ADVERTISEMENT

ഈ രോഗകാലം കേരളത്തെ ഓൺലൈൻ പഠനയുഗത്തിൽ എത്തിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ അധ്യയന പരിപാടി രണ്ടു ദിവസം പിന്നിട്ടപ്പോൾത്തന്നെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും  പ്രിയങ്കരമാവുകയും ചെയ്തു. വിക്ടേഴ്സ് ചാനലിലും ഓൺലൈനിലുമൊക്കെയായി ലക്ഷക്കണക്കിനുപേരാണ് ഈ ക്ലാസുകൾ കാണുന്നത്. കളിച്ചും ചിരിച്ചും പാട്ടുപാടിയും കുട്ടികളുടെ ഇഷ്ടശൈലിയിൽ ക്ലാസുകൾ നയിക്കുന്ന ചില അധ്യാപികമാരെക്കുറിച്ച് ഇതിനിടെ, മാന്യതയില്ലാത്തതും അപമാനകരവുമായ കമന്റുകളിട്ടും ട്രോളുകൾ പടച്ചുവിട്ടും സമൂഹമാധ്യമങ്ങളിൽ ചിലരെത്തിയത് നമുക്കിടയിലെ നീചമനസ്സുകളുടെ പ്രതിഫലനവുമായി.

രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാണു കേരളം. സാങ്കേതികവിദ്യയുടെ കാര്യത്തിൽ നമുക്കു കൈവന്ന ആത്മവിശ്വാസത്തിന്റെ വിളംബരമാണ് ഓൺലൈൻ അധ്യയന പരിപാടി. എത്രയോ പേരുടെ ദിവസങ്ങളായുള്ള കഠിനാധ്വാനമാണ് ഈ ക്ലാസുകൾ. അധ്യാപകർക്കു സ്വന്തം ശൈലിയിൽ അവതരണ സ്വാതന്ത്ര്യം നൽകിയതു ഫലപ്രദമായി വിനിയോഗിക്കുന്നവരെ കേരളം കാണുകയും ചെയ്യുന്നു. ഇതിനിടയിൽ കൊച്ചുകുട്ടികൾക്കു പുതിയ അറിവുകൾ പകർന്നുകൊടുക്കുന്നവരെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചവർ, അതിജീവനം തേടുന്ന കേരളത്തോടു വലിയ തെറ്റാണു ചെയ്തത്.

ഏറ്റവും ചെറിയ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് എന്നത് അധ്യാപകർക്ക് അനുഭവപാഠമാണ്. പഠനത്തിലേക്കു പദമൂന്നിത്തുടങ്ങുന്ന ഒന്നാം ക്ലാസുകാരുടെ മനസ്സിലിടം പിടിക്കാൻ അധ്യാപകർ പല അധ്യയനശൈലികളും പരീക്ഷിക്കുക പതിവാണ്.

യഥാർഥത്തിൽ ഒരു ക്ലാസ്മുറിക്കകത്ത്, ടീച്ചറും കുട്ടികളും മാത്രമുള്ള ഒരു സ്വകാര്യസുന്ദരലോകമാണു പിറവികൊള്ളുന്നത്. അതിന്റെ സ്വാതന്ത്ര്യവും ആഘോഷവും അധ്യയനത്തിലും ഉണ്ടാവുന്നു. ക്ലാസ്മുറിയിൽ ഒരുമിച്ചല്ലാതെയായ പുതിയ സാഹചര്യത്തിലും ഓൺലൈനിൽ ഒന്നാം ക്ലാസിൽ പഠനം തുടങ്ങിയ ആദ്യ ദിവസത്തിൽ, പാട്ടും കഥകളും രസങ്ങളുമായി കാര്യങ്ങൾ ഭംഗിയായി പറഞ്ഞുകൊടുത്തതിന് അഭിനന്ദിക്കേണ്ടതിനു പകരം സമൂഹമാധ്യമത്തിൽ ചിലരിൽനിന്നു ദുരനുഭവമുണ്ടായി. ഇതു പൊതുസമൂഹത്തിന്റെയാകെ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്.

മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും മറവിലിരുന്ന്, മറ്റുള്ളവരെ മാന്യതയില്ലാതെ കളിയാക്കാനും ഹീനമായി അപമാനിക്കാനും തുനിഞ്ഞിറങ്ങുന്നവരുമുണ്ട് നമുക്കൊപ്പമെന്നതിൽ ലജ്‌ജിക്കുകയാണു വേണ്ടത്. വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസ് എടുത്ത അധ്യാപികമാരുടെ ചിത്രവും വിഡിയോയും സഹിതം മോശം രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടികളുമായി സർക്കാർ മുന്നോട്ടുപോകേണ്ടതു തികച്ചും ന്യായം. 

കേരള പൊലീസ് ആക്ട്, ഐപിസിയിലെ വിവിധ വകുപ്പുകൾ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് തുടങ്ങിയവ പ്രകാരം കേസ് വരുമെന്ന കാര്യം വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ,  ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കു ഭയമുണ്ടാവൂ. സൈബർ കുറ്റകൃത്യങ്ങൾ പ്രതികൾ സ്വയം ഒരുക്കുന്ന വാരിക്കുഴികളാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 

‘ഫസ്റ്റ് ബെൽ’ എന്നു പേരിട്ട നമ്മുടെ ഓൺലൈൻ അധ്യയന പരിപാടി കൂടുതൽ വിജയം കൈവരിക്കാൻ വേണ്ട പിന്തുണയാണു പൊതുസമൂഹം നൽകേണ്ടത്. ഓൺലൈൻ പഠനത്തിനുവേണ്ട സാഹചര്യമില്ലാതെ ഒരു കുട്ടി പോലും മാറിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാവട്ടെ, സർക്കാരിന്റെ കടമയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com