ADVERTISEMENT

വയനാട്ടിലെ പ്രിയങ്കരമായ മണ്ണിലേക്ക് ഇന്നലെ മടങ്ങിയതു കർമദീപ്തമായൊരു വ്യക്തിത്വമാണ്. ഇടപെട്ട മേഖലകളിലെല്ലാം സവിശേഷമായ കയ്യൊപ്പു ചാർത്തി എം.പി.വീരേന്ദ്രകുമാർ അന്ത്യയാത്രയാവുമ്പോൾ കേരളം കനത്ത നഷ്ടബോധത്തിലാഴുന്നതും അതുകൊണ്ടുതന്നെ. ഒരു ജീവിതത്തെ എത്രത്തോളം അർഥവത്താക്കാമെന്നു നമ്മെ ബോധ്യപ്പെടുത്തിയാണ് അദ്ദേഹം ഓർമയാവുന്നത്.    

അനന്യവും ഗാംഭീര്യവുമുള്ളതാണ് എം.പി.വീരേന്ദ്രകുമാറിന്റെ ജീവിതരേഖ. മാതൃഭൂമി ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന അദ്ദേഹത്തോടൊപ്പം എംഎൽഎ, മന്ത്രി, ലോക്സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ പദവികളിലെല്ലാം എത്തുന്ന ആദ്യ വയനാട്ടുകാരൻ എന്നതടക്കമുള്ള ചരിത്രമുദ്രകളുമുണ്ട്. ധന്യതയാർന്ന ഒരു പൂർണജീവിതം അദ്ദേഹത്തിൽ പ്രകാശിക്കുന്നു.

കേരളത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, ബൗദ്ധിക മണ്ഡലങ്ങളുടെ മുൻനിരയിൽ തലയുയർത്തിനിന്ന അദ്ദേഹം ബഹുമുഖ മേഖലകളിലാണു സ്വന്തം നാമാക്ഷരങ്ങളെഴുതിയത്. ശ്രദ്ധേയനായ എഴുത്തുകാരനും ആയിരക്കണക്കിനു സദസ്സുകളെ ആവേശംകൊള്ളിച്ച പ്രഭാഷകനും മികച്ച പത്രപ്രവർത്തകനുമായിരുന്നു വീരേന്ദ്രകുമാർ. ദാർശനികന്റെ ആഴമുള്ള ചിന്തകളും രാഷ്ട്രീയത്തിന്റെ ചൂടും വെയിലുമേറ്റ്, ദശാബ്ദങ്ങളായി പോരാടുന്ന പോരാളിയുടെ വീര്യവും പുസ്തകങ്ങളോടു ജീവതുല്യമായ സ്നേഹവും യാത്രകളോടുള്ള അവിരാമ പ്രണയവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ‘യാത്ര ചെയ്യാൻ സാധിക്കാത്ത ഒരു കാലത്തെക്കുറിച്ച് ഞാൻ ആലോചിക്കാറില്ല’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പരിസ്ഥിതിപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടതും കേരളം ശ്രദ്ധിക്കുകയുണ്ടായി.  

താനൊരു ‘രാഷ്ട്രീയജീവി’യാണെന്ന് എപ്പോഴും പറഞ്ഞു. പ്രമുഖ പ്ലാന്ററും സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന പിതാവ് എം.കെ.പത്മപ്രഭാ ഗൗഡറിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്, സോഷ്യലിസത്തോടുള്ള താൽപര്യം മൂലം രാഷ്ട്രീയത്തിലെത്തിയ വീരേന്ദ്രകുമാറിനു പതിനഞ്ചാം വയസ്സിൽ പാർട്ടി അംഗത്വം നൽകിയതു ജയപ്രകാശ് നാരായൺ ആണ്. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. അടിയന്തരാവസ്ഥക്കാലത്തു  ജയിൽവാസം അനുഷ്ഠിച്ചു. എത്രയോ തിരഞ്ഞെടുപ്പു ഗോദകളിൽ വീരോചിതം പോരാടി. പല ഉന്നത പദവികളിലുമെത്തി.

അമ്പത്തിയാറാമത്തെ വയസ്സിലാണ് ആദ്യ രചന, ‘സമന്വയത്തിന്റെ വസന്തം’ സാഹിത്യപ്രവർത്തക സഹകരണസംഘത്തിലൂടെ പുറത്തുവരുന്നത്. അത്രയും വൈകി പുസ്തകങ്ങളുടെ ലോകത്തേക്കു പ്രവേശിച്ചൊരാൾ പിന്നീട് വിൽപനയിൽ ചരിത്രം സൃഷ്ടിച്ച ‘ഹൈമവതഭൂവിൽ’ അടക്കം ഏറെ ഗ്രന്ഥങ്ങളെഴുതി. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും ഓടക്കുഴൽ, വയലാർ അവാർഡുകളും ജ്ഞാനപീഠ സമിതിയുടെ മൂർത്തീദേവി പുരസ്കാരവും നേടി. പതിനഞ്ചു വയസ്സിൽ സ്റ്റൂളിൽ കയറിനിന്നുള്ള ആദ്യ പ്രസംഗത്തോടെതന്നെ സദസ്സുകളെ കയ്യിലെടുത്തുതുടങ്ങിയ മികച്ച പ്രസംഗകനായിട്ടും എഴുത്തിനോടായിരുന്നു എന്നും കൂടുതൽ അടുപ്പം. കാറ്റിൽ പറന്നു പോകുന്നതാണു പ്രസംഗത്തിലെ വാക്കുകളെന്നും എക്കാലവും ശേഷിക്കുന്നതാണ് എഴുത്തെന്നും വിശ്വസിച്ചു. ഏതു തിരക്കിലും വായിക്കാതെയും എഴുതാതെയുമിരിക്കാനായില്ല, വീരേന്ദ്രകുമാറിന്. നന്നായി ചിരിക്കാനും ചിരിപ്പിക്കാനും അദ്ദേഹത്തിന് അറിയാമായിരുന്നു. നർമബോധം ജീവിതത്തിലെപ്പോഴും കൂടെയുണ്ടായി.

ആഴമുള്ള അറിവും അനുഭവങ്ങളും വരുംകാലത്തെ വായിക്കാനാവുന്ന മനസ്സുമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. മാതൃഭൂമിയുടെ അമരക്കാരനെന്ന നിലയിൽ പത്രത്തിനും സ്ഥാപനത്തിനും ആധുനിക മുഖം ഉറപ്പാക്കിയത് ഈ കൈമുതൽകൊണ്ടുതന്നെയാണ്. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രസിഡന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ എന്നീ പദവികളടക്കമുള്ള ശ്രദ്ധേയ സ്ഥാനങ്ങളിലിരുന്ന് രാജ്യത്തെ പത്രപ്രവർത്തന മേഖലയ്ക്ക് ഏറെ സംഭാവനകൾ നൽകുകയുണ്ടായി.  

ജീവിതത്തിൽ ലഭിച്ച സമയത്തെ ഒട്ടും പാഴാക്കാതെ കൃത്യമായി ഉപയോഗിച്ച് അർഥപൂർണമാക്കുകയായിരുന്നു വീരേന്ദ്രകുമാർ. സമയമില്ല എന്നു പറയുന്നവർ സമയം പാഴാക്കിക്കളയുന്നവരാണെന്നും ഉപയോഗിക്കുന്നതിന് അനുസരിച്ചായിരിക്കും സമയത്തിന്റെ വിലയെന്നും അദ്ദേഹം വിശ്വസിച്ചു. ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ജീവിതത്തിന്റെ അവസാന ദിവസം വരെ കർമനിരതനായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട്: ‘ഒരുദിനം വരും. നിഴൽപോലും മാറിനിൽക്കുന്ന നട്ടുച്ചപോലെ നാം മാത്രമാവുന്ന നിമിഷം. ഒരു ദിവസം നമ്മളും പോവണം. പോയേ തീരൂ’. വ്യാഴാഴ്ച രാത്രി അങ്ങനെ ഒറ്റയ്ക്കു യാത്രതിരിച്ചപ്പോൾ ആ മനസ്സിൽ ബാക്കിയായതു ചാരിതാർഥ്യം മാത്രമാവുമെന്നു തീർച്ച.

മലയാള മനോരമയ്ക്ക് എം.പി.വീരേന്ദ്രകുമാർ നൽകിയതു സാഹോദര്യത്തിന്റെ നിറഞ്ഞ സ്നേഹമാണ്. അദ്ദേഹത്തിന് ഞങ്ങളുടെ അന്ത്യാഞ്ജലി.

English Summary: Floral tribute to M.P. Veerendra Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com