ADVERTISEMENT

മൂല്യവർധിത ഉൽപന്നങ്ങൾ ലാഭകരമായി നിർമിച്ചു തുടങ്ങിയതും ആധുനിക മാർക്കറ്റിങ് തന്ത്രങ്ങൾ സ്വീകരിച്ചതുമാണ് ചക്കയുടെ തലവര മാറ്റിയത്.  മറ്റു പഴവർഗങ്ങളുടെ കാര്യത്തിലും നമുക്കു ‌സ്വീകരിക്കാവുന്ന മാതൃക.....

ഈ അടുത്തകാലത്തായി ചക്കയ്ക്കു ശുക്രനാണ്. ലോക്ഡൗൺ ആയപ്പോൾ ട്രോളന്മാരുടെ വരെ ഇഷ്ടവിഭവവുമായി. പൈനാപ്പിൾ കൃഷിക്കും മികച്ച മുന്നേറ്റമായിരുന്നു. കൃഷിവിസ്തൃതി നാൾക്കുനാൾ കൂടിവന്നു; ലോക്ഡൗൺ ഒറ്റയടിക്ക് അതിന്റെ മാർക്കറ്റുകൾ പൂട്ടിച്ചതുവരെ. കേരളത്തിന്റെ മാംഗോസിറ്റിക്ക് ഇതുവരെ നാട്ടിലെ മാർക്കറ്റ് പഥ്യമല്ലായിരുന്നു. എന്നാൽ, ലോക്ഡൗൺ നമ്മുടെ നാടൻ മാർക്കറ്റിന്റെ ശേഷി കാണിച്ചുതന്നു. പക്ഷേ, വാഴക്കർഷകർക്ക് എന്നും കണ്ണീരാണ്.

പഴം – പച്ചക്കറി കൃഷിയിൽ നമ്മുടെ ശ്രദ്ധ ഇപ്പോഴും ഉൽപാദനത്തിൽ മാത്രമാണ്. സംഭരണം, വിപണനം, മൂല്യവർധന എന്നീ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചില്ലെങ്കിൽ മുന്നോട്ടുള്ള പോക്ക് അസാധ്യമാകും. പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിൽ ഉൽപാദനത്തിനു ശേഷമുള്ള നഷ്ടം വളരെക്കൂടുതലാണ്. വിളവെടുക്കുന്ന ഇടങ്ങളിലും ചന്തകളിലും ചില്ലറവിൽപന നടത്തുന്ന കടകളിലും നഷ്ടം കൂടുന്നു.

 ചക്കയുടെ വിപണന തന്ത്രങ്ങൾ

ഏതാനും വർഷം മുൻപുവരെ, ആർക്കും വേണ്ടാതെ പറമ്പുകളിൽ വീണു ചീഞ്ഞുപോകാനായിരുന്നു ചക്കയുടെ വിധി. എന്നാൽ, മൂല്യവർധിത ഉൽപന്നങ്ങൾ ലാഭകരമായി നിർമിച്ചുതുടങ്ങിയതോടെ ചക്കയുടെ തലവര മാറി. ആധുനിക മാർക്കറ്റിങ് തന്ത്രങ്ങൾ പിന്തുണയായി. ചക്ക ഉണക്കിയും പൊടിച്ചും വറുത്തും ഇന്ന് 365 ദിവസവും വിപണിയിൽ കിട്ടും. പ്ലാവിൽ കിടക്കുന്ന ചക്ക വിലപറഞ്ഞു വാങ്ങാൻ കച്ചവടക്കാരെത്തുന്നു. ചക്കമടലിനും കുരുവിനും പാടയ്ക്കും ചുളയ്ക്കും എല്ലാം ഡിമാൻഡ്. ചക്കകൊണ്ട് അച്ചാർ മുതൽ മിക്ചർ വരെ. ചക്കയുടെ ഇൗ പോക്കുകണ്ട് പ്ലാവുപോലും അന്ധാളിച്ചുപോയിട്ടുണ്ടാവും!

കൃഷിവകുപ്പിന്റെ ഇടപെടലോ സർക്കാർ സംവിധാനമോ മേൽനോട്ടമോ ഒന്നുമില്ലാതെയാണ് ചക്കയ്ക്കു വിലയും മേൽവിലാസവും ഉണ്ടായത്. സ്വകാര്യ സംരംഭകരുടെ മിടുക്കും പരിശ്രമവും പ്രചാരണതന്ത്രങ്ങളുമാണ് പുറമ്പോക്കിൽ നിന്ന് ഉമ്മറത്തേക്കു ചക്കയെ എത്തിച്ചത്.

 പൈനാപ്പിളിന് താങ്ങു വേണോ?

പൈനാപ്പിൾ കൃഷിയിൽ സാധാരണ മുടക്കുമുതലിന്റെ ഇരട്ടിയോളം ലഭിക്കും. എന്നാൽ, ഇത്തവണ ലോക്ഡൗൺ കർഷകർക്കു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കി. ഇത്തരമൊരു സാഹചര്യത്തിൽ വിപണിയിൽ എന്തു ചെയ്യാനാവും സർക്കാർ സംവിധാനങ്ങൾക്ക്?

വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയാണ് ഈ മേഖലയിലുള്ള സർക്കാർ മേൽവിലാസം. വിഎഫ്പിസികെ – സർക്കാർ – കർഷക സംയുക്തസംരംഭമാണിത്. പൈനാപ്പിളിനു വിലയുള്ളപ്പോൾ സർക്കാർ നിശ്ചയിച്ചിരിക്കുന്ന താങ്ങുവിലയ്ക്ക് കർഷകർ കമ്പനിക്കു പൈനാപ്പിൾ നൽകില്ല. വില അടിത്തട്ടിലേക്കു പോയിട്ടുപോലും കമ്പനിയിൽ റജിസ്റ്റർ ചെയ്ത 57 കർഷകരെ അങ്ങോട്ടു സമീപിച്ചാണ് ലോക്ഡൗൺ സമയത്ത് 62 ടൺ സംഭരിക്കാൻ കഴിഞ്ഞതെന്നു കമ്പനി പറയുന്നു.

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പൈനാപ്പിൾ മുഴുവൻ ഏറ്റെടുത്ത് മൂല്യവർധന വരുത്തി മാർക്കറ്റിലെത്തിക്കുകയല്ല കമ്പനിയുടെ ലക്ഷ്യമെന്ന് എംഡി എൽ.ഷിബുകുമാർ പറയുന്നു. അതായത് വിപണിയിൽ ഉണ്ടായേക്കാവുന്ന അനിശ്ചിതാവസ്ഥയ്ക്കു തൽക്കാലം മരുന്നില്ലെന്ന് പൈനാപ്പിൾ കർഷകർ അറിയുക. പൈനാപ്പിളിനു പുറമേ, മാമ്പഴവും കമ്പനി സംഭരിക്കുന്നു. പക്ഷേ, മുതലമടയിൽ നിന്നല്ല. കഴിഞ്ഞവർഷം തമിഴ്നാട്ടിൽനിന്നാണു മാങ്ങ കൊണ്ടുവന്നത്!

മനസ്സുവച്ചാൽ മാങ്ങയും... 

ഇന്ത്യയിൽത്തന്നെ ഏറ്റവുമാദ്യം മാങ്ങ ഉണ്ടാകുന്നതു മുതലമടയിലാണ്. അതിനാലാണ് മാംഗോസിറ്റി തേടി ഉത്തരേന്ത്യൻ കച്ചവടക്കാർ വരുന്നതും. ഇത്തവണ കോവിഡിൽ കുടുങ്ങി ആരും വാങ്ങാൻ വരില്ലെന്ന സ്ഥിതിയായി. ഉത്തരേന്ത്യൻ കച്ചവടക്കാർ മാങ്ങ തൽക്കാലം വേണ്ടെന്ന നിലപാടെടുത്തു. കർഷകർ കുടുക്കിലായാൽ ചുളുവിലയ്ക്കു മാങ്ങ കിട്ടുമെന്ന് അവർ കരുതിയിരിക്കണം.

200 കോടിയിലേറെ രൂപയുടെ നഷ്ടം ഉറപ്പാണെന്നു കരുതിയപ്പോഴാണ് കൃഷിവകുപ്പും വിഎഫ്പിസികെയും ഹോർട്ടികോർപ്പും മാങ്ങ സംഭരിക്കാനെത്തിയത്. സംസ്ഥാനമൊട്ടാകെ, മുതലമട മാങ്ങയ്ക്ക് ആവശ്യക്കാരുണ്ടായി. സമൂഹമാധ്യമങ്ങളിലൂടെ വൻപ്രചാരമുണ്ടായി. കൃഷി ഉദ്യോഗസ്ഥർ മികച്ച മാർക്കറ്റിങ് തന്ത്രജ്ഞരായി.സർക്കാർ സംവിധാനങ്ങൾ കൂടെനിന്നപ്പോൾ വലിയൊരു നഷ്ടത്തിൽനിന്നാണു കർഷകർ കരകയറിയതെന്നു മുതലമട മാംഗോവാലി ഫാർമർ പ്രൊഡ്യൂസർ കമ്പനി മേധാവി എം.താജുദ്ദീൻ പറയുന്നു.

palakkad-jackfruit

വിജയവിഭവം 

ചിപ്സിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കിയാണ് നിഷാന്ത് കൃപാകറും സുഹൃത്ത് വിമൽ തോംസണും ‘യെലോ ചിപ്സ്’ എന്ന സംരംഭത്തിനു തുടക്കമിട്ടത്. മൂല്യവർധിത ഉൽപന്നങ്ങളിലേക്കു തിരിഞ്ഞാൽ വിപണിയിലെ ചാഞ്ചാട്ടത്തിൽ പിടിച്ചുനിൽക്കാൻ കർഷകർക്കു പ്രയാസപ്പെടേണ്ടി വരില്ലെന്ന് നിഷാന്ത് പറയുന്നു. നേന്ത്രക്കായ മാത്രമല്ല, മധുരക്കിഴങ്ങും കപ്പയും ബീറ്റ്റൂട്ടുമെല്ലാം ചിപ്സാക്കി മാറ്റുന്നുണ്ട്. ഇവ വറുക്കാൻ വെളിച്ചെണ്ണയും വെജിറ്റബിൾ ഓയിലുമെല്ലാം ഉപയോഗിക്കുമ്പോൾ അതും കർഷകർക്കു തന്നെയാണു താങ്ങാവുന്നത്.

സൗന്ദര്യവർധക ഉൽപന്നങ്ങളുണ്ടാക്കാൻ പ്രയോജനപ്പെടുത്താവുന്ന വിളയാണ് നരയൻ കുമ്പളങ്ങ. ആഗ്ര പേഡ പോലുള്ള മൂല്യവർധിത ഉൽപന്നങ്ങളും ഇതേ കുമ്പളംകൊണ്ടു നിർമിക്കാം. ഈ രീതിയിലുള്ള പദ്ധതികൾക്കു രൂപം നൽകിയാൽ ഏതു സീസണിലും വിളകളുടെ വിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടി വരില്ലെന്നു നിഷാന്തും വിമലും പറയുന്നു.

ചക്കയെ കണ്ടു പഠിക്ക്

പഴത്തിനു വില കിട്ടാത്തതും പഴം കേടുവന്നു പോകുന്നതുമാണു കേരളത്തിൽ വാഴക്കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. കേരളത്തിൽ ഏകദേശം 1.15 ലക്ഷം ഹെക്ടർ സ്ഥലത്തു കൃഷി ചെയ്യുന്ന വാഴയിൽനിന്ന് 9 ലക്ഷത്തോളം ടൺ വാഴപ്പഴം ലഭിക്കുന്നു എന്നാണു കണക്ക്. ഉൽപാദനത്തിന്റെ 60% ഓണക്കാലം കേന്ദ്രീകരിച്ചാണു നടക്കുന്നത്. അതുകൊണ്ടു തന്നെ ഉൽപാദന ആധിക്യത്താൽ വിപണി അവതാളത്തിലാവുകയും കർഷകനു മതിയായ വരുമാനം ലഭിക്കാതെ വരികയും ചെയ്യുന്നു.

വാഴയിൽനിന്നു പരമാവധി മൂല്യവർധിത ഉൽപന്നങ്ങൾ കണ്ടെത്താൻ കാര്യമായ ശ്രമമില്ല. ചിപ്സ് മാത്രമാണു ലാഭകരമായ കച്ചവടം. ചക്കയുടെ മാതൃകയിൽ വാഴയുടെ എല്ലാ ഭാഗവും ഉപയോഗിക്കുക എന്നതാണ് പരമാവധി ലാഭത്തിനുള്ള ഉപാധിയെന്നു വിദഗ്ധർ പറയുന്നു. പച്ചക്കായ, വാഴയില, ഉണ്ണിപ്പിണ്ടി, വാഴക്കൂമ്പ് തുടങ്ങി വാഴയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാൻ സാധിക്കും.

പച്ചക്കായ പൊടിച്ച് ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യ കാർഷിക സർവകലാശാലയ്ക്കു കീഴിലുള്ള തൃശൂർ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിൽ ലഭ്യമാണ്. പഴം പൾപ്പാക്കാനും ജാം, പഴംവരട്ടി, ഹൽവ, കേക്ക് തുടങ്ങിയവ ഉണ്ടാക്കാനും സാങ്കേതികവിദ്യയുണ്ട്. ഉണ്ണിപ്പിണ്ടി കൊണ്ടു ജ്യൂസ് വരെ ഉണ്ടാക്കാം. പക്ഷേ, വാഴക്കർഷകൻ ഇന്നും കുലയും ചുമന്ന് വിപണിയിൽ വിഷണ്ണനായി നിൽക്കുന്നു.

indira-devi
പി.ഇന്ദിരാദേവി,

ഡേറ്റാ ബേസ് പ്രധാനം

ലഘുസംസ്കരണ രീതികൾ കർഷകരെ പരിശീലിപ്പിക്കുകയും അതു വ്യാപകമാക്കുകയും വേണം. ശീതീകരണ സംവിധാനമുള്ള സംരംഭകരുടെയും വിതരണക്കാരുടെയും ഗതാഗത സംവിധാനങ്ങളുടെയും ഡേറ്റാ ബേസ് ഉണ്ടാക്കണം. വിളവെടുക്കുമ്പോൾത്തന്നെ ഉൽപന്നം ആർക്കു കൊടുക്കണം എന്നു തീരുമാനിക്കാൻ ഈ ഡേറ്റാ ബേസ് ഗുണം ചെയ്യും. ഇവർക്ക് ഉൽപന്നങ്ങൾ നിശ്ചിത ദിവസത്തിനകം വിറ്റഴിക്കാൻ പറ്റിയില്ലെങ്കിൽ അത് ഏതു സംസ്കരണ സംവിധാനത്തിലേക്കാണു കൈമാറ്റം ചെയ്യേണ്ടതെന്നും കൃത്യമായ ധാരണയുണ്ടാവണം. അവിടേക്കു കൃത്യസമയത്ത് ഇവ മാറ്റണം. കുടുംബശ്രീകൾ, കർഷക കൂട്ടായ്മകൾ എന്നിവർക്കൊക്കെ സംസ്കരണ സംവിധാനങ്ങൾ ഉണ്ടാക്കാം.

- പി.ഇന്ദിരാദേവി,റിട്ട. ഡയറക്ടർ ഓഫ് റിസർച്, കാർഷിക സർവകലാശാല, തൃശൂർ.

വേണം, വിദഗ്ധ തൊഴിലാളികൾ

pushpalatha
പി.ബി. പുഷ്പലത

വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇല്ലാത്തതാണു വാഴയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുമ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി. തൊഴിലാളികളും വാഴക്കർഷകരും കൃത്യമായ പരിശീലനം നേടേണ്ടതുണ്ട്. കുടുംബശ്രീ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾക്കു പരിശീലന പരിപാടികളും ക്ലാസുകളും നൽകുന്നു. ഇതു പ്രയോജനപ്പെടുത്തണം.

-പി.ബി. പുഷ്പലത, മേധാവി, വാഴ ഗവേഷണകേന്ദ്രം, കണ്ണാറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com