ADVERTISEMENT

ഇതാ ഇന്നു മുതലെന്നോ നാളെ മുതലെന്നോ പറയാവുന്ന അവസ്ഥയിലല്ല സിനിമാരംഗം. പല മേഖലകളും മെല്ലെത്തുറന്നു വരുമ്പോൾ വെള്ളിത്തിരയിൽ ഇരുട്ടു പടർന്നിരിക്കുകയാണ്. എന്ന്, എങ്ങനെ തെളിയും സ്ക്രീൻ?

ലോക്ഡൗൺ കാലത്ത് തിയറ്ററുകളിൽ വന്നു പതിച്ച ‘ബോംബ്’ ആണ് ഡിജിറ്റൽ സിനിമ റിലീസ്. മലയാളമുൾപ്പെടെ പത്തോളം സിനിമകൾ റിലീസിനായി നിങ്ങളുടെ വീട്ടിലേക്കു വരുന്നു. അതിൽ, അമിതാഭ് ബച്ചൻ മുതൽ ജയസൂര്യ വരെ അഭിനയിക്കുന്ന ചിത്രങ്ങളുണ്ട്. ലോക്ഡൗൺ ഇന്ത്യയിൽ പല മേഖലകളിലും വരുത്തിയ ഡിസ്റപ്ഷൻ (പൊളിച്ചടുക്കൽ) ആണോ ഇതെന്ന ചർച്ചകൾ സജീവം. വർക് ഫ്രം ഹോം പരിചയിച്ച ജനതയ്ക്കു മുന്നിൽ ‘സിനിമ ഫ്രം ഹോം’ എന്ന പുതിയ ആശയം.

തിയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം നീണ്ടുപോകുന്നതും പൂർത്തിയായിരിക്കുന്ന സിനിമകളുടെ സാമ്പത്തിക ബാധ്യതയും കണക്കിലെടുത്ത് നിർമാതാക്കളിൽ ചിലരാണ് ആമസോൺ പ്രൈം ഉൾപ്പെടെയുള്ള ഒടിടി (ഓവർ ദ് ടോപ്) പ്ലാറ്റ്ഫോമുകളെ റിലീസിനായി ആശ്രയിച്ചത്.എന്നാൽ, സിനിമാവ്യവസായത്തിന്റെ പരമ്പരാഗത രീതികളെ തകർക്കുന്ന ഓൺലൈൻ റിലീസിനെതിരെ തിയറ്റർ ഉടമകൾ രംഗത്തു വന്നുകഴിഞ്ഞു.

രണ്ടു മാസമായി മലയാള സിനിമയും നിശ്ചലമാണ്. മറ്റു വ്യവസായങ്ങളും തൊഴിൽമേഖലകളും ചലാനാത്മകമാകുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും സിനിമയുടെ കാര്യത്തിൽ അതില്ല എന്നതാണ് ആശങ്ക. മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയിലെത്തിയ ശേഷം ഇത്രയും ദീർഘമായ ഒരു കാലയളവിൽ വീട്ടിലിരിക്കുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല, മലയാള സിനിമയും ലോകസിനിമയും സ്വന്തം വീടുകളിലിരിക്കുകയാണ്. മറ്റു വീടുകളിലെത്താൻ വഴിനോക്കിത്തുടങ്ങുന്നു, ചിലർ.  

അടഞ്ഞ തിയറ്ററുകൾ , റിലീസ് കാത്തിരിക്കുന്ന അൻപതോളം സിനിമകൾ, പണിയില്ലാതായ പതിനായിരത്തോളം അണിയറപ്രവർത്തകർ, അഞ്ഞൂറോളം അഭിനേതാക്കൾ,നിർമാതാക്കൾ,വിതരണക്കാർ,തിയറ്റർ ഉടമകൾ, ജീവനക്കാർ തുടങ്ങി മലയാള സിനിമ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. നഷ്ടം 600 കോടിയിലേറെ.

രാജ്യമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ കേരളത്തിലെ തിയറ്ററുകൾ അവരുടെ എക്കാലത്തെയും മികച്ച കലക്‌ഷൻ സീസണു തയാറെടുക്കുകയായിരുന്നു. മലയാള സിനിമയുടെ കലക്‌ഷൻ ഗ്രാഫ് ഉയരുന്ന മാസമാണ് ഏപ്രിലും മേയും . സ്കൂളുകൾ അടച്ച്, പരീക്ഷകൾ കഴിഞ്ഞ് ശരിക്കും ആഘോഷവേള. ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ മികച്ച കലക്‌ഷനിൽ പോയിരുന്ന സിനിമകളാണ് ടൊവിനോ തോമസും  മംമ്ത മോഹൻദാസും    അഭിനയിച്ച  ‘ഫോറൻസിക്’, അന്നാബെൻ – റോഷൻ മാത്യു ജോടികളുടെ ‘കപ്പേള’, സച്ചിയൊരുക്കിയ ബിജുമേനോൻ – പൃഥ്വിരാജ് ചിത്രം ‘അയ്യപ്പനും കോശിയും’, ദുൽഖർ സൽമാന്റെ തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’, അനൂപ് സത്യന്റെ ‘വരനെ ആവശ്യമുണ്ട്’ എന്നിവ. ഒറ്റ ദിവസം കൊണ്ടു കാര്യങ്ങൾ തകിടം മറിഞ്ഞു. കപ്പേള റിലീസ് ചെയ്ത് 7 ദിവസവും  ഫോറൻസിക് രണ്ടാമത്തെ ആഴ്ചയും മാത്രമേ ആയിരുന്നുള്ളൂ.

കോവിഡ്ഭീതിയൊഴിഞ്ഞ് തിയറ്ററുകൾ വീണ്ടും തുറന്നാൽ ഇവയിൽ എത്ര സിനിമകൾ വീണ്ടും കളിക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. ആമസോൺ പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളും ടെലിവിഷൻ ചാനലുകളും സംപ്രേഷണ അവകാശം വാങ്ങിച്ച് മികച്ച തുക നൽകിയാൽ നിർമാതാവിനു കഷ്ടിച്ചു തടിയൂരാമെന്നു മാത്രം. അപ്പോൾ റിലീസ് ചെയ്യാനുള്ള സിനിമകളുടെ കാര്യമോ? വെക്കേഷനും കഴിഞ്ഞ്, മഴ ഒഴിഞ്ഞ് ഓണം വരെ കാത്തിരുന്നാലും കാര്യങ്ങൾ സുഗമമാകുമോയെന്ന ആശങ്ക ബാക്കി.

സ്ക്രീൻ തൊടാൻ 50 സിനിമകൾ

കഴിഞ്ഞ 3 വർഷത്തിനിടെ കേരളത്തിലെ സിനിമാ തിയറ്ററുകൾ നടത്തിയ നിക്ഷേപം ഏകദേശം 1100 കോടി രൂപയാണ്. കേരളത്തിലെ മറ്റു പല വ്യവസായ മേഖലയുമായി തട്ടിച്ചു നോക്കുമ്പോൾ ഇതൊരു വലിയ തുകയാണ്. ഇതിൽ 90% വായ്പയുമാണ്.  500 തിയറ്ററുകളിൽ പുതിയ സാങ്കേതികവിദ്യയും ഇരിപ്പിടവും മറ്റു സൗകര്യവുമൊരുക്കാനായി 1100 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ 50 എണ്ണം പുതിയ തിയറ്ററുകളാണ്. 

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണ് പ്രിയദർശൻ സംവിധാനം ചെയ്ത,  മോഹൻലാൽ കേന്ദ്രകഥാപാത്രമായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ഇതിനകം 100 കോടി രൂപയെങ്കിലും മരക്കാറിനു വേണ്ടി ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് നിക്ഷേപിച്ചിട്ടുണ്ട്. ഒരു ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ രാജ്യാന്തര റിലീസാണു മരക്കാർ ആസൂത്രണം ചെയ്തിരുന്നത്. ബ്രിട്ടനിലും ഗൾഫിലും അമേരിക്കയിലും 5 ഭാഷകളിൽ റിലീസ് ചെയ്യാനായിരുന്നു കരാർ.

റിലീസ്  എന്നാണെന്നു  പ്ലാൻ  ചെയ്യാവുന്ന അവസ്ഥയിലല്ല  ഇപ്പോൾ കാര്യങ്ങൾ. സാമൂഹിക അകലം പാലിച്ച് തിയറ്റർ തുറക്കുക എന്നതു സംബന്ധിച്ചും എയർ കണ്ടിഷൻ തിയറ്ററുകളിലേക്കു പ്രേക്ഷകർ എത്തുന്നതു സംബന്ധിച്ചും ആശയക്കുഴപ്പങ്ങളുണ്ട്. അതുകൊണ്ട് റിലീസ് സംബന്ധിച്ച് തീരുമാനമെടുക്കാൻ നിർമാതാക്കൾക്കു കഴിയുന്നില്ല.

നിലവിൽ 50 സിനിമകളാണ് മലയാളത്തിൽ ഏറെക്കുറെ പൂർത്തിയായിരിക്കുന്നത്. ഇതിൽ 25 കോടി മുടക്കി ആന്റോ ജോസഫ് നിർമിച്ച, മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് (ഫഹദ് ഫാസിൽ), ഇച്ചായീസ് പ്രൊഡക്‌ഷന്റെ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമായ ‘വൺ’ എന്നിവ വലിയ മുതൽ മുടക്കുള്ള സിനിമകളാണ്.

മരക്കാറിനു പിന്നാലെ തിയറ്ററിലെത്താനായിരുന്നു ഇവരുടെ പ്ലാൻ. ലോക്ഡൗൺ കഴിഞ്ഞ് എല്ലാ മേഖലകളും തുറന്നാലും തിയറ്ററിന്റെ കാര്യത്തിൽ എല്ലാവർക്കും സംശയമുണ്ട്. അകലം പാലിച്ച് സീറ്റിങ് ഒരുക്കാനും ഓരോ ഷോയ്ക്കു ശേഷവും തിയറ്റർ അണുവിമുക്തമാക്കാനും മൾട്ടിപ്ലെക്സുകൾ ആലോചിക്കുന്നുണ്ട്. ഓണത്തോടെയെങ്കിലും തിയറ്റർ സജീവമാകുമെന്ന പ്രതീക്ഷയിലാണ് പലരും. തിയറ്ററുകൾ സജീവമാകാതെ ഷൂട്ടിങ് തുടങ്ങിയാൽ റിലീസ് കാത്തിരിക്കുന്ന സിനിമകളുടെ നിര ഇനിയും നീളും. ശരാശരി ഒരു മാസം 15 സിനിമകളുടെ റിലീസ് എന്ന മട്ടിലാണ് ഇപ്പോൾത്തന്നെ കാര്യങ്ങളുടെ പോക്ക്.

ചെറിയ വഴികൾ, വലിയ സിനിമകൾ

വെബിലൂടെ സിനിമ കാണുന്നതു മലയാള സിനിമയെയും തൽക്കാലം സഹായിച്ചിട്ടുണ്ട്. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടെന്ന സിനിമയുടെ ഇന്റർനെറ്റ് അവകാശം ആദ്യം വിറ്റത് ഇന്ത്യൻ കമ്പനിക്കാണ്. അവരതു കോവിഡ്കാലത്തു രാജ്യാന്തര കമ്പനിയുമായി പങ്കുവച്ചു. റേറ്റിങ്ങിൽ ദിവസങ്ങളോളം ഈ സിനിമ മുന്നിലെത്തിയതോടെ രാജ്യാന്തര പ്ലാറ്റ്ഫോമുകളിൽ പലതും മലയാള സിനിമ തേടിയിറങ്ങി. 

മനോരമ ന്യൂസ് കോണ്‍ക്ലേവിലെ ചര്‍ച്ചയില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ
പ്രിയദർശൻ

‘ലൂസിഫറാ’ണ് ഇത്തരമൊരു കച്ചവടത്തിന് ആദ്യം വലിയ മാർക്കറ്റുണ്ടാക്കിയത്. ഇതു തുടരുമോ എന്നറിയില്ലെങ്കിലും കോവിഡ്കാലം മലയാള സിനിമയുടെ ഇന്റർനെറ്റ് റേറ്റിങ് വൻതോതിലാണ് ഉയർത്തിയത്. 

ഇതിന്റെ ചുവടുപിടിച്ചാണ് ജയസൂര്യയുടെ ചിത്രം ‘സൂഫിയും സുജാതയും’ ആമസോണിലേക്കു ചേക്കേറിയത്. സിനിമയുടെ ഓൺലൈൻ റിലീസ് സംബന്ധിച്ച് സിനിമാലോകത്തു തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണ്. 

വലിയ കാൻവാസിലൊരുക്കുന്ന കാഴ്ചയുടെ സൗന്ദര്യം ബിഗ്സ്ക്രീനിൽ ആവശ്യപ്പെടുന്ന സിനിമകൾ തിയറ്ററിലും ചെറിയ സിനിമകൾ ആമസോൺ പോലുള്ള ഒടിടികളിലും വരുന്നതാണു നല്ലതെന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, തിയറ്ററിൽനിന്നു  കിട്ടുന്ന വരുമാനം സിനിമയുടെ നട്ടെല്ലാണെന്ന ബോധ്യം നിർമാതാക്കൾക്കുണ്ട്.

തിയറ്ററിനു പകരം മറ്റൊന്നില്ല : പ്രിയദർശൻ

ഇന്ത്യ പോലുള്ളൊരു രാജ്യത്തു സിനിമയ്ക്കു പോകുന്നത് എത്രയോ കോടി  ജനങ്ങളുടെ ഏക വിനോദമാണ്. അപ്പോൾ തിയറ്ററുകളുടെ നിലനിൽപ് അപകടത്തിലാണെന്ന വാദത്തോട് എനിക്കു യോജിപ്പില്ല. ജനങ്ങൾക്കു  തിയറ്ററിലേക്കുള്ള യാത്ര കേവലം  സിനിമ കാണൽ മാത്രമല്ല. അതോടൊപ്പമുള്ള യാത്രയും ഭക്ഷണവുമെല്ലാം  ചേർന്നതാണത്.  ഒരു നാടകം വീട്ടിൽ അഭിനയിച്ചു ഷൂട്ടു ചെയ്തു വാട്സാപ്പിലിട്ടാൽ നാടകമാകുമോ? നമ്മുടെ രാജ്യത്തെക്കാൾ എത്രയോ ഉയർന്ന സാങ്കേതികവിദ്യയും വേഗമേറിയ ഇന്റർനെറ്റുമുള്ള    രാജ്യങ്ങളിൽപോലും  തിയറ്ററിലെ സിനിമ ഇല്ലാതായിട്ടില്ല. വളരുകയാണു ചെയ്യുന്നത്. ഇന്റർനെറ്റ് വഴി സിനിമ കാണുന്നതിനു വലിയ പരിമിതികളുണ്ട്. 

എല്ലാ സിനിമയും ഒടിടി വഴി   റിലീസ് ചെയ്യാനാകില്ല. അവർ നൽകുന്ന ഫണ്ടിനു പരിമിതിയുണ്ട്.   ആദ്യമായി നെറ്റിൽ റിലീസ് ചെയ്ത തമിഴ് സിനിമ ഞാൻ സംവിധാനം ചെയ്ത  ‘ചില നേരങ്ങളിൽ’ ആണ്. അത്തരം ചെറിയ സിനിമകൾക്കു തിയറ്റർ കിട്ടില്ല. അതേസമയം, ലോകത്ത് എവിടെയായാലും ‘സൂപ്പർമാൻ’ പോലുള്ള സിനിമ തിയറ്ററിലേ റിലീസ് ചെയ്യാനാകൂ. അതുകൊണ്ടാണല്ലോ ജയിംസ് ബോണ്ട് സിനിമ റിലീസ് മാറ്റിവച്ചത്. അവർക്ക് ഒടിടി പ്ലാറ്റ്ഫോം  കിട്ടാത്തതു കൊണ്ടല്ല. 

ഇപ്പോഴത്തെ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ചിലർ എന്തെങ്കിലും ചെയ്തേക്കും. അതു സിനിമാ വ്യവസായത്തിന്റെ  വഴിത്തിരിവൊന്നുമല്ല. വിഡിയോ കസെറ്റ്  വന്നപ്പോൾ ഇനി സിനിമ വീട്ടിലിരുന്നു കാണുമെന്നു ലോകം മുഴുവൻ പറഞ്ഞതാണ്. അതുണ്ടായില്ലല്ലോ.

antony-mohanlal-interview-27

ലാൽ ആന്റണിയോട് പറഞ്ഞത്

മോഹൻലാൽ എന്നെ വിളിച്ചു പറഞ്ഞത് ആന്റണി ഇപ്പോൾ ലോകം മുഴുവൻ പഴയതുപോലെയാകാൻ പ്രാർഥിക്കുക എന്നാണ്. മറ്റൊന്നും ആലോചിക്കരുത്. പഴയ അവസ്ഥയിലെത്തിയാൽ നമുക്ക് എന്തു വേണമെങ്കിലും ചെയ്യാനാകും എന്നാണ്. അതിനുശേഷം വളരെ ശാന്തമായ  മനസ്സുമായാണ് ഞാൻ ഉറങ്ങുന്നത്.

എല്ലാം ശാന്തമാകുന്ന ദിവസം റിലീസ് ചെയ്യുമെന്നേ പറയാനാകൂ. തുറന്ന ഉടൻ റിലീസിനില്ല. കാരണം, 60 രാജ്യങ്ങളുമായി കരാറുണ്ട്. അവിടെയെല്ലാം ഒരുമിച്ചേ റിലീസ് ചെയ്യാനാകൂ– മരക്കാറിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.

anto-joseph
ആന്റോ ജോസഫ്

ആന്റോയുടെ ആശങ്ക

പുതിയ സാഹചര്യത്തിൽ തിയറ്ററുകളിലെ വരുമാനത്തിൽ കാര്യമായ ഇടിവ് കണക്കുകൂട്ടേണ്ടി വരും. ജനങ്ങളുടെ കയ്യിൽ പണമില്ലാതാകുന്ന സാഹചര്യത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. മാത്രമല്ല, ലോക്ഡൗൺ കാലയളവിൽ അവർ വീട്ടിലിരുന്ന് ഒട്ടേറെ സിനിമകൾ കണ്ടിട്ടുണ്ട്. മാറ്റിവയ്ക്കാവുന്ന ഒരു കാര്യം എന്ന നിലയിൽ സിനിമയെ കണ്ടാൽ കാര്യങ്ങൾ വീണ്ടും പ്രതിസന്ധിയിലാകും – പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫിന്റെ വാക്കുകളിൽ ആശങ്ക

സുരേഷ് തിരിഞ്ഞുനോക്കുന്നു

സിനിമകൾ തിയറ്ററിനുവേണ്ടി മാത്രമല്ല, ടെലിവിഷനു വേണ്ടിയും നിർമിക്കേണ്ട കാലമാണു വരുന്നതെന്ന അഭിപ്രായമാണ് പ്രമുഖ നിർമാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ജി.സുരേഷ്കുമാറിന്. ‘‘‌ലോക്ഡൗൺ കാലത്ത് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ എത്ര കൂടി എന്നു പരിശോധിക്കുന്നതു നല്ലതായിരിക്കും.

suresh-kumar
ജി.സുരേഷ്കുമാർ.

കേരളത്തിൽ സീരിയലുകൾ വന്നപ്പോഴും താരനിശകളുടെ സംപ്രേഷണം വന്നപ്പോഴും എതിർത്തവരാണ് തിയറ്റർ ഉടമകൾ. തിയറ്റർ മാത്രമാണ് സിനിമയുടെ ഏക ജാലകം എന്ന കാഴ്ചപ്പാട് മാറിയേ തീരൂ. നിർമാതാവിന് മികച്ച വരുമാനം മറ്റൊരു മീഡിയം ഉറപ്പാക്കുന്നുണ്ടെങ്കിൽ അതും നോക്കേണ്ടതാണ്’’– സുരേഷ്കുമാർ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com