ADVERTISEMENT

കോവിഡ് കാലത്തെ ഇന്ത്യയുടെ ഏറ്റവും ദുഃഖകരമായ ചിത്രം കഴിഞ്ഞ ദിവസം നാം സ്തബ്ധരായി കാണുകയുണ്ടായി. ബിഹാറിലെ മുസാഫർപുർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ആ വിഡിയോ ക്ലിപ്പിൽ, സ്റ്റേഷന്റെ തറയിൽ കിടക്കുന്ന അമ്മ മരിച്ചുപോയെന്നറിയാതെ രണ്ടു വയസ്സു പ്രായമുള്ള കുട്ടി മുഖത്തുനിന്നു പുതപ്പു വലിച്ചുനീക്കുന്നു. അനാവൃതമാകുന്നത്, രോഗവ്യാപനത്തെത്തുടർന്ന് കാൽനടയായും സൈക്കിളിലും ട്രക്കുകളിലും സ്വന്തം വീടുകളിലേക്കു മടങ്ങുന്ന ഇന്ത്യയിലെ കോടിക്കണക്കിന് അതിഥിത്തൊഴിലാളികളുടെ മുഖമാണ്. ആ അമ്മ ഗുജറാത്തിൽനിന്നു നാട്ടിലേക്ക് നാലു ദിവസത്തെ നരകതുല്യമായ ട്രെയിൻയാത്രയാണു നടത്തിയത്.

രാജ്യത്തെ സംസ്ഥാനാന്തര കുടിയേറ്റക്കാരുടെ സംഖ്യ 45 കോടിയാണെന്നു കണക്ക്. അതായത്, ഇന്ത്യയിലെ മൂന്നിൽ ഒരാൾ കുടിയേറ്റക്കാരനാണ്. അവർ നമ്മുടെ നഗരങ്ങൾ നിർമിച്ചു. റോഡുകളും പാലങ്ങളും നിർമിച്ചു. പാടങ്ങളിൽ വിതച്ചു, കൊയ്തു. കെട്ടിടങ്ങൾക്കു കാവൽനിന്നു. വണ്ടിയോടിക്കുകയും ചായ ഉണ്ടാക്കിത്തരികയും ചെയ്തു. എന്നിട്ട് കോവിഡ്കാലത്ത് ഇന്ത്യ അവരോട് എന്താണു ചെയ്തത്?

എല്ലാം കെട്ടിപ്പെറുക്കിയെടുത്തു വീട്ടിൽ പോകാൻ അവർക്കു ലഭിച്ചത് വെറും നാലു മണിക്കൂർ മാത്രം. പ്രധാനമന്ത്രി രാത്രി 8നു രാജ്യത്തെ അഭിസംബോധന ചെയ്യുന്നു; 12 മണിക്കു ലോക്ഡൗൺ നടപ്പിലാവുന്നു. ഇന്ത്യയെക്കാൾ കാർക്കശ്യം കുറഞ്ഞ ലോക്ഡൗൺ നടപ്പാക്കാൻ സിംഗപ്പൂർ 4 ദിവസത്തെ സാവകാശം അവിടത്തെ പൗരന്മാർക്കു നൽകി.

ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട അതിഥിത്തൊഴിലാളികൾ അഗതികളായി. ഒടുവിൽ അവർ വീടുകളിലേക്കു നടന്നുതുടങ്ങി. പലർക്കും അതു മരണയാത്ര കൂടിയായിരുന്നു. തീവണ്ടിപ്പാളത്തിൽ ഉറങ്ങിക്കിടന്നപ്പോൾ വണ്ടി‌കയറി 16 തൊഴിലാളികളാണു മരിച്ചത്. തൊഴിലാളികൾക്കായി ശ്രമിക് ട്രെയിനുകൾ ഓടിക്കാൻ തുടങ്ങിയപ്പോൾ, യാത്ര ദിവസങ്ങളോളം നീണ്ടു. പലർക്കും വെള്ളവും ഭക്ഷണവും ലഭിച്ചിരുന്നില്ല. അതിലൊരു യാത്രികയായിരുന്നു മുസാഫർപുരിലെ സ്ത്രീ.

കോവിഡ്കാലത്തെ ഏറ്റവും വലിയ മാനുഷികദുരന്തം ഈ കുടിയേറ്റത്തൊഴിലാളികളുടെ പലായനമാണ്. കേന്ദ്ര സർക്കാരും പല സംസ്ഥാന സർക്കാരുകളും ഇവരെ സഹായിച്ചതേ ഇല്ല. ഒടുവിൽ സുപ്രീംകോടതി ഈ പ്രശ്നത്തിൽ ഇടപെട്ടു എന്നതാണ് ഒരു രജതരേഖ.

ഗ്രാമങ്ങളിലെ സമ്പദ്‌വ്യവസ്ഥ സുശക്തമാക്കണമെന്ന് ജീവമന്ത്രം പോലെ ഗാന്ധിജി ഉരുവിട്ടതിന്റെ പൊരുൾ വെളിവായിരിക്കുന്നു. മുസാഫർപുർ റെയിൽവേ സ്റ്റേഷനിലെ തറയിൽ മരിച്ചുകിടന്ന അമ്മയ്ക്ക്, ഗുജറാത്തിൽ പോകേണ്ട ആവശ്യം ഉദിക്കില്ലായിരുന്നു.

തൽക്കാലം മറക്കാം പഴയ ആകാശത്തെ, ഭൂമിയെ... 

കോവിഡിന്റെ രൂക്ഷത ഭൂഖണ്ഡങ്ങളിൽനിന്നു ഭൂഖണ്ഡങ്ങളിലേക്കു പരക്കുകയാണ്. ചൈനയിലും കിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങളിലും ഫെബ്രുവരി പകുതിയോടെ രോഗികളുടെ സംഖ്യ ഏറ്റവും കൂടുതലായി. പിന്നെ ഗ്രാഫ് താഴോട്ടായിരുന്നു. അടുത്ത ഊഴം, ഇറ്റലിയടക്കം തെക്കും പടിഞ്ഞാറുമുള്ള യൂറോപ്പിലെ രാജ്യങ്ങളുടേതായിരുന്നു. പിന്നീട് രോഗത്തിന്റെ മുഖ്യ കേന്ദ്രം യുഎസ് ആയി. അപ്പോഴേക്കും പടിഞ്ഞാറൻ യൂറോപ്പിൽ രണ്ടാം തരംഗം ആരംഭിച്ചുകഴിഞ്ഞിരുന്നു. മേയ് മാസം പകുതി കഴിഞ്ഞപ്പോൾ ബ്രസീൽ അടക്കമുള്ള ലാറ്റിൻ അമേരിക്കയായി രോഗത്തിന്റെ പ്രധാന തട്ടകം. കേസുകളുടെ എണ്ണം വർധിക്കുന്ന കാര്യത്തിൽ ലാറ്റിൻ അമേരിക്കയ്ക്കു തൊട്ടുതാഴെയാണ് ഇപ്പോൾ ഇന്ത്യയടക്കമുള്ള കിഴക്കൻ, ദക്ഷിണപൂർവ ഏഷ്യയിലെ രാജ്യങ്ങൾ.

രോഗത്തിനെതിരെ മരുന്നും വാക്സിനും കണ്ടുപിടിക്കാൻ മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ വരെ എടുത്തേക്കാം എന്നാണു വിദഗ്ധർ പറയുന്നത്. അതുകൊണ്ട് ഔഷധങ്ങൾ ഉപയോഗിക്കാത്ത രീതി കൊണ്ടാണ് ലോകരാഷ്ട്രങ്ങൾ കോവിഡിനെ നേരിടുന്നത്. അതായത് ബ്രേക്ക് ദ് ചെയിൻ പോലെയുള്ള ലഘൂകരണ (mitigation) നടപടികൾ. അല്ലെങ്കിൽ, ലോക്ഡൗൺ പോലെയുള്ള അടിച്ചമർത്തൽ (suppression) ശ്രമങ്ങൾ. സാമ്പത്തികവും മാനുഷികവുമായ മാനങ്ങൾ ഉള്ളതുകൊണ്ട് അടിച്ചമർത്തൽ ദീർഘകാലത്തേക്കു നടപ്പാക്കാനാകില്ല എന്നതാണു യാഥാർഥ്യം.

മരുന്നും വാക്സിനും കണ്ടെത്തുന്നതിനു മുൻപ് രോഗത്തിൽനിന്നു രക്ഷപ്പെടുന്നതിനു പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്ന കാര്യമാണ് സമൂഹം കൈവരിക്കുന്ന കൂട്ടായ രോഗപ്രതിരോധ ശക്തി അഥവാ ഹേഡ് ഇമ്യൂണിറ്റി (herd immunity). എതാണ്ട് 67% ആളുകൾക്കു രോഗം പിടിപെട്ടാൽ, അവർക്കു വൈറസിനെതിരെ പ്രതിരോധശക്തിയുണ്ടാകും. ഇക്കൂട്ടർ സമൂഹത്തിൽ അവശേഷിക്കുന്ന മൂന്നിലൊരു ഭാഗത്തിലേക്കു രോഗം പകരാതിരിക്കാൻ തടയായിരിക്കും എന്നാണു സിദ്ധാന്തം. ഇന്ത്യയിൽ അഞ്ചാംപനി, മുണ്ടിനീര് തുടങ്ങിയ രോഗങ്ങൾ ഇപ്പോൾ പ്രചരിക്കാതിരിക്കുന്നതിന്റെ കാരണം ഹേഡ് ഇമ്യൂണിറ്റിയാണെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ട്.

ഹേഡ് ഇമ്യൂണിറ്റി കൈവരിക്കുന്നതു വരെ കാത്തിരിക്കാം എന്നതായിരുന്നു രോഗം തുടങ്ങിയ നാളുകളിൽ യുകെയിലെ ഭരണാധികാരികളുടെ ചിന്താഗതി. എന്നാൽ, ആ നയം പൊളിച്ചടുക്കിയത് ലണ്ടനിലെ ഇംപീരിയൽ കോളജിലെ പ്രഫസറായ നീൽ ഫെർഗൂസനും കൂട്ടരും അവതരിപ്പിച്ച പ്രബന്ധമായിരുന്നു. ജനസംഖ്യയുടെ മൂന്നിൽ രണ്ടുപേർക്ക് രോഗം ബാധിച്ചാൽ ഉണ്ടാകാവുന്ന മരണസംഖ്യ, ആശുപത്രിക്കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും അപര്യാപ്തത ഇവയെക്കുറിച്ചൊക്കെ ഫെർഗൂസൻ കണക്കുകൾ അവതരിപ്പിച്ചു. ഇന്ത്യയുടെ കാര്യമെടുത്താൽ, ഇവിടെ സമൂഹ രോഗപ്രതിരോധശക്തി ആർജിക്കാൻ ഏതാണ്ട് 90 കോടി ആളുകൾക്കു രോഗം ബാധിക്കണം. മരണനിരക്ക് വെറും 2% മാത്രമായിരിക്കും എന്ന് അനുമാനിച്ചാൽ കൂടി സംഖ്യ 1.8 കോടിയാകും. ഓരോ ആശുപത്രിക്കിടക്കയ്ക്കും വെന്റിലേറ്ററിനുമായി ലക്ഷക്കണക്കിനു രോഗികൾക്കു വരി നിൽക്കേണ്ടിവരും. ശാരീരിക അകലം, മാസ്ക് ധരിക്കൽ തുടങ്ങിയ പുതിയ ശീലങ്ങൾ സ്വായത്തമാക്കുകയും തങ്ങൾ ജീവിച്ചുപോന്ന പഴയ ആകാശത്തെയും പഴയ ഭൂമിയെയും പറ്റി തൽക്കാലം മറക്കുകയും ചെയ്യുന്നതാകും രോഗത്തെ നേരിടാനുള്ള സമീപകാല ഉപായം.

സ്കോർപ്പിയൺ കിക്ക്: ബവ്ക്യൂ ആപ്പിൽ ഒടിപി ലഭിക്കുന്നില്ലെന്ന് പരക്കെ പരാതി.

ഒടിപി: ഒസിആറും ടച്ചിങ്‌സും പറഞ്ഞിട്ടുള്ളതല്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com