നുപോലും പറയാറായിട്ടില്ല. എങ്കിലും ശ്രദ്ധയൂന്നേണ്ടതു കൃഷിമേഖലയിലാണ്. കൂടുതൽ വിളവ് ഉറപ്പാക്കണമെങ്കിൽ റോബട്ടിക്സ്, ഓട്ടമേഷൻ തുടങ്ങിയവ പൂർണതോതിൽ പ്രയോജനപ്പെടുത്തണം. എല്ലായിടത്തും കൃഷി ഉറപ്പാക്കുന്ന പ്രാദേശികവൽക്കരണം നടപ്പാക്കണം. സിംഗപ്പൂരിൽ ഉൾപ്പെടെ വെർട്ടിക്കൽ ഫാമിങ്ങിനു സർക്കാർ ഫണ്ടിങ് നൽകുന്നുണ്ട്. ചരക്കുനീക്കം പോലും തടസ്സപ്പെടുന്ന ഇത്തരം സമയങ്ങളിൽ എല്ലായിടത്തും ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ഈ ‘ലോക്കലൈസേഷൻ’ ഉപകരിക്കും. 

ചൈനയിൽനിന്നു വ്യവസായങ്ങൾ പൂർണമായും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് എത്തുമെന്നു കരുതാൻ വയ്യ. വ്യവസായ നിക്ഷേപം വേണമല്ലോ എന്നോർത്ത് എന്തുതരം വ്യവസായങ്ങളും ഇവിടെ തുടങ്ങുന്നതിൽ കാര്യമില്ലെന്നു മാത്രമല്ല, അതു നാടിനു ദോഷമാകുകയും ചെയ്യാം. വീട്ടിലിരുന്നുള്ള ജോലി ഉൾപ്പെടെയുള്ള മാറ്റങ്ങൾ തുടരുമെന്നുറപ്പായതിനാൽ സർക്കാർ ഇത്തരം മേഖലകളിലാണു പണം ചെലവഴിക്കേണ്ടത്. ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത് ഉൾപ്പെടെ വർധിപ്പിച്ചാൽ മാത്രമേ, നമുക്ക് ഉൽപാദനക്ഷമത ഉറപ്പാക്കാൻ കഴിയൂ. 

സാമ്പത്തിക വ്യവസ്ഥയും പരിസ്ഥിതിയും തമ്മിലുള്ള സന്തുലനം നഷ്ടപ്പെടരുത്. വികസിത രാജ്യങ്ങൾക്കു പറ്റിയ തെറ്റുകൾ നാം ആവർത്തിക്കരുത്. ഡേറ്റ എത്രത്തോളം നല്ല രീതിയിൽ അപഗ്രഥിക്കണമെന്നു കാണിച്ചുതരുന്നുണ്ട് ഈ കോവിഡ് കാലം.

∙ വിദ്യാഭ്യാസം: നിലവിലെ രീതി അടിമുടി അഴിച്ചുപണിയണം. പുതിയ കാലത്തിനൊത്ത മാറ്റം വേണം. തൊഴിൽനൈപുണ്യം വർധിപ്പിക്കാനുള്ള വഴികൾക്ക് ഊന്നൽ നൽകണം. അതു വ്യവസായമേഖലയുമായി ബന്ധിപ്പിക്കുകയും വേണം. 

∙ അടിസ്ഥാനസൗകര്യ വികസനം: കണക്ടിവിറ്റി വർധിപ്പിക്കാൻ  ഊന്നൽ നൽകണം. പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കണം. 

∙ നിർമാണമേഖല: കോവിഡിനുശേഷമുള്ള ലോകത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള നിർമാണങ്ങൾക്കു പ്രാമുഖ്യം നൽകിയുള്ള സംരംഭങ്ങൾ. 

(സിംഗപ്പൂരിലെ എഇഎം ഹോൾ ഡിങ്സ് ലിമിറ്റഡിന്റെ പ്രസിഡന്റ്. സെമികണ്ടക്ടർ, ഇൻസ്ട്രമെന്റേഷൻ മേഖലകളിൽ 25 വർഷത്തിലേറെ പ്രവർത്തന വൈദഗ്ധ്യം) 

‘കേരള ബ്രാൻഡ് ’ ശക്തിപ്പെടുത്തണം
ജപ്പാനിലെ ടോക്കിയോയിൽനിന്ന് ടോണി തോമസ്

ഐടി അധിഷ്ഠിത സേവനങ്ങൾ വർ‌ധിക്കുന്നത് കേരളത്തിനു മികച്ച അവസരമാണ്. അധ്യയനവും ജോലിയുമെല്ലാം ഓൺലൈനിലേക്കു വഴിമാറും. പ്രതിസന്ധികളാണല്ലോ പിന്നീട് അവസരങ്ങളായി മാറുന്നത്. ചൈനയിൽനിന്നു മാറുന്ന കമ്പനികൾ കൂട്ടത്തോടെ ഇന്ത്യയിലേക്കു വന്നേക്കുമെന്നു പറയുന്നതിൽ അർഥമില്ല. മറ്റുള്ളവരുടെ വീഴ്ച മുതലെടുക്കുന്നതല്ല മിടുക്ക്. നാം ചെയ്യേണ്ടതു ചെയ്താൽ മാത്രമേ, നിക്ഷേപങ്ങളെത്തൂ. യുഎസ് കേന്ദ്രീകരിച്ചുള്ള കമ്പനികൾ അവിടെനിന്നു മാറിയാലും മെക്സിക്കോ ആയിരിക്കും പുതിയ കേന്ദ്രമാകുക.

വരുമാന വർധന ആയിരിക്കണം സർക്കാരുകൾ ഇനി ശ്രദ്ധവയ്ക്കേണ്ട മേഖല. അതിനായി കൂടുതൽ കമ്പനികൾ വരണം. അതിനു നയങ്ങൾ ഉദാരമാക്കണം. കേരളമെന്ന ബ്രാൻഡ് ശക്തിപ്പെടുത്താൻ ഇവിടത്തെ ജീവിതനിലവാരം ഉയർത്തണം. അതല്ലാതെ, എല്ലാവരും കേരളത്തിൽ വരണമെന്നു പറഞ്ഞു ക്ഷണിക്കുന്നതിൽ കാര്യമില്ല.

കൃഷിമേഖലയിൽ കർഷകർക്ക് ഇടനിലക്കാരെക്കാൾ ലാഭം കിട്ടിയാൽ മാത്രമേ, ഭാവിയിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ കഴിയൂ.കോവിഡ് മാറുമ്പോൾ നമ്മുടെ മനോഭാവവും മാറണം. പൊള്ളയായ സദാചാരബോധം നമ്മുടെ സാധ്യതകൾക്കു മങ്ങലേൽപിക്കുന്നു. ഉദാഹരണത്തിന് കശുമാവുകൃഷിയുണ്ട്. പക്ഷേ, കശുമാങ്ങ നമ്മൾ വെറുതേ കളയുന്നു. ഗോവ അതുകൊണ്ടു ഫെനി നിർമിച്ചു വരുമാനമുണ്ടാക്കുന്നു. നമ്മുടെ കാർഷികോൽപന്നങ്ങളിൽ‌നിന്ന് ഇതുപോലുള്ള മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കാം. അതു പ്രയോജനപ്പെടുത്തണം.

∙ സമൂഹമാറ്റം: സർക്കാരല്ല, ആദ്യം നമ്മൾ തന്നെയാണു മാറേണ്ടത്. കാഴ്ചപ്പാടുകൾ മാറണം. എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നത് കേരളത്തെ പിന്നോട്ടടിക്കും. 

∙ ടൂറിസം: പുതിയ മാർഗങ്ങളിലേക്കു തിരിയുന്നതിനു പകരം നമ്മൾ മികവു തെളിയിച്ച മേഖലകളിൽ കൂടുതൽ തിളങ്ങാൻ ശ്രമിക്കണം. ടൂറിസം മേഖലയെ അടുത്ത തലത്തിലേക്ക് ഉയർത്തേണ്ട സമയമാണിത്.  

∙ സർക്കാർ: തൊഴിൽ സൃഷ്ടിക്കുന്ന സ്ഥാപനമല്ല സർക്കാ‍രെന്നു ഭരണാധികാരികൾ തിരിച്ചറിയണം. നൈപുണ്യവികസനത്തിലൂന്നിയ വിദ്യാഭ്യാസപരിഷ്കാരത്തിലൂടെ തൊഴിൽദാതാക്കളെ സൃഷ്ടിക്കുകയാണു സർക്കാർ ചെയ്യേണ്ടത്. അതോടൊപ്പം, പാവപ്പെട്ടവർക്ക് ഇൻഷുറൻസ് ഉൾപ്പെടെ സാമൂഹികസംരക്ഷണ പദ്ധതികളും വ്യാപകമാക്കണം. 

(നിസാൻ മോട്ടർ കോർപറേഷൻ മുൻ സിഐഒ. ജനറൽ ഇലക്ട്രിക്, വോഡഫോൺ ഇന്ത്യ, സിറ്റി ഗ്രൂപ്പ്, ഏൺസ്റ്റ് ആൻഡ് യങ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്)

English Summary: Manorma Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com