ADVERTISEMENT

പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്കു പ്രവേശിച്ചതുമായി ബന്ധപ്പെട്ട ഗൃഹസന്ദർശനത്തിലാണ് ഇടതുമുന്നണി പ്രവർത്തകർ. നേട്ടങ്ങൾ വിശദീകരിക്കുകയും സർക്കാരിനെക്കുറിച്ചുള്ള അഭിപ്രായം തേടുകയും ചെയ്യുന്നതിനൊപ്പം, തന്ത്രത്തിൽ ഒരു സന്ദേശം കൂടി ഓരോ വീട്ടിലും അവർ കൈമാറിത്തുടങ്ങിയിട്ടുണ്ട്: ‘ഈ സർക്കാരിനു ഭരണത്തുടർച്ച വേണ്ടേ?’ ഇതേ സമയത്താണ് തുടർഭരണം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയനീക്കങ്ങൾ എൽഡിഎഫ് ആരംഭിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, ഭരണത്തുടർച്ച എന്ന മോഹത്തോടെ എൽഡിഎഫും അധികാരം തിരിച്ചുപിടിക്കാൻ യുഡിഎഫും കളത്തിലിറങ്ങിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറിൽത്തന്നെ നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിക്കുന്നുണ്ടെങ്കിലും മൂന്നു കക്ഷികൾക്കും സന്ദേഹമുണ്ട്.

കോവിഡ്കാലത്തു തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനെക്കുറിച്ചു നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന വിവരമാണു ബിജെപി കേരള ഘടകത്തിനുമുള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനാണു തദ്ദേശ തിരഞ്ഞെടുപ്പു നടത്തുന്നതെങ്കിലും ആ പ്രക്രിയയിലേക്കു കടക്കാൻ കേന്ദ്രസർക്കാരിന്റെ അനുവാദം സംസ്ഥാനങ്ങൾക്കു വേണ്ടിവരും. ആന്ധ്രപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പു നീട്ടിവച്ചുകഴി‍ഞ്ഞു.അപ്പോൾ യഥാർഥത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പടയൊരുക്കമാണു സംസ്ഥാന രാഷ്ട്രീയത്തിൽ ആരംഭിച്ചിരിക്കുന്നത്. അതിന്റെ വീര്യവും വേവലാതിയുമെല്ലാം മുന്നണികൾക്കുണ്ട്.

ഇടതു കാണുന്നത് 

സിപിഎമ്മെന്നും കോൺഗ്രസെന്നും ഇംഗ്ലിഷിൽ എഴുതിയാൽ ആദ്യാക്ഷരം ‘സി’ ആണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തെ ‌രണ്ടു ‘സി’കൾ മാറ്റിമറിച്ചുവെന്നു കരുതുന്നവരുണ്ട് – സിറ്റിസൻ ബില്ലും കൊറോണയും. കോടിയേരി തൊട്ടു സിപിഎം സ്ക്വാഡ് പ്രവർത്തകർ വരെ തുടർഭരണാഹ്വാനം മുഴക്കുന്നതിനു പിന്നിലെ ആത്മവിശ്വാസം മറ്റൊന്നല്ല. 

ഇന്ത്യയിലെ വലിയ പാർട്ടി എന്ന കോൺഗ്രസിനെക്കുറിച്ചുള്ള ദേശീയ ചിത്രം കേരളത്തിൽ എന്നും യുഡിഎഫിനു തുണയായിരുന്നുവെങ്കിൽ ആ ചിത്രത്തിനു മങ്ങലേറ്റു. പാലായും വട്ടിയൂർക്കാവും പോലെ, സാമുദായിക സമവാക്യങ്ങൾ യുഡിഎഫിന് അനുകൂലമായ മണ്ഡലങ്ങളിലെ അട്ടിമറിജയം ഇടതു പ്രതീക്ഷ ഏറെ വളർത്തുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നാൽ ഓരോ ജില്ലയിലും കിട്ടാവുന്ന സീറ്റുകളെക്കുറിച്ചുള്ള വിശകലനം സിപിഎമ്മിന്റെ പക്കലുണ്ട്. പക്ഷേ, 1957ലെ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ട ശേഷം 60ലെ തോറ്റ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേടിയ 39.14% വോട്ട് നേടാൻ, തനിച്ചോ സിപിഐയുമായി ചേർന്നോ, സിപിഎമ്മിന് ഇക്കാലമത്രയും കഴിഞ്ഞിട്ടില്ല. 40 ശതമാനത്തിലേറെ വോട്ട് സമാഹരിക്കുന്നതു മറ്റു കക്ഷികളുടെ പിന്തുണയോടെയാണ്. എൽഡിഎഫ് എന്ന നിലയിൽ ആദ്യം മത്സരിച്ച 1980നു ശേഷം ഇതുവരെ 50 ശതമാനത്തിൽ കൂടുതൽ വോട്ട് മുന്നണി നേടിയിട്ടില്ല. 

ജനസംഖ്യയുടെ 26% വരുന്ന മുസ്‌ലിം വിഭാഗത്തിലും 22% വരുന്ന ക്രിസ്ത്യൻ വിഭാഗത്തിലും മുസ്‌ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സ്വാധീനമാണു ഭരണത്തുടർച്ചയ്ക്കുള്ള പ്രധാന തടസ്സമെന്നു സിപിഎം വിലയിരുത്തുന്നു. പോരടിക്കുന്ന കേരള കോ‍ൺഗ്രസിലെ ഇരുവിഭാഗങ്ങളിൽ ഒന്നിനെ എൽഡിഎഫിലെത്തിക്കാൻ നോക്കുമെന്നു കോടിയേരി തുറന്നു പറഞ്ഞതിനു പിന്നിൽ ചരിത്രപരമായ ഈ വിശകലനമാണുള്ളത്.

യുഡിഎഫ് കണക്കുകൂട്ടുന്നത് 

ശബരിമല വിഷയത്തിൽ നവോത്ഥാന മുദ്രാവാക്യം ഉയർത്തിയാൽ 50% സ്ത്രീകളുടെയും വോട്ട് പെട്ടിയിൽ വീഴുമെന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിചാരിച്ചവർ തന്നെയല്ലേ, തുടർഭരണ വ്യാമോഹക്കോട്ട കെട്ടുന്നത് എന്ന പരിഹാസമാണു യുഡിഎഫിൽ ഉയരുന്നത്.

രോഗവ്യാപനം ഭരണസംവിധാനങ്ങളെ ശക്തമാക്കിയതും സർക്കാരിനെ ആശ്രയിക്കാൻ പല വിഭാഗങ്ങളെയും നിർബന്ധിതരാക്കിയതുമായ സാഹചര്യം തിരഞ്ഞെടുപ്പാകുമ്പോൾ മാറുമെന്നു കോൺഗ്രസ് വിശ്വസിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രതിഛായ ഉയരുന്നോ എന്ന ശങ്കയിൽ അക്ഷമരും നിരാശരുമാകുന്നവർ ഉണ്ടെങ്കിലും ഗോൾവല കുലുക്കാൻ പാകത്തിനു പന്തു കിട്ടാനുള്ള ക്ഷമ വേണമെന്നു വിചാരിക്കുന്നവരാണു കൂടുതലും.

അങ്ങോട്ടും ഇങ്ങോട്ടും മറിയാവുന്ന 5% വോട്ടാണ് എക്കാലത്തും കേരളത്തിന്റെ വിധിയെഴുതിയിട്ടുള്ളത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഭരണമാറ്റത്തിനു വേണ്ടി മാത്രം വോട്ട് ചെയ്യുന്ന 5000 പേരെങ്കിലുമുണ്ടാകാം. മോദിവിരുദ്ധ വികാരവും കേരളത്തിലെ രാഹുൽതരംഗവും ചേർന്ന് പൊതുതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കടപുഴക്കിയെങ്കിൽ, അത്രയും മാരകമല്ലാത്തൊരു രാഷ്ട്രീയക്കാറ്റു വീശിയാൽ പോലും അവരുടെ  തുടർഭരണ സ്വപ്നങ്ങൾ വെള്ളത്തിലാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു.

മോദിസർക്കാരിനും സംഘപരിവാറിനുമെതിരെ കേരളത്തിലെ ഇരുമുന്നണികളും മത്സരിച്ച് ആളിക്കത്തിക്കുന്ന വികാരവും അതിനോടുള്ള ന്യൂനപക്ഷ പ്രതികരണവും സമീപകാല രാഷ്ട്രീയപ്പോരാട്ടങ്ങളിലെല്ലാം നിർണായകമായിരുന്നു. കോവിഡും ലോക്ഡൗണും ആ കേന്ദ്രവിരുദ്ധ മുദ്രാവാക്യത്തെ തണുപ്പിക്കുന്നുണ്ടോ? എങ്കിൽ ആ മാറ്റത്തിന്റെ പ്രത്യാഘാതങ്ങളും അടിയൊഴുക്കുകളും കൂടി മുന്നണികൾക്ക് ഇനിയങ്ങോട്ടു കണക്കിലെടുക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com