ADVERTISEMENT

കൃഷിരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ച് ലോക്ഡൗൺ നമ്മെ പഠിപ്പിച്ചു. പക്ഷേ, നമുക്കു മുന്നിൽ വെല്ലുവിളികളേറെയുണ്ട്.  അടിയന്തരമായി ഉത്തരം കണ്ടെത്തേണ്ട പല ചോദ്യങ്ങളുമുണ്ട്...

പൈനാപ്പിൾ: കിലോയ്ക്ക് 3 രൂപ ബാങ്ക് വായ്പയെപ്പറ്റി  ചോദിക്കരുത്, പ്ലീസ്

എറണാകുളം ജില്ലയിലെ ആയവന പൊട്ടൻപുഴ ജോസ് പോളിന് ഈ വർഷത്തെ ആദ്യ വിളവെടുപ്പു സീസണിൽ നഷ്ടം മൂന്നു കോടിയിലേറെ രൂപ! കഴിഞ്ഞവർഷം കിലോഗ്രാമിനു 35 – 40 രൂപയ്ക്കു വിറ്റ പൈനാപ്പിൾ ഇത്തവണ ചില ദിവസങ്ങളിൽ വിറ്റുപോയതു 3 രൂപയ്ക്ക്. കിട്ടിയ ശരാശരി വില 8 രൂപ. ബാങ്കിൽനിന്നു വായ്പയെടുത്താണ് കൃഷി. എത്രയെന്നു ജോസിനോടു ചോദിച്ചു.

‘അതു ചോദിക്കരുത്. വീട്ടുകാരും നാട്ടുകാരും അതറിഞ്ഞാൽ പ്രശ്നമാണ്’ എന്നു മറുപടി. ജോസിന്റെ നഷ്ടം ഇവിടെ തീരുന്നില്ല. 20 ടൺ ലോഡുമായി ഡൽഹിയിലേക്കു പോയ ലോറി ലോക്ഡൗണിൽ കുടുങ്ങി. ലോറി വാടകയിനത്തിൽ പോയത് 1.30 ലക്ഷം രൂപ. 150 ടൺ പൈനാപ്പിൾ പറിക്കാനാവാതെ തോട്ടത്തിൽ കിടന്നും നശിച്ചു.

പടവലങ്ങ: കിലോയ്ക്ക് 4 രൂപ വലിച്ചെറിയണം, പക്ഷേ...

തൃശൂർ മാളയ്ക്കടുത്തു കുഴൂർകണ്ടത്തിൽ കെ.ബി.അശോകൻ ലോക്ഡൗൺ സമയത്തു പടവലങ്ങ വിറ്റതു കിലോയ്ക്കു 4 രൂപയ്ക്ക്. വണ്ടിക്കൂലിയും ചുമട്ടുകൂലിയും കഴിഞ്ഞപ്പോൾ കിട്ടിയതാകട്ടെ, ശരാശരി 2 രൂപ. ആ വിലയ്ക്കും ആളില്ലാതെ വന്നപ്പോൾ ബാക്കിയുള്ള പടവലങ്ങ ചീയാൻ കാത്തിരുന്നു അദ്ദേഹം. നട്ടുനനച്ചു വളർത്തിയതു ചീയാതെ വലിച്ചെറിയുന്നത് എങ്ങനെയെന്ന് അശോകൻ. 

സാധാരണ തൃശൂർ, ആലുവ മാ‍ർക്കറ്റുകളാണു വിപണി. മാർച്ചിൽ കിലോയ്ക്കു 13 രൂപ കിട്ടി. ഈസ്റ്റർ – വിഷു സീസണിൽ 25 രൂപ വരെ എത്തി. ലോക്ഡൗൺ പക്ഷേ, അശോകനെ പൂട്ടി.

തലക്കെട്ടുകളല്ല, കർഷകന്റെ തലവര! 

തൃശൂരിൽ പടവലങ്ങ അധികം വിളയുന്നുണ്ടെങ്കിൽ എറണാകുളത്ത് അതു വിൽക്കാൻ വഴിയില്ലേ? വയനാട്ടിൽ നേന്ത്രൻ കൂടുതലായി ഉൽപാദിപ്പിച്ചാൽ കോഴിക്കോടോ കണ്ണൂരോ മാർക്കറ്റ് ഉണ്ടോയെന്ന് അറിയണ്ടേ? അടിയന്തര സാഹചര്യമുണ്ടായാൽ പഴവും പച്ചക്കറിയും സംഭരിക്കാൻ കഴിയില്ലേ? ഒരു പ്രദേശത്ത് ഉൽപാദിപ്പിക്കുന്ന വിളകൾ അത് ആവശ്യമുള്ള മറ്റു സ്ഥലത്തേക്ക് എത്തിക്കാൻ ഒരു മാർഗവുമില്ലേ?

നേന്ത്രനു പുല്ലുവില...

വെള്ളരി തള്ളുന്നു...

കുമ്പളങ്ങ സൗജന്യമായി നൽകുന്നു...

പാവയ്ക്ക കയ്ക്കുന്നു...

പയർ കുഴിച്ചുമൂടി...

ലോക്ഡൗൺ കാലത്തെ ചില തലക്കെട്ടുകൾ മാത്രമല്ലിത്. നമ്മുടെ കർഷകരുടെ തലവര കൂടിയാണ്. ഒരിടത്ത് ഉൽപാദിപ്പിക്കുന്ന വിളകൾക്ക് അവിടെ കർഷകനു വില ലഭിക്കാതിരിക്കുകയും എന്നാൽ, മറ്റൊരിടത്ത് ഉപഭോക്താവ് വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം. സ്വതവേ ദുർബലമായ കേരളത്തിലെ കൃഷിമേഖലയുടെ ദൗർബല്യങ്ങൾ ലോക്ഡൗൺ കൂടുതലായി പുറത്തുകൊണ്ടുവന്നു.

പഴം, പച്ചക്കറി മേഖലയിൽ വിളകളുടെ വിപണനം ഇവിടെ എന്നും കീറാമുട്ടിയാണ്. ലോക്ഡൗൺ വേണമെന്നില്ല, 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹർത്താൽ മതി വിപണിയുടെ താളംതെറ്റാൻ. അടച്ചിടൽ കാലത്ത് സർക്കാർ ഏജൻസികൾ ഇടപെട്ട് ചില നീക്കുപോക്കുകൾ ഉണ്ടാക്കിയെങ്കിലും കർഷകനു കണ്ണീരു ബാക്കി.

കൃഷിവകുപ്പ് ആരംഭിച്ച കർഷക ചെറുകിട വിപണികൾ (ഫാർമർ റീട്ടെയിൽ ഔട്‌ലെറ്റ് ), ഇക്കോ ഷോപ്, ഹോർട്ടികോർപ്പിന്റെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെയും (വിഎഫ്പിസികെ) സംഭരണ കേന്ദ്രങ്ങൾ, സസ്യമാർക്കറ്റുകൾ, സഞ്ചരിക്കുന്ന ജീവനി പച്ചക്കറിവണ്ടികൾ...

കൃഷിവകുപ്പും ഇതര ഏജൻസികളും വിപണിയിൽ ഇത്തരം ഇടപെടലുകൾ നടത്തിയതിനു സർക്കാരിന്റെ പക്കൽ കണക്കുണ്ട്. പൈനാപ്പിൾ ചാലഞ്ചുണ്ടായി, വെജിറ്റബിൾ കിറ്റ് ഉണ്ടായി, മാങ്ങക്കർഷകർക്കായി മുറവിളിയുണ്ടായി...

പക്ഷേ, എന്നിട്ടും നല്ലൊരു ശതമാനം കൃഷിയുൽപന്നങ്ങളും ചീഞ്ഞുപോയി. അല്ലെങ്കിൽ തുച്ഛമായ വിലയ്ക്കു വിൽക്കേണ്ടി വന്നു.

വിപണനത്തിൽ മാത്രമല്ല, സംസ്കരണത്തിലും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നതിലും പുതിയ സാങ്കേതിക വിദ്യകളുടെ പിന്തുണയോടെയുള്ള നെറ്റ്‌വർക്കിങ്ങിലുമൊക്കെ കേരളം ബഹുദൂരം പിന്നിലാണ്. ഒപ്പം, വിപണിയറിഞ്ഞു കൃഷിയിറക്കുന്നതിലും.

narayanankutty
ഡോ. സി. നാരായണൻകുട്ടി,

സംഭരിക്കണം, കൃഷിയിടത്തിൽ നിന്ന്

പാടവരമ്പത്തുനിന്നു തന്നെ നെല്ലു സംഭരിക്കുന്നതുപോലെ, പച്ചക്കറിയും സംഭരിക്കാം. ഒരുദിവസം പോലും ആയുസ്സില്ലാത്ത പാൽ കർഷകരിൽനിന്നു സംഭരിച്ചു സംസ്കരിച്ചു പിറ്റേന്നുതന്നെ ആവശ്യക്കാർക്കു വിതരണം ചെയ്യാൻ മിൽമയ്ക്കു കഴിയുന്നെങ്കിൽ, പച്ചക്കറിയും സംഭരിക്കാം.

പാടത്തു പച്ചക്കറി ശേഖരിച്ചു കഴുകി, ഇനം തിരിച്ചു പാക്ക് ചെയ്തു ജില്ലാ അടിസ്ഥാനത്തിൽ ശീതീകരണിയിൽ സംഭരിക്കണം. വിതരണത്തിനു ഫ്രാഞ്ചൈസികളെ നിശ്ചയിക്കാം. അവരുടെ ആവശ്യമനുസരിച്ചു ശീതീകരണിയിൽനിന്നു പച്ചക്കറി എത്തിച്ചുനൽകാം. നാട്ടുപച്ചക്കറി എന്ന നിലയിൽ ഇതിനൊരു ബ്രാൻഡ് ഉണ്ടായാൽ ആവശ്യക്കാരുണ്ടാവും. കേരളത്തിൽ ലഭ്യമല്ലാത്തതു ഗുണനിലവാരം ഉറപ്പാക്കി കേരളത്തിനു പുറത്തുനിന്നു സംഭരിക്കാം. വിലയിൽ ഏകീകരണം വേണം. ഉൽപന്നത്തിനു മുൻകൂട്ടി വില നിശ്ചയിച്ചാൽ കർഷകനു കൈത്താങ്ങാവും. അധിക വില ബോണസ് അടിസ്ഥാനത്തിൽ നൽകാം.

-ഡോ. സി. നാരായണൻകുട്ടി, ഡീൻ, കാർഷിക സർവകലാശാല

റിസ്ക് മാത്രമേയുള്ളൂ, ഫണ്ട് എവിടെ?

വിപണിയിൽ പച്ചക്കറിപോലെയുള്ള ഉൽപന്നങ്ങൾക്കു വരുന്ന വിലയിടിവു തടയാനായി വിഎഫ്പിസികെ ആവിഷ്കരിച്ചതാണ് റിസ്ക് ഫണ്ട് പദ്ധതി. 40% തുക കർഷകനും 60% തുക സർക്കാരും ഫണ്ടിൽ നിക്ഷേപിക്കും. ഓരോ ജില്ലയിലെയും കർഷകസമിതികളുമായി ചർച്ച ചെയ്ത് ഓരോ ഉൽപന്നത്തിനും അടിസ്ഥാന വില നിശ്ചയിക്കും. ഈ തുകയെക്കാൾ ഉൽപന്നത്തിനു വില കുറഞ്ഞാൽ കർഷകന്റെ നഷ്ടം നികത്താൻ റിസ്ക് ഫണ്ടിലെ പണം ഉപയോഗിക്കാം. യഥാർഥ കർഷകന് ആശ്വാസമായിരുന്നു ഈ പദ്ധതി.

 എന്നാൽ, വിപണനത്തിനും വിപണികളെ ശക്തിപ്പെടുത്തുന്നതിനും നൽകുന്ന പദ്ധതിവിഹിതം ഓരോ വർഷവും കുറഞ്ഞു കുറഞ്ഞു വരുന്നു. അപ്പോൾ റിസ്ക് ഫണ്ടിലേക്കും പണമെത്തുന്നില്ല. ഫലത്തിൽ പണം വീതംവച്ചു നൽകുമ്പോൾ ഓരോ കർഷകനും ലഭിക്കുന്ന തുക നാമമാത്രമാകും. 2019–20 സാമ്പത്തിക വർഷമാകട്ടെ, റിസ്ക് ഫണ്ടിലേക്ക് നയാപൈസ എത്തിയില്ല.

തമിഴ്നാടിനോട് മുട്ടാൻ ‘ശക്തനും’ ശക്തിയില്ല

ലോക്ഡൗൺ തുടങ്ങിയപ്പോൾ തൃശൂർ ജില്ലയിലെ പ്രധാന വിപണിയായ ശക്തൻ മാ‍ർക്കറ്റിൽ സുരക്ഷാ കാരണങ്ങളാൽ കർഷകർക്കു പ്രവേശനം നിഷേധിക്കപ്പെട്ടു. ദിനംപ്രതി 35– 40 ലോഡ് വരെ കായയാണ് തൃശൂരിലെ വാഴക്കർഷകർ ശക്തനിൽ എത്തിച്ചിരുന്നത്. 

ശക്തൻ ലോക്ഡൗണായതോടെ കർഷകർ ഉൽപാദിപ്പിച്ചതിന്റെ പകുതി കായ പോലും പ്രാദേശിക കർഷക സംഘങ്ങൾക്ക് ഏറ്റെടുക്കാനായില്ല. എന്നാൽ, നിയന്ത്രണം മറികടന്ന് കന്യാകുമാരിക്കടുത്തു വള്ളിയൂരിൽനിന്നു വരെ മറുനാടൻകായ തൃശൂരിലെ വിപണിയിലെത്തി. നാടനെക്കാൾ 25% വരെ വിലക്കുറവിൽ തമിഴ്നാട് നേന്ത്രൻ വിപണി പിടിച്ചു. മറുനാടന്റെ വിലക്കുറവിനു മുന്നിൽ നാടൻ മുട്ടുമടക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com