ADVERTISEMENT

കോവിഡിനെ കർശന നടപടികളിലൂടെയാണ് കൊച്ചുകേരളം നിയന്ത്രിച്ചു നിർത്തുന്നത്. എന്നാൽ, രോഗികളുടെയും മരണത്തിന്റെയും എണ്ണം കുറവായതിനാൽ ഇനി നിയന്ത്രണങ്ങളിൽ ഇഷ്ടം പോലെ ഇളവാകാം എന്നു തീരുമാനിക്കുകയാണെങ്കിൽ എല്ലാം താറുമാറാകും. കാരണം, ഇതുവരെ കോവിഡിനെ നേരിട്ടതുപോലെയല്ല ഇനിയുള്ള യുദ്ധം. കേരളത്തിലേക്കു മൺസൂൺ എത്തുമ്പോൾ ഒപ്പം പലതരം പനികളും പെയ്തിറങ്ങുന്നതാണല്ലോ പതിവ്. ആശുപത്രികളെല്ലാം ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പനി ബാധിതരെക്കൊണ്ടു നിറയും. സെപ്റ്റംബറാകും രോഗികളുടെ എണ്ണം കുറയാൻ. ഇക്കൊല്ലം അതിനൊപ്പം, കോവിഡിനെയും നമുക്കു നേരിടണമെന്നതു ചില്ലറക്കാര്യമല്ല.

dr-abraham
ഡോ. എം.ഏബ്രഹാം ഇട്ടിയച്ചൻ

നിസ്സാരമല്ല വെല്ലുവിളി

∙ ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ കൊറോണ വൈറസിന് അത്രത്തോളം വീര്യം കാട്ടാനാകില്ലെന്ന് പഠനം. കേരളത്തിലെത്തിയ കൊറോണയ്ക്കു ഭീകരത പുറത്തെടുക്കാൻ കഴിയാതിരുന്നതിന് വേനൽക്കാലത്തെ കൊടുംചൂടും കാരണമായിരിക്കാം. എന്നാൽ, മഴയെത്തുമ്പോൾ താപനില കുറയുന്നതോടെ കൊറോണ വൈറസ് ശക്തിയാർജിക്കാനും കോവിഡ് രോഗികളുടെ എണ്ണം വർധിക്കാനും ഇടയുണ്ട്.

∙ ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1, വൈറൽ ഫീവർ, ചിക്കുൻഗുനിയ, മലേറിയ എന്നു തുടങ്ങി നാനാതരം പനികൾ നമ്മെ ആക്രമിക്കുന്ന കാലം കൂടിയാണിത്. മേയ് അവസാനം ഉടലെടുത്ത്, ജൂലൈയിൽ മൂർധന്യത്തിലെത്തി, സെപ്റ്റംബറോടെ അവസാനിക്കുന്നതാണു കേരളത്തിലെ പകർച്ചവ്യാധിക്കാലമെന്ന് കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളജിൽ നടത്തിയ 10 വർഷത്തെ പഠനം വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ട്രോപ്പിക്കൽ ഡോക്ടർ എന്ന രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൂടു കുറയുകയും വായുവിലെ ഈർപ്പം പലമടങ്ങ് വർധിക്കുകയും ചെയ്യുന്നതോടെ കൊതുകുജന്യ, ജലജന്യ, വായുജന്യ രോഗങ്ങളെല്ലാം പെരുകുന്നു.

∙ 2018ൽ എലിപ്പനി, ഡെങ്കിപ്പനി, നിപ്പ എന്നിവയുൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ മൂലം മരിച്ചത് 308 പേരാണ്. 2019ൽ 214 പേരും.

∙ മറ്റു പനികൾ വരാതിരിക്കാനുള്ള മുൻകരുതൽ ശക്തമാക്കിയാലേ ഈ പ്രത്യേക സാഹചര്യത്തെ കേരളത്തിനു നേരിടാനാകൂ; പ്രത്യേകിച്ച്, ജനസംഖ്യയിൽ വലിയൊരു വിഭാഗം മുതിർന്ന പൗരന്മാരായതിനാൽ.

വേണം, ഇരുതലമൂർച്ചയുള്ള ആയുധം

കോവിഡിനെയും വിവിധതരം പനികളെയും ഒരേസമയം നേരിടാനാകുന്ന ആരോഗ്യനയമാണു നമുക്കു വേണ്ടത്. കോവിഡിനെ തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിന്തുടരേണ്ടതു തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഓരോ വ്യക്തിയും മനസ്സിലാക്കണം. നിയന്ത്രണങ്ങൾ തെറ്റുന്നില്ലെന്ന് അധികൃതർ ഉറപ്പുവരുത്തുകയും വേണം.

∙ പനിക്കാലത്തെ മുന്നിൽക്കണ്ട് ശുചീകരണം, കൊതുകുനശീകരണം, ഫോഗിങ് തുടങ്ങിയവ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുക.

∙ ഓരോരുത്തരും ഇതിൽ വിട്ടുവീഴ്ചയില്ലാതെ സഹകരിക്കുക. വീട്ടിലോ പറമ്പിലോ കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കുക.

∙ കോവിഡ് പ്രതിരോധത്തിനു മാത്രമല്ല, എച്ച്1എൻ1 അടക്കമുള്ള രോഗങ്ങളെ അകറ്റിനിർത്താനും കൈകളുടെ ശുചിത്വം ഉറപ്പാക്കുക.

∙ ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്ക്കുകൾ നശിപ്പിച്ചു കളയുക.

∙ മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും മറ്റു രോഗങ്ങൾ മൂലം രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും പ്രത്യേക ശ്രദ്ധ അനിവാര്യം.

∙ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കെല്ലാം പനിക്കാലം സംബന്ധിച്ചു വ്യക്തമായ മാർഗനിർദേശം നൽകുക.

ഹേഡ് ഇമ്യൂണിറ്റി (herd immunity)

ജനസംഖ്യയിലെ വലിയൊരു വിഭാഗം വൈറസിനെതിരെ രോഗപ്രതിരോധശേഷി ആർജിക്കുന്നതിനെയാണ് ഹേഡ് ഇമ്യൂണിറ്റി എന്നു പറയുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിക്കാത്തിടത്തോളം, നിയന്ത്രിതരീതിയിൽ വൈറസ് വ്യാപനം അനുവദിച്ച് ഹേഡ് ഇമ്യൂണിറ്റി നടപ്പാക്കണമെന്ന് ഒരുവിഭാഗം രാജ്യാന്തര വിദഗ്ധർ വാദിക്കുന്നു. എന്നാൽ, ഇതു ദുഷ്കരമാണെന്നും ഫലപ്രദമാകില്ലെന്നുമുള്ള മറുവാദങ്ങളും ശക്തം. ഹേഡ് ഇമ്യൂണിറ്റി ലക്ഷ്യമിടുന്നുണ്ടെങ്കിൽ, വൈറസ് ബാധിച്ചാൽ മാരകമായേക്കാവുന്ന വിഭാഗങ്ങൾക്ക് (മുതിർന്ന പൗരന്മാർ, ഗർഭിണികൾ, പ്രതിരോധശേഷി കുറവുള്ളവർ) പൂർണസംരക്ഷണം നൽകണം.

ഹേഡ് ഇമ്യൂണിറ്റി കൈവരിക്കാൻ മാസങ്ങളെടുക്കും. വൈറസ് ബാധിക്കുകയും അതിനെ ചെറുത്ത് ആന്റിബോഡികൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്നതു വഴി ജനസംഖ്യയിൽ 60–70% പേരും കോവിഡിനെ പ്രതിരോധിക്കാൻ ശക്തിയുള്ളവരാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ. ഭൂരിഭാഗവും ഇങ്ങനെ കോവിഡ് പ്രതിരോധം നേടുന്നതോടെ, വൈറസ് ചങ്ങല മുറിയുകയും വ്യാപനം ഇല്ലാതാകുകയും ചെയ്യുമെന്നാണു സിദ്ധാന്തം. സ്വീഡൻ നിലവിൽ ഹേഡ് ഇമ്യൂണിറ്റി നയമാണു സ്വീകരിച്ചിരിക്കുന്നത്.

(കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗം പ്രഫസറാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com