ADVERTISEMENT

സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും ശ്രദ്ധ മുതിർന്ന പൗരന്മാരിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഈ കോവിഡ് കാലത്ത് കുട്ടികൾ അനുഭവിക്കുന്ന ക്ലേശം ചില്ലറയല്ല. സ്കൂളുകൾ അടച്ചു; പാർക്കുകളിലും മൈതാനങ്ങളിലും അവർക്കു പ്രവേശനമില്ല. സ്വന്തമായി ഉപജീവനം കണ്ടെത്തേണ്ട പാവപ്പെട്ട കുട്ടികൾ ഏറെ കഷ്ടത്തിലാണ്.

എന്നിരുന്നാലും ഇതുവരെ പുറത്തുവന്ന കണക്കുകൾ കാണിക്കുന്നത് കോവിഡ് കുട്ടികളെ കുറച്ചേ ബാധിക്കുന്നുള്ളൂ എന്നാണ്. ഏപ്രിൽ തുടക്കത്തിൽ യുഎസിലെ ആകെ രോഗികളിൽ, 18 വയസ്സിനു താഴെയുള്ളവർ 1.7% മാത്രമായിരുന്നു. യുഎൻ പുറത്തുവിട്ട പഠനഫലം ചൂണ്ടിക്കാട്ടുന്നത് കോവിഡിന്റെ മുഖം കുട്ടികളല്ല എന്നാണ്.

കോവിഡ് കുട്ടികളെ പല രീതിയിലും ബാധിക്കുന്നു. രോഗത്തിൽ മാതാപിതാക്കളെയും ഉറ്റവരെയും നഷ്ടമാകുന്നത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. രോഗനിരോധന പ്രവർത്തനങ്ങളും അവരോടു കാരുണ്യം കാണിക്കുന്നില്ല. അതിൽ പ്രധാനം അടച്ചിട്ട സ്കൂളുകളാണ്. യുഎൻ കണക്കനുസരിച്ച് ലോകമെമ്പാടും 188 രാജ്യങ്ങളിലായി 180 കോടി വിദ്യാർഥികൾ ഇപ്പോൾ വീട്ടിലിരിക്കുന്നു. ഇതു ബാധിക്കുന്നതു പഠനത്തെ മാത്രമല്ല. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സൗജന്യ ഉച്ചഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്.

ഈ അടച്ചിരിപ്പ് മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും. സമൂഹജീവിതത്തിനുള്ള കൗശലങ്ങൾ കുട്ടികൾ പഠിക്കുന്നതു സമപ്രായക്കാരുമായുള്ള കൂട്ടായ്മകളിലൂടെയാണ്. ലോക്ഡൗൺ കാലത്തു ചിലയിടങ്ങളിലെങ്കിലും വഷളാകുന്ന ഗാർഹികാന്തരീക്ഷം കുട്ടികളുടെ പിരിമുറുക്കം കൂട്ടുന്നു. ചുരുക്കത്തിൽ കോവിഡ് കാലം തന്നെ അസുഖകരമായ അനുഭവമാണെങ്കിൽ, അതിന്റെ രൂക്ഷത വർധിക്കുന്നതു കുട്ടികളിലാണ്.

കഴിഞ്ഞ ചൊവ്വാഴ്ച യുകെയിൽ പുറത്തിറങ്ങിയ രണ്ടു പഠന റിപ്പോർട്ടുകൾ പറയുന്നത്, രോഗവ്യാപനത്തിൽ കുട്ടികൾക്കു വലിയ പങ്കില്ലെന്നു സൂചനകളുണ്ട് എന്നാണ്. പല രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ള സ്കൂൾ അടച്ചിടൽ നയത്തെ ചോദ്യം ചെയ്യുന്നതാണ് ഈ നിഗമനം. അതുകൊണ്ട് ഇന്ത്യയിലും ഈ ദിശയിലുള്ള, കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനങ്ങൾ ആവശ്യമാണ്. റിവേഴ്സ് ക്വാറന്റീൻ ഇപ്പോൾ 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ബാധകമാണ്. ഇതിന്റെയും സ്കൂളുകൾ മൊത്തം അടച്ചിടുന്നതിന്റെയും ശാസ്ത്രീയത പരിശോധിക്കേണ്ടിയിരിക്കുന്നു.

thalsamayam
രാജാ രവിവർമ , ദാ സാഹിബ് ഫാൽക്കെ

മഹാമാരിയും വെള്ളിത്തിരയും 

കോവിഡ് കാലത്തു റിലീസ് മുടങ്ങിപ്പോയ ചിത്രങ്ങൾ ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുമ്പോൾ സിനിമാപ്രദർശകർ – തിയറ്റർ ഉടമകൾ – സ്വാഭാവികമായി അതിനെ എതിർക്കുന്നു. ഏറ്റവും വലിയ പൊട്ടിത്തെറി നടന്നതു യുഎസിലാണ്.

കോവിഡ് കാരണം യൂണിവേഴ്സൽ പിക്ചേഴ്സ് അവരുടെ പുതിയ ചിത്രമായ ‘ട്രോൾസ് വേൾഡ് ടൂർ’, വിഡിയോ ഓൺ ഡിമാൻഡായി റിലീസ് ചെയ്തു. യുഎസിലും പുറത്തുമായി ആയിരത്തിൽ പരം തിയറ്ററുകളുള്ള, ലോകത്തിലെ ഏറ്റവും വലിയ സിനിമാപ്രദർശകരായ എഎംസി തിയറ്റേഴ്സ്, യൂണിവേഴ്സലിന്റെ പടങ്ങളെല്ലാം ബഹിഷ്കരിക്കാനുള്ള തീരുമാനം ഉടൻ പ്രഖ്യാപിച്ചു. ഇതിന്റെ ചെറിയൊരു പതിപ്പ് മലയാളത്തിലും സംഭവിച്ചു. തിയറ്ററുകൾ അടഞ്ഞുകിടക്കുന്ന ഇക്കാലത്ത് ഒരു പുതിയ ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന ഒരു നിർമാതാവിനെതിരെ ഇവിടത്തെ തിയറ്റർ ഉടമകൾ തിരിഞ്ഞിട്ടുണ്ട്.

മഹാമാരിയും സിനിമയുമായി എന്തോ ബന്ധമുള്ളതായി തോന്നുന്നു. രാജാ രവിവർമയെ ഇന്ത്യയിൽ മുഴുവൻ അറിയപ്പെടുന്ന കലാകാരനാക്കിയതിൽ മുഖ്യ പങ്കുവഹിച്ചത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബോംബെയിലെ പ്രസിൽ അച്ചടിച്ച പ്രിന്റുകളാണ്. 1896-97ൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ, പ്രസ് നടത്തിയിരുന്ന രവിവർമയുടെ സഹോദരൻ രാജവർമ അതിന്റെ ഇരയായി. താമസിയാതെ രവിവർമ പ്രസ് ഒരു ജർമൻകാരനു വിറ്റു. അതിൽനിന്നു കിട്ടിയ കാശിന്റെ നല്ലൊരു പങ്ക് അദ്ദേഹം തന്റെ കീഴിൽ ടെക്നീഷ്യനായി പ്രവർത്തിച്ചിരുന്ന ദുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയ്ക്കു നൽകി. ഇന്ത്യയിലെ ആദ്യത്തെ സിനിമയായ ‘രാജാ ഹരിശ്ചന്ദ്ര’യുടെ നിർമാതാവും സംവിധായകനുമായ ദാദാ സാഹിബ് ഫാൽക്കെയുടെ സിനിമാമോഹങ്ങൾ രവിവർമയ്ക്ക് അറിയാമായിരുന്നു.

1918ലെ സ്പാനിഷ് ഫ്ലൂവിന്റെ കാലത്ത് സിനിമാ തിയറ്ററുകൾ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എല്ലാം അടച്ചിട്ടിരുന്ന അക്കാലത്ത് ന്യൂയോർക്കിലെ ഗവർണർ, പല നിബന്ധനകളോടെ സിനിമാ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിച്ചു. രോഗവുമായി ദീർഘകാലം ഇടപഴകേണ്ടി വരികയാണെങ്കിൽ പൗരന്മാർക്ക് അതിനുള്ള പരിശീലനം നൽകാൻ ഈ തിയറ്ററുകൾ ഉതകും എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ശൈശവാവസ്ഥയിലുള്ള സിനിമാപ്രദർശന വ്യവസായത്തെ ഈ തീരുമാനം വളരെ സഹായിച്ചു.

സിനിമ കാണുന്നതിന്റെ ഒരു പ്രധാന ആനന്ദം തിയറ്റർ അനുഭവമാണ്. അതുകൊണ്ട് കോവിഡിനു ശേഷവും തിയറ്ററുകൾ പ്രവർത്തിക്കും എന്നതിന് ഒരു സംശയവും വേണ്ട. സംഭവിക്കാൻ പോകുന്ന ഒരു മാറ്റം, സിനിമ രണ്ടിടത്തും – തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും – പ്രദർശിപ്പിക്കുക സാധാരണമാകും എന്നതായിരിക്കും. യൂണിവേഴ്സൽ ഇപ്പോൾത്തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കോവിഡ് അനന്തരകാലത്ത് സിനിമയ്ക്കു കൂടുതൽ തട്ടകങ്ങൾ ലഭിക്കുന്നതു നല്ല കാര്യമാണ്. മലയാളത്തിൽത്തന്നെ, തിയറ്റർ ലഭിക്കാതെ എത്രയെത്ര സിനിമകൾ വെളിച്ചം കാണാതെ പോയിരിക്കുന്നു.

സ്കോർപ്പിയൺ കിക്ക്: ബെവ്കോയുടെ മദ്യവിപണന ആപ്പിനു നിർദേശിച്ചിട്ടുള്ള പേര്, ബെവ്ക്യൂ.

ക്യൂ ഇല്ലാത്ത ഒരു പരിപാടിക്കും ബെവ്കോയെ കിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com