sections
MORE

സങ്കടഭരിതമായ പലായനങ്ങൾ

HIGHLIGHTS
  • അതിഥിത്തൊഴിലാളി ദുരിതവും അപകടങ്ങളും തുടരുമ്പോൾ
migrant-train
SHARE

ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്കു രാജ്യം പ്രവേശിച്ചിട്ടും പെരുവഴിയിൽ കുടുങ്ങിയ ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികളുടെ ദുരിതങ്ങൾ തുടരുക തന്നെയാണ്. അവരുടെ ഹതാശമായ പലായനം രാജ്യമനസ്സാക്ഷിയെ ആഴത്തിൽ മുറിവേൽപിക്കുന്നുവെന്നു മാത്രമല്ല, സുരക്ഷിതമല്ലാത്ത യാത്രയ്ക്കിടെയുണ്ടാവുന്ന അപകടങ്ങൾ തുടരുന്നത് ആശങ്കയുടെ ആഴം വർധിപ്പിക്കുകയും ചെയ്യുന്നു. ബിഹാറിലും മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലുമായുണ്ടായ വാഹനാപകടങ്ങളിൽ 15 അതിഥിത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടതാണ് ഇന്നലെ നാം കേട്ട നിർഭാഗ്യവാർത്ത.

ലോക്ഡൗൺ ആരംഭിച്ച മാർച്ച് 25 മുതൽ ഇക്കഴിഞ്ഞ ഞായറാഴ്ചവരെ 139 അതിഥിത്തൊഴിലാളികൾ മടക്കയാത്രയ്ക്കിടെയുള്ള വാഹനാപകടങ്ങളിൽ മരിച്ചുവെന്നാണു കണക്ക്. ഇതു കഴിഞ്ഞും അപകടങ്ങളും മരണങ്ങളും ഉണ്ടായിക്കഴിഞ്ഞു. ലോക്ഡൗണിനെത്തുടർന്നു മധ്യപ്രദേശിലേക്കുള്ള പലായനത്തിനിടെ, 40 കിലോമീറ്റർ നടന്നുതളർന്ന് മഹാരാഷ്ട്രയിലെ ഒൗറംഗാബാദിൽ റെയിൽപാളത്തിൽ അന്തിയുറങ്ങിയ 16 അതിഥിത്തൊഴിലാളികൾ ചരക്കു ട്രെയിനിനടിയിൽപെട്ടു മരിച്ചതടക്കം രാജ്യത്തെ ഞെട്ടിച്ച പല അപകടങ്ങളും ഇതിനകം ഉണ്ടായി.

ഏകദേശം പതിനാലായിരം ട്രെയിനുകളിലായി 2.3 കോടി യാത്രക്കാർ ദിവസവും യാത്ര ചെയ്യുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനം സ്വന്തമായുള്ള ഇന്ത്യയ്ക്ക് അതിഥിത്തൊഴിലാളികളെ നാടുകളിലെത്തിക്കുന്ന കാര്യത്തിൽ ഇതുവരെ എത്രത്തോളം മുന്നേറാനായി എന്ന കാര്യത്തിൽ ആത്മപരിശോധന ആവശ്യമായിവരുന്നു. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കും മറ്റും നാട്ടിലേക്കു മടങ്ങാനായി, മേയ് ഒന്നുമുതൽ ഇതുവരെ സജ്ജമാക്കിയത് ആയിരത്തിഅഞ്ഞൂറോളം പ്രത്യേക ശ്രമിക് ട്രെയിനുകളാണ്. 

ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്യാനുള്ള ചെലവ് ആരു വഹിക്കും എന്നതിനെപ്പറ്റി തർക്കമുണ്ടായി. ചില സംസ്ഥാനങ്ങൾ ട്രെയിനുകൾക്ക് അനുമതി നൽകാൻ അമാന്തം കാണിക്കുകയും ചെയ്തു. പ്രത്യേക ട്രെയിനുകൾ വഴി ഇതിനകം 20 ലക്ഷം അതിഥിത്തൊഴിലാളികളെയെങ്കിലും സ്വന്തം നാടുകളിലെത്തിച്ചെന്നാണു റെയിൽവേ പറയുന്നതെങ്കിലും കോടിക്കണക്കിനു പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന യാഥാർഥ്യം ഒപ്പമുണ്ട്.

ഇപ്പോഴത്തെ അതീവഗുരുതര സാഹചര്യത്തിൽ, സാധ്യമായത്ര ശ്രമിക് ട്രെയിനുകൾ രാജ്യത്താകെ സർവീസ് നടത്തി, പരമാവധി തൊഴിലാളികളെ അവരവരുടെ നാട്ടിലെത്തിക്കുന്നതു മുഖ്യ ഉത്തരവാദിത്തം തന്നെയായി റെയിൽവേ ഏറ്റെടുത്തേ തീരൂ. ശ്രമിക് ട്രെയിനുകളുടെ യാത്രയ്ക്കു സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് ഇന്നലെ കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ ട്രെയിനിൽ നാട്ടിലെത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ നിർദേശങ്ങൾ ഇറക്കിയിട്ടുമുണ്ട്. സുരക്ഷിതമായ ബസ് സർവീസുകൾ സജ്ജമാക്കുന്നതും ആലോചിക്കണം. കോൺഗ്രസ് പാർട്ടി മുൻകൈ എടുത്ത് ബസുകളിൽ തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഇതിനിടെ യുപിയിലും മറ്റും രാഷ്ട്രീയത്തർക്കങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്.

അതിഥിത്തൊഴിലാളികൾ അവരുടെ സംസ്ഥാനങ്ങളിലേക്കു കൊച്ചുകുട്ടികളും മറ്റുമായി നടന്നുപോകാൻ ശ്രമം നടത്തുന്നതു സർക്കാർ അനുകമ്പാപൂർവം കാണേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ എത്രയും വേഗം അവരുടെ ഗ്രാമങ്ങളിൽ സുരക്ഷിതമായി എത്തിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നതിൽ‌ ഉപേക്ഷ ഉണ്ടായിക്കൂടാ. റെയിൽപാളത്തിലോ പാതയോരത്തോ ഒരു അതിഥിത്തൊഴിലാളിയുടെ പോലും ജീവിതം അവസാനിച്ചുകൂടാ എന്ന ദൃഢനിശ്ചയത്തോടെയുള്ള ഏകോപിത നടപടികളാണ് കേന്ദ്ര –സംസ്ഥാന സർക്കാരുകളിൽനിന്ന് ഉണ്ടാവേണ്ടത്. പ്രഖ്യാപിക്കപ്പെട്ട പാക്കേജുകൾക്കപ്പുറത്ത്, അവരുടെ ജീവൽപ്രശ്നങ്ങളുടെ പരിഹാരവും എത്രയുംവേഗം സാധ്യമായേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA