ADVERTISEMENT

വിദ്യാർഥികളാരും ക്ലാസുകളിൽ എത്താതെ തന്നെ പുതിയ സ്കൂൾ വർഷം തുടങ്ങുകയാണ്. ടെലിവിഷൻ/ഓൺലൈൻ  സാധ്യതകളിലൂടെ സ്കൂൾ  വീട്ടിലേക്കെത്തുന്നു. പുതുമകളും പരീക്ഷണങ്ങളുമായി വേറിട്ട പഠനരീതി തുടങ്ങുമ്പോൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും  എങ്ങനെ ലോഗിൻ ചെയ്യണം..? 

വിദ്യാർഥികൾ  ശ്രദ്ധിക്കാൻ ടൈംടേബിൾ  തയാറാക്കാം,  ചിട്ടയോടെ പഠിക്കാം 

ഓൺലൈൻ ക്ലാസുകൾ ‘യഥാർഥ’ ക്ലാസായി തന്നെ കരുതണം. നേരിട്ട് ആരും നിയന്ത്രിക്കുന്നില്ല എന്നതിനാൽ വിദ്യാർഥികൾ സ്വയം ഉത്തരവാദിത്തമേറ്റെടുക്കണം. സ്കൂളിൽ പോകുന്നതു പോലുള്ള തയാറെടുപ്പുകൾ ഇവിടെയുമുണ്ടാകണം. ടൈംടേബിൾ തയാറാക്കി, ചിട്ടയോടെ വേണം ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കാൻ. 

വിക്ടേഴ്സ് ടിവി ചാനൽ വഴിയും ഇന്റർനെറ്റിലൂടെ തത്സമയവും തുടർന്ന് റെക്കോർഡഡ് സെഷനുകളായും പാഠഭാഗങ്ങൾ നിങ്ങൾക്കു മുന്നിലെത്തും.   ടിവി (കേബിൾ/ ഡിടിഎച്ച് കണക്‌ഷൻ) അല്ലെങ്കിൽ ഇന്റർനെറ്റ് കണക്‌ഷൻ ഉള്ള കംപ്യൂട്ടർ, ലാപ്ടോപ്, ടാബ്‌ലറ്റ്, സ്മാർട്ഫോൺ എന്നിവയിൽ ഏതെങ്കിലുമൊന്നു വേണം.

ഓർക്കാൻ 

∙ നെറ്റ് കണക്ടിവിറ്റി 

ഇന്റർനെറ്റ് കണക്ടിവിറ്റി ശക്തമാണെന്ന് ഉറപ്പുവരുത്തുക. ഉപയോഗിക്കുന്ന കംപ്യൂട്ടർ/ ലാപ്ടോപ്/ ടാബ്‌ലറ്റ്/ സ്മാർട്ഫോൺ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ബ്രൗസറും ആവശ്യമായ മറ്റു പ്രോഗ്രാമുകളും അപ്ഡേറ്റ‍ഡ് ആയിരിക്കണം. 

∙ ഏകാഗ്രത മുഖ്യം 

ക്ലാസുകൾ കേൾക്കാൻ വീടിനുള്ളിൽ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുക. സ്ഥിരമായി അവിടെയാകണം പഠനം. മറ്റു ശബ്ദങ്ങൾ കുറഞ്ഞ, ആവശ്യത്തിനു വെളിച്ചമുള്ള (അധികമാകേണ്ട) സ്ഥലമാകണം. ഇരിക്കുന്ന കസേരയും സുഖപ്രദമാകണം. ഹെഡ്ഫോണുണ്ടെങ്കിൽ അതുപയോഗിച്ചു ക്ലാസുകൾ കേൾക്കാം. 

∙ പഠനക്കുറിപ്പുകൾ ശീലമാക്കാം 

പാഠഭാഗത്തിന്റെ കുറിപ്പുകളെടുക്കുക. ക്ലാസിൽനിന്നു ശ്രദ്ധ മാറാതിരിക്കാനും പിന്നീട് റിവൈസ് ചെയ്യാനും ഇതു പ്രയോജനപ്പെടും. 

∙ സമൂഹമാധ്യമം വേണ്ട 

ഒരു ദിവസം 6 മണിക്കൂറിലധികം ഓൺലൈൻ ക്ലാസിലിരിക്കുന്നത് നല്ലതല്ല. തുടർച്ചയായി ഒരു മണിക്കൂറിലധികം ഒരിടത്ത് ഇരിക്കരുത്. കുറച്ചു സമയം പുറത്തിറങ്ങി നടക്കാം. ആരോടെങ്കിലും സംസാരിക്കാം. എന്നാൽ, ഇടവേളകളിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

∙ ശ്രദ്ധ മാറരുത് 

ഓൺലൈനിലാണ് ക്ലാസുകൾ എന്നതിനാൽ ശ്രദ്ധ തിരിക്കാൻ ഒട്ടേറെക്കാര്യങ്ങൾ സ്ക്രീനിൽ വന്നേക്കാം. അത്തരം നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്തു വയ്ക്കുക. 

∙ സംശയം ചോദിക്കാം 

അധ്യാപകരുമായി സംവദിക്കേണ്ടത് വളരെ പ്രധാനമാണ്. സാധാരണ ക്ലാസിലേതു പോലെ ടീച്ചർക്ക് എല്ലാവരോടും വ്യക്തിപരമായി സംവദിക്കാനാകില്ല. അതിനു മുൻകയ്യെടുക്കേണ്ടതു നിങ്ങളാണ്. ലൈവ് ക്ലാസാണെങ്കിൽ ചാറ്റ് ഓപ്ഷൻ ഉപയോഗിക്കാം. റെക്കോർഡഡോ ടിവി സംപ്രേഷണമോ ആണെങ്കിൽ പിന്നീട് അധ്യാപകരെ വിളിച്ചോ മെസേജ് അയച്ചോ സംശയങ്ങൾ ചോദിക്കാം. 

∙ സൗഹൃദം തുടരാം 

ക്ലാസിൽ നേരിട്ടു പോകുമ്പോൾ സഹപാഠികളുമായുള്ള സുഹൃദ്ബന്ധം ശക്തമാക്കാൻ എളുപ്പമാണ്. പഠനം വീടിനുള്ളിലേക്കു മാറുമ്പോഴും അതു തുടരുക. സഹപാഠികളുമായി സമ്പർക്കം പുലർത്തുക. ചർച്ചകളിൽ പങ്കെടുക്കുക. 

∙ നെറ്റിലെ വിവരങ്ങൾ 

ഇന്റർനെറ്റിൽ നിന്നു ലഭിക്കുന്ന വിവരങ്ങളെല്ലാം കൃത്യമാണെന്നു കരുതരുത്. വിക്കിപീഡിയ ഉൾപ്പെടെയുള്ള സ്രോതസ്സുകൾ കണ്ണടച്ചു വിശ്വസിക്കരുത്. ആധികാരിക വെബ്സൈറ്റുകളിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ പത്രങ്ങളിൽ നിന്നോ ടീച്ചർമാരുമായി ചർച്ച ചെയ്തോ വിവരങ്ങൾ ഉറപ്പുവരുത്താം. 

മാതാപിതാക്കൾ  ശ്രദ്ധിക്കാൻ

ഓൺലൈൻ ക്ലാസുകൾ വരുന്നതോടെ ഉത്തരവാദിത്തം കൂടുന്നത് മാതാപിതാക്കൾക്കാണ്. മുൻപ് കുട്ടികൾ സ്കൂളിലോ കോളജിലോ എത്തിക്കഴിഞ്ഞാൽ അധ്യാപകരുടെ സംരക്ഷണത്തിലായി എന്ന ആശ്വാസം ഇനിയില്ല.

ടീച്ചർമാർ അവരുടെ ‘വിദ്യാർഥികളെ’ നിങ്ങളെ ഏൽപ്പിക്കുകയാണ്. കുട്ടികൾക്ക് പഠിക്കാനും അധ്യാപകർക്ക് പഠിപ്പിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന ഉത്തരവാദിത്തം കൂടി ഇനി മാതാപിതാക്കൾക്കുണ്ട്. എന്നാൽ നിങ്ങളുടെ കുട്ടികളുടെ പഠനപ്രക്രിയകൾ അറിയാനുള്ള അവസരം കൂടിയാണിത്. 

ഓർക്കാൻ 

∙ ലേണിങ് ക്വാറന്റീൻ 

കുട്ടികൾക്ക് ഒരു ക്ലാസ് ടൈം നിങ്ങൾ അനുവദിച്ചു കൊടുക്കണം. അത് ഓൺലൈൻ ക്ലാസുകളുടെ സമയത്തിന് അനുസരിച്ചാവാം. ഈ സമയത്ത് അവരെ വിദ്യാർഥികളായി തന്നെ കാണുക. വീട്ടിലെ മറ്റു ജോലികളൊന്നും ഏൽപ്പിക്കാതിരിക്കുക. കുട്ടികൾക്ക് പഠനത്തിനു വേണ്ടി മാത്രമുള്ള ഒരു ‘ക്വാറന്റീൻ’ സമയമാവട്ടെ അത്. 

∙ ഐസലേഷൻ സ്പെയ്സ് 

വീട്ടിൽ ഒരു ക്ലാസ് റൂം ഒരുക്കിക്കൊടുക്കാമെങ്കിൽ അത്രയും നല്ലത്. ഇത് പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന തരത്തിൽ റൂമിന്റെ ഒരു കോർണർ ആയാലും മതി. അവിടെ പഠനത്തിനു വേണ്ട പുസ്തകങ്ങളും ഉപകരണങ്ങളും മാത്രം മതി. കുട്ടികൾക്ക് സ്വസ്ഥമായി പഠിക്കാനുള്ള ‘ഐസലേഷൻ’ സ്ഥലമായിരിക്കട്ടെ അത്. 

∙ ഡിജിറ്റൽ മാസ്കിങ് 

ഓൺലൈൻ പഠനത്തിന് ഡിജിറ്റൽ ഉപകരണങ്ങൾ അത്യാവശ്യമാണ്. എന്നാൽ പഠനസമയത്ത് കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന തരത്തിൽ ഒന്നും അതിൽ വേണ്ട. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ പഠനത്തിന് ആവശ്യമല്ലെങ്കിൽ അൺഇൻസ്റ്റാൾ ചെയ്യാം. പഠനാവശ്യത്തിനുള്ള ആപ്പുകൾ മാത്രമുള്ള ‘മാസ്കിങ്’ ഉപകരണങ്ങളിൽ നടത്താം. 

∙ പേരന്റ് ഡിസ്റ്റൻസിങ് 

പഠനം എന്നത് പ്രാഥമികമായി വിദ്യാർഥിയും അധ്യാപകനും തമ്മിലുള്ള കാര്യമാണ്. അതിനാൽ ആവശ്യമില്ലാതെ കുട്ടികളുടെ പഠന സമയത്ത് ഇടപെടേണ്ട. അത് കുട്ടികളുടെയും അധ്യാപകരുടെയും താളത്തെ ബാധിച്ചേക്കാം. ഓൺലൈൻ ക്ലാസുകൾക്കു ശേഷം നിങ്ങളും കുട്ടിയും തമ്മിലുള്ള ഒരു സമയം നിശ്ചയിക്കാം. ആ സമയത്ത് പഠിച്ച കാര്യങ്ങളെക്കുറിച്ച് പറയാൻ അവരോട് ആവശ്യപ്പെടാം. വേണ്ട നിർദേശങ്ങൾ നൽകാം. 

∙ ലോക്ഡൗൺ റിക്രിയേഷൻ 

കുട്ടികൾക്ക് പുറത്തുപോയി കളിക്കാൻ പറ്റാത്ത ഒരു സമയമാണിത്. അതിനാൽ വീട്ടിൽ കുത്തിയിരുന്നുള്ള പഠനം അവരെ മടുപ്പിച്ചേക്കാം. അതു മാറ്റാനുള്ള ചെറിയ വിനോദങ്ങളിൽ അവരോടൊപ്പം പങ്കാളിയാവാം. ഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു കൊടുക്കാം. കൂട്ടുകാരുമായി ഫോണിൽ സംസാരിക്കാൻ സമയം അനുവദിക്കാം. 

അധ്യാപകർ  ശ്രദ്ധിക്കാൻ അതേ സിലബസ്,  പുതിയ ക്ലാസ്റൂം 

ആദ്യഘട്ടത്തിൽ വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ കാണാനുള്ള രീതിയിലാണ് പഠനം തുടങ്ങുന്നതെങ്കിലും വൈകാതെ അധ്യാപകർ ഓൺലൈനായി ക്ലാസുകൾ എടുക്കേണ്ടി വന്നേക്കാം. ആ സാഹചര്യം കൂടി മുൻകൂട്ടി കണ്ട് തയാറെടുക്കണം.

അധ്യാപകരിൽ പലർക്കും ഇത് പുതിയൊരു അനുഭവമായിരിക്കും. ക്ലാസ് മുറിയിൽ കുട്ടികളെ നേരിൽക്കണ്ടു പഠിപ്പിക്കുന്നതിൽനിന്നു ഭിന്നമായ അധ്യയനരീതി. ഇതിനായി കാര്യമായ ഗൃഹപാഠം അധ്യാപകരും ചെയ്യേണ്ടതുണ്ട്. സാങ്കേതിക കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുന്നതിനൊപ്പം വിദ്യാർഥികൾ എപ്പോൾ ബന്ധപ്പെട്ടാലും സംശയനിവൃത്തി വരുത്തിക്കൊടുക്കാനുള്ള സന്നദ്ധതയും ഇതിൽപ്പെടും. 

ഓർക്കാൻ 

∙ഉപകരണം സജ്ജമാക്കാം 

ഓൺലൈൻ ക്ലാസുകൾക്കിടയിൽ നെറ്റ് തകരാറിലാകുന്നതും കംപ്യൂട്ടർ ഹാങ്ങാകുന്നതുമൊക്കെ വിദ്യാർഥികളെ ബാധിക്കാം. അതിനാൽ ആവശ്യമായ ഹാർഡ്‌വെയർ സംവിധാനങ്ങൾ (കംപ്യൂട്ടർ, ലാപ്‌ടോപ്, വെബ്ക്യാം), ഇന്റർനെറ്റ് കണക്‌ഷൻ തുടങ്ങിയവ ക്ലാസിനു മുന്നേ തന്നെ സജ്ജമാക്കുക. 

∙മുന്നൊരുക്കം നടത്താം

ക്ലാസ് തുടങ്ങുന്നതിനു മുൻപ് കുട്ടികളില്ലാതെ ഒരു മോക്ക് ക്ലാസ് നടത്തുന്നത് ശുഭാപ്തി വിശ്വാസം കൂട്ടും. ഇതിന്റെ വിഡിയോ റെക്കോർഡ് ചെയ്തു വച്ച ശേഷം കണ്ടുനോക്കിയാൽ പോരായ്മകൾ പരിഹരിക്കാം. 

∙ മുഖം കാണിക്കാം 

ഓൺലൈൻ ക്ലാസിൽ വിദ്യാർഥിയുടെ നേർക്ക് അധ്യാപകൻ നോക്കുന്ന രീതിയിലാകണം വെബ്ക്യാം സെറ്റ് ചെയ്യേണ്ടത്. മുഖം കുനിച്ചിരിക്കുന്നതും വിദ്യാർഥികളെ അഭിമുഖീകരിക്കാതിരിക്കുന്നതും അവരിൽ ഉദാസീനതയുണ്ടാക്കും. കൃത്യമായ പൊസിഷൻ അറിയാൻ മോക്ക് ക്ലാസുകളിലെ വിഡിയോ നോക്കാം. ഇതനുസരിച്ചു വെബ്ക്യാം ക്രമീകരിക്കാം. 

∙ഉണർത്താം ചർച്ചകൾ 

കൂട്ടുകാരുടെ സാന്നിധ്യവും ക്ലാസ്മുറിയുടെ അന്തരീക്ഷവും ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്മുറികൾ കുട്ടികൾക്കു ബോറടിക്കുന്നതാകാനും അവരുടെ ശ്രദ്ധ തിരിയാനും ഇടയാക്കിയേക്കാം. ഇതിനായി ഓൺലൈൻ ക്ലാസ്മുറികളിൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കാം. അധ്യാപകൻ മാത്രം പറയുന്ന രീതിക്കു പകരം കുട്ടികൾക്കു പറയാനുള്ളതു കൂടി കേൾക്കാം. 

∙ റെക്കോർഡ് ചെയ്യാം 

ക്ലാസെടുക്കുന്ന അധ്യാപകർ ആ വിഡിയോ റെക്കോർഡ് ചെയ്തു വയ്ക്കുന്നതു നല്ലതാണ്. ഏതെങ്കിലും കുട്ടിക്ക് ഇന്റർനെറ്റ് തകരാർ മൂലം ക്ലാസ് നഷ്ടമായാൽ റെക്കോർഡ് ചെയ്ത വിഡിയോ നൽകാവുന്നതാണ്. 

∙ഫീഡ്ബാക്ക് ചോദിക്കാം 

എത്ര വൈദഗ്ധ്യമുള്ള അധ്യാപകനായാലും ഓൺലൈൻ ക്ലാസെടുക്കുമ്പോൾ ചില പ്രയാസങ്ങളുണ്ടാകുന്നതു സ്വാഭാവികം. ക്ലാസിനു ശേഷം അധ്യാപനത്തെപ്പറ്റി കുട്ടികളുടെ ആത്മാർഥമായ വിലയിരുത്തൽ തേടാം. തുടർ ക്ലാസുകളിൽ പോരായ്മകൾ പരിഹരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com